Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സർവകലാശാലയിൽ പഠിക്കാനും ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേയെന്ന് വിദ്യാർത്ഥികൾ; ചോദ്യം ഹൈക്കോടതി ശരിവച്ചപ്പോൾ ശ്രീനാരായണ ഗുരു സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥയ്ക്ക് സ്‌റ്റേ; സാങ്കേതിക-മലയാളം-ആരോഗ്യസർവകലാശാലകളുടെ രൂപീകരണം എളുപ്പത്തിൽ കഴിച്ചെങ്കിൽ ഇത്ര ധൃതി വേണ്ടെന്ന് കോടതി; അംഗീകാരമുള്ള കോഴ്‌സുകൾ അംഗീകാരമില്ലാത്ത സർവകലാശാലയിലേക്ക് എന്തിന് നീക്കണം എന്ന ചോദ്യത്തിൽ ഉത്തരം മുട്ടി; പിണറായി സർക്കാരിന് ഓർക്കാപ്പുറത്തേറ്റ അടി

ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സർവകലാശാലയിൽ പഠിക്കാനും ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേയെന്ന് വിദ്യാർത്ഥികൾ; ചോദ്യം ഹൈക്കോടതി ശരിവച്ചപ്പോൾ ശ്രീനാരായണ ഗുരു സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥയ്ക്ക് സ്‌റ്റേ; സാങ്കേതിക-മലയാളം-ആരോഗ്യസർവകലാശാലകളുടെ രൂപീകരണം എളുപ്പത്തിൽ കഴിച്ചെങ്കിൽ ഇത്ര ധൃതി വേണ്ടെന്ന് കോടതി; അംഗീകാരമുള്ള കോഴ്‌സുകൾ അംഗീകാരമില്ലാത്ത സർവകലാശാലയിലേക്ക് എന്തിന് നീക്കണം എന്ന ചോദ്യത്തിൽ ഉത്തരം മുട്ടി; പിണറായി സർക്കാരിന് ഓർക്കാപ്പുറത്തേറ്റ അടി

എം മനോജ് കുമാർ

 തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തത് പിണറായി സർക്കാരിനു നിനച്ചിരിക്കാതെയുള്ള തിരിച്ചടിയായി. സംസ്ഥാനത്തെ വിദൂര, സ്വകാര്യ വിദ്യാഭ്യാസം പൂർണമായി ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പത്തനംതിട്ടയിലെ പാരലൽ കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളും നൽകിയ ഹർജിയെ തുടർന്നാണ് കോടതി സ്റ്റേ അനുവദിച്ചത്. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആണിക്കല്ലും മൂലക്കല്ലും ഈ വ്യവസ്ഥയെ അധികരിച്ചാണ് നിലകൊള്ളുന്നത്. ഈ വ്യവസ്ഥയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. യുജിസി അംഗീകാരമുള്ള കേരള-കാലിക്കറ്റ്-എംജി-കണ്ണൂർ സർവ്വകലാശാലകളിൽ നിലനിൽക്കുന്ന വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും പ്രൈവറ്റ് കോഴ്‌സുകളും ഒരു രീതിയിലുള്ള മോഷ്ടിച്ച് കടത്തലിനാണ് സർക്കാർപരിപാടിയിട്ടത്. അംഗീകാരമുള്ള സർവ്വകലാശാലയിലെ കോഴ്‌സുകൾ മോഷ്ടിച്ച് കടത്തുമ്പോൾ ശ്രീനാരായണഗുരു സർവ്വകലാശാലയ്ക്കും അംഗീകാരമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ പരിപ്പ് ഇവിടെ വേവില്ലെന്നു ധ്വനിപ്പിച്ചാണ് സർക്കാർ നീക്കങ്ങൾക്ക് ഹൈക്കോടതി തടയിട്ടത്.

2017 യുജിസി റെഗുലേഷൻ അനുസരിച്ചുള്ള അടിസ്ഥാന സൗകര്യം പുതിയ സർവ്വകലാശാലയിലുണ്ടോ? അതനുസരിച്ച് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ടോ? കേരളത്തിലെ നാല് സർവ്വകലാശാലകൾക്കും അംഗീകാരമുണ്ട്. അവിടുത്തെ കോഴ്‌സുകൾക്കും അംഗീകാരമുണ്ട്. ഈ കോഴ്‌സുകൾ എവിടേയ്ക്കാണ് പോകുന്നത്. അംഗീകാരമില്ലാത്ത സർവ്വകലാശാലയിലെക്കോ? ഈ കോഴ്‌സുകൾ നടത്താനുള്ള എന്ത് അടിസ്ഥാന സൗകര്യമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് ഉള്ളത്. പിണറായി സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെയാണ് ഈ ചോദ്യ ശരങ്ങൾക്കൊണ്ട് ഹൈക്കോടതി പിടിച്ചു കുലുക്കിയത്. അതിനു ശേഷം ഹൈക്കോടതി പറഞ്ഞത് ഇതാണ്: നിങ്ങൾ യുജിസിയുടെയും കേന്ദ്ര ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഡയരക്ടറെറ്റിന്റെ അനുമതി പത്രവും കൊണ്ട് വരൂ. അതിനു ശേഷം തീരുമാനിക്കാം എന്നാണ് ഹൈക്കോടതി പറഞ്ഞത് അത് വരെ നടപടികൾക്ക് സ്റ്റേയും നൽകി. വെള്ളിയാഴ്ച ഈ രേഖകൾ ഹൈക്കോടതിയിൽ എത്തിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയുടെ നിർദ്ദേശത്തിന്റെ ഭാവിയിൽ തൂങ്ങി മാത്രമാണ് ശ്രീനാരായണഗുരു സർവ്വകലാശാലയുടെ നിലനിൽപ്പ്. ഈന്തപ്പഴ വിതരണം പോലെ എളുപ്പമല്ല യൂണിവേഴ്‌സിറ്റി സ്ഥാപിക്കുകയെന്നാണ് സർക്കാരിനെ ഹൈക്കോടതി ബോധ്യപ്പെടുത്തിയിരിക്കുന്നത്.

സാങ്കേതിക സർവ്വകലാശാല, മലയാളം സർവ്വകലാശാല, ആരോഗ്യ സർവ്വകലാശാല എല്ലാം ഒരൊറ്റ ഓർഡിനൻസ് വഴിയാണ് സർക്കാർ സൃഷ്ടിച്ചത്. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും ഇതുപോലെ ഒരു ഓർഡിനൻസ് വഴി ഉണ്ടാക്കാം എന്ന് സർക്കാർ കരുതി. അതെല്ലാം അഫിലിയേറ്റഡ് കോളേജുകളെ ഒരു സർവ്വകലാശാലയ്ക്ക് കീഴിൽ കൊണ്ട് വരേണ്ട ദൗത്യമാണ്. ഇത് അങ്ങനെയല്ല. അതിലുള്ള വ്യത്യാസം സർക്കാർ മനസിലാക്കിയതുമില്ല. ഇവിടെ വിവിധ സർവ്വകലാശാലകളിലായി വിവിധ കോഴ്‌സുകളിൽ വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ പഠനം മുഴുവൻ പുതിയ സർവ്വകലാശാലയിലേക്ക് നീക്കുകയാണ്. ഈ നീക്കത്തിൽ സർക്കാർ കാണിച്ച അസാധാരണ തിടുക്കത്തിൽ ഹൈക്കോടതി അപകടം മണക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെയാണ് വിദൂര, സ്വകാര്യ വിദ്യാഭ്യാസം പൂർണമായി ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ തന്നെ കോടതി സ്റ്റേ ചെയ്തത്. ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സർവകലാശാലയിൽ പഠിക്കാനും ഉള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഓർഡിനൻസിലെ വ്യവസ്ഥ എന്ന് ഹർജിക്കാർ വാദിച്ചപ്പോൾ ഈ വാദത്തിൽ കാമ്പുണ്ടെന്നാണ് കോടതി കണ്ടത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായവും അനുവദിക്കത്തക്കവുമാണെന്ന് അപ്പോൾ തന്നെ കോടതി വിധിയെഴുതി. ഈ വിധിയെഴുത്ത് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള കനത്ത തിരിച്ചടി കൂടിയായി മാറി.

രാജ്യത്ത് നിലവിലിരിക്കുന്ന വ്യവസ്ഥയും വെള്ളിയാഴ്ചയും എല്ലാം കാറ്റിൽപ്പറത്തി ഭരണം നടത്തിയ സർക്കാരിനു ഈ അവസാന വർഷം തിരിച്ചടികളുടെ കാലമാണ്. ലൈഫ് മിഷൻ ആരോപണങ്ങളും സ്വർണ്ണക്കടത്തുമെല്ലാം സർക്കാരിനെ ഭരണനഷ്ടം ഓർമ്മിപ്പിക്കുകയാണ്. ഇതിനെല്ലാം ഉപരിയാണ് കോടതികളിൽ നിന്നും സർക്കാരിനു ഏൽക്കുന്ന നിരന്തര തിരിച്ചടികൾ. ലൈഫ് മിഷന് എതിരെ സിബിഐ ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചത് വൻ തിരിച്ചടിയാണ്. അതിനു പുറമെയാണ് ഈഴവ വോട്ടു ബാങ്കിനെ സ്വാധീനിക്കാൻ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കാനുള്ള നീക്കത്തിനു തിരിച്ചടി കോടതിയിൽ നിന്നും നേരിട്ടത്. യുജിസിയുടെ സമ്മത പത്രവും കേന്ദ്ര ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഡയരക്ടറെറ്റിന്റെ അനുമതി പത്രവുമെല്ലാമായി ഹൈക്കോടതിയിൽ എത്താനാണ് കോടതി നിർദ്ദേശിച്ചത്. അതുവരെ ഒരു പ്രവർത്തനവും വേണ്ടെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതായത് ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേയിൽ കുരുങ്ങിക്കിടക്കുകയാണ്. ഈ സ്റ്റേ നീക്കാതെ ഒരു പ്രവർത്തനവും സാധ്യവുമല്ല.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലക്ക് സർക്കാർ തുടക്കമിട്ടത്. സർക്കാർ ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകരിയുമെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. നാല്പത് ശതമാനത്തോളം വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രൈവറ്റ്-പാരലൽ കോളേജുകളുടെ അസ്തിവാരം കൂടി തോണ്ടിയിട്ടാണ് ഈ ഓപ്പൺ സർവ്വകലാശാലയുടെ വരവ്. യോജ്യരായിട്ടും റെഗുലർ കോളേജിൽ പഠിക്കാൻ കഴിയാത്ത സാധാരണക്കാരുടെ മക്കളാണ് സർവ്വകലാശാലകളിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്തി വിദ്യാഭ്യാസം തുടരുന്നത്. ഒരേ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുന്ന എന്നുള്ളതുകൊണ്ടാണ് പ്രൈവറ്റ്-പാരലൽ കോളേജിൽ പോയി പഠിച്ച് ഇവർ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ട് പോകുന്നത്. ഇവർ ഇതുവരെ പഠനം തുടങ്ങിയ സർവ്വകലാശാലകളെ ഈ ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ വരവോടെ ആശ്രയിക്കാൻ കഴിയില്ലെന്നതായിരുന്നു ഒരു പ്രധാന പ്രശ്നം. പഠനം ഇനി ഓപ്പൺ സർവ്വകലാശാലയിലേക്ക് മാറ്റേണ്ട അവസ്ഥ വരുമായിരുന്നു. ലഭിക്കുന്നത് ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റും. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തുവന്നത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലകളിലെ വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളും ലക്ഷ്യംവച്ചായിരുന്നു സർക്കാർ ശ്രീനാരായണ സർവ്വകലാശാലക്ക് തുടക്കമിട്ടത്.

അധികാരത്തിൽ നിന്നിറങ്ങാൻ പോകുന്ന സർക്കാർ ധൃതിയിൽ യുജിസിയുടെ മുകളിൽ പഴി ചാരിയാണ് ഓപ്പൺ സർവ്വകലാശാല തുടങ്ങിയത്. നാക് സ്‌കോർ 3.1 നു മുകളിൽ വരുന്ന, യുജിസിയുടെ ആദ്യ നൂറു റാങ്കുകളിൽ തുടരുന്ന സർവ്വകലാശാലകൾക്ക് പ്രൈവറ്റ്-വിദൂരവിദ്യാഭ്യാസം തുടരാൻ യുജിസി നിയമ പ്രകാരം കഴിയും. ഇപ്പോൾ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും നടത്തുന്ന കാലിക്കറ്റ്, കണ്ണൂർ, എംജി, കേരള സർവ്വകലാശാലകൾ യുജിസിയുടെ ആദ്യ നൂറു സർവ്വകലാശാലകളുടെ റാങ്കിംഗിൽ വരുന്നതാണ്. നാക് സ്‌കോർ 3.1 നു മുകളിലുമുണ്ട്. ഈ സർവ്വകലാശാലകൾ കോഴ്‌സുകൾ നടത്തുന്നതിൽ അതുകൊണ്ട് തന്നെ യുജിസിക്ക് എതിർപ്പില്ല.

എതിർപ്പ് കേരള സർക്കാരാണ് ഉണ്ടാക്കിയത്. യുജിസിയുടെ എതിർപ്പുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് എതിർക്കാൻ കഴിയാത്ത വിധം ശ്രീനാരായണഗുരുവിന്റെ പേരും നൽകി രാഷ്ട്രീയ തട്ടിപ്പാണ് സർക്കാർ ഈ സർവ്വകലാശാലയുടെ പേരിൽ നടത്തുന്നത്. യുജിസി നിയമം മാറ്റിയ കാര്യം സർക്കാർ മറച്ചു വെയ്ക്കുകയാണ്. സർക്കാർ പറയുന്നത് നാക് സ്‌കോർ 3.26-നു മുകളിലുണ്ടെങ്കിലേ സർവകലാശാലകൾക്ക് വിദൂരപഠനസംവിധാനങ്ങൾ നടത്താനാവൂ. പുതിയ സർവ്വകലാശാല കൊണ്ട് വരാൻ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് സർക്കാർ നടത്തുന്നത്. സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിച്ച് പഠനം മുന്നോട്ടു കൊണ്ട് പോകുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് രാഷ്ടീയ ചൂതാട്ടമാണ് സർക്കാർ നടത്തുന്നത്. ഒരേ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ മറ്റു സംസ്ഥാനങ്ങളിലേക്കും തള്ളിവിടുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഈ തീരുമാനം പ്രൈവറ്റ്-പാരലൽ കോളേജുകളുടെ അടിവേര് മാന്തുകയും ചെയ്യും.

പ്രൈവറ്റ് രജിട്രേഷൻ റഗുലർ സർവ്വകലാശാലയിൽ നിലനിന്നെങ്കിലേ പാരലൽ കോളജുകൾക്ക് പ്രസക്തിയുള്ളു. പ്രാക്ടിക്കൽ സൗകര്യം വേണ്ടാത്ത ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ അഫിലിയേറ്റഡ് കോളജ് സിലബസ്സിൽ വിദ്യാർത്ഥികൾ സ്വയം പഠിക്കാൻ അവസരം നൽകുന്നതാണ് പ്രൈവറ്റ് രജിസ്‌ട്രേഷൻ. റഗുലർ വിദ്യാർത്ഥികൾക്കൊപ്പം ഒരേ പരീക്ഷ നടത്തി ഒരേ മൂല്യമുള്ള സർട്ടിഫിക്കറ്റ് നൽകുക മാത്രമാണ് സർവ്വകലാശാലയുടെ ബാധ്യത. വിദ്യാർത്ഥികളുടെ അക്കാദമിക കാര്യങ്ങളിലൊന്നും സർവ്വകലാശാല ഇടപെടുന്നില്ല. അതിനാൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഏക ആശ്രയം പാരലൽ കോളജുകൾ മാത്രമാണ്. ഓപ്പൺ സർവ്വകലാശാലയിൽ വിദൂര പ്രോഗ്രാമുകൾ മാത്രമാണ്. പ്രത്യേക സിലബസ്സാണ്.

അവിടെ റഗുലർ പഠനം ഇല്ല. സ്റ്റഡി മെറ്റീരിയലും നിശ്ചിത കോൺടാക്റ്റ് ക്ലാസ്സുകളും നിർബന്ധമാണ്. അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസ്സിന് പോകണം. ചുരുക്കത്തിൽ വിദൂര പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങളിൽ സർവ്വകലാശാലക്ക് നേരിട്ട് പങ്കുണ്ട്. ഒരു പക്ഷേ പരിമിതമായ കോൺടാക്റ്റ് ക്ലാസ്സുകൾ പോരാത്ത ഒരു വിഭാഗം കുട്ടികൾ പാരലൽ കോളജുകളിൽ ട്യൂഷനായി എത്തിയേക്കാം. എന്നാൽ റഗുലറായി പാരലൽ കോളജിൽ അഞ്ച് ദിവസം പഠിച്ച് ശനി, ഞായർ ദിവസങ്ങൾ റഗുലർ വിദ്യാർത്ഥികളെ പോലെ പഠിക്കാവുന്ന പാരലൽ പഠനം ഇതോടെ ഇല്ലാതാകും. ഈ കോളേജുകളെ ആശ്രയിച്ച് ജീവിക്കുന്ന അദ്ധ്യാപകരും ഇതിന്റെ ഉടമകളും വഴിയാധാരമാവുകയും ചെയ്യും. ഇതാണ് ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലകൊണ്ട് കേരളത്തിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ. കോടതി ഉത്തരവോടെ സംസ്ഥാനത്തെ പാർലൽ കോളേജുകൾക്കാണ് ആശ്വാസമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP