Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിമാചൽ നാടോടി ഗാനം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ദേവിക പാടിയത് 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' പരിപാടിയോട് അനുബന്ധിച്ച്; ദേവികയുടെ ശ്രുതിമധുരമായ ഗാനം ഇഷ്ടമായി ഫേസ്‌ബുക്കിൽ ഹിമാചൽ ഗായകൻ താക്കൂർ ദാസ് രതി ഷെയർ ചെയ്തതോടെ നാല് മില്യൻ കവിഞ്ഞു കാഴ്‌ച്ചക്കാർ; ഡിഡി നാഷണലും ഹിന്ദി ചാനലുകളും താരമായ കേരളത്തിന്റെ പുത്രിയെ ഹിമാചലിലേക്ക് ക്ഷണിച്ചു മുഖ്യമന്ത്രിയും; പിന്നാലെ അഭിനന്ദിച്ചു പ്രധാനമന്ത്രിയും; തിരുമലയിലെ ദേവിക ദേശീയ താരമായി മറിയത് ഇങ്ങനെ

ഹിമാചൽ നാടോടി ഗാനം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ദേവിക പാടിയത് 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' പരിപാടിയോട് അനുബന്ധിച്ച്; ദേവികയുടെ ശ്രുതിമധുരമായ ഗാനം ഇഷ്ടമായി ഫേസ്‌ബുക്കിൽ ഹിമാചൽ ഗായകൻ താക്കൂർ ദാസ് രതി ഷെയർ ചെയ്തതോടെ നാല് മില്യൻ കവിഞ്ഞു കാഴ്‌ച്ചക്കാർ; ഡിഡി നാഷണലും ഹിന്ദി ചാനലുകളും താരമായ കേരളത്തിന്റെ പുത്രിയെ ഹിമാചലിലേക്ക് ക്ഷണിച്ചു മുഖ്യമന്ത്രിയും; പിന്നാലെ അഭിനന്ദിച്ചു പ്രധാനമന്ത്രിയും; തിരുമലയിലെ ദേവിക ദേശീയ താരമായി മറിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ലോകം അങ്ങനെയാണ്. നിനച്ചിരിക്കാതെ ദേശീയ താരകങ്ങളെ സൃഷ്ടിക്കും. അത്തരമൊരു താരമായി മാറിയത് തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയായ ദേവികയാണ്. ഏതാനും ദിവസങ്ങളായി സൈബർ ഇടത്തിലെ മിന്നും താരമാണ് തിരുമല സ്വദേശിനിയായ മിടുക്കി. ഹിമാചൽ നാടോടി ഗാനം പാടിയ മിടുക്കിയ ഏറ്റവും ഒടുവിൽ അഭിനന്ദിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഹിമാചൽപ്രദേശിന്റെ ഹൃദയം കീഴടക്കിയ ഗാനത്തിലൂടെ ദേവിക ദേശീയ താരമായി തന്നെ മാറിയത്.

ദേവിക പാടിയ ഹിമാചൽ നാടോടി ഗാനത്തിന്റെ വിഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 40 ലക്ഷത്തിലേറെപ്പേരാണു കണ്ടു ഹൃദയത്തിലേറ്റിയതോടെ ദേവികയെ തേടി ദേശീയ ചാനലുകളും എത്തി. ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ പ്രകടനം സംബന്ധിച്ചാണ് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് ചെയ്തത്. 'മായേനീ മേരിയേ...' എന്ന നാടോടി ഗാനമാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ദേവിക പാടിയത്. ലോക്ഡൗൺ കാലത്തു കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക വിനിമയം ലക്ഷ്യമാക്കിയും നടപ്പാക്കിയ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' പദ്ധതിയനുസരിച്ചാണ് ദേവികയുടെ ഗാനം സ്‌കൂളിലെ സമൂഹ മാധ്യമ പേജിലിട്ടത്. അദ്ധ്യാപികയായ ദേവിയാണു ഗാനം തിരഞ്ഞെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലൂടെയും ആശംസ അറിയിച്ചതോടെ ദേവിക താരമായി. രാജ്യം മുഴുവൻ ദേവികയുടെ സംഗീതം ഏറ്റെടുത്തു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് തിരുമല ശാന്തിനഗർ ദേവമിത്രത്തിൽ സംഗീതയുടെ മകൾ എസ് എസ് ദേവിക. 'എക ഭാരതം ശ്രേഷ്ഠ ഭാരതം' പരിപാടിയുടെ ഭാഗമായി ദേവിക ഹിമാചൽ നാടോടി ഗാനം പാടി അയച്ചു കൊടുക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ വീഡിയോ ഫേയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ രണ്ടര മിനിട്ടുള്ള വീഡിയോ പതിയെ വൈറലായി.

ദേവികയുടെ ഗാനം ശ്രദ്ധയിൽ പെട്ട ഹിമാചൽ പ്രദേശ് ഗായകൻ താക്കൂർ ദാസ് രതി ഫെയ്‌സ് ബുക്കിൽ ഷെയർ ചെയ്തതോടെയാണ് രാജ്യം മുഴുവൻ ദേവികയുടെ പാട്ട് ശ്രവിച്ചത്. പിന്നാലെ നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്തെത്തി. അനേകം പേർ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത ഗാനമാലപിച്ച ദേവികയ്ക്ക് കലാരംഗത്ത് കൂടുതൽ മേലേയ്ക്കുയരാൻ കഴിയട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ ദേവികയെ ഹിമാചൽ പ്രദേശിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഗാനം പോസ്റ്റ് ചെയ്തത്. സെപ്റ്റംബർ 29നാണ് ദേവികയുടെ ഗാനം കേന്ദ്രീയ വിദ്യാലയത്തിന്റെ വെബ്‌സൈറ്റിലിട്ടത്. സെപ്റ്റംബർ 30ന് ഗാനം താക്കൂർദാസ് രാതിയുടെ ഫേസ്‌ബുക്കിൽ എത്തി. പിന്നീട് ഈ ഗാനം അതിവേഗം വൈറലാകുകയായിരുന്നു. മലയാളം മാധ്യമങ്ങളിൽ വൈറൽ ഗാനത്തെ കുറിച്ചു വാർത്ത വന്നതോടെ ദേശീയ ചാനലുകളും ദേവികയെ കാണാനെത്തി. ഹിമാചൽ ചീഫ് സെക്രട്ടറി അനിൽകുമാർ കാഞ്ചി പാട്ടും വീഡിയോയും ശ്രദ്ധിച്ചതോടെയാണ് ഹിമാചൽ മുഖ്യമന്ത്രിയും അഭിനന്ദിച്ചു ഹിമാചലിലേക്ക് ക്ഷണിച്ചത്.

'പ്രശസ്തമായ ഹിമാചൽ ഗാനം ചമ്പാ കിത്നി ദൂർ തന്റെ ശ്രുതിമധുരമായ ശബ്ദത്തിൽ, അതേസമയം ഹിമാചലി ഉച്ചാരണത്തോടെ ആലപിച്ച് കേരളത്തിന്റെ മകൾ ദേവിക ഹിമാചൽ പ്രദേശിന്റെ അഭിമാനമുയർത്തിയിരിക്കുന്നു. നിനക്ക് വളരെ നന്ദി കുട്ടീ. #ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പ്രചാരണത്തിന്റെ ഭാഗമായി ഈ ഗാനം ആലപിക്കുക വഴി പ്രിയപ്പെട്ട കുട്ടീ, നീ ഹിമാചൽ പ്രദേശിന്റെ സംസ്‌കാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കുക മാത്രമല്ല, മുഴുവൻ സംസ്ഥാനത്തിന്റെയും ഹൃദയം കവരുകയും ചെയ്തു. ഇതായിരുന്നു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ അഭിനന്ദന കുറിപ്പിൽ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയും അഭിനന്ദനവുമായി എത്തിയത്. 'ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം ! അവളുടെ ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തസത്ത ശക്തിപ്പെടുത്തുന്നു !' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ദേവിക യൂട്യൂബിൽ നിന്നാണ് പാട്ടുകൾ പഠിക്കുന്നത്. തന്റെ ശബ്ദം നിരവധി പേർ അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗായിക ആകണമെന്നാണ് ആഗ്രഹമെന്നും ദേവിക പറഞ്ഞു. അമ്മ സംഗീത ഡിപിഐയിൽ ജോലി ചെയ്യുന്നു. അനുജൻ ഭരത്കൃഷ്ണ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മൂമ്മ ശശികുമാരിയും അപ്പൂപ്പൻ ശിവശങ്കരപിള്ളയും അടങ്ങുന്നതാണ് കുടുംബം.

മുഖ്യമന്ത്രി പിണറായി വിജയനും ദേവികയെ അഭിനന്ദിച്ചു കുറിപ്പിട്ടു: ''ഭാഷകളുടെ അതിർവരമ്പുകൾക്കപ്പുറത്ത് എല്ലാവരേയും ചേർത്തു നിർത്തുന്ന ഐക്യമാണ് ഇന്ത്യ എന്ന ആശയത്തിന്റെ അന്തഃസത്ത. ദേവിക ആലപിച്ച ഹിമാചലിലെ നാടോടി ഗാനം അനേകം പേർ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്തത് പരിധികളില്ലാത്ത ഹൃദയൈക്യത്തിന്റെ കൂടി കാഴ്ചയാണ്. മറ്റു സംസ്‌കാരങ്ങളെ അടുത്തറിയാനും ആസ്വദിക്കാനും സാധിക്കുന്ന ഹൃദയവിശാലതയാണ് ഈ കാലത്തിന്റെ ആവശ്യം. അതിനവസരമൊരുക്കിക്കൊണ്ട് ഹൃദ്യമായി ഗാനം ആലപിച്ച ദേവികയ്ക്ക് അഭിനന്ദനങ്ങൾ''.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP