Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈലിൽ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാൻ ചാണകം; ചാണകത്തിൽ നിർമ്മിച്ച ഒരു ചിപ്പ് പുറത്തിറക്കി രാഷ്ട്രീയ കാമധേനു അയോഗ്; ചാണകത്തിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ വല്ലഭായ് കത്തിരിയ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:ചാണകം, മൊബൈലിൽ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ. ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് മാത്രമല്ല, ഇതിനായി ചാണകത്തിൽ നിർമ്മിച്ച ഒരു ചിപ്പ് രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളത്തിൽ ഈ ചിപ്പ് അദ്ദേഹം പ്രദർശിപ്പിച്ചു.കാമധേനു ദീപാവലി അഭിയാൻ എന്ന പേരിൽ തുടക്കം കുറിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്. ചാണകത്തിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുകയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം.

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനുകളെ ഈ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷൻ മൂലം രോഗങ്ങൾ വരാതിരിക്കണമെങ്കിൽ ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കത്തിരിയ വ്യക്തമാക്കി.''ഇതൊരു ആന്റി റേഡിയേഷൻ ചിപ്പാണ്. മൊബൈൽ ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ചിപ്പ്. ഈ ചിപ്പ് നിങ്ങളുടെ ഫോണിൽ ഉപയോഗിക്കുകയാണെങ്കിൽ അത് ഫോണിൽ നിന്നുള്ള റേഡിയേഷനെ കുറയ്ക്കും. അസുഖങ്ങളിൽ നിന്ന് രക്ഷ തേടണമെങ്കിൽ ഈ ചിപ്പ് നിങ്ങൾക്ക് ഫോണിൽ ഉപയോഗിക്കാം''- എന്നായിരുന്നു ചിപ്പ് പരിചയപ്പെടുത്തിക്കൊണ്ട് വല്ലഭായ് കത്തിരിയ പറഞ്ഞത്.

ചാണകത്തിൽ നിന്ന് നിർമ്മിച്ചിരിക്കുന്നതിനാൽ ഗോസത്വ കവച് എന്നാണ് ഈ ചിപ്പിന് നൽകിയിരിക്കുന്ന പേര്. രാജ്‌കോട്ടിലെ ശ്രീജി ഗോശാലയാണ് ചിപ്പ് വികസിപ്പിച്ചത്.കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019 ഫെബ്രുവരി ആറിനാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നൽകിയത്. 2019-20ലെ യൂണിയൻ ബഡ്ജറ്റിലാണ് ഇത്തരമൊരു പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്.

താൻ ഗോമൂത്രം കഴിക്കാറുണ്ടെന്ന്, കുറച്ചുദിവസം മുമ്പാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ചാണകവും കഴിക്കാം, അദ്ദേഹത്തിനെന്നല്ല ആർക്കും ചാണകം കഴിക്കാവുന്നതാണെന്നും കത്തിരിയ കൂട്ടിച്ചേർത്തു. പക്ഷേ നമ്മൾ നമ്മളുടെ ഈ ശാസ്ത്രത്തെ മറക്കുകയാണ്. ചാണകം വെറുതെ വീട്ടിൽ സൂക്ഷിക്കുന്നത് പോലും റേഡിയേഷനെ ചെറുക്കുന്നുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 500 ലധികം ഗോശാലകൾ ഇപ്പോൾ ചിപ്പ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നുണ്ട്. 50 മുതൽ 100 രൂപ വരെയാണ് ഇത്തരത്തിലുള്ള ചിപ്പിന്റെ വില. ഈ ചിപ്പിന് ഏതെങ്കിലും അംഗീകൃത ലബോട്ടറി പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതില്ലെന്നായിരുന്നു കത്തിരിയയുടെ മറുപടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP