Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈന്ദവവിശ്വാസിയായ മരുമകൾക്ക് അവളുടെ ആചാരങ്ങൾ അനുസരിച്ച് ബേബി ഷവർ ഒരുക്കുന്ന മുസ്ലിം കുടുംബം; തനിഷ്‌ക് ജൂവലറി പരസ്യം 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനവുമായി സംഘപരിവാർ അണികൾ; ട്രോളുകളും വിമർശനവും കനത്തതോടെ പരസ്യം പിൻവലിച്ചു തനിഷ്‌ക്ക്; ഹിന്ദു-മുസ്ലിം ഐക്യം അസ്വസ്ഥപ്പെടുത്തുന്നെങ്കിൽ ഇന്ത്യയെ ബഹിഷ്‌കരിച്ചു കൂടേ എന്നു ചോദിച്ചു ശശി തരൂർ

ഹൈന്ദവവിശ്വാസിയായ മരുമകൾക്ക് അവളുടെ ആചാരങ്ങൾ അനുസരിച്ച് ബേബി ഷവർ ഒരുക്കുന്ന മുസ്ലിം കുടുംബം; തനിഷ്‌ക് ജൂവലറി പരസ്യം 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനവുമായി സംഘപരിവാർ അണികൾ; ട്രോളുകളും വിമർശനവും കനത്തതോടെ പരസ്യം പിൻവലിച്ചു തനിഷ്‌ക്ക്; ഹിന്ദു-മുസ്ലിം ഐക്യം അസ്വസ്ഥപ്പെടുത്തുന്നെങ്കിൽ ഇന്ത്യയെ ബഹിഷ്‌കരിച്ചു കൂടേ എന്നു ചോദിച്ചു ശശി തരൂർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ടൈറ്റാൻ ഗ്രൂപ്പിന് കീഴിലുള്ള ജൂവലറി ബ്രാൻഡായ തനിഷ്‌കിന്റെ ഏറ്റവും പുതിയ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും പ്രതിഷേധവും ശക്തമായതോടെ പരസ്യം പിൻവലിച്ചു ജുവല്ലറി ഗ്രൂപ്പ്. ഗർഭിണിയായ മരുമകളുടെ ബേബി ഷവർ ആഘോഷിക്കുന്ന മുസ്ലിം കുടുംബ പശ്ചാത്തലത്തിലുള്ള പരസ്യമാണ് ജുവല്ലറിക്കാർ പുറത്തുവിട്ടത്. ഹൈന്ദവവിശ്വാസിയായ മരുമകൾക്ക് അവളുടെ ആചാരങ്ങൾ അനുസരിച്ചാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. സ്വന്തം മകളെപ്പോലെ മരുമകളെയും കാണുന്ന സ്‌നേഹിക്കുന്ന അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ഊഷ്മള ബന്ധമാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള ആ പരസ്യത്തിൽ പറഞ്ഞുവയ്ക്കുന്നത്.

'സ്വന്തം മകളെപ്പോലെ അവളെ സ്‌നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവൾ വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മനോഹര സംഗമം' എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം മിശ്രവിവാഹത്തെ സംബന്ധിച്ചാണ് പരസ്യത്തിന്റെ പൊരുൾ എങ്കിലും അധികം വൈകാതെ തന്നെ ഇത് വിമർശനങ്ങൾക്ക് നടുവിലായി. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരസ്യം ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു മുഖ്യവിമർശനം. തനിഷ്‌ക് ബഹിഷ്‌കരിക്കണം (BoycottTanishq) എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗായി. രൂക്ഷമായ ഭാഷയിലായിരുന്നു പലരും പ്രതികരിച്ചത്. അതേസമയം പരസ്യത്തെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഐക്യവും ഏകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് പരസ്യത്തിനുള്ളതെന്നും മറ്റൊരു ഉദ്ദേശവും കാണുന്നില്ലെന്നുമാണ് അനുകൂലിക്കുന്നവർ പറയുന്നത്.

ഇതിനിടെ പരസ്യത്തെ പിന്തുണച്ചു കൊണ്ട് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. ഹിന്ദു മുസ്ലിം സാഹോദര്യം വിഷയമാവുന്ന മനോഹരമായ പരസ്യമാണ് ഇതെന്നാണ് ശശി തരൂർ പ്രതികരിച്ചത്. ' മനോഹരമായ ഈ പരസ്യത്തിലൂടെ ഹിന്ദു മുസ്ലിം ഐക്യം ഉയർത്തിക്കാട്ടിയതിന് തനിഷ്‌ക് ജൂവലറി ബഹിഷ്‌കരിക്കാൻ ഹിന്ദുത്വ വർഗീയ വാദികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഐക്യം അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ടാണ് അവർ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തത്? ' ശശി തരൂർ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി, മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഐക്യത്തെ ഉയർത്തിക്കാട്ടുന്ന ഇത്രയും മനോഹരമായ ഒരു പരസ്യം ശ്രദ്ധയിൽപ്പെടുത്തിയതിന് ട്രോളന്മാർക്ക് നന്ദി അറിയിച്ചാണ് ഷമീനയുടെ പ്രതികരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP