Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള അവകാശമായി അഭിപ്രായ സ്വാതന്ത്ര്യമായി കണുന്നവരുണ്ട്;സൈബർ ആക്രമണങ്ങളെ ആൺ പെൺ വ്യത്യാസമില്ലാതെ തടഞ്ഞേ പറ്റു; ആക്രമണം പലപ്പോഴും കൂടുതലും നേരിടുന്നത് സ്ത്രീകളാണ്; ഡബ്‌ള്യ.സി.സിയുടെ റെഫ്യൂസ് ദ അബ്യൂസ്'ക്യാമ്പയിൻ ഏറ്റെടുത്ത് മഞ്ജുവാര്യരും  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായി സൈബർ ഇടങ്ങളിൽ നടക്കുന്ന ആക്രമണങ്ങളിൽ ക്യാമ്പയിനുമായി ഡബ്യൂ.സി.സി രംഗത്തെത്തിയതിന് പിന്നാലെ പിന്തുണ പ്രഖ്യാപിച്ച് മഞ്ജു വാര്യരും. മഞ്ജു ഡബ്ല്യുസിസിയിൽനിന്നും വിട്ടുനിൽക്കുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയിലാണ് താരം വീഡിയോ ക്യാമ്പയിനിങിന്റെ ഭാഗമായി രംഗത്തെത്തിയിരിക്കുന്നത്.വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള അവകാശമായി സൈബർ ഇടത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ കണക്കാക്കുന്നവരുണ്ട്. ഈ ആക്രമണം പലപ്പോഴും കൂടുതലും നേരിടുന്നത് സ്ത്രീകളാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതുതന്നെയാണ് അവരെ വീണ്ടും വീണ്ടും അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും മഞ്ജു വാര്യർ പറഞ്ഞു.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാൽ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടം വരെ എന്നുള്ള ഒരു ചോദ്യമുണ്ട്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. അവർക്ക് വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള അവകാശമായി ഇതിനെ കണക്കാക്കുന്നവരുണ്ട്. ഈ ആക്രമണം പലപ്പോഴും കൂടുതലും നേരിടുന്നത് സ്ത്രീകളാണ് എന്നത് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതുതന്നെയാണ് അവരെ വീണ്ടും വീണ്ടും അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റൂ. നമ്മളെല്ലാവരും ആൺപെൺ വ്യത്യാസമില്ലാതെ ഇതിനെതിരെ സമൂഹമായി ഒറ്റക്കെട്ടായി നിന്നേ പറ്റൂ. ഈ കാര്യത്തിൽ നമ്മൾ പാലിക്കുന്ന നിശബ്ദതയും തെറ്റുതന്നെയാണ്. റെഫ്യൂസ് ദ അബ്യൂസ്', മഞ്ജു വീഡിയോയിൽ പറഞ്ഞു.

സൈബറിടങ്ങളിൽ ശക്തമായി ഒരു നിയമം വേണമെന്ന് മുൻപും ഡബ്ല്യൂസിസി ആവശ്യപ്പെട്ടിരുന്നു. ദുർബലമായ സൈബർ നിയമങ്ങൾക്കൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനുമായി സൈബർ വിദഗ്ദരുമായി ഡബ്ലുസിസി നിരവധി ചർച്ചകൾ നടത്തിവരികയായിരുന്നു. ഇതിനൊടുവിലാണ് റെഫ്യൂസ് ദ അബ്യൂസ് കാംപെയ്ൻ ഡബ്ല്യൂസിസി ആരംഭിച്ചിരിക്കുന്നത്.സെപ്റ്റംബർ 27 മുതൽ ആരംഭിച്ച ചർച്ചകൾക്കൊടുവിൽ ഒക്ടോബർ അഞ്ചിനാണ് കാംപെയ്ൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാംപെയ്‌നു ഐക്യദാർഢ്യം അറിയിച്ച് താരങ്ങളായ അന്ന ബെന്നും സാനിയ ഇയ്യപ്പനും നിമിഷ സജയനും രഞ്ജിനി ഹരിദാസും രംഗത്തെത്തിയിരുന്നു.

എന്തുകൊണ്ടാണ് സൈബർ ഇടങ്ങളിൽ ഒരു നിയമം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ ഡബ്ല്യൂസിസി വ്യക്തമാക്കിയിരുന്നു.ദുർബലമായ സൈബർ നിയമങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെത്. ഇവിടെ സ്ത്രീകൾക്ക് പൊതു ഇടത്ത് എന്ന പോലെ സൈബർ ഇടത്തിലും ലിംഗനീതി എന്നത് അസാധ്യമാണ്. വുമൺ ഇൻ സിനിമാ കലക്ടീവിലെ അംഗങ്ങൾ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടപ്പോൾ ഞങ്ങളത് അനുഭവിച്ചിട്ടുള്ളതുമാണ്. ഒന്നും സംഭവിച്ചിട്ടേയില്ല. ഒരു നീതിയും നടപ്പാക്കപ്പെട്ടില്ല. സൈബർ കയ്യേറ്റക്കാർ തന്നെ ജയിക്കുന്ന ലോകമാണിത്.

ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും സാമൂഹ്യ ജീവിതത്തിൽ അസാധ്യമായിരിക്കുന്നത് തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളിലെല്ലാം നിലകൊള്ളുന്നത് പുരുഷാധികാരവും അതിന്റെ പ്രത്യയശാസ്ത്രങ്ങളുമാണ് എന്നതിനാലാണ്. ഇതിനൊരു തിരുത്തുണ്ടാകാനും നയരൂപീകരണത്തിനും സൈബർ വിദഗ്ദരുമായി ഡബ്ലു.സി.സി. നിരവധി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്.തൊഴിലിടത്തിലെ ഐ.സി.സി. പോലെ പ്രധാനമാണ് പൊതു ഇടത്തെ സൈബർ നയവും. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം അതുകൊണ്ട് തന്നെ വ്യക്തിപരമായി കാണാനാകില്ല. അത് എല്ലാ സ്ത്രീകൾക്കും എതിരായതുകൊണ്ട് തന്നെ ഞങ്ങൾക്കെതിരെയുമാണ്.

ബലാത്സംഗങ്ങൾക്ക് പ്രത്യയശാസ്ത്ര ന്യായീകരണം ചമയ്ക്കുന്ന സാമൂഹിക മാധ്യമങളിലെ യു-ട്യൂബ് സാഹിത്യം ആണധികാരത്തിന്റെ സാഹിത്യമാണ്. അതിനെതിരായ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാ സ്ത്രീകൾക്കൊപ്പം ഡബ്ലു.സി.സി.യും പങ്കാളികളാകുന്നു. ഇവിടെ കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല. നീതിരഹിത്യമാണ്.അതു കൊണ്ട് തന്നെ യു ട്യൂബിൽ അശ്ലീല വീഡിയോ നിർമ്മിച്ച വ്യക്തിക്കെതിരെ ജാമ്യം കിട്ടാവുന്ന ദുർബലമായ വകുപ്പുകൾ ചുമത്തുമ്പോൾ അതിനെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ല.ഇക്കാര്യത്തിൽ വനിതാ കമ്മീഷനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും കൈക്കൊണ്ട നിലപാട് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. കുറ്റവാളികൾക്കെതിരെയാണ് ശക്തമായ നിയമ നടപടി ഉണ്ടാകേണ്ടത് . അല്ലാതെ കുറ്റത്തെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെയല്ല ഡബ്ല്യൂസിസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP