Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിൽ കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങൾ വേണമെന്ന് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തരായ ഐഎഎസ് ഉദ്യോഗസ്ഥർ; ചുവപ്പുനാടയെ ഒഴിവാക്കാനെന്ന വാദവുമായി ചട്ട ഭേദഗതിയുമായി മുഖ്യമന്ത്രി മുമ്പോട്ട് പോകും; സിപിഐ മന്ത്രിമാരെ പിണക്കാതെ അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കാനുള്ള കുറുക്കുവഴികൾ കണ്ടെത്താൻ നീക്കം; സർവ്വാധികാരിയായേ മതിയാകൂവെന്ന വാശിയിൽ തന്നെ പിണറായി; നിർണ്ണായകമാകുക സിപിഐ നിലപാട് തന്നെ

റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിൽ കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങൾ വേണമെന്ന് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തരായ ഐഎഎസ് ഉദ്യോഗസ്ഥർ; ചുവപ്പുനാടയെ ഒഴിവാക്കാനെന്ന വാദവുമായി ചട്ട ഭേദഗതിയുമായി മുഖ്യമന്ത്രി മുമ്പോട്ട് പോകും; സിപിഐ മന്ത്രിമാരെ പിണക്കാതെ അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കാനുള്ള കുറുക്കുവഴികൾ കണ്ടെത്താൻ നീക്കം; സർവ്വാധികാരിയായേ മതിയാകൂവെന്ന വാശിയിൽ തന്നെ പിണറായി; നിർണ്ണായകമാകുക സിപിഐ നിലപാട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റൂൾസ് ഓഫ് ബിസിനസിലെ ഭേദഗതികളുമായി മുമ്പോട്ട് പോകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഭേദഗതിയാണ് ലക്ഷ്യമിടുന്നത്. ചുവപ്പുനാടയുടെ പേരിലാകും ഇടപെടൽ. ഇതിനുള്ള നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടേത് കുറച്ചുംകൊണ്ടുള്ള വിവാദ ഭേദഗതികൾ ഒഴിവാക്കിയെന്ന് വരുത്തിയാകും പുതിയ ഭേദഗതികൾ. റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിൽ കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങൾ വേണമെന്ന നിലപാടിലാണ് ഐഎഎസ് ഉദ്യോഗസ്ഥർ. ഇത് മറയാക്കി ഭേദഗതിക്കാണ് പിണറായി ഒരുങ്ങുന്നത്.

റൂൾസ് ഓഫ് ബിസിനസിലെ ചുവപ്പുനാടയ്ക്ക് കാരണമാകുന്ന ചില വ്യവസ്ഥകളിൽ ഭേദഗതിയുണ്ടാകും. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതും മുഖ്യമന്ത്രിയിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിപിഐ. ഈ സാഹചര്യത്തിൽ കരുതലോടെയാകും മുമ്പോട്ട് പോക്ക്. മന്ത്രിമാരുടെ അധികാരം കുറച്ചും വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം കൊണ്ടുവന്നതും അംഗീകരിക്കില്ലെന്നാണ് ഘടകകക്ഷികളുടെ നിലപാട്.

മന്ത്രിയിലൂടെയല്ലാതെ മുഖ്യമന്ത്രിക്ക് ഓരോ വകുപ്പിലും ഇടപെടുന്നതിനും കരട് നിർദേശത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. സെക്രട്ടറിമാരിൽകൂടി ചീഫ് സെക്രട്ടറിക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള വ്യവസ്ഥ മന്ത്രിമാരെ നോക്കുകുത്തികളാക്കുമെന്ന് വിമർശനം വന്നു. ഈ സാഹചര്യത്തിലും റൂൾസ് ഓഫ് ബിസിനസിലെ ഭേദഗതികളുമായി മുമ്പോട്ട് പോകാനാണ് നീക്കം. മന്ത്രിമാർ കാണേണ്ട ആവശ്യമില്ലാത്ത ഫയലുകളുടെ പട്ടിക കണ്ടെത്തും. ഇതിൽ ഉദ്യോഗസ്ഥർക്ക് തീരുമാനം എടുക്കാൻ അവകാശം കൊടുക്കും. ഈ തന്ത്രത്തിലൂടെ എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പതിയെ കേന്ദ്രീകരിക്കാനാണ് നീക്കം.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സെക്രട്ടറിമാരുടെ സമിതിയാണ് കരട് നിർദേശങ്ങൾക്ക് രൂപംനൽകിയത്. ഇതിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായ എം ശിവശങ്കറിന്റെ നേതൃത്വത്തിലായിരുന്നു. ഇത് പരിഗണിച്ച മന്ത്രിസഭാ ഉപസമിതി യോഗത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണൻകുട്ടിയും ശക്തമായി എതിർത്തിരുന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുഴുവൻ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്കു കൊണ്ടു വരുന്ന ഭേദഗതിയാണ് റൂൾസ് ഓഫ് ബിസിനസിനസിന്റെ പരിഷ്‌കരണം. മുഖ്യമന്ത്രിയുടെഏകാധിപത്യ പ്രവണതയ്ക്ക ആക്കം കൂട്ടാനുള്ള നടപടി ആണിതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുന്നത് വലിയ തോതിലുള്ള അഴിമതിക്കു കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകിയിരുന്നു.

എ.കെ.ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയിലും ഇതു സംബന്ധിച്ച് വലിയ എതിർപ്പുണ്ടായി. ഘടക കക്ഷി മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻ കുട്ടി എന്നിവർ ഭേദഗതിയെ ശക്തമായി എതിർത്തു. ഭേഗദതിയിലെ 19, 20, 21 വകുപ്പുകൾ മന്ത്രിമാരുടെ അധികാരം വെട്ടിച്ചുരുക്കുന്നതാണെന്നായിരുന്നു ഇവരുടെ ആരോപണം. പുതിയ വ്യവസ്ഥകൾ പ്രകാരം ഒരു വകുപ്പിലെ ഏതു ഫയലും മന്ത്രി അറിയാതെ വിളിച്ചു വരുത്താനും തീരുമാനമെടുക്കാനും വകുപ്പ് സെക്രട്ടറിക്ക് അധികാരമുണ്ട്. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി മാത്രം മതി. സുപ്രധാന ഫയലുകളിൽ മുഖ്യമന്ത്രിക്കു നേരിട്ട് തീരുമാനമെടുക്കാനും കഴിയും.

ഇപ്പോഴത്തെ മന്ത്രിസഭയിൽ റവന്യു വകുപ്പിലെ ചില തീരുമാനങ്ങളിൽ വകുപ്പ് മന്ത്രിയുടെ അഭിപ്രായം മാനിച്ചെല്ലെന്നു പറഞ്ഞ് പല തവ ണ ഇ ചന്ദ്രശേഖരൻ പ്രതിഷേധിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടു നിൽക്കുന്ന സാഹചര്യങ്ങൾ പോലുമുണ്ടായി. നിലവിലുള്ള നിയമസംവിധാനങ്ങളിൽ ഇതാണ് അവസ്ഥയെങ്കിൽ പുതിയ ഭേദഗതികൾ വന്നാൽ വകുപ്പ് മന്ത്രിമാർ വെറും നോക്കുകുത്തികളാകുമെന്ന സിപിഐയുടെ കടുത്ത എതിർപ്പാണ് മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കത്തിന് താൽക്കാലികമായെങ്കിലും തടയിടാൻ കാരണം.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതാണു റൂൾസ് ഓഫ് ബിസിനസ്. ഇത് ഭേദഗതി ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിർദേശങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയിൽ ഘടകകക്ഷി മന്ത്രിമാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ധൃതിപിടിച്ച നീക്കങ്ങൾ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മന്ത്രിമാരുടെ അധികാരം വെട്ടി ചുരുക്കുകയും ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അധികാരം വർധിപ്പിക്കുകയുമാണു ലക്ഷ്യമെന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്.

ഉദാഹരണത്തിന് റൂൾ ഒൻപതിലെ മാറ്റമനുസരിച്ച് മന്ത്രി കാണാതെ തന്നെ സെക്രട്ടറിമാർക്കു ഫയലിൽ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ അംഗീകാരത്തിനായി നൽകാം. റൂൾ 20ലെ മാറ്റവും ഇതേ അധികാരമാറ്റം ഊട്ടി ഉറപ്പിക്കുന്നതാണ്. ചുരുക്കത്തിൽ വകുപ്പ് മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകൾ നിയന്ത്രിക്കാവുന്ന സ്ഥിതി വരും. റൂൾ 19, 21 എ, എന്നിവയിലെ മാറ്റം മുഖ്യമന്ത്രിയിലേക്കു കൂടുതൽ അധികാരം കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ്. റൂൾസ് ഓഫ് ബിസിനസ് പോലും മറികടക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി പറയുന്നത്.

റൂൾ 36ലെ മാറ്റം പറയുന്നത് കേസുകളിൽ ചീഫ് സെക്രട്ടറി സർക്കാരിനെ പ്രതിനിധീകരിക്കുന്നതു മാറ്റണമെന്നാണ്. സെക്രട്ടറിമാരുടെ ഉപസമിതികൾക്ക് മന്ത്രിമാരെ വിളിക്കാം എന്നതുവരെ എത്തിനിൽക്കുന്നതാണ് നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ. അതേസമയം, കാലം മാറിയതനുസരിച്ച് റൂൾസ് ഓഫ് ബിസിനസും മാറണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും സർക്കാരിനു മുകളിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP