Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വർണക്കടത്ത് വിവാദമാക്കി; കള്ളക്കടത്ത് കേസിൽ കോൺസുൽ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമർഷം; സ്വർണ്ണ കടത്ത്-ലൈഫ് മിഷൻ വിവാദത്തിൽ യുഎഇ പൂർണ്ണ അതൃപ്തിയിൽ; തിരുവനന്തപുരത്തെ കോൺസുലേറ്റ് താൽകാലികമായി അടച്ചു; ചെന്നൈയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റുന്നതും പരിഗണനയിൽ; സ്വർണ്ണ കടത്തിലെ നയതന്ത്ര വിള്ളൽ നഷ്ടമുണ്ടാക്കുന്നത് തിരുവനന്തപുരത്തിന്

കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വർണക്കടത്ത് വിവാദമാക്കി; കള്ളക്കടത്ത് കേസിൽ കോൺസുൽ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമർഷം; സ്വർണ്ണ കടത്ത്-ലൈഫ് മിഷൻ വിവാദത്തിൽ യുഎഇ പൂർണ്ണ അതൃപ്തിയിൽ; തിരുവനന്തപുരത്തെ കോൺസുലേറ്റ് താൽകാലികമായി അടച്ചു; ചെന്നൈയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റുന്നതും പരിഗണനയിൽ; സ്വർണ്ണ കടത്തിലെ നയതന്ത്ര വിള്ളൽ നഷ്ടമുണ്ടാക്കുന്നത് തിരുവനന്തപുരത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. കോവിഡ് കാരണം 20 വരെ പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പ്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ വിവാദങ്ങളിൽ യു.എ.ഇക്കു കടുത്ത അതൃപ്തിയുണ്ട്. സ്വർണക്കടത്തിൽ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ അപമാനിക്കപ്പെട്ടെന്ന വിലയിരുത്തലിൽ തിരുവനന്തപുരം കോൺസുലേറ്റ് താൽക്കാലികമായി പൂട്ടുന്നതു പരിഗണനയിൽ എന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ നടക്കുന്നത്.

ചെന്നൈയിൽ കോൺസുലേറ്റ് തുടങ്ങി കേരളത്തിലെ അറ്റസ്റ്റേഷൻ അവിടേക്കു മാറ്റാനുള്ള നീക്കം സജീവമാണെന്നാണ് സൂചന. വിവാദങ്ങളെത്തുടർന്നു വീസ അനുവദിക്കൽ ഉൾപ്പെടെ നടപടികൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു. കോവിഡ് മൂലം യുഎഇയിലേക്കു പോയ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി മടങ്ങിയെത്തിയില്ല. കോൺസുലേറ്റ് ഹൈദരാബാദിലേക്കു മാറ്റാനും ആലോചനയുണ്ട്. യുഎഇയിലേക്കു പോകുന്നവരുടെ വീസ അനുവദിക്കൽ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവയാണു കോൺസുലേറ്റ് വഴിയുള്ള പ്രധാന സേവനങ്ങൾ. കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും തിരുവനന്തപുരത്തു നിന്നാണ് ഈ സേവനങ്ങൾ ലഭിച്ചിരുന്നത്.

സ്വർണ്ണ കടത്ത് കേസിൽ ആരോപണവിധേയരായ കോൺസൽ ജനറലിനെയും അറ്റാഷെയെയും പൂർണമായും വിശ്വാസത്തിലെടുത്തുള്ള നിലപാടാണു യു.എ.ഇയുടേതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വർണക്കടത്ത് വിവാദമാക്കിയതാണ് രോഷത്തിനു പ്രധാന കാരണം. തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാൽ സ്വർണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുത്. ദുബായിൽനിന്ന് ആർക്കു വേണമെങ്കിലും കോൺസുലേറ്റ് വിലാസത്തിലേക്കു കാർഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്നു യു.എ.ഇ. അധികൃതർ എന്ത്യൻ എംബസിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്തുന്നത്.

നികുതിയും പിഴയുമടച്ച് തീർക്കാവുന്ന കസ്റ്റംസ് കേസ് മാത്രമായിരുന്നിട്ടും രാജ്യത്തിന് അപകീർത്തികരമായ സംഭവങ്ങളാണുണ്ടാകുന്നതെന്ന് യുഎഇ കേന്ദ്ര സർക്കാരിനെ അറിയിച്ചതായാണു സൂചന. കള്ളക്കടത്ത് കേസിൽ കോൺസൽ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമർഷമുണ്ട്. എൻ.ഐ.എ. സംഘം ദുബായിലെത്തിയെങ്കിലും പ്രതികളെ കാണാൻ അനുവദിക്കാതിരുന്നത് ഇതിനാലാണെന്നാണു വിലയിരുത്തൽ എന്നും മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. കോൺസുലേറ്റിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന നടപടിയായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് യു.എ.ഇ. വ്യക്തമാക്കിയെങ്കിലും ഫൈസൽ ഫരീദിനെ വിട്ടുതരാനോ അറ്റാഷെയെ ചോദ്യംചെയ്ാനോയ അനുവദിച്ചിട്ടില്ല.

പ്രളയദുരിതാശ്വാസ സഹായമായി സന്നദ്ധ സംഘടന വഴി 20 കോടി രൂപ നൽകിയതും അപകീർത്തിയിലാണ് എത്തുന്നത്. അതിൽ നാലരക്കോടി രൂപ കോൺസൽ ജനറലിനു കോഴ നൽകിയെന്ന ആരോപണവും യു.എ.ഇയെ ചൊടിപ്പിച്ചിട്ടുണ്ട്. കോവിഡ്മൂലം മാർച്ചിൽ നിർത്തിവച്ച സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ജൂലൈ അവസാനവാരം പുനരാരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും സ്വർണക്കടത്ത് വിവാദമായതോടെ യു.എ.ഇ. പിന്നോട്ടുമാറി. നോർക്ക അധികൃതർ പലതവണ സമ്മർദം ചെലുത്തിയെങ്കിലും വിദേശ മന്ത്രാലയത്തിന്റെ നിർദ്ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. പിന്നീട് വീണ്ടും തുടങ്ങി. ഇതാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. ഇതോടെ കോൺസുലേറ്റ് തിരുവനന്തപുരത്ത് നിന്ന് പോകുമെന്ന ചർച്ച സജീവമാകുകയാണ്.

കോവിഡ് വ്യാപനം മൂലം വരേണ്ട എന്നാണ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ യു.എ.ഇയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമേ അവിടെയുള്ളൂ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കോൺസുലേറ്റ് ജനറൽ നേരത്തെ തന്നെ പോയിരുന്നു. അതിനു പിന്നാലെ വിവാദത്തിലുൾപ്പെട്ട അറ്റാഷെയും പോയി. അബ്ദുള്ള എന്നയാൾ മാത്രമാണ് നിലവിൽ കോൺസുലേറ്റിലുള്ള യു.എ.ഇ യിൽ നിന്നുള്ള ഉദ്യോഗസ്ഥൻ. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മാത്രമാണ് ഈ പ്രതിസന്ധിക്കിടെ അവിടെ നടക്കുന്നത്. ഏതാണ്ട് അവിടെയുള്ള പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. അതിനിടെയാണ് വീണ്ടും അടയ്ക്കുന്നത്.

നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ യു.എ.ഇ കോൺസുലേറ്റ് അഡ്‌മിനിസ്ട്രേറ്റീവ് അറ്റാഷെ റാഷിദ് അൽ ഖാമിസ് ചിമേനി, അക്കൗണ്ട്‌സ് വിഭാഗം മേധാവിയും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് എന്നിവർക്ക് നിർണായക പങ്കുണ്ടെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയിലാണ് സുപ്രധാന വെളിപ്പെടുത്തലെന്നും, ഇ.ഡി ഇന്നലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽപറയുന്നു.

സ്വർണക്കടത്ത് കേസിൽ പ്രധാന പ്രതികളെല്ലാം പിടിയിലായതിന് തൊട്ടുപിന്നാലെ, അറ്റാഷെ രാജ്യം വിട്ടു. നയതന്ത്രപരിരക്ഷയുള്ള ഇരുവരെയും ചോദ്യം ചെയ്യേണ്ടത് കേസിൽ അത്യാവശ്യമാണെന്ന് എൻ.ഐ.എയും കസ്റ്റംസും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഇടപെടലുകളും ആശവിനിമയവുമാണ് നിർണായകമാവുക. കോൺസലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽസാബിക്ക് സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അറ്റാഷെയ്ക്ക് 3000 യു.എസ്. ഡോളർ നൽകിയതായും സരിത്ത് വെളിപ്പെടുത്തി.

ഒരു കിലോ സ്വർണം കടത്തുമ്പോൾ കോൺസലേറ്റ് ജനറലിന് ആയിരം യു.എസ് ഡോളർ നൽകണമെന്ന് ഖാലിദ് ആവശ്യപ്പെട്ടതായി സന്ദീപ് നായരും മൊഴി നൽകി. ലൈഫ് ഭവനപദ്ധതിയിൽ പദ്ധതിച്ചെലവിന്റെ 20 ശതമാനം കമ്മിഷനായി വേണമെന്ന് ഖാലിദ് നിർബന്ധിച്ചതായി യുണിടാക് എം.ഡി. സന്തോഷ് ഈപ്പൻ, ഡയറക്ടർ വിനോദ് എന്നിവർ ഇ.ഡിക്ക് മൊഴി നൽകി. ഇതെല്ലാം യുഎഇയെ പ്രതികൂട്ടിൽ നിർത്തുന്ന പരാമർശങ്ങളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP