Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഒരിക്കലും ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ല; കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ല; ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിവാദത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം

ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഒരിക്കലും ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ല; കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ല; ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിവാദത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം

മറുനാടൻ ഡെസ്‌ക്‌

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനാവില്ലെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. അനാവശ്യമായ വിചാരവികാര പ്രകടനങ്ങളും വിലകുറഞ്ഞ അഭിപ്രായങ്ങളും വിഷംനിറഞ്ഞ വർഗീയ പ്രചാരണവും ശ്രീനാരായണ ഗുരുവിന്റെ നാമത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉയർത്തുന്നത് ജനങ്ങൾ തള്ളിക്കളയണമെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.

ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നിലുള്ളത്. അതിനെ നയിക്കാൻ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതിൽ ബിജെപിയോ സംഘപരിവാർ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവോ വിമർശിച്ചാൽ ആരും ആ അർത്ഥത്തിലേ കാണൂ. എന്നാൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് കേരളീയർക്കാകെ അപമാനമാണെന്നും മുഖപ്രസംഗം പറയുന്നു.

ജാതിയോ മതമോ നോക്കാതെയാണ് സർക്കാർ വിസിയെ നിയമിച്ചത്. ഇത് കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേൽപ്പിച്ചുവെന്ന വെള്ളാപ്പള്ളിയുടെ ആരോപണം കേരളത്തെ വീണ്ടും എങ്ങോട്ടടുപ്പിക്കാനുള്ള ലക്ഷ്യംവച്ചാണെന്ന് മനസിലാക്കൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. വർഗീയ നിലപാടുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവും കൊല്ലത്തെ പാർലമെന്റംഗവുമെല്ലാം രംഗത്തുവന്നത് രാഷ്ട്രീയവും ജാതിബോധവും ഉള്ളിൽവച്ചാണ് എന്നും മുഖപ്രസം​ഗത്തിൽ ജനയു​ഗം ആരോപിക്കുന്നു.

ജനയു​ഗം മുഖപ്രസം​ഗത്തിന്റെ പൂർണരൂപം ഇങ്ങനെ..

ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര്

എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നും അനുശാസിക്കുകയും തന്റെ മതദർശനത്തെ ‘ഏകമതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിന് ഇന്നും എന്നും നവോത്ഥാന കേരളത്തിലുള്ള സ്ഥാനം ഒരു തർക്കത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ളതല്ല. കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ല.

ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തുപകർന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്തെന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ്സ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണ്. ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പൺ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നിൽ. അതിനെ നയിക്കാൻ മുസ്‌ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതിൽ, രാജ്യത്ത് വർഗീയ വിഷംപകർന്നാടുന്ന ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാർ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമർശിക്കുന്നതിനെ ആരും ആ അർത്ഥത്തിലേ കാണൂ. എന്നാൽ ഗുരുദേവൻ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ജനറൽ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികൾക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല.

ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഒരിക്കലും ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം പോലുള്ള ഗുരുവിന്റെ ജാതിസങ്കല്പം വ്യക്തമാക്കുന്ന കൃതികളെ പുതിയതലമുറയ്ക്ക് മുന്നിൽ വെറും കടലാസുകെട്ടായി ചിത്രീകരിക്കാനാണ് എസ്­എൻഡിപി ജനറൽ സെ­ക്ര­ട്ടറി ഈ­വി­ധം ശ്ര­മിച്ചുകൊണ്ടിരിക്കുന്നത്. ന­വോത്ഥാന കേരളത്തിനും മലയാളികൾക്കാകെയും ഇതിന് ഐ­ക്യംനേരാനാവില്ല. ഗുരുദേവന്റെ പേരിലുള്ള സർവകലാശാലയുടെ വൈസ്ചാൻസലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാൻ ഉ­ന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വാശികാണിച്ചെന്നാണ് ഗുരുദേവ ദർശനം പോലും മറന്ന് വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്. ഇതേ വർഗീയ നിലപാടുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതി­പക്ഷനേതാവും കൊല്ലത്തെ പാർലമെന്റംഗവുമെല്ലാം രംഗത്തുവന്നത് തീർത്തും രാഷ്ട്രീയവും ജാതിബോധവും ഉള്ളിൽവച്ചുതന്നെയാണ്. ജാതിയോ മതമോ നോക്കാതെ വിസിയെ നിയമിച്ച സർക്കാർ നടപടി, കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേൽപ്പിച്ചുവെന്ന വെള്ളാപ്പള്ളിയുടെ അതേ വർഗീയ മനസ്സോടെ ഇങ്ങനെ ആവർത്തിക്കപ്പെടുന്നത് കേരളത്തെ വീണ്ടും എങ്ങോട്ടടുപ്പിക്കാനുള്ള ലക്ഷ്യംവച്ചാണെന്ന് മനസിലാക്കുവാനും പാഴൂർ പടിപ്പുര വരെ പോകേണ്ടതുമില്ല. ഗുരുവിന് വേണ്ടി ഉചിതമായ സ്മാരകങ്ങളുണ്ടാവുകയെന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണ്.

കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കായ ശ്രീനാരായണഗുരു, അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവാണെന്നത് വിസ്മരിക്കാനാവുന്നതല്ല. കേരളത്തിൽ ഒരു ഓപ്പൺ സർവകലാശാല എന്ന ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിന് ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകൾ ഒരു കരുത്തുമാണ്. സ്വാഭാവികമായും അത്തരമൊരു സംരംഭത്തിന് ഗുരുസ്മരണയുടെ വലയമല്ലാതെ മറ്റൊന്നിനും ശക്തിപകരാനാവില്ലെന്ന് തീർത്തുപറയാം. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ഓപ്പൺ സർവകലാശാല നിലവിൽ വന്നു. കേരളത്തിൽ നിലകൊള്ളുന്ന നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചിരിക്കുന്നത്. ഏത് പ്രായത്തിലുള്ളവർക്കും ഇവിടെ പഠിക്കാനും കോഴ്സ് പൂർത്തിയാക്കാതെ ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുമെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ദേശീയ അന്തർദേശീയ രംഗത്തെ പ്രഗത്ഭരായ അദ്ധ്യാപകരടക്കം ഓൺലൈൻ വഴി ക്ലാസുകൾ കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകത ഈഘട്ടത്തിൽ ശ്രദ്ധേയമാണ്. ഇവരാരും ഒരുപക്ഷെ ശ്രീനാരായണ ദർശനങ്ങളിൽ പാണ്ഡിത്യമുള്ളവരായിരിക്കണമെന്നില്ല. ഇവരുടെ സാന്നിധ്യവും സഹകരണവും ഉദ്ദേശിക്കുന്നത് പരമ്പരാഗത കോഴ്സുകൾക്ക് പുറമേ നൈപുണ്യ വികസന കോഴ്സുകളും അതിന്റെ സാധ്യതകളും വിദ്യാഭ്യാസം ഉന്നംവച്ചെത്തുന്നവരുടെ ഉയർച്ചക്കുവേണ്ടിയാണ്. അനാവശ്യമായ വിചാരവികാര പ്രകടനങ്ങളും വിലകുറഞ്ഞ അഭിപ്രായങ്ങളും വിഷംനിറഞ്ഞ വർഗീയ പ്രചാരണവും ശ്രീനാരായണ ഗുരുവിന്റെ നാമത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉയർത്തുന്നത് ജനങ്ങൾ തള്ളിക്കളയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP