Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രത്യാശയുടെ പൊൻകിരണമുയർത്തി ഒരു നൃത്തോപഹാരം

പ്രത്യാശയുടെ പൊൻകിരണമുയർത്തി ഒരു നൃത്തോപഹാരം

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്: പ്രകൃതിദുരന്തങ്ങൾ നിസാരനായ മനുഷ്യന്റെ നിസ്സഹായതയുടെ ഓർമ്മപ്പെടുത്തലുകളാണ്, എന്നാൽ അതിജീവനത്തിനായുള്ള അവന്റെ ആന്തരിക അഭിവാഞ്ജ അവനെ വീണ്ടും കൈപിടിച്ചുയർത്തി കർമ്മോൽസുകരാക്കാറുണ്ട്. അതാണ് പ്രപഞ്ച നീതി.

കേരളം തുടർച്ചയായി പിന്നിട്ട രണ്ടു പ്രളയങ്ങളിലും രൂപപ്പെട്ട സംഘടിത പ്രതിരോധങ്ങളും കൂട്ടായ്മകളും പ്രപഞ്ചനീതിയോടൊപ്പം സഹാനുഭുതിയുടെയും സഹജീവിസൗഹാർദ്ദത്തിന്റെയും മഹനീയ മാതൃകകളുമായിരുന്നു.

പ്രളയത്തിന്റെ ദുരിതത്തിൽപെട്ടു സർവ്വതും നഷ്ട്ടപ്പെട്ട നിരാലംബയായ ഒരു നർത്തകിയുടെ പ്രത്യാശയെയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെയും ഹൃദയസ്പർശിയായി ആവിഷ്‌കരിക്കുന്ന ഒരു നൂതന നൃത്ത രൂപവുമായി അമേരിക്കയിൽ നിന്നുമൊരു കലാകാരി, തിരുവല്ല കുന്നന്താനം സ്വദേശിനിയായ ഡിട്രോയിറ്റിലെ ദേവിക രാജേഷ്.

ആകർഷകമായ അംഗചലനങ്ങളിലൂടെയും ഭാവാവിഷ്‌കാരത്തിലൂടെയും ഇന്ദ്രിയങ്ങളിൽ അനുഭൂതിയുടെ ദേവസ്പർശം ചൊരിയുന്ന ഈ മോഹിനിയാട്ട നടനവിസ്മയത്തിനു ഗാനം രചിച്ചിരിക്കുന്നത് ബിനു പണിക്കരും വരികൾ ആലപിച്ചിരിക്കുന്നത് ബിനി പണിക്കരുമാണ്. ആധുനിക സാങ്കേതിക മികവുകളോടെ ഈ ദൃശ്യ വിരുന്നിനെ വ്യത്യസ്തമാക്കുന്നത് രവിശങ്കറിന്റെ സംവിധാനമാണ്.

സഹജീവികളുടെ ദുരിതങ്ങളിൽ ആർദ്രമാകുന്ന മനുഷ്യ മനസ്സിന്റെ നൊമ്പരങ്ങളും, വരദാനമായി കിട്ടിയ കലാവാസന നഷ്ടപ്പെടുമോ എന്ന ആകുലതയാൽ അത് തിരിച്ചു പിടിക്കാനുള്ള ഒരു കലാകാരിയുടെ ആത്മസമർപ്പണവും സമന്വയിക്കുന്ന ഈ നൃത്താവിഷ്‌കാരത്തിന്റെ സങ്കല്പം അമേരിക്കയിലെ അറിയപ്പെടുന്ന വാദ്യകലാകാരൻ രാജേഷ് നായരുടേതാണ്.

ശ്രീവത്സൻ മേനോന്റെ ഓർക്കസ്ട്രേഷനിലൂടെയും ഇടപ്പള്ളി അജിത്കുമാറിന്റെ ഗന്ധർവ്വ സംഗീതത്തിലൂടെയും രംഗവേദിയിലെത്തിയ നടനരൂപം ദൃശ്യ മാധ്യമത്തിന്റെ വർണ്ണലോകത്തിനായി ചിട്ടപ്പെടുത്തിയത് അജ്മൽ സാബു, ഫിറോസ് നെടിയത് എന്നി സാങ്കേതിക വിദഗ്ധരും കൊറിയോഗ്രാഫി നിർവഹിച്ചത് പ്രശസ്ത നർത്തകി ആശാ സുബ്രമണ്യനുമാണ്. തികച്ചും വേറിട്ട മികവോടെ ദൃശ്യവിരുന്നാകുന്ന ഈ നൃത്തോപഹാരം കലാ കേരളം ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്നതിനു സംശയമില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP