Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ സ്‌കൂളിനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണം

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്റൈനു എതിരെ സ്‌കൂളിന്റെ വിശ്വാസ്യതയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ വ്യാപകമായി വ്യാജ ആരോപണം പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപെട്ടതായി സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജനും, സെക്രട്ടറി സജി ആന്റണിയും സ്‌കൂളിനെ പിന്തുണക്കുന്ന പ്രോഗ്രസിവ് പാരന്റ്‌സ് അലയൻസ് (പി.പി. എ)ന്റെ രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലീമും കൺവീനർ വിപിൻ കുമാറും പ്രസ്താവനയിൽ പറഞ്ഞു.

ഒരു രക്ഷിതാവ് കഴിഞ്ഞ വർഷം ഫീസ് അടക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്‌തെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ അത്തരമൊരു സംഭവം നടന്നതായി അറിവില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ പ്രശ്നത്തിൽ ആത്മഹത്യയോ മറ്റോ ചെയ്താൽ അതെല്ലാം സ്‌കൂളിന്റെ തലയിൽ കെട്ടിവക്കുന്നത് നികൃഷ്ടവും നിന്ദ്യവുമാണ്. പ്രോഗ്രസിവ് പാരന്റ്‌സ് അലയൻസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്ന ശേഷം അർഹതപ്പെട്ട നൂറുകണക്കിനു വിദ്യാർത്ഥികൾക്കാണ് ഫീസിളവു നൽകിവരുന്നത്. 2018- 19, 2019-20 എന്നീ അധ്യയന വർഷങ്ങളിൽ മാത്രം ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് സ്‌കൂൾ ഫീസിളവു നൽകിയത്. അതോടൊപ്പം പല കാരണങ്ങളാൽ കുടുംബനാഥൻ മരണമടയുകയോ, അസുഖ ബാധിതനാകുകയോ ചെയ്തു നിരാലംബരായ വിദ്യാർത്ഥികളെ അവരുടെ ജീവിത സാഹചര്യം പരിശോധിച്ച ശേഷം സൗജന്യമായി പഠിപ്പിക്കുന്നതിനും അവരുടെ തുടർപഠനം ഉറപ്പുവരുത്തുന്നതിനും സ്‌കൂളിലെ നല്ലവരായ അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും അഭ്യുദയകാംഷികളുടെയും പിന്തുണയോടെ ആവശ്യമായ സഹായം ചെയ്തിട്ടുമുണ്ട്. ഇതെല്ലാം തന്നെ സമൂഹ മധ്യത്തിൽ ഫോട്ടോ എടുത്തു പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഭരണ സമിതിക്കോ അതിനു നേതൃത്വം നൽകുന്ന പി.പി.എക്കോ താൽപ്പര്യമില്ല . ദീനാനുകമ്പാ പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നതിന്റെ ഭാഗമാണെന്നു ചിന്തിക്കുന്നവരാണ് പി.പി.എ നേതൃത്വവും സ്‌കൂൾ ഭരണസമിതിയുമെന്നു അവർ പറഞ്ഞു.

സ്‌കൂൾ ഫീസ് അടക്കണം എന്നാവശ്യപ്പെട്ടു പലപ്പോഴും സർക്കുലർ അയക്കാറുണ്ട്. പന്ത്രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ ഫീസടക്കാത്ത വിദ്യാർത്ഥികൾക്കെതിരെ മറ്റ് സ്‌കൂളുകൾ സ്വീകരിക്കുന്നതു പോലെ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വലിയ ഫീസ് കുടിശിക വരുത്തിയതിനാൽ നിരന്തരം സ്‌കൂളിൽ നിന്നും സർക്കുലർ അയച്ചിട്ടും തുടർ നടപടികൾക്കായി സ്‌ക്കൂൾ അധികൃതരെ യോ അദ്ധ്യാപകരെയോ സമീപിക്കാത്ത രക്ഷാകർത്താക്കളുടെ കുട്ടികളെ മാത്രമാണ് താൽക്കാലികമായെങ്കിലും ഓൺലൈൻ ക്ലാസിൽ നിന്നും മാറ്റിനിർത്തിയത്. അവരിൽ പലരും സി.ബി.എസ്.ഇയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും രജിസ്‌ട്രേഷനു ആവശ്യമായ രേഖകൾ പോലും സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂൾ മാനേജ്മെന്റും അക്കാദമിക്ക് ടീമും ആലോചിച്ച് അവരെ മാറ്റിനിർത്തിയത്. അതും കുറച്ചെങ്കിലും ഫീസടക്കുകയോ , തങ്ങളുടെ പ്രശ്‌നങ്ങൾ അറിയിക്കുകയോ ചെയ്യുന്ന മുറക്ക് ക്ളാസ് തുറന്ന് കൊടുക്കുകയും ചെയ്തുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില എട്ടുകാലി മമ്മൂഞ്ഞുമാർ ഗീബൽസിനെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഇന്ത്യൻ സ്‌കൂൾ മാനേജ്മെന്റ് ഫീസ് കുടിശികയുള്ള കുട്ടികളെ മുഴുവൻ സ്‌കൂളിൽ നിന്നും പുറത്താക്കിയെന്നും തങ്ങൾ നിരന്തരം ഇടപെട്ടതുകൊണ്ട് മാനേജ്‌മെന്റ് നിലപാട് മാറ്റിയതെന്നുമുള്ള നുണപ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ചു വസ്തുതയറിയാതെ രാഷ്ട്രീയ ലക്ഷ്യം വെച്ച് സ്‌കൂളിനെതിരെ ദുരാരോപണം ഉന്നയിക്കുന്നത് അധികാരകൊതിമൂത്ത ചിലരുടെ ജൽപ്പനമായി മാത്രമേ പരിഗണിക്കാൻ കഴിയുകയുള്ളൂ. ഇത് മാത്രമല്ല ഇവർ ചെയ്യുന്നത്. ഫീസടക്കാൻ നിർവാഹമില്ലാത്ത കുട്ടികളെ സഹായിക്കാനെന്ന പേരിൽ സുമനസുകളിൽ നിന്നു ഫണ്ട് സമാഹരിക്കുക കൂടി ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ നിന്നും മറ്റു സ്രോതസ്‌കളിൽനിന്നും മനസിലാക്കുന്നു. എന്നാൽ ഇങ്ങനെ ധനം സമാഹരിച്ച് ആരെയെങ്കിലും സഹായിച്ചതിന്റെ ഭാഗമായി ഒരു ദിനാർ പോലും ഫീസ് കുടിശിക ഉള്ളവർ അധികമായി സ്‌കൂളിൽ അടച്ചതായി അറിവില്ല.

എന്നു മാത്രവുമല്ല ചിലർ 'യു.പി.പി എഡ്യൂക്കേഷൻ ഹെൽപ്' എന്നപേരിൽ ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും അതിൽ നിന്നും തങ്ങളുടെ കുട്ടികൾക്ക് സഹായം നൽകണമെന്നും എന്നാവശ്യപ്പെട്ട് കുറച്ച് രക്ഷിതാക്കൾ രേഖാമൂലവും അല്ലാതെയും സ്‌കൂളിനെ സമീപിക്കുക കൂടി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരെങ്കിലും കുട്ടികളുടെ പേരിൽ ധന സമാഹാരണം നടത്തുന്നുവെങ്കിൽ അത് ശരിയല്ലെന്നും അത് നിയമ വിരുദ്ധമായ പ്രവൃത്തിയാണെന്നുമുള്ള ഒരു പ്രസ്താവന സ്‌കൂൾ മാനെജ്‌മെന്റ് ആരുടെയും പേര് സൂചിപ്പിക്കാതെ നൽകാൻ നിർബന്ധിതമായത്. എന്നാൽ ഈ പ്രസ്താവന വന്നയുടനെ തന്നെ ചിലർ ഇത് തങ്ങളെ മാത്രം ഉദ്ദേശിച്ചാണ് എന്ന മറു പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. അതിൽ നിന്ന് തന്നെ ജനങ്ങൾക്ക് മനസിലാവും ആരാണ് ഈ തെറ്റായ പ്രവൃത്തി ചെയ്യുന്നതെന്ന്. ഇത്തരം വ്യക്തികളോടും സംഘങ്ങളോടും പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് ധൂർത്തടിക്കുവാൻ ഫണ്ട് പിരിക്കണമെങ്കിൽ നിങ്ങളുടെയൊക്കെ സംഘടനയുടെ പേരിൽ പണപ്പിരിവ് നടത്തിക്കൊള്ളു. അല്ലാതെ പാവപ്പെട്ട വിദ്യാർത്ഥികളുടെ പേരിൽ അത് ചെയ്യരുത്. കഴിഞ്ഞ വർഷവും അതിന് മുൻപും ഫീസ് അടക്കാൻ നിർവാഹമില്ലാത്ത കുട്ടികൾ ഉണ്ടായിരുന്നു. അപ്പോഴൊന്നും ഈ മുതലക്കണ്ണീർ കണ്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തുന്ന ഈ കോമാളി കളി എല്ലാവർക്കും മനസിലാകും എന്ന് മാത്രമേ സൂചിപ്പിക്കാനുള്ളു.

റിഫാ ക്യാമ്പസിന്റ് നിർമ്മാണം നടത്തിയതിന്റെ അവകാശവാദം യു.പി.പി നേതൃത്വത്തിലുള്ള ഭരണസമിതി എപ്പോഴും ഉന്നയിക്കുന്നതു കാണാം. അവരുടെ ഭരണസമിതിയാണ് നിർമ്മാണം നടത്തിയതെന്നു അംഗീകരിക്കുന്നു. എന്നാൽ അതിന്റെ വസ്തുത കൂടി രക്ഷിതാക്കളും അഭ്യുദയ കാംഷികളും മനസിലാക്കണമെന്നു അഭ്യർത്ഥിക്കുന്നു. റിഫ ക്യാമ്പസിന്റെ നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തിയത് സ്‌കൂളിന്റെ സ്റ്റാഫിന് ഇന്റമിനിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടുന്ന റിസർവ് ഫണ്ട് ബാങ്കിൽ ജാമ്യം നൽകിക്കൊണ്ടാണ്. ഇൻഫ്രസ്ട്രക്ചർ ഡവലപ്‌മെന്റ്‌റ് ഫീ എന്ന പേരിൽ രക്ഷിതാക്കളിൽ നിന്നും ബിൽഡിങ് നിർമ്മാണം ആരംഭിച്ച അന്നു മുതൽ അഞ്ചു ദിനാർ വാങ്ങിയിട്ട് ബാങ്കിൽ ഒരു ദിനാർപോലും ലോണിന്റെ തിരിച്ചടവ് പ്രസ്തുത കമ്മറ്റി നടത്തിയിട്ടില്ല. ബാങ്കിന്റെ തിരിച്ചടവിനു മൂന്ന് വർഷത്തെ മൊറോട്ടിറിയം വാങ്ങി അതിന്റെ ബാധ്യത തുടർന്ന് വന്ന ഭരണസമിതിയുടെ തലയിൽ കെട്ടിവക്കുകയാണ് അവർ ചെയ്തത്.

അവരുടെ കെടുകാര്യസ്ഥതക്ക് മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത് റിഫാ ക്യാമ്പസിന്റ് റൂഫിൽ ആകെ ചോർച്ച വന്നു. എന്തുകൊണ്ടാണ് ചോർച്ച വന്നത് എന്ന് പരിശോധിച്ചപ്പോൾ അത് വാട്ടർ പ്രൂഫിന്റെ തകരാറു കൊണ്ടാണെന്നു മനസിലായി. അതിന്റെ അടിസ്ഥാനത്തിൽ അവിടെ വാട്ടർ പ്രൂഫ് ചെയ്ത കമ്പനിയെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ആ കമ്പനി വർഷങ്ങൾക്ക് മുൻപ് തന്നെ പൂട്ടിപോയി എന്നറിവായി. അതിന്റെ അടിസ്ഥാനത്തിൽ അതിന്റെ സി.ആർ ഉടമയുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ മനസിലാക്കുവാൻ കഴിഞ്ഞത് വാട്ടർപ്രൂഫിന് ആ കമ്പനി നൽകിയ ഗ്യാരന്റി കേവലം അഞ്ച് വർഷം മാത്രമാണെന്നാണ്. ബഹറൈനിൽ കുറഞ്ഞത് 10-15 വർഷമാണ് വാട്ടർ പ്രൂഫിന് നൽകുന്ന ഗ്യാരന്റി. എന്നിരിക്കെ അവർക്ക് ഗ്യാരന്റിമണി പോലും വെക്കാതെ പൂർണമായ പെയ്മെന്റാണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ റീ വാട്ടർപ്രൂഫ് ചെയ്ണമെങ്കിൽ ആയിരകണക്കിന് ദിനാർ വേണ്ടിവരും. അതിന്റെ നിർമ്മാണ കരാർ ചെയ്ത കമ്പനിയും നിലവിലില്ല. എന്തുകൊണ്ടായിരിക്കും കൃത്യമായ ഗ്യാരണ്ടീ ഇല്ലാതെ ഗ്യാരണ്ടീ മണി അന്നത്തെ കമ്മറ്റി ഇവർക്ക് എല്ലാം റിലീസ് ചെയ്തിട്ടുണ്ടാവുക എന്നത് ചിന്തനീയം.

ഇങ്ങനെ രക്ഷിതാക്കളുടെ പണം ധൂർത്തടിക്കുന്ന സമീപനമാണ് മുൻകാലങ്ങളിൽ സ്‌കൂളിൽ നടന്നിട്ടുള്ളത്. ഈ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം സ്‌കൂളിന്റെ ജഷന്മാൽ ഓഡിറ്റോറിയം നവീകരണം, ബസ് പാർക്കിങ് ഗ്രൗണ്ട് ആസ്ഫാൾട്ട് , ഗ്രൗണ്ടിൽ എൽ.ഏ ഡി ഹൈമാസ്റ്റ് ലൈറ്റ്കൾ , ടോയിലറ്റുകളുടെ നവീകരണം, കാന്റീനുകളുടെ നവീകരണം, റിഫാ ക്യാമ്പസിൽ കുട്ടികളുടെ പ്ലെ ഗ്രൗണ്ട്, ഓഡിറ്റോറിയം നവീകരണം, ടീച്ചേഴ്‌സ് റൂമുകളുടെ നവീകരണം ഫുട്ബോൾ ഗ്രൗണ്ട് നിർമ്മാണം അടക്കം നിരവധി പ്രവർത്തനങ്ങൾ നടത്തി. അതിൽ ഒരു ചെറിയ ശതമാനം മാത്രമാണ് സ്‌കൂൾ ഫണ്ടിൽ നിന്നും ഉപയോഗിച്ചത്. ബാക്കിയെല്ലാം അഭ്യുദയകാംഷികളിൽ നിന്നും സംഭാവനയായി സ്വീകരിചതാണ്. പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട അനുകൂല്യത്തിൽ നിന്നും അനാവശ്യമായ ധൂർത്ത് നടത്തി സ്‌കൂളിന്റെ സാമ്പത്തികനില നശിപ്പിച്ച മുൻകാല ഭരണസമിതിയുടെ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങൾ പൊതുജനങ്ങൾ മനസിലാക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP