Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശ്ശൂരിൽ ഒമ്പത് ദിവസത്തിനിടയിൽ ഏഴാമത്തെ കൊലപാതകം; ഒറ്റപ്പാലം സ്വദേശി റഫീഖിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് അജ്ഞാതരായ അക്രമി സംഘം; സുഹൃത്ത് ഫാസിലിനും ​ഗുരുതര പരിക്ക്; കൊലക്ക് പിന്നിൽ കഞ്ചാവു വിൽപ്പനയിലെ പണവുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്; കൊല്ലപ്പെട്ട റഫീഖ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയെന്നും വിശദീകരണം

തൃശ്ശൂരിൽ ഒമ്പത് ദിവസത്തിനിടയിൽ ഏഴാമത്തെ കൊലപാതകം; ഒറ്റപ്പാലം സ്വദേശി റഫീഖിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് അജ്ഞാതരായ അക്രമി സംഘം; സുഹൃത്ത് ഫാസിലിനും ​ഗുരുതര പരിക്ക്; കൊലക്ക് പിന്നിൽ കഞ്ചാവു വിൽപ്പനയിലെ പണവുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്; കൊല്ലപ്പെട്ട റഫീഖ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. വാടക വീട്ടിലാണ് ഇരുവരും കഴിയുന്നത്. കഞ്ചാവ് കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. ഒരു ചിക്കൻ സെന്ററിലെ ജോലിക്കാരായിരുന്നു ഇരുവരും. കഞ്ചാവു വിൽപ്പനയിലെ പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒറ്റപ്പാലം സ്വദേശിയായ റഫീഖ് നാല് മാസമായി തീണ്ടാപ്പറയിലാണ് താമസിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അജ്ഞാതരായ ചിലർ വീട്ടിലേക്ക് കയറിവന്ന് ഇരുവരേയും വെട്ടിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ച് തന്നെ റഫീഖ് മരിച്ചു. ആശുപത്രിയിലെത്തിച്ച ഫാസിലിന്റെ നില ഗുരുതരമാണ്. കൊല്ലപ്പെട്ട റഫീഖ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കൊലയ്‌ക്ക് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

റഫീഖിന്റെ മരണം ഉൾപ്പെടെ ജില്ലയിൽ ഒമ്പത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്.

ഒക്ടോബർ നാല്- ഡോ. സോന കുത്തേറ്റ് മരിച്ചു

കുരിയച്ചിറയിൽ സുഹൃത്തിന്റെ കുത്തേറ്റാണ് വനിതാ ഡോക്ടറായ കൂത്താട്ടുകുളം സ്വദേശിനി സോന മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 28-നാണ് ഡോക്ടർക്ക് കുത്തേറ്റത്. മഹേഷ് എന്നയാൾ കൊലപാതകത്തിന്റെ പിറ്റേന്നുതന്നെ അറസ്റ്റിലായി. സോനയുടെ സുഹൃത്താണ് മഹേഷ് എന്നാണ് പൊലീസ് നൽകിയ വിവരം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണം.

ഒക്ടോബർ നാല്- സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വെട്ടിക്കൊന്നു

സിപിഎം. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ ഞായറാഴ്ച രാത്രിയാണു കുന്നംകുളത്ത് വെട്ടിക്കൊന്നത്. രാഷ്ട്രീയ കൊലപാതകമെന്നു സിപിഎം. ആരോപിക്കുന്ന കേസിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ രാഷ്ട്രീയം ഇല്ലെന്നാണ് പൊലീസ് റിപ്പോർട്ട്.

ഒക്ടോബർ ആറ്- രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തി

വാടകവീട്ടിൽ സുഹൃത്തിനൊപ്പം താമസിച്ച രാജേഷിനെ (48) മരിച്ചനിലയിൽ കാണുകയായിരുന്നു. എട്ടാം തീയതിയാണ് സുഹൃത്ത് അരുൺ അറസ്റ്റിലായത്. ഭക്ഷണം പാചകം ചെയ്തതിലെ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഒക്ടോബർ ഏഴ്- പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

പോക്സോ കേസിൽ പരോളിലിറങ്ങിയ എളനാട് തിരുമണി സതീഷിനെ വെട്ടേറ്റു മരിച്ചനിലയിൽ അയൽവാസിയുടെ വീടിനു മുന്നിൽ കാണുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കാരണം. സുഹൃത്തായ ശ്രീജിത്തിനെ അന്നുതന്നെ പൊലീസ് അറസ്റ്റു ചെയ്തു.

ഒക്ടോബർ ഒമ്പത്- നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റു

സെപ്റ്റംബർ 29-ന് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കുത്തേറ്റത്. വളർത്തുനായയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. ചികിത്സയിലിരിക്കെ ഒമ്പതിന് രാത്രിയാണ് മരിച്ചത്. ബന്ധുവടക്കം അഞ്ചുപേർ അറസ്റ്റിലായി.

ഒക്ടോബർ 10- കാറിടിപ്പിച്ച് വെട്ടിക്കൊന്നു

കാറിൽ വന്നപ്പോൾ എതിരേ വന്ന ഗുണ്ടാസംഘം കാറിടിച്ച് വീഴ്‌ത്തി വെട്ടിക്കൊല്ലുകയായിരുന്നു. വധശമക്കേസിലെ പ്രതിയാണ് നിധിൽ. ഈ കേസിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം തുടരുകയുമാണ്. ഇതിനിടെയാണ് ജില്ലയെ നടുക്കി മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്.

ഒക്ടോബർ 12- റഫീഖിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

അന്തിക്കാട് യുവമോർച്ച പ്രവർത്തകൻ നിധിൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സിപിഎം കണ്ണൂർ ലോബിയെന്ന ആരോപണവുമായി ബിജെപി രം​ഗത്തെത്തിയിരുന്നു. നിധിൽ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് അദ്ദേഹം പുറത്തുവിട്ടു.

''മൂന്ന് ദിവസം തൃശ്ശൂരിലെ സന്തോഷ വാർത്ത നിങ്ങളുടെ കാതുകളിൽ എത്തും' എന്നാണ് ഈ മാസം ആറിന് സിപിഎം കൊലക്കേസ് പ്രതി ജിജോ തില്ലങ്കേരി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് കെ സുരേന്ദ്രൻ ചെയ്തത്. അന്തിക്കാട്ടെ നിധിലിന്റെ കൊലപാതകവുമായി കണ്ണൂർ സംഘത്തിനു ബന്ധമുണ്ടെന്നതിന്രെ തെളിവായി ഈ ഫേസ്‌ബുക്ക് പോസ്റ്റാണ് ബിജെപി പുറത്തുവിട്ടത്.

മാത്രമല്ല നിധിലിന്റെ കൊലപാതകത്തെ കുറിച്ച് ദിവസങ്ങള്ഡക്ക് മുമ്പ് അന്തിക്കാട് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. നിധിലിനെ വധിക്കാൻ എത്തിയവരുടെ വീടുകളിൽ ദിവസങ്ങൾക്ക് മുമ്പ് പൊലീസ് റെയ്ഡ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വധഭീഷണിയുള്ള വിവരം നിധിലിനെ പൊലീസ് അറിയിച്ചില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കണ്ണൂർ ബന്ധം കൂടി അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

'ഉന്നത ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. കൊലപാതകികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കൊലപാതകത്തിന് പിന്നിലെ സർക്കാരിന്റെയും മന്ത്രിമാരുടെയും പങ്കാളിത്തം അന്വേഷിക്കണം. പ്രത്യേകിച്ച് മന്ത്രി എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് അദ്ദേഹം തൃശൂർ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കാലം ഉണ്ടാക്കിയത്'- സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അന്തിക്കാട് ആദർശ് വധക്കേസിലെ എട്ടാം പ്രതി മുറ്റിച്ചൂർ സ്വദേശി നിധിനെ(28) രാവിലെ 11 മണിയോടെയാണ് ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. നിധിൻ സഞ്ചരിച്ച കാറിൽ അക്രമിസംഘം ആദ്യം മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് നിധിനെ കാറിൽനിന്ന് വിളിച്ചിറക്കിയ ശേഷം റോഡിലിട്ട് വെട്ടി വീഴ്‌ത്തി. ഇതിനുശേഷം അക്രമികൾ മറ്റൊരു കാറിൽ രക്ഷപ്പെട്ടു. നിധിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP