Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോബ്‌സ് പട്ടികയിൽ മലയാളി ധനികരിൽ ഒന്നാമതെത്തിയത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും; മൂന്നുസഹോദരന്മാരുടെയും കൂടി ആസ്തി 35,500 കോടി രൂപ; തൊഴിൽ നിയമങ്ങളിലെ വകതിരിവ് വട്ടപൂജ്യവും; 52 ദിവസത്തെ സമരത്തിനൊടുവിൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ മുഴുവൻ കാറ്റിൽ പറത്തി; പിരിച്ചുവിട്ടത് 160 ഓളം ജീവനക്കാരെ; മുത്തൂറ്റ് ഫിനാൻസിന്റെ മുഴുവൻ സ്ഥാപനങ്ങളിലും തൊഴിൽ വകുപ്പിന്റെ റെയ്ഡ്; മാനേജ്‌മെന്റിനെ നിലയ്ക്ക് നിർത്താൻ സർക്കാർ

ഫോബ്‌സ് പട്ടികയിൽ മലയാളി ധനികരിൽ ഒന്നാമതെത്തിയത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും; മൂന്നുസഹോദരന്മാരുടെയും കൂടി ആസ്തി 35,500 കോടി രൂപ; തൊഴിൽ നിയമങ്ങളിലെ വകതിരിവ് വട്ടപൂജ്യവും; 52 ദിവസത്തെ സമരത്തിനൊടുവിൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ മുഴുവൻ കാറ്റിൽ പറത്തി; പിരിച്ചുവിട്ടത് 160 ഓളം ജീവനക്കാരെ; മുത്തൂറ്റ് ഫിനാൻസിന്റെ മുഴുവൻ സ്ഥാപനങ്ങളിലും തൊഴിൽ വകുപ്പിന്റെ റെയ്ഡ്; മാനേജ്‌മെന്റിനെ നിലയ്ക്ക് നിർത്താൻ സർക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: കോടതിയേയും തൊഴിൽ നിയമങ്ങളെയും സർക്കാരിനെയും വെല്ലുവിളിച്ച് പ്രവർത്തനം നടത്തുന്ന മുത്തൂറ്റ് ഫിനാൻസിനു തൊഴിൽവകുപ്പിന്റെ ഇരുട്ടടി. 52 ദിവസം നീണ്ട സമരത്തിനൊടുവിൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ മുത്തൂറ്റ് ലംഘിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും തൊഴിൽവകുപ്പ് ഇന്നു റെയ്ഡ് നടത്തി. നിലവിൽ സിഐടിയു യൂണിയൻ സമരം മുത്തൂറ്റിൽ തുടരുന്നുണ്ട്. കോവിഡ് കാരണം പ്രത്യക്ഷ സമരമല്ല നടത്തുന്നത്. മുത്തൂറ്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളെ തുടർന്ന് സർക്കാരും മുത്തൂറ്റും തമ്മിൽ ഉരസലിലാണ്. ഈ ഉരസൽ തുടരുമ്പോൾ തന്നെയാണ് ഇന്നു തൊഴിൽ വകുപ്പ് മുത്തൂറ്റ് സ്ഥാപനങ്ങളിൽ റെയിഡ് നടത്തിയത്. തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് മുത്തൂറ്റ് മുന്നോട്ടു പോകുന്നതെന്ന് വ്യക്തമാക്കുന്ന അനുബന്ധ രേഖകൾ മുഴുവൻ തൊഴിൽ വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ലേബർ കമ്മീഷണറുടെ ഉത്തരവിൻ പ്രകാരം അഡീഷണൽ ലേബർ കമ്മീഷണറുടെ (എൻഫോഴ്‌സ്‌മെന്റ്) നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. റീജീയണൽ ജോയിന്റ് ലേബർ കമ്മീഷണർ, ജില്ലാ ലേബർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

സംസ്ഥാനത്താകമാനമുള്ള 354 സ്ഥാപനങ്ങളിലെ 1358 ജീവനക്കാരെ നേരിൽ കണ്ട് നടത്തിയ അന്വേഷണത്തിൽ 463 പേർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ & ഫെസ്റ്റിവെൽ ഹോളിഡെയ്‌സ് നിയമം എന്നിവ പ്രകാരമുള്ള നിയമ നിഷേധവും കേരള ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് നിയമം എന്നിവയുടെ ലംഘനങ്ങളൊടൊപ്പം വേതന സുരക്ഷാ പദ്ധതിയിൽ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയിട്ടുള്ള നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രി തലത്തിൽ തന്നെ കർശ്ശന നിർദ്ദേശം നൽകിയിട്ടുമുണ്ട്. റെയിഡിന്റെ വെളിച്ചത്തിൽ ശക്തമായ നടപടികൾ സർക്കാർ ഭാഗത്ത് നിന്നും വരും എന്നാണ് സൂചനകൾ. സംസ്ഥാന തലത്തിൽ നടന്ന റെയിഡാണ് നടത്തിയത്. എന്തൊക്കെ ക്രമക്കേടുകൾ കണ്ടെത്തി എന്നതിന്റെ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ലേബർ കമ്മിഷണറെറ്റ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. നാനൂറോളം സ്ഥാപനങ്ങളിലാണ് റെയിഡ് നടത്തിയത്. ഹോട്ടലുകളിൽ ഉൾപ്പെടെ റെയിഡ് നടത്തിയിട്ടുണ്ട്.

സർക്കാർ നിർദ്ദേശിച്ച മിനിമം വേതനം ജീവനക്കാർക്ക് ലഭിക്കുന്നില്ല എന്ന് റെയിഡിൽ മനസിലാക്കിയിട്ടുണ്ട്. നിലവിൽ കൊടുക്കുന്ന വേതനവും നോട്ടിഫൈഡ് വേതനവും തമ്മിലുള്ള വ്യത്യാസം അവലോകനം ചെയ്താൽ മാത്രമേ ഈ കാര്യത്തിൽ വ്യക്തമായ ഒരു ചിത്രം ലഭിക്കുകയുള്ളൂ. അനുബന്ധ രേഖകൾ റെയിഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മുത്തൂറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു ഒരു തടസവും ലഭിക്കാതെയുള്ള റെയിഡ് ആണ് നടത്തിയത്. ലേബർ നിയമങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധമായ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. 160-ൽ അധികം ജീവനക്കാരെ സമരവുമായി ബന്ധപ്പെട്ടു മുത്തൂറ്റ് പിരിച്ചുവിട്ടിട്ടുണ്ട്. അതും ഒരു തൊഴിൽ തർക്കമായി നിലനിൽക്കുകയാണ്--ലേബർ കമ്മിഷണറെറ്റ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു.

സർക്കാരുമായി ഉണ്ടാക്കിയ ധാരണയിൽ നിന്നും വിഭിന്നമായി ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച് മാനേജ്‌മെന്റ് 45 ശാഖകൾ പൂട്ടുകയും 166 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. മുത്തൂറ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയുടെ മുന്നിൽ സമർപ്പിച്ച ഒത്തുതീർപ്പ് കരാർ ആണ് മാനെജ്‌മെന്റ് കാറ്റിൽപ്പറത്തിയത്. ഇത് ചർച്ച ചെയ്യാൻ തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നേരിട്ട് തന്നെ യോഗം വിളിച്ചിരുന്നുവെങ്കിലും ഒത്തുതീർപ്പ് വന്നിരുന്നില്ല. തൊഴിൽ നിയമങ്ങൾക്ക് എതിരായ ധ്വംസനനടപടി പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും മുത്തൂറ്റ് വകവെച്ചിരുന്നില്ല.

സിഐടിയുവിന്റെ നേതൃത്വത്തിൽ മുത്തൂറ്റിലെ തൊഴിൽ സമരം തുടരുകയാണ്. കൊറോണയും ലോക്ക് ഡൗണും കാരണമാണ് പ്രത്യക്ഷ സമരം നടക്കാത്തത്. തൊഴിൽ സമരം ആരംഭിച്ചതിനെ തുടർന്ന് വന്ന ധാരണയ്ക്ക് വിരുദ്ധമായി മുത്തൂറ്റ് പിരിച്ചുവിട്ട യൂണിയൻ സെക്രട്ടറി അടക്കമുള്ള 160 ഓളം ജീവനക്ജീകാരുടെ കുടുംബത്തിന്റെ ചെലവ് ഏറ്റെടുത്ത് നടത്തുന്നത് സിഐടിയുവാണ്. കഴിഞ്ഞ ഡിസംബർ മുതലാണ് ഇവരുടെ കുടുംബത്തിന്റെ ചെലവ് സിഐടിയു ഏറ്റെടുത്ത് നടത്തുന്നത്. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തെ മുത്തൂറ്റ് പിന്നിൽ നിന്നും കുത്തിയത് സർക്കാരിൽ കടുത്ത നീരസ്മാണ് സൃഷ്ടിച്ചത്. സമരത്തിനെ തുടർന്ന് മുത്തൂറ്റ് എംഡി ജോർജ് അലക്‌സാണ്ടറിന്റെ കാറിനു നേർക്ക് ആക്രമണം നടന്നിരുന്നു. ഇന്ത്യൻ ധനികരുടെ ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റും സഹോദരന്മാരുമാണ്. 35,500 കോടി രൂപയാണ് 3 മുത്തൂറ്റ് സഹോദരന്മാരുടെയും ആസ്ഥി. കഴിഞ്ഞ ദിവസമാണ് ഫോബ്‌സ് പട്ടിക വാർത്തയായത്. ഇതേ സ്ഥാപനം തന്നെയാണ് മിനിമം വേതനം പോലും നൽകാതെ ജീവനക്കാരെ ദ്രോഹിക്കുകയും യൂണിയൻ പ്രവർത്തനം അവസാനിപ്പിക്കാൻ ശാഖകൾ പൂട്ടിക്കെട്ടുകയും സമരത്തിനു നേതൃത്വം നൽകിയ യൂണിയൻ സെക്രട്ടറി അടക്കം 160 ഓളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത്.

രണ്ടു മാസത്തെ ശമ്പളം പിരിച്ചുവിടപ്പെട്ട അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്ത ശേഷം ജീവനക്കാരോട് ജോലിക്ക് വരേണ്ടെന്നു നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ കരാർ വ്യവസ്ഥകളുടെ ലംഘനമാണ് മാനെജ്മെന്റ് നടപ്പിലാക്കിയത്. ഇതിൽ അപകടം മണത്തതോടെയാണ് മുത്തൂറ്റ് തൊഴിലാളി യൂണിയന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സിഐടിയുവും രംഗത്ത് വന്നത്. ജനുവരി രണ്ടു മുതൽ മുത്തൂറ്റ് യൂണിയനുകൾ സമരത്തിലാണ്. രണ്ടായിരത്തോളം ജീവനക്കാരും സിഐടിയു യൂണിയനെ പിന്തുണച്ച് സമരത്തിലുണ്ട്. മുത്തൂറ്റ് മാനെജ്മെന്റിറെ ഏകപക്ഷീയമായ നടപടികൾ സിപിഎമ്മിനെയും പ്രകോപിപ്പിച്ചിട്ടുണ്ട്. സമരത്തിനു എല്ലാവിധ പിന്തുണയും നൽകണമെന്ന് പറഞ്ഞു കീഴ് ഘടകകങ്ങളിലേക്ക് സിപിഎമ്മിന്റെ നിർദ്ദേശവും പോയിട്ടുണ്ട്. മുത്തൂറ്റിന്റെ പ്രകോപനപരമായ നടപടികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അരിശത്തിലാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന സമവായ ശ്രമങ്ങളാണ് കഴിഞ്ഞ തവണ ലക്ഷ്യം കണ്ടത്. മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതോടെയാണ് മാനേജ്മെന്റും അയഞ്ഞത്. അങ്ങിനെയാണ് സമരത്തിനു അവസാനമായത്. കഴിഞ്ഞ സമരത്തിൽ മുന്നോട്ടു വെച്ച ഒത്തുതീർപ്പ് ഫോർമുലകൾ അമ്പേ തള്ളിയാണ് ഇക്കുറി മാനെജ്മെന്റ് രംഗത്ത് വന്നത്. സിഐടിയു യൂണിയൻ നേതാക്കൾക്ക് മിക്കവർക്കും ജോലി പോയി എന്ന് മാത്രമല്ല അവർ ജോലി ചെയ്തിരുന്ന ശാഖകളും മാനെജ്മെന്റ് അടച്ചുപൂട്ടിയിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയെയും പ്രകോപിപ്പിച്ചിരുന്നു. പണിമുടക്കാരംഭിക്കുന്നതിന് മുമ്പ് ലേബർ കമ്മീഷണർ രണ്ടുതവണയും തൊഴിൽ മന്ത്രി ഒരു തവണയും ചർച്ചയ്ക്കു വിളിച്ചു. എന്നാൽ തീരുമാനമെടുക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് മുത്തൂറ്റ് മാനേജ്മെന്റ് സർക്കാരിനെ അവഹേളിക്കുകയായിരുന്നുവന്നു സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞിരുന്നു. . ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച് മാനേജ്മെന്റ് 45 ശാഖകൾ പൂട്ടി. 166 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. യൂണിയൻ സെക്രട്ടറിയും അംഗങ്ങളും ജോലിചെയ്യുന്ന ശാഖകളാണ് തിരഞ്ഞുപിടിച്ച് പൂട്ടിയത്- വസ്തുതകൾ നിരത്തി എളമരം കരീം ചൂണ്ടിക്കാട്ടുന്നു. ഈ കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള രോഷം കൂടി വെളിയിൽ വിട്ടുകൊണ്ടാണ് ഈ രീതിയിലുള്ള പ്രതികരണം എളമരം കരീം നടത്തിയത്.

66 പേർക്കാണ് ജോലി നഷ്ടമായത്. ഇവരെ കഴിഞ്ഞ ഡിസംബർ ആറു, ഏഴു തീയതികളിൽ ഇവരെ മാനെജ്മെന്റ് ടെർമിനേറ്റ് ചെയ്യുകയായിരുന്നു. 55000-60000 രൂപ ഇവരുടെ അക്കൗണ്ടിൽ ഇട്ട ശേഷം ജോലിക്ക് വരേണ്ടെന്നു നിർദ്ദേശിക്കുകയായിരുന്നു. ഒരു നോട്ടീസും നൽകാതെയാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ഹൈക്കോടതി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യ്വവസ്ഥകൾ ആണ് മാനെജ്മെന്റ് ലംഘിച്ചത്. യാതൊരു വിധത്തിലുള്ള പ്രതികാര നടപടിയും ഉണ്ടാകില്ലെന്ന് ഹൈക്കോടതിയും രേഖാമൂലം പറഞ്ഞതാണ്. ഹൈക്കോടതി മീഡിയേറ്റർ ആയിരുന്നു അന്ന് ഒതുതീർപ്പ് വ്യ്വവസ്ഥകൾ മുന്നോട്ട് വെച്ചത്. 500 രൂപ ശമ്പളം ഉയർത്തി എന്നല്ലാതെ യാതൊരു ഗുണവും അന്നത്തെ സമരം കാരണം ജീവനക്കാർക്ക് ലഭിച്ചതുമില്ല. ഈ പ്രശ്‌നങ്ങൾ എല്ലാം നിലനിൽക്കെ തന്നെയാണ് തൊഴിൽ വകുപ്പ് നടപടികൾ കർശനമാക്കിയത്. അതിന്റെ ഭാഗമായി തന്നെയാണ് ഇന്നു നടന്ന റെയിഡും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP