Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാർത്തയിൽ പേര് പരാമർശിക്കപ്പെട്ട സ്റ്റാഫ് നേഴ്‌സ് അഞ്ജു ജോസ് 4 മാസമായി പ്രസവാവധിയിലാണ്; പേരുമാറിപ്പോയെന്ന് പറയുന്ന അഞ്ജു രവീന്ദ്രൻ കഴിഞ്ഞമാസം ജോലി അവസാനിപ്പിച്ചതാണ്; 'നേതാവിനെ തിരിച്ചറിഞ്ഞില്ല, സ്റ്റാഫ് നേഴ്‌സ് ജോലി ഉപേക്ഷിച്ചു' എന്ന തലക്കെട്ടിൽ മനോരമ എഴുതിയത്  വ്യാജ വാർത്തയെന്ന് എൻജിഒ യൂണിയൻ; തർക്കുത്തരം പറഞ്ഞതിന് ജോലിപോയെന്ന് വാർത്തയെ ചൊല്ലി വൻ വിവാദം

വാർത്തയിൽ പേര് പരാമർശിക്കപ്പെട്ട സ്റ്റാഫ് നേഴ്‌സ് അഞ്ജു ജോസ് 4 മാസമായി പ്രസവാവധിയിലാണ്; പേരുമാറിപ്പോയെന്ന് പറയുന്ന അഞ്ജു രവീന്ദ്രൻ കഴിഞ്ഞമാസം ജോലി അവസാനിപ്പിച്ചതാണ്; 'നേതാവിനെ തിരിച്ചറിഞ്ഞില്ല, സ്റ്റാഫ് നേഴ്‌സ് ജോലി ഉപേക്ഷിച്ചു' എന്ന തലക്കെട്ടിൽ മനോരമ എഴുതിയത്  വ്യാജ വാർത്തയെന്ന് എൻജിഒ യൂണിയൻ; തർക്കുത്തരം പറഞ്ഞതിന് ജോലിപോയെന്ന് വാർത്തയെ ചൊല്ലി വൻ വിവാദം

കെ വി നിരഞ്ജൻ

കോഴിക്കോട്: സോഷ്യൽ മീഡിയയിലും വാട്സാപ്പിലുമായി കഴിഞ്ഞ ദിവസം വൻ വിവാദമായ ഒരു വാർത്തയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നേതാവിനെ തിരിച്ചറിയാത്തതിന്റെ പേരിൽ സ്റ്റാഫ് നേഴ്സിന്റെ ജോലിപോയെന്ന വാർത്ത. എന്നാൽ ഇത് തീർത്തും അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ അന്വേഷണത്തിൽ വാർത്തയിൽ പറയുന്ന വ്യക്തിയെ കണ്ടുകിട്ടാൻ കഴിഞ്ഞില്ലെന്നുമാണ് എൻജിഒ യൂണിയൻ നേതാക്കൾ പറയുന്നത്. മനോരമയുടെ വാർത്തയിൽ പേര് പരാമർശിക്കപ്പെട്ട സ്റ്റാഫ് നേഴ്‌സ് അഞ്ജു ജോസ് 4 മാസമായി പ്രസവാവധിയിലാണ്.

ഇത് ചൂണ്ടിക്കാട്ടിയപ്പോൾ മനോരമ കോഴിക്കോട് ബ്യൂറോ ചീഫ് പറഞ്ഞത് പേര് മാറിപ്പോയെന്നും അഞ്ജു ജോസ് അല്ല അഞ്ജു രവീന്ദ്രനാണ് പേര് എന്നും ആയിരുന്നു. എന്നാൽ അഞ്ജു രവീന്ദ്രൻ എന്ന താൽക്കാലിക നഴ്സ കഴിഞ്ഞമാസം സർവീസ് തീർന്നതിനെ തുടർന്ന് എക്സപീരയൻസ് സർട്ടിഫിക്കേറ്റ് വാങ്ങി പോയതാണ്. അതുകൊണ്ടുതന്നെ മനോരമ വാർത്ത വ്യാജമാണെന്നാണ് എൻജിഒ നേതാക്കൾ പറയുന്നത്.

തർക്കുത്തരം പറഞ്ഞതിന് ജോലിപോയെന്ന് വാർത്ത

ആളറിയാതെ യൂണിയൻ നേതാവിനോട് ഇടപെട്ടതിനെ തുടർന്ന് മെഡിക്കൽ കോളെജിലെ സ്റ്റാഫ് നഴ്സിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കോഴിക്കോട് മെഡിക്കൽ കോളെജിലെ സ്റ്റാഫ് നഴ്സ് അഞ്ജു ജോസാണ് യൂണിയൻ നേതാവിന്റെ ഭീഷണിയെ തുടർന്ന് ജോലി ഉപേക്ഷിച്ചത്. സൂപ്രണ്ട് ഓഫിസിൽ ജോലി ചെയ്യുന്ന യൂണിയൻ നേതാവ് വാർഡിൽ വന്നപ്പോൾ ആളറിയാതെ പെരുമാറിയതാണു കാരണം. വാർഡിലെത്തിയ നേതാവ് നഴ്സിനോട് 'ഹെഡ് ഉണ്ടോ'എന്നു ചോദിച്ചു. രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്നു കരുതിയ നഴ്സ് 'ഏത് ഹെഡ്'എന്നു തിരിച്ചു ചോദിച്ചു. 'ഇവിടെ ഏതൊക്കെ ഹെഡുണ്ട്' എന്നു നേതാവിന്റെ മറുചോദ്യം.

'വാർഡിൽ മൂന്ന് യൂണിറ്റിനും ഹെഡ് ഉണ്ട്. കൂടാതെ ഹെഡ് നഴ്‌സുമുണ്ട്' എന്നു നഴ്സ് മറുപടി നൽകി. തർക്കുത്തരം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു നേതാവിന്റെ പിന്നീടുള്ള ഭീഷണി.മനംമടുത്ത അഞ്ജു രാജി സമർപ്പിക്കുകയായിരുന്നു. നഴ്സുമാരുടെ കുറവ് കാരണം മെഡിക്കൽ കോളെജിന്റെ പ്രവർത്തനം തന്നെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സർജറി വാർഡിൽ ആശുപത്രി വികസന സമിതിയാണ് അഞ്ജുവടക്കമുള്ള നഴ്സുമാരെ നിയമിച്ചത്. - ഇങ്ങനെയാണ് 'നേതാവിനെ തിരിച്ചറിഞ്ഞില്ല, സ്റ്റാഫ് നേഴ്‌സ് ജോലി ഉപേക്ഷിച്ചു വാർത്ത പ്രചരിച്ചത്. ഇത് നിമിഷങ്ങൾകൊണ്ട് സൈബർ ലോകത്ത് വൈറലായി. എഴുത്തുകാരി ശാരദക്കുട്ടിയടക്കമുള്ളവർ ഇതിനെതിരെ പ്രതികരിച്ചു. ഇപ്പോൾ നവമാധ്യമങ്ങളിൽ എൻജിഒ യൂണിയന്റെ പ്രസ്താവന വന്നതിനുശേഷവും വൻ വിവാദമാണ് നടക്കുന്നത്.

വാർത്ത പച്ചക്കള്ളമെന്ന് എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ മെഡി. കോളേജ് ഏരിയ സെക്രട്ടറി എം കെ സജിത്തിന്റെ പ്രസ്താവന ഇങ്ങനെയാണ്. മലയാള മനോരമയുടെ കള്ള വാർത്ത. സുഹൃത്തുക്കളേ, 10-10-2020 ന് മലയാള മനോരമ പത്രത്തിൽ വന്ന കള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. 2020 ഫെബ്രുവരിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ മലയാള മനോരമ നൽകുന്ന 11ാമത്തെ വ്യാജ വാർത്തയാണിത്.

'നേതാവിനെ തിരിച്ചറിഞ്ഞില്ല. സ്റ്റാഫ് നേഴ്‌സ് ജോലി ഉപേക്ഷിച്ചു' എന്ന തലക്കെട്ടിലാണ് വാർത്ത കൊടുത്തത്. മനോരമ വാർത്ത വന്നയുടനെ എൻ.ജി.ഒ യൂണിയൻ ഏരിയാ പ്രസിഡന്റ് സ: സജുവിന്റെ പേര് പരാമർശിച്ച് കോൺഗ്രസ്/ ബിജെപി അനുകൂല യുട്യൂബ് ചാനലുകളും ഇതേ വാർത്ത കൊടുത്തിരുന്നു. വാർത്തയിൽ പേര് പരാമർശിക്കപ്പെട്ട സ്റ്റാഫ് നേഴ്‌സ് അഞ്ജു ജോസുമായി ഞങ്ങൾ സംസാരിച്ചു. കഴിഞ്ഞ 4 മാസമായി പ്രസവാവധിയിലാണെന്നും, ഇങ്ങിനെ ഒരു സംഭവം അറിയില്ല എന്നും അവരും, അവരുടെ ഭർത്താവും ഞങ്ങളോട് പറഞ്ഞു.ആയതിന്റെ അടിസ്ഥാനത്തിൽ മലയാള മനോരമ ബ്യൂറോ ചീഫ് ശ്രീ. ജയൻ മേനോനോട് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് മലയാള മനോരമയുടെ മെഡിക്കൽ കോളേജ് റിപ്പോർട്ടർ സലീം മൂഴിക്കൽ എന്നയാളാണ് വാർത്ത നൽകിയത് എന്നാണ്. തെറ്റായ വാർത്ത പരിശോധിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു.

അന്ന് വൈകുന്നേരം മനോരമ ബ്യൂറോ ചീഫ് പറഞ്ഞത്, വാർത്തയിൽ വന്ന പേര് മാറിയെന്നും അഞ്ജു ജോസ് അല്ല, അഞ്ജു രവീന്ദ്രൻ ആണ് എന്നും പറഞ്ഞു. ആശുപത്രി വികസന സമിതി ഓഫീസിൽ അന്വേഷിച്ചപ്പോൾ അഞ്ജു രവീന്ദ്രന് 11-02-2019 മുതൽ ഒരു വർഷക്കാലത്തേക്ക് താൽക്കാലിക നിയമനം ലഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ വീണ്ടും ദീർഘിപ്പിച്ച് നൽകുകയാണ് ഉണ്ടായത്. ടിയാരി തന്റെ കാലയളവ് അവസാനിച്ചതിനാൽ 24/09/2020ന് വിടുതൽ ചെയ്തു എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി പോവുകയായിരുന്നു ഉണ്ടായത്.വസ്തുത ഇതായിരിക്കെ 10-10-2020 ന് മനോരമയിൽ വന്ന വാർത്ത ദുരുദ്ദേശത്തോട് കൂടിയാണ്. കോൺഗ്രസ് പ്രവർത്തകനായ മനോരമ റിപ്പോർട്ടറോട് / മലയാള മനോരമ പത്ര മേധാവികളോട് ചില ചോദ്യങ്ങൾ.

1. വാർഡിൽ വെച്ച് ഇങ്ങിനെ ഒരു സംഭവം ഉണ്ടായി എന്ന് അഞ്ചു രവീന്ദ്രൻ നേഴ്സിങ് ഓഫീസർക്കോ സൂപ്രണ്ടിനോ ലേ-സെക്രെട്ടറിക്കോ മറ്റാർക്കെങ്കിലും പരാതി നൽകിയിരുന്നോ?.
ഇല്ല

2. ഈ വിഷയവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികാരികളുമായി നിങ്ങൾ സംസാരിച്ചിരുന്നോ?.*
ഇല്ല.ഇതൊന്നും ചെയ്യാതെ, പിതൃശൂന്യ പത്രപ്രവർത്തനം നടത്തുന്ന മനോരമയുടേയും സലീമുമാരുടെയും രാഷ്ടീയം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.

കേരള എൻ.ജി.ഒ യൂണിയനെ മോശപ്പെടുത്താൻ, ജീവനക്കാരുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കി കോവിഡ് പ്രവർത്തനത്തിന് തുരങ്കം വെക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കിയതാണീ വാർത്ത. പ്രതികരിക്കാൻ കഴിയാഞ്ഞിട്ടല്ല. നിങ്ങളെപ്പോലെ നെറികെട്ട മനസ്സിന് ഉടമകളല്ല ഞങ്ങൾ. കേരള എൻ.ജി.ഒ യൂണിയൻ പ്രവർത്തകരായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. വാർത്ത നൽകിയത് മനോരമ ആയതുകൊണ്ട് ഞങ്ങൾ വിശ്വാസിച്ചില്ല എന്ന് വിളിച്ചറിയിച്ച എല്ലാ സുഹൃത്തുക്കളെയും ഓർത്തുകൊണ്ട് ചുരുക്കുന്നു.

സജിത്ത് എം.കെ
സെക്രട്ടറി
എൻ.ജി.ഒ യൂണിയൻ മെഡി. കോളേജ് ഏരിയ
11-10-2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP