Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു വശത്ത് ശശീന്ദ്രനും മറു വശത്ത് മാണി സി കാപ്പനുമായി ചേരിതിരിഞ്ഞ് എൻസിപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നു; യുഡിഎഫിലേക്ക് ചേക്കേറാൻ തർക്കം പാത്തു കഴിയുന്ന മാണി സി കാപ്പനെതിരെ രോക്ഷാകുലരായി പ്രവർത്തകർ; ശശീന്ദ്രനൊപ്പം നിൽക്കുന്നവർക്ക് പരിഗണന നൽകി സിപിഎം; ഔദ്യോഗിക എൻസിപിയെ നിശ്ചയിക്കുക ശരത് പവാറിന്റെ മനസ് തന്നെ

ഒരു വശത്ത് ശശീന്ദ്രനും മറു വശത്ത് മാണി സി കാപ്പനുമായി ചേരിതിരിഞ്ഞ് എൻസിപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നു; യുഡിഎഫിലേക്ക് ചേക്കേറാൻ തർക്കം പാത്തു കഴിയുന്ന മാണി സി കാപ്പനെതിരെ രോക്ഷാകുലരായി പ്രവർത്തകർ; ശശീന്ദ്രനൊപ്പം നിൽക്കുന്നവർക്ക് പരിഗണന നൽകി സിപിഎം; ഔദ്യോഗിക എൻസിപിയെ നിശ്ചയിക്കുക ശരത് പവാറിന്റെ മനസ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം; മാണി സി കാപ്പൻ ഇടതു മുന്നണി വിടുമെന്ന് ഉറപ്പായി. ജോസ് കെ മാണിയുടെ ഇടതു പക്ഷത്തിലേക്കുള്ള രാഷ്ട്രീയ നിലപാട് പ്രഖ്യാപനം പാലായിൽ സിപിഎമ്മിൽ നിന്ന് കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. രാജ്യസഭാ സീറ്റല്ല, പാലായാണ് പ്രധാനമെന്ന നിലപാടുമായി മാണി സി കാപ്പൻ എൻസിപിയെ പിളർത്തി യുഡിഎഫിലേക്ക് എത്തും. എൻസിപിയിലെ ബഹുഭൂരിഭാഗവും മന്ത്രി എകെ ശശീന്ദ്രനൊപ്പമാണ്. തോമസ് ചാണ്ടിയുടെ അനുജനും കുട്ടനാട്ടെ നേതാവുമായ തോമസ് കെ തോമസും ശശീന്ദ്രനൊപ്പമാണ്. അതുകൊണ്ട് എൻസിപി ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാകും. എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ പിന്തുണയുള്ളവർ കേരളത്തിലെ എൻസിപിയുടെ ഔദ്യോഗിക ഗ്രൂപ്പായി മാറും. രണ്ടു പക്ഷവും ശരത് പവാറിന്റെ പിന്തുണ അവകാശപ്പെടുന്നുണ്ട്.

ഒരു വശത്ത് ശശീന്ദ്രനും മറു വശത്ത് മാണി സി കാപ്പനുമായി ചേരിതിരിഞ്ഞ് എൻസിപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നുവെന്നതാണ് വസ്തുത. എന്നും ഇടതു പക്ഷത്തായിരുന്നു എൻസിപി നിലയുറപ്പിച്ചിരുന്നത്. ശശീന്ദ്രൻ അടക്കമുള്ളവർ സിപിഎമ്മിന്റെ വിശ്വസ്തരായ സഹയാത്രികരാണ്. ഇടതു പക്ഷത്ത് നിന്ന് മാറുന്നതിനോട് കേരളത്തിലെ പരമ്പരാഗത എൻസിപിക്കാർക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ യുഡിഎഫിലേക്ക് ചേക്കേറാൻ തർക്കം പാത്തു കഴിയുന്ന മാണി സി കാപ്പനെതിരെ രോക്ഷാകുലരായി പ്രവർത്തകർ രംഗത്ത് വരുന്നുണ്ട്. എങ്കിലും തനിക്ക് നല്ലത് യുഡിഎഫ് രാഷ്ട്രീയമാണെന്ന് മാണി സി കാപ്പൻ തിരിച്ചറിയുന്നു. അതു മനസ്സിലാക്കി ശശീന്ദ്രനൊപ്പം നിൽക്കുന്നവർക്ക് പരിഗണന നൽകാനാണ് സിപിഎം തീരുമാനം. ഇടതുപക്ഷത്ത് വിവാദ വിഷയങ്ങളിൽ എന്നും സിപിഎമ്മിനെ മാത്രം പിന്തുണച്ചിട്ടുള്ള നേതാവാണ് ശശീന്ദ്രൻ.

പാലാ സീറ്റുമായി ബന്ധപ്പെട്ട് ജോസ് കെ.മാണി വിഭാഗം ഉന്നയിക്കുന്ന അവകാശവാദങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏകപക്ഷീയ സീറ്റ് ചർച്ചകളിലുമുള്ള അതൃപ്തി മാണി സി.കാപ്പൻ സിപിഎം നേതൃത്വത്തെ അറിയിച്ചു. കോൺഗ്രസ് നേതൃത്വവുമായി മാണി സി.കാപ്പൻ ചർച്ച നടത്തിയെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇരുകൂട്ടരും നിഷേധിച്ചു. രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച എൻസിപി ഭാരവാഹിയോഗം വിളിച്ചു. എന്നാൽ ഈ യോഗത്തിൽ ശശീന്ദ്രൻ വിഭാഗത്തിനാകും മേൽകൈ. ഇത് മാണി സി കാപ്പനും അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേ ഉള്ളൂ. വിപ്പ് ലംഘനം ഉണ്ടാകാതെ നിലയുറപ്പിച്ച് പതിയെ യുഡിഎഫിന്റെ ഭാഗമായി പാലായിൽ മത്സരിക്കാനാണ് മാണി സി കാപ്പന്റെ നീക്കം.

ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് പാലാ സീറ്റുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ നിലപാട് കടുപ്പിക്കുന്നത്. ജോസ് കെ.മാണിക്ക് പാലാ സീറ്റ് നൽകിയാൽ, മുന്നണി മാറ്റത്തിനുള്ള താൽപര്യം പ്രകടിപ്പിച്ച് മാണി സി.കാപ്പൻ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് അഭ്യൂഹം. ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും മാണി സി.കാപ്പൻ കണ്ടെന്നാണ് പ്രചാരണം. തിരുവഞ്ചൂരിനെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് കണ്ടെങ്കിലും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് മാണി സി.കാപ്പൻ പറയുന്നു. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശം ഇതുവരെ ഇടതുമുന്നണി ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ പാലാ സീറ്റു സംബന്ധിച്ച് തർക്കത്തിന് എൻസിപിക്ക് താൽപര്യമില്ല. എന്നാൽ ജോസ് കെ. മാണി വിഭാഗം അവകാശവാദം ഉന്നയിച്ചാൽ ശക്തമായ മറുപടി നൽകുകയും ചെയ്യുമെന്ന് മാണി സി കാപ്പൻ പറയുന്നു...

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന ചർച്ചകളിലും മാണി സി.കാപ്പന് കടുത്ത അതൃപ്തിയുണ്ട്. സ്ഥലം എംഎൽഎയായ തന്നോടുപോലും ആശയവിനിമയം നടത്താതെ പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റുകളുമായി ബന്ധപ്പെട്ട് ജോസ് കെ.മാണി വിഭാഗവുമായി സിപിഎം ഒറ്റയ്ക്ക് നടത്തുന്ന ചർച്ചയിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യങ്ങളിലെ നിലപാട് മാണി സി.കാപ്പൻ വ്യക്തമാക്കുമെന്നും സൂചന നൽകുന്നു. വിപ്പ് ലംഘന പ്രശ്‌നമുള്ളതിനാൽ ശരത് പവാറിന്റെ നിലപാട് നോക്കി മാത്രമേ പരസ്യമായി പ്രതികരണത്തിന് മാണി സി കാപ്പനും മുതിരുകയുള്ളൂ. വാക്കുകളിൽ മിതത്വം പാലിച്ച് അതൃപ്തി വ്യക്തമാക്കിയാലും വിപ്പ് ലംഘിക്കാതെ നോക്കും.

വെള്ളിയാഴ്ച രണ്ടുമണിക്ക് കൊച്ചിയിൽ ചേരുന്ന ഭാരാവാഹിയോഗവും ഹൈപവർ കമ്മിറ്റിയും ഈ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദമമായി ചർച്ച ചെയ്യും. പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പും വേണ്ട എന്ന കർശന നിലപാട് യോഗത്തിനുശേഷം പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കുമെന്നാണ് മാണി സി കാപ്പനെ അനുകൂലിക്കുന്നവർ പറയുന്നത്. ദേശീയ നേതൃത്വത്തിന്റെ നിലപാടറിഞ്ഞ് തുടർ രാഷ്ട്രീയ നീക്കങ്ങൾ നടത്താമെന്നാണ് എൻസിപി സംസ്ഥാന നേതാക്കൾക്കിടയിലെ ധാരണ. എന്നാൽ എന്നും ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന എൻസിപി സംസ്ഥാന നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന് കേരളാ കോൺഗ്രസിനെ സിപിഎം എന്തു കൊണ്ട് മുന്നണിയിൽ എടുക്കുന്നുവെന്നതിൽ വ്യക്തമായ ധാരണയുണ്ട്. പാലായിൽ കേരളാ കോൺഗ്രസിന്റെ പിടിവാശിക്ക് കാരണവും വ്യക്തം. അതുകൊണ്ട് തന്നെ സിപിഎം നിലപാടിനെ ശശീന്ദ്രൻ പിന്തുണയ്ക്കും.

ജോസ് കെ. മാണി വിഭാഗത്തിനും എൻ.സി.പിക്കും പാല വൈകാരിക വിഷയമാണ്. എൽ.ഡി.എഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നൽകിയാൽ മാണി സി. കാപ്പൻ ഇടയുമെന്ന് സിപിഎമ്മിനും അറിയാം. എൻ.സി.പിയുടെ രണ്ട് എംഎ‍ൽഎമാരിൽ എകെ ശശീന്ദ്രൻ യു.ഡി.എഫ്. ബന്ധത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ പാലയെ ചൊല്ലി എൻ.സി.പിയിൽ പിളർപ്പിന്റെ സാഹചര്യം ഉണ്ടാകുമെന്ന് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ടാണ് എകെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരെ മാത്രം ഇനി പരിഗണിച്ചാൽ മതിയെന്ന നിലപാടിലേക്ക് സിപിഎം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP