Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നു 11 മണിക്ക് ജോസ് കെ മാണി പ്രഖ്യാപിക്കുന്നത് ഇടത് മുന്നണിയിലേക്കുള്ള പോക്കിനെ കുറിച്ച്; കർഷക പ്രശ്‌നം ഉയർത്തി പിടിച്ചു കൊണ്ടുള്ള പത്ര സമ്മേളനം എൽഡിഎഫിലേക്കുള്ള പ്രവേശന അപേക്ഷ; ഇന്നു തന്നെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സൂചന; കോട്ടയത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്ന് വിരാമം

ഇന്നു 11 മണിക്ക് ജോസ് കെ മാണി പ്രഖ്യാപിക്കുന്നത് ഇടത് മുന്നണിയിലേക്കുള്ള പോക്കിനെ കുറിച്ച്; കർഷക പ്രശ്‌നം ഉയർത്തി പിടിച്ചു കൊണ്ടുള്ള പത്ര സമ്മേളനം എൽഡിഎഫിലേക്കുള്ള പ്രവേശന അപേക്ഷ; ഇന്നു തന്നെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സൂചന; കോട്ടയത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്ന് വിരാമം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കും.രാവിലെ 11 മണിക്ക് ജോസ് കെ മാണി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കർഷക വിഷയങ്ങൾ ഉയർത്തിയാകും പത്ര സമ്മേളനം. അതിനൊപ്പമാകും ഇടതുപക്ഷത്തേക്കുള്ള മാറ്റത്തെ കുറിച്ച് പറയുക. ജോസ് കെ മാണി നിലപാട് പ്രഖ്യാപിച്ചാൽ പ്രതികരണവുമായി സിപിഎം എത്തും. അധികം താമസിയാതെ ജോസ് കെ മാണി എൽഎഡിഎഫിലെ ഘടകകക്ഷിയാകുമെന്നാണ് സൂചന.

ജനപ്രതിനിധികളായ തോമസ് ചാഴികാടൻ, റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരുമായി ആലോചിച്ചശേഷമാണ് ജോസ് കെ.മാണി പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്നത്.റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നേതാക്കളുമായുള്ള കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം നീളാൻ കാരണമായത്.ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി വിഭാഗം നേതാക്കൾ എൽ.ഡി.എഫ് കൺവീനറുമായി മുമ്പ് പലവട്ടം ചർച്ച നടത്തിയിരുന്നു.

അതേസമയം, യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച രാജ്യസഭാ എംപി സ്ഥാനം ജോസ് കെ.മാണി രാജിവയ്ക്കുന്നതും ആലോചനയിലുണ്ടെന്നാണ് സൂചന. ഇതിലും ഇന്ന് പ്രഖ്യാപനം ഉണ്ടാകും. അതിവിശ്വസ്തരിൽ ഒരാളെ രാജ്യസഭയിലേക്ക് അയച്ച് പാലായിൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.

പാലാ സീറ്റ് കേരളാ കോൺഗ്രസിന് എന്തു വന്നാലും കൊടുക്കുമെന്ന നിലപാടിലേക്ക് സിപിഎം എത്തി കഴിഞ്ഞു. അനൗദ്യോഗിക ചർച്ചകളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജോസ് കെ.മാണിയുടെ രാഷ്ട്രീയ തീരുമാനം എത്തുന്നത്. മാണി സി കാപ്പൻ മുന്നണി വിടുന്നുവെങ്കിൽ പോട്ടെ നിലപാടിൽ സിപിഎം എത്തിയതായാണ് സൂചന. കോട്ടയത്തേയും പത്തനംതിട്ടയിലേയും എറണാകുളത്തേയും ഇടുക്കിയിലേയും നിയമസഭാ സീറ്റുകളിൽ ജോസ് കെ മാണിക്ക് നല്ല വോട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യോജിക്കാമെന്നാണ് സിപിഎം നിലപാട്. സിപിഐയുടെ എതിർപ്പും കാര്യമാക്കുന്നില്ല. സിറ്റിങ് സീറ്റുകളിൽ മത്സരിക്കാൻ ജോസ് കെ മാണിക്കൊപ്പമുള്ളവർക്ക് അവസരമുണ്ടാകും. ഇത് ജോസ് കെ മാണിയെ സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാകും ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം. അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. രാഷ്ട്രീയമായി ഇടതു ചേരിയിലേക്ക് പോവുക എന്ന തീരുമാനമാകും പറയുക.

പാലാ സീറ്റിനെക്കുറിച്ച് സിറ്റിങ് എംഎൽഎ. മാണി സി.കാപ്പൻ ഉയർത്തിയ അവകാശവാദത്തിന് എതിരേ ഇപ്പോൾ ശക്തമായ എതിർപ്പ് സിപിഎം പരസ്യമായി പറയില്ല. സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും സ്വീകരിക്കുക. മുന്നണിയുടെ ഭാഗമായി മാറുമ്പോൾ ജോസ് കെ മാണിക്ക് പാലാ സീറ്റ് കിട്ടും. പാലാ സീറ്റ് സംബന്ധിച്ച് യാതൊരു പ്രശ്‌നവുമില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കാത്തിടത്തോളം സമയം മറ്റ് പ്രശ്‌നങ്ങളില്ല. നിലപാട് പ്രഖ്യാപിച്ച ശേഷമെ മറ്റ് ചർച്ചകൾക്ക് പ്രസക്തിയുള്ളൂ. പാലാ സീറ്റും കേരള കോൺഗ്രസും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. പാർട്ടി നിലപാട് എടുത്ത ശേഷവും സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ അഭിപ്രായം തുറന്ന് പറയും.

എൽ.ഡി.എഫിനൊപ്പം നിന്ന് 13 സീറ്റെങ്കിലും നേടുക എന്നതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. ആ സീറ്റുകളിൽ പാലയാണ് കേന്ദ്രബിന്ദു. എൻ.സി.പി.ക്ക് രാജ്യസഭാസീറ്റ് നൽകി കാപ്പനെ അനുനയിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം. എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും ഉൾപ്പടെയുള്ള നേതാക്കൾക്ക് ഇതിനോട് കടുത്ത എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പാല തന്റെ ചങ്കാണ് എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മാണി സി കാപ്പൻ. സീറ്റ് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായാൽ മാണി സി കാപ്പനെ വരുതിയിലാക്കാൻ യു.ഡി.എഫ് രംഗത്തുണ്ട്. എൻ.സി.പിയെ മൊത്തമായി എത്തിക്കാൻ സാധിച്ചില്ലെങ്കിലും ഒരു വിഭാഗത്തെ അടർത്തിയെടുക്കാമെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസ് നേതാക്കളും പാർട്ടിയിലുണ്ട്.

കെ.എം. മാണിയുടെ വീട് ഉൾപ്പെടുന്ന പാലാ കേരള കോൺഗ്രസി(എം)ന്റെ ആസ്ഥാനം കൂടിയാണ്. കേരള കോൺഗ്രസ് യുഡിഎഫ് വിടുന്നതിനുള്ള കാരണങ്ങളിലൊന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ തിരിച്ചു പിടിക്കുകയെന്നതു ജോസ് കെ. മാണിക്കു പ്രധാനം, ജോസ് പാലായിൽ മത്സരിക്കാനും സാധ്യത ഏറെ. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) 126 സീറ്റുകളിൽ മത്സരിച്ചു. 75 സീറ്റുകളിൽ വിജയിച്ചു. രാമപുരം, ഭരണങ്ങാനം, കൊഴുവനാൽ, മുത്തോലി, പാലാ എന്നിവിടങ്ങളിൽ കേരള കോൺഗ്രസ് (എം) ഭരിക്കുന്നു.

അതുകൊണ്ട് തന്നെ പാല കേരളാ കോൺഗ്രസിന് സിപിഎം നൽകും. കേരളാ കോൺഗ്രസിലെ ചിലർ ഇപ്പോഴും ഇടതുപക്ഷത്തുണ്ട്. സ്‌കറിയാ തോമസും ആന്റണി രാജുവുമാണ് അവർ. ഇതിൽ ആന്റണി രാജു ജോസ് കെ മാണിയുടെ ഭാഗമാകാനും സാധ്യതയുണ്ട്. ഈ ചർച്ചകളും നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP