Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹെൽമറ്റ് വേട്ടക്കെതിരേയുള്ള മാണി സി. കാപ്പൻ എംഎൽഎയുടെ പ്രഖ്യാപനം സ്വാഗതം ചെയ്തു

സ്വന്തം ലേഖകൻ

ഹെൽമറ്റ് വേട്ടയുടെ പേരിൽ ജനങ്ങളുടെ മേലുള്ള പൊലീസ്, എംവിഡി കുതിര കയറ്റം അനുവദിക്കില്ലെന്ന മാണി സി. കാപ്പൻ എംഎൽഎയുടെ പ്രഖ്യാപനം വീലേഴ്സ് കേരള സ്വാഗതം ചെയ്തു. ഇതുസംബന്ധിച്ചു ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു നല്കിയിട്ടുമുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ജനപക്ഷത്തു നിന്നു ഒരു എംഎൽഎ ഹെൽമറ്റ് വേട്ടയ്ക്കെതിരേ ശക്തമായ നിലപാടുമായി രംഗത്തുവരുന്നത്.

മറ്റാർക്കും മാനസികമായോ ശാരീരികമായോ ക്ഷതമുണ്ടാക്കാത്ത കാര്യത്തിനാണ് കേരളത്തിലുടനീളം അസംഘടിതതരായ ഇരുചക്രവാഹനയാത്രികരുടെ മേലുള്ള അതിക്രമങ്ങളും വഴിയിൽ നിന്നുള്ള പിഴപ്പണം ഈടാക്കലും. ഹെൽമറ്റ് ധരിക്കാത്തതിനു നൂറു രൂപ പിഴയായിരുന്നത് സർക്കാർ ഖജനാവിലേക്കു വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ആയിരം രൂപയായി കുത്തനെ ഉയർത്തിയിരുന്നു.

ഹെൽമറ്റ് ധരിക്കുന്നത് ഒരു തരത്തിലും അപകടങ്ങൾ ഇല്ലാതാക്കുന്നില്ല എന്നു മാത്രമല്ല, ഹെൽമറ്റ് ധരിക്കുന്നത് മറ്റു പല ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകുന്നുമുണ്ട്. ഹെൽമറ്റ് ധരിക്കുന്നതിന്റെ ഗുണം ഉണ്ടാകണമെങ്കിൽ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും കാൽനടക്കാരും കൂടെ ഹെൽമറ്റ് ധരിക്കേണ്ടിയിരിക്കുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതും തൊട്ടാൽ പൊട്ടുന്നതുമായ വ്യാജ ഹെൽമറ്റുകൾ പിടിച്ചെടുത്തു ജനമധ്യേയിട്ടു നശിപ്പിക്കണമെന്നു കഴിഞ്ഞ നാലു പതിറ്റാണ്ടായി ആവശ്യപ്പെട്ടിട്ടും അതു കേൾക്കാത്ത ഭരണാധികാരികളൂടെ ജനങ്ങളോടുള്ള ആത്മാർഥത മനസിലാക്കാവുന്നതേയുള്ളു. സംസ്ഥാനവും കേന്ദ്രവും ഇതിനിടെ വിവിധ രാഷ്ട്രീയപാർട്ടികളാണ് ഭരിച്ചത്.

അതിനിടെ ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ അനേകം പേരെ പൊലീസ് റോഡിൽ അവഹേളിക്കുകയും തെറിവിളിക്കുകയും മർദ്ദിക്കുകയും വാഹനമിടിച്ചു കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി കാലാകാലങ്ങളിൽ പുറപ്പടുവിക്കാറുള്ള ഒരു മാർഗനിർദേശവും പാലിക്കപ്പെടാറുമില്ല. ഹെൽമറ്റ് വേട്ട കണ്ടാൽ ഇനി ഈ ഗുരുതര ക്രിമിനൽ കുറ്റം കൂടി മാത്രമേ നാട്ടിൽ അവസാനിപ്പിക്കേണ്ടതുള്ളു എന്നു തോന്നും. ഹെൽമറ്റ് വേട്ടയുടെ മറവിൽ വൻ കൈക്കൂലിയും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായും ആവർത്തിക്കുന്ന ആരോപണങ്ങളുണ്ട്.

പാലാ നിയമസഭാ മണ്ഡലത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാനാർത്ഥിയായി നിന്നപ്പോൾ തന്നെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ നിയമങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നു മാണി സി. കാപ്പനോട്്അഭ്യർത്ഥിച്ചിരുന്നു. 2019 സെപ്റ്റംബർ 10-നായിരുന്നു അത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്ത ഒക്ടോബർ 10-ന് സ്ഥാനമേറ്റെടുത്തു. എംഎൽഎയായി ഒരു വർഷം പൂർത്തിയായ ദിവസമാണ് ഹെൽമറ്റ് വേട്ടയ്ക്കെതിരേ ആഞ്ഞടിച്ച് രംഗത്തു വന്നിട്ടുള്ളത്. ഹെൽമറ്റ് വേട്ടയുടെ ഭാഗമായി അടുത്തകാലത്ത് വർധിച്ചു വരുന്ന പൊലീസ് കൈയേറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കൂടി കണക്കിലെടുത്താണ് ജനപക്ഷത്തു നിന്നു എംഎൽഎ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സ്വന്തം പാർട്ടിക്കാരനായും ഭരണകക്ഷിയുമായ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്റെ ശ്രദ്ധയിലും വിഷയം അവതരിപ്പിച്ചിട്ടുണ്ട്.

ഇതേസമയം, ഹെൽമറ്റ് വേട്ട നിയമം റദ്ദാക്കണമെന്ന ആവശ്യം പിന്തുണയ്ക്കുന്നവർക്കു മാത്രം ഇനി വോട്ട് എന്ന് വീലേഴ്സ് കേരള 2020 ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആവശ്യം പതിറ്റാണ്ടുകളായി എംപിമാരോട് ആവശ്യപ്പെടുന്നു. അവരാരും കേട്ടഭാവം പോലും കാണിച്ചിട്ടില്ല. സംസ്ഥാനത്തെ വേട്ട നിർത്താൻ രംഗത്തിറങ്ങണമെന്നു എംഎൽഎമാരോടും ആവശ്യപ്പെട്ടു. അവർക്കിതൊന്നും ഒരു പ്രശ്നമായിട്ടേ തോന്നിയിട്ടില്ല. അപ്പോഴാണ് കീഴ്‌ത്തട്ടിൽ നിന്നു തുടങ്ങാനുള്ള തീരുമാനമെടുത്തത്. തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു വരുന്ന തെരഞ്ഞെടുപ്പിൽ ഹെൽമറ്റ് വേട്ടയ്ക്ക് എതിരേ നിലകൊള്ളുന്ന സ്ഥാനാർത്ഥികൾക്കു മാത്രമായിരിക്കും വോട്ട്. അവരവരുടെ വാർഡുകളിൽ സമൂഹത്തിനു മൊത്തമായി ദ്രോഹം ചെയ്യുന്ന ഹെൽമറ്റ് വേട്ട അനുവദിക്കില്ലെന്നു അവർ പ്രഖ്യാപിക്കണം. ഇനി വോട്ട് അഭ്യർത്ഥിച്ച് എത്തുന്ന എ്ല്ലാ സ്ഥാനാർത്ഥികളോടും ഹെൽമറ്റ് വേട്ട നിയമത്തെക്കുറിച്ചുള്ള നിലപാട് ആരായും.

പാലാ എംഎൽഎ മാണി സി. കാപ്പന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ:

വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാഹന പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ പൊതുജനത്തെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചു പരാതികളും ലഭിച്ചിട്ടുണ്ട്.

നിസ്സാര കാരണങ്ങളുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയില്ല. പരിശോധനാ സമയത്ത് പൊതുജനത്തോടു മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. ലഭിച്ചിരിക്കുന്ന അധികാരം ജനങ്ങളെ ദ്രോഹിക്കാനല്ല. ചിലയിടങ്ങളിൽ വിരോധ മനോഭാവത്തോടെ ആളുകളോട് പെരുമാറുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് അനുവദിക്കുകയില്ല.

ഉദ്യോഗസ്ഥർക്കെതിരെ ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടെങ്കിൽ സംരക്ഷിക്കുകയില്ല.
മേലുദ്യോഗസ്ഥർ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം. പരിശോധന പീഡനമാകാൻ പാടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP