Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം; മൂന്നു ലക്ഷം രൂപ എനിക്കു ലഭിക്കുമെന്ന് നഴ്സ് വഴി അറിയിച്ചെങ്കിലും സമ്മതിച്ചില്ല: കളമശേരി മെഡിക്കൽ കോളേജിൽ നവജാതശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയ സന ശ്രമിച്ചതായ വിനോ ബാസ്റ്റിന്റെ ആരോപണം ശരിവച്ച് കുഞ്ഞിന്റെ അമ്മ; വിൽപനയ്ക്ക് നീക്കമുണ്ടായത് താനറിയാതെ; മറുനാടൻ വാർത്ത നൽകിയതിന് പിന്നാലെ തനിക്ക് ദിയാ സനയുടെ ഭീഷണിയുണ്ടെന്നും യുവതി

'കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം; മൂന്നു ലക്ഷം രൂപ എനിക്കു ലഭിക്കുമെന്ന് നഴ്സ് വഴി അറിയിച്ചെങ്കിലും സമ്മതിച്ചില്ല: കളമശേരി മെഡിക്കൽ കോളേജിൽ നവജാതശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയ സന ശ്രമിച്ചതായ വിനോ ബാസ്റ്റിന്റെ ആരോപണം ശരിവച്ച് കുഞ്ഞിന്റെ അമ്മ; വിൽപനയ്ക്ക് നീക്കമുണ്ടായത് താനറിയാതെ; മറുനാടൻ വാർത്ത നൽകിയതിന് പിന്നാലെ തനിക്ക് ദിയാ സനയുടെ ഭീഷണിയുണ്ടെന്നും യുവതി

ആർ പീയൂഷ്


കൊച്ചി: നവജാത ശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയാസന ശ്രമിച്ചതായി ആരോപണം ഉന്നയിച്ച് വിനോ ബാസ്റ്റിൻ എന്ന യുവാവ് ഫെയ്സ് ബുക്ക് വഴി നടത്തിയ പ്രസ്താവന ശരി വച്ച് കുഞ്ഞിന്റെ അമ്മ. 'സസ്പെൻഷനിലായിരുന്ന' ഒരു നഴ്സിന്റെ ഒത്താശയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായിട്ടായിരുന്നു വെളിപ്പെടുത്തൽ. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ സംഭവം സത്യമാണെന്നു സമ്മതിച്ചത്. താനറിയാതെയാണ് കുഞ്ഞിനെ വിൽക്കാൻ നീക്കമുണ്ടായത്. കുഞ്ഞിന്റെ പിതാവുമായി ചേർന്നാണ് വിൽക്കാൻ ശ്രമം നടത്തിയതെന്നാണ് അവർ മറുനാടനോട് വെളിപ്പെടുത്തിയത്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കുഞ്ഞിനെ തന്റെ പക്കൽ നിന്നും കടത്തിക്കൊണ്ടു പോയതിനായിരുന്നു ആദ്യം പരാതി നൽകിയത്. എന്നാൽ പൊലീസ് അന്വേഷിക്കാൻ വലിയ താൽപര്യം കാണിച്ചില്ല. പിന്നീട് നിരന്തരമായി പൊലീസിനെ സമീപിച്ചതിന് ശേഷം കുട്ടിയുള്ള സ്ഥലം അറിയിച്ച് തിരികെ വീണ്ടെടുക്കുകയായിരുന്നു. പിന്നീട് കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇപ്പോൾ അതിനുള്ള സാഹചര്യമില്ലെന്നും മാധ്യമങ്ങൾക്കു മുന്നിൽ വരാൻ താൽപര്യമില്ലെന്നും കുഞ്ഞിന്റെ അമ്മയായ യുവതി മറുനാടനോട് പറഞ്ഞു.

കുഞ്ഞിന്റെ പിതാവിനെതിരെയും തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമിച്ച കേസിലെ പ്രതിയായ യുവതികളിൽ ഒരാരാളായ ദിയാസനക്കും എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ട്രാൻസ്ജൻഡർ ദമ്പതികൾക്കാണ് കുഞ്ഞിനെ കൈമാറാൻ ശ്രമമുണ്ടായതെന്നും ചില സുഹൃത്തുക്കൾ ഇടപെട്ട് കൈമാറ്റം തടയുകയായിരുന്നു എന്നും യുവതി പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഗണേശ് മോഹൻ അറിയിച്ചു. കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനി മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണ് ഗർഭിണിയായത്. ഗർഭം ഇല്ലാതാക്കാൻ യുവാവ് നിർബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു. ഏഴാം മാസത്തിൽ പോലും ഗർഭം ഇല്ലാതാക്കാൻ ശ്രമം നടന്നതായും യുവതി പറയുന്നു. ഏതാനും സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് പ്രസവകാലത്ത് യുവതിക്കു വേണ്ട ചികിത്സ ഏർപ്പാടാക്കി നൽകിയത്. കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കകം യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിൽ ജയിലിലായി. പലരിൽ നിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലിൽ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും പിന്നീട് ബന്ധം തുടർന്നു കൊണ്ടു പോതാൻ കഴിഞ്ഞില്ല.

കുഞ്ഞിനെ നോക്കേണ്ടി വരുന്ന സാഹചര്യവും നിയമപ്രശ്നങ്ങൾക്കുമുള്ള സാധ്യതയും മുന്നിൽ കണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ട്രാൻസ്ജൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാനായിരുന്നു കുഞ്ഞിന്റെ പിതാവ് നീക്കം നടത്തിയതെന്നാണ് യുവതി പറയുന്നത്. ഈ ദമ്പതികൾ യുവതിയേയും കുഞ്ഞിനെയും കൂടി നോക്കുമെന്നായിരുന്നു ധാരണയെന്നും യുവതി പറഞ്ഞു. ''ഇവരോടൊപ്പം നിന്ന് ജോലിക്കു പോകുകയും ഒപ്പം കുഞ്ഞിന്റെ കാര്യങ്ങൾ കൂടി നോക്കാമെന്നുമാണ് കരുതിയത്. എന്നാൽ സാവധാനം കുഞ്ഞിനെ അവർക്കു നൽകണം എന്ന മട്ടിൽ സംസാരിച്ചപ്പോൾ സാധിക്കില്ലെന്നു പറഞ്ഞു. പണം നൽകി കുഞ്ഞിനെ കൈക്കലാക്കാനായിരുന്നു നീക്കമെന്ന് ലേബർ റൂമിൽ കിടക്കുമ്പോഴാണ് അറിയുന്നത് എന്നും യുവതി പറയുന്നു.

ലേബർ റൂമിൽ കുഞ്ഞിനെ കൈമാറുന്നതു സമ്മതിപ്പിക്കാൻ ആശുപത്രിയിൽ നഴ്സായിരുന്ന ഒരു യുവതിയെയാണ് ഇടനിലക്കാരിയാക്കിയത്. താൽക്കാലിക ജീവനക്കാരിയായിരുന്ന ഇവർ മറ്റൊരു ക്രമക്കേടിന് സസ്പെൻഷനിലായിരുന്നു. ലീവിലാണെന്നാണ് പറഞ്ഞത്. ഇവരെ വൈകാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായും പിന്നീടറിഞ്ഞു. കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. മൂന്നു ലക്ഷം രൂപ തനിക്കു ലഭിക്കുമെന്ന് നഴ്സ് വഴി അറിയിച്ചെങ്കിലും സമ്മതിച്ചില്ല. തുടർച്ചയായി ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടാക്കി മുറിയിൽനിന്ന് ഇറക്കി വിടുകയായിരുന്നു. കുഞ്ഞ് ജനിച്ചതിനു പിന്നാലെ പാലുകൊടുക്കുന്നത് ഒഴിവാക്കാനും കുഞ്ഞിനെ അമ്മയെ കാണിക്കാതിരിക്കാനും ശ്രമം നടന്നു. വീണ്ടും ഈ നഴ്സ് ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ പിതാവുമായി സംസാരിച്ചത് ഫോണിൽ സമ്മതിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

കുഞ്ഞുണ്ടായി രണ്ടു മാസം കഴിയുന്നതിനു മുമ്പാണ് യുവാവ് ലഹരിമരുന്നു കേസിൽപെടുന്നത്. 45 ദിവസം ജയിലിൽ കിടന്ന് ജാമ്യത്തിൽ പുറത്തു വന്നതിനു പിന്നാലെ ഇയാൾ കുഞ്ഞുമായി കടന്നുകളഞ്ഞു. ഇതോടെ സഹായം അഭ്യർത്ഥിച്ച് ഇവർ സിറ്റി കമ്മിഷണർക്ക് ഉൾപ്പടെ പരാതി നൽകി. പൊലീസ് നിർദേശിച്ചതനുസരിച്ച് ചൈൽഡ് ലൈൻ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് കുഞ്ഞിനെ തിരികെ വാങ്ങി നൽകിയത്. തുടർന്ന് കൊച്ചിയിൽ ഏതാനും മാസം സുഹൃത്തുക്കൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെ അവിടെ നിന്ന് താമസം മാറേണ്ടി വന്നതോടെ ഇപ്പോൾ നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയാണ്. കുഞ്ഞിന്റെ ചെലവു പിതാവു നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നും ഇവർ പറയുന്നു. യുവാവിനെതിരെ കോടതിയെ സമീപിക്കാൻ വേണ്ട സാമ്പത്തിക സാഹചര്യമില്ലാത്തതിനാൽ അതിനു മുതിർന്നില്ലെന്നും ഇവർ പറയുന്നു. അതേസമയം കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്നവർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതി നൽകുമെന്ന് കോഴിക്കോട് സ്വദേശി വിനോ ബാസ്റ്റിൻ പറഞ്ഞു.

ഇതിനിടെ, കുഞ്ഞിനെ വിൽക്കാൻ തന്റെ നേതൃത്വത്തിൽ ശ്രമം നടന്നെന്ന ആരോപണം വസ്തുതാരഹിതമാണെന്ന് വിഷയത്തിൽ ഇടപെട്ടതായി ആരോപണം നേരിടുന്ന യുവതി പ്രതികരിച്ചു. കുഞ്ഞിനെ നോക്കാനാവില്ലെന്നും ഏതെങ്കിലും ഓർഫനേജിൽ ഏൽപിക്കാമെന്നും കുഞ്ഞിന്റെ അമ്മ തന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ട്രാൻസ് ദമ്പതികളോടു പറഞ്ഞപ്പോൾ ആശുപത്രി ചെലവുകൾ അവർ എടുത്തുകൊള്ളാമെന്ന് സമ്മതിച്ചു. ഇവരുമായി സംസാരിച്ചെന്നതും നിയമവശങ്ങൾ പരിശോധിച്ചു എന്നതും വസ്തുതയാണ്. എന്നാൽ സാമ്പത്തിക ഇടപാടുകൾക്ക് ശ്രമിച്ചിട്ടില്ല. തനിക്കെതിരെ ആക്ഷേപമുന്നയിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഈ വിഷയം സംബന്ധിച്ച് മറുനാടൻ വാർത്ത നൽകിയതിന് പിന്നാലെ യുവതിക്ക് നേരെ ദിയാ സനയുടെ ഭീഷണിയുണ്ട്. യുവതിയുടെ ചില സുഹൃത്തുക്കൾ വഴിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവിലെ കേസിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം നേരിട്ട് കാണുന്നുണ്ടെന്നാണ് ഭീഷണി. കുട്ടിക്കൊപ്പം തനിച്ച് കഴിയുന്ന യുവതി ഇതോടെ പരിഭ്രാന്തയാണ്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി പൊലീസ് പ്രൊട്ടക്ഷൻ തേടാനുള്ള ശ്രമത്തിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP