Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അമ്മ കുഞ്ഞിനെ വഴക്കു പറഞ്ഞപ്പോൾ നായയ്ക്ക് പിടിച്ചില്ല; അമ്മയോട് കുരച്ച് ദേഷ്യം തീർത്ത ശേഷം കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു വളർത്തു നായ; മനുഷ്യരേക്കാൾ നന്ദിയുള്ള മൃഗത്തിന്റെ വൈറലായ വീഡിയോ ഏറ്റെടുത്ത് ലോകം

അമ്മ കുഞ്ഞിനെ വഴക്കു പറഞ്ഞപ്പോൾ നായയ്ക്ക് പിടിച്ചില്ല; അമ്മയോട് കുരച്ച് ദേഷ്യം തീർത്ത ശേഷം കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു വളർത്തു നായ; മനുഷ്യരേക്കാൾ നന്ദിയുള്ള മൃഗത്തിന്റെ വൈറലായ വീഡിയോ ഏറ്റെടുത്ത് ലോകം

സ്വന്തം ലേഖകൻ

''സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഒരാളിലെ നന്മയും മൂല്യവും നോക്കിയാണെങ്കിൽ, മനുഷ്യന്റെ സ്ഥാനം സ്വർഗ്ഗത്തിന്റെ പുറത്തായിരിക്കും, പകരം അവന്റെ വളർത്തു നായ സ്വർഗ്ഗത്തിൽ ഇടം നേടും.'' ആമുഖം ആവശ്യമില്ലാത്ത സാഹിത്യകാരനായ മാർക്ക് ട്വയിനിന്റെ വാക്കുകളാണിത്.''നമ്മേ പറുദീസയുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് നായ്ക്കൾ. അസ്തമന രശ്മികൾ ഊർന്നിറങ്ങുന്ന ഒരു കൂന്നിൻ ചെരുവിൽ, ഒരു നായ്ക്കൊപ്പം ഇരിക്കുമ്പോൾ ഉള്ള ഏകാന്തതയാണ് ഭൂമിയിലെ സ്വർഗ്ഗം'' മിലൻ കുന്ദേര എഴുതുന്നു.

മനുഷ്യത്വമുള്ള മനസ്സിനുടമയായി ചൂണ്ടിക്കാണിക്കാൻ മനുഷ്യർ വിരളമാകുന്ന ഇക്കാലത്തും നായ്ക്കൾ തങ്ങളുടെ മൂല്യം കാത്തുസൂക്ഷിക്കുന്നു എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചൈനയിൽ നിന്നുള്ളതാണ് വീഡിയോ. കുസൃതിയുടെ നിറകുടമായ രണ്ടു വയസ്സുകാരി തന്റെ അമ്മയുടെ ഫേഷ്യൽ ക്രീം ഒന്ന് പരീക്ഷിക്കാൻ തീരുമാനിക്കുന്നിടത്തു നിന്നാണ് സംഭവം ആരംഭിക്കുന്നത്. ക്രീം ഡപ്പയുടെ അടപ്പു തുറന്ന് മുഴുവനും പുറത്തെടുത്തത് അമ്മയ്ക്ക് സഹിച്ചില്ല.

തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുവാനുള്ള ക്രീം പാഴാക്കുന്നത് സൗന്ദര്യബോധമുള്ള ഏത് സ്ത്രീക്കാണ് സഹിക്കാൻ കഴിയുക! അവർ ഓടിയെത്തി മകളെ വഴക്ക് പറയുവാൻ തുടങ്ങി. ചങ്കിനെ വഴക്ക് പറയുന്നത് കണ്ടുനിൽക്കാൻ ആർക്കെങ്കിലും ആകുമോ? കുറ്റം ആരുടേതും ആയിക്കൊള്ളട്ടെ, പക്ഷെ ചങ്ക് എന്നും ചങ്ക് തന്നെയാണ്. അഞ്ചു വയസ്സ് പ്രായമുള്ള ഗോൾഡൻ റിട്രൈവർ ഇനത്തിൽ പെട്ട നായ്ക്കുട്ടിയും ഇതിൽ നിന്നും വ്യത്യസ്തമല്ല. തന്റെ ചങ്കിനെ വഴക്ക് പറയുന്നത് അവളുടേ അമ്മയാണെങ്കിൽ പോലും അത് സഹിക്കാവുന്നതിലപ്പുറമാണ്. ആ നായ്ക്കുട്ടി ഓടിയെത്തി കരയുന്ന ചങ്കിനെ അമ്മയിൽ നിന്നും രക്ഷിക്കുക മാത്രമല്ല, തഴുകി ആശ്വസിപ്പിക്കുകയും ചെയ്തു.

തന്റെ പ്രിയ കൂട്ടുകാരിയെ വഴക്കുപറയുന്ന അമ്മയുടെ നേരെ ആ നായ് ദേഷ്യത്തോടെ മുരളുന്നതുംവീഡിയോയിൽ കാണാം.'തള്ളേ, നിങ്ങൾ ഇവളുടെ അമ്മയാണ്, അതൊക്കെ സമ്മതിച്ചു. പക്ഷെ എന്റെ ചങ്കിനെ കരയിപ്പിച്ചാലുണ്ടല്ലോ....' എന്ന് പറയുന്നതുപോലെയായിരുന്നു ആ മുരളൽ. കിഴക്കൻ ചൈനയിലെ സുസോ നഗരത്തിലുള്ള വീട്ടിൽ വെച്ച് ആ കുരുന്നിന്റെ അമ്മ സൻ തന്നെയാണ് ഈ അപൂർവ്വ സൗഹൃദത്തിന്റെ വീഡിയോ പിടിച്ചത്.

കുഞ്ഞ് ഫേഷ്യൽ ക്രീമുമായി കളിക്കുന്നതു കണ്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടുപോയി എന്ന് അവർ സമ്മതിക്കുന്നു. അത് വാങ്ങിക്കൊണ്ടുവന്നിട്ടേ ഉണ്ടായിരുന്നുള്ളു. ഡപ്പിയുടെ പകുതിയോളം അവൾ കാലിയാക്കി. എനിക്ക് അരിശം അടക്കാനായില്ല. ഞാൻ അവളെ ഉച്ചത്തിൽ ശകാരിച്ചു. അവർ പറയുന്നു. പക്ഷെ ഹാരി എന്ന് പേരിട്ടിട്ടുള്ള ആ നായ്ക്കുട്ടി, കരയുന്ന ചങ്കിനെ ആശ്വസിപ്പിക്കാൻ എത്തിയത് കണ്ടപ്പോൾ തന്റെ കോപമെല്ലാം അലിഞ്ഞു പോയി എന്നും അവർ പറയുന്നു.

മനുഷ്യനല്ലാത്തതു കൊണ്ടാകാം ഫേഷ്യൽ ക്രീമിനേക്കാൾ വില തന്റെ സുഹൃത്തിന് ഹാരി നൽകിയത് എന്നും അവർ പറയുന്നു. അരിശപ്പെട്ടു നിൽക്കുന്ന അമ്മയ്ക്കും, ഭയന്നുവിറച്ചു കരയുന്ന കുഞ്ഞിനും ഇടയിൽ നിലയുറപ്പിച്ച ഹാരി ദേഷ്യത്തോടെ അമ്മയെ നോക്കി പല്ലിറുമ്മുന്നുമുണ്ട്. ആ നായ്ക്കുട്ടിയോട് അവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ അത് കൂടുതൽ പ്രതിരോധാത്മകമായ നിലപാട് സ്വീകരിച്ചു. അവളെ സംരക്ഷിക്കുന്നത് നിർത്തി ഇവിടന്നു പോകാൻ സൂ ആ നായ്ക്കുട്ടിയോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം.

അതിനു ശേഷം, വിതുമ്പി കരയുന്ന തന്റെ കുഞ്ഞു കൂട്ടുകാരിയെ തന്റെ കാൽകൾ കൊണ്ട് പുണർന്ന് ഹാരി ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇതോടെയാണ് തന്റെ കോപമെല്ലാം അലിഞ്ഞില്ലാതെയായത് എന്നും അവർ പറഞ്ഞു. ഇതാദ്യമായല്ല ഹാരി തന്റെ കൂട്ടുകാരിയുടെ രക്ഷയ്ക്കെത്തുന്നത്. അവളെ എപ്പോൾ ആര് വഴക്ക് പറഞ്ഞാലും ഹാരി അവിടെ ഓടിയെത്തും. സ്വന്തം ജീവൻ കൊടുത്തുപോലും ഹാരി തന്റെ മകളെ കാക്കും എന്നാണ് ആ അമ്മ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP