Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്ന ഒളിവിലിരിക്കവേ ഒരു പ്രത്യേക നമ്പറിലേക്കു നടത്തിയത് നിരന്തര ഫോൺ വിളികൾ; മറുതലയ്ക്കൽ ഉണ്ടായിരുന്നത് ശിവശങ്കരൻ എന്നു സംശയം; ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലുമായി നടത്തിയ ദുരൂഹ വാട്‌സാപ് ചാറ്റുകളിലും ലോക്കറിലെ പണത്തിലും വിശദീകരണം തൃപ്തികരമല്ല; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ക്ലീൻചിറ്റ് നൽകാതെ കസ്റ്റംസ് അധികൃതർ; ചൊവ്വാഴ്‌ച്ച വീണ്ടും ഹാജരാകാൻ നിർദേശിച്ചത് മൊഴികൾ വിശദമായി പരിശോധിക്കാൻ; കേസ് ഉന്നതരിലേക്ക് അടുക്കുന്നെന്ന് അന്വേഷണ ഏജൻസി

സ്വപ്ന ഒളിവിലിരിക്കവേ ഒരു പ്രത്യേക നമ്പറിലേക്കു നടത്തിയത് നിരന്തര ഫോൺ വിളികൾ; മറുതലയ്ക്കൽ ഉണ്ടായിരുന്നത് ശിവശങ്കരൻ എന്നു സംശയം; ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലുമായി നടത്തിയ ദുരൂഹ വാട്‌സാപ് ചാറ്റുകളിലും ലോക്കറിലെ പണത്തിലും വിശദീകരണം തൃപ്തികരമല്ല; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ക്ലീൻചിറ്റ് നൽകാതെ കസ്റ്റംസ് അധികൃതർ; ചൊവ്വാഴ്‌ച്ച വീണ്ടും ഹാജരാകാൻ നിർദേശിച്ചത് മൊഴികൾ വിശദമായി പരിശോധിക്കാൻ; കേസ് ഉന്നതരിലേക്ക് അടുക്കുന്നെന്ന് അന്വേഷണ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി ഉപദേഷ്ടാവുമായി എം ശിവശങ്കരന് ക്ലീൻചിറ്റ് നൽകാതെ കസ്റ്റംസ് അധികൃതർ. സ്വപ്‌നയുമായുള്ള ദുരൂഹമായ വാട്‌സ് ആപ്പ് ചാറ്റുകളിൽ അടക്കം ശിവശങ്കരന് വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചൊവ്വാഴ്‌ച്ച വീണ്ടും വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

സ്വപ്നയുമായുള്ള ബന്ധം, പണമിടപാടിലെ ദുരൂഹത, ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലുമായി നടത്തിയ ദുരൂഹമായ വാട്‌സാപ് ചാറ്റുകൾ, ലോക്കറിലെ പണം തുടങ്ങിയ കാര്യങ്ങളിൽ ശിവശങ്കറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണു കസ്റ്റംസ് വിലയിരുത്തൽ. സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിനു പരിചയപ്പെടുത്തിയതല്ലാതെ മറ്റൊന്നുമറിയില്ലെന്നു ജൂലൈയിൽ ശിവശങ്കർ നൽകിയ മൊഴിക്കു വിരുദ്ധമായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്‌സാപ് ചാറ്റുകൾ. ഈ ചാറ്റുകൾ പണമിടപാടുകളെ കുറിച്ചുള്ളതായിരുന്നു എന്നാണ് സൂചന നൽകുന്നത്. സ്വപ്നയുടെ പണമിടപാടുകളെ പറ്റി ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നതിനു തെളിവായി കസ്റ്റംസ് ഇതിനെ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ മൊഴികൾ വീണ്ടും പരിശോധിക്കുമ്പോൾ ശിവശങ്കരന് മേൽ കുരുക്കു വീഴാനുള്ള സാധ്യത കുടുതലാണ്.

യുഎഇയിൽ നിന്ന് എത്തിച്ച ഈന്തപ്പഴ വിതരണം സംബന്ധിച്ച വിവരങ്ങൾ വെള്ളിയാഴ്ച കസ്റ്റംസ് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞിരുന്നു. 11 മണിക്കൂറാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തത്. ശനിയാഴ്ചത്തെയും ചോദ്യംചെയ്യലും മണിക്കൂറുകൾ നീണ്ടു. അതിനുശേഷം പുറത്തിറങ്ങിയ ശിവശങ്കർ പതിവുപോലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. പിന്നാലെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽനിന്ന് മടങ്ങി. ശിവശങ്കറിന്റെ കാര്യത്തിൽ നിർണായക നീക്കം ശനിയാഴ്ച കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.

അതിനിടെ സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറിലേക്കു നടത്തിയ ഫോൺ വിളികൾ പ്രധാന ചർച്ചാവിഷയം ആയിരുന്നു. ഒട്ടേറെ കോളുകൾ ഈ ഫോൺ നമ്പറിലേക്കും തിരിച്ചും ഉണ്ടായിട്ടുണ്ട്. ശിവശങ്കറുമായാണ് ഈ ഫോൺ വിളികൾ നടത്തിയതെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. സ്വപ്നയുടെ ഭർത്താവായ ജയശങ്കറിനോട് ഇതേക്കുറിച്ചു കസ്റ്റംസ് ചോദിച്ചിരുന്നു. ആരോടാണു സംസാരിച്ചതെന്നറിയില്ലെന്നും സ്വപ്നുടെ ഇടപാടുകളെ പറ്റി വിവരമൊന്നുമില്ലെന്നുമാണു അദ്ദേഹത്തിന്റെ മൊഴി. മറ്റു പലരെയും കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ മൊഴികളും ശിവശങ്കറിന്റെ വിശദീകരണങ്ങളും തമ്മിൽ പൊരുത്തക്കേടുള്ളതായാണു വിവരം.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തുടർച്ചയായി രണ്ടാം ദിവസവും ദീർഘനേരം ശിവശങ്കറിനെ ചോദ്യം ചെയ്തു. രാവിലെ 11ന് തുടങ്ങിയ ചോദ്യംചെയ്യൽ 10 മണിക്കൂറായിട്ടും തുടരുകയാണ്. മൊഴികളിലെ പൊരുത്തക്കേടുകൾ കാരണം വീണ്ടും ചോദ്യം ചെയ്യുമെന്നാണു സൂചന. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനു സമാന്തരമായി, പ്രതിയായ സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലും പ്രതികളായ സന്ദീപ്, സരിത്ത് എന്നിവരെ വിയ്യൂർ അതിസുരക്ഷാ ജയിലിലും രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ കസ്റ്റംസ് സംഘം ഇന്നലെ ചോദ്യം ചെയ്തു. 3 ഇടങ്ങളിലെയും ചോദ്യം ചെയ്യലിൽ നിന്നു ലഭിച്ച വിവരങ്ങൾ പരസ്പരം കൈമാറിയിരുന്നു.

ശിവശങ്കർ വെള്ളിയാഴ്ച നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയാണു സ്വപ്ന, സരിത്, സന്ദീപ് എന്നിവരെ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച 11 മണിക്കൂർ ശിവശങ്കറിനെ ചോദ്യം ചെയ്ത കസ്റ്റംസ് മുൻപ് ജൂലൈ 14നും 15നും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അവരുടെ നിയമനം ഞാൻ അറിഞ്ഞതല്ലെന്നു നേരത്തേ പറഞ്ഞതാണ്. അത്തരം നിയമനത്തിനു സാധാരണ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. അവരുടെ മൊഴിയിൽതന്നെ കാര്യങ്ങൾ വ്യക്തമാണ്. ഞാൻ അറിഞ്ഞാണെന്ന് ഉറപ്പിച്ചു പറയുകയല്ല അവർ ചെയ്തത്. എന്നോടു പറയും എന്ന് അവരോടു പറഞ്ഞു എന്നാണു മൊഴിയിലുള്ളത്. ആ ഭാഗം കാണാതിരിക്കരുത്. അതിന്റെ ഭാഗമായി അവർ അങ്ങനെ ധരിച്ചിട്ടുണ്ടാകും. ഞാനത് അറിഞ്ഞ കാര്യമല്ല

അതേസമയം സ്വർണക്കടത്തു കേസിൽ കസ്റ്റംസിന്റെ ഇന്നലത്തെ ചോദ്യം ചെയ്യൽ ഒരേ സമയം മൂന്നിടത്ത്. അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് എല്ലാവരും ഓൺലൈനായി പരസ്പരം ബന്ധം നിലനിർത്തി. ഒരു സംഘം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തു. രണ്ടാമത്തെ സംഘം കാക്കനാട് ജില്ലാ ജയിലിൽ കേസിലെ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു. അടുത്ത സംഘം വിയ്യൂർ ജയിലിലെത്തി പി.എസ്.സരിത്, സന്ദീപ് നായർ എന്നിവരെ വെവ്വേറെ ചോദ്യം ചെയ്തു.

സ്വർണക്കടത്തിനു ശിവശങ്കർ നേരിട്ടു സഹായിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള 62 ചോദ്യങ്ങളും 40 അനുബന്ധ ചോദ്യങ്ങളുമാണു കസ്റ്റംസ് മുൻകൂട്ടി തയാറാക്കിയത്. ഇതിനു ശിവശങ്കർ നൽകിയ മൊഴികൾ അപ്പപ്പോൾ 3 പ്രതികളുടെ തൽസമയ മൊഴികളുമായി ഒത്തുനോക്കിയാണു കസ്റ്റംസ് സംഘം മുന്നേറിയത്. സ്വന്തം മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ ഹർജി നിയമപരമായും വസ്തുതാപരമായും നിലനിൽക്കുന്നതല്ലെന്നു ഹൈക്കോടതി മുൻപാകെ കസ്റ്റംസിന്റെ വാദം. ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം തുടങ്ങിയവ പ്രകാരം അന്വേഷണസമയത്തു നൽകിയ മൊഴി പ്രതിക്കു ലഭ്യമാക്കുന്നതു വിലക്കിയിട്ടുണ്ട്. പല കേസുകളിലും സുപ്രീം കോടതിയും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായുള്ള കടലാസുകളുടെ പകർപ്പ് ലഭിക്കാൻ ഒരു പ്രതിക്കും നിയമപരമായ അവകാശമില്ലെന്നും വാദിച്ചു.

മൊഴിപ്പകർപ്പ് നൽകിയാൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന വമ്പന്മാരിലേക്ക് അത് എത്തിച്ചേരും. ആവശ്യം പൊതുതാൽപര്യത്തിനു യോജിച്ചതല്ലെന്ന വാദവും ഉന്നയിച്ചു. അതിനിടെ സ്വർണക്കടത്തു കേസ് അന്വേഷണം വളരെ സ്വാധീനമുള്ള വ്യക്തികളിലേക്ക് അടുക്കുകയാണെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തും രാഷ്ട്രീയ, പൊതുരംഗങ്ങളിലുള്ള ഉന്നതരാണിവർ. അധികാര കേന്ദ്രങ്ങളിൽ അപാര സ്വാധീനശക്തിയുള്ള മുഖ്യപ്രതി സ്വപ്ന സുരേഷിന് ഈ സമയത്തു മൊഴിപ്പകർപ്പു നൽകുന്നത് ഈ നീക്കത്തെ പരാജയപ്പെടുത്തുമെന്നും വാദിച്ചു. കസ്റ്റംസ് നിയമ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥരെടുത്ത തന്റെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ് നൽകിയ ഹർജിയിലാണു കസ്റ്റംസ് എതിർപ്പ് അറിയിച്ചത്. മുപ്പതിലേറെ പേജുകളുള്ള മൊഴിയിൽ നിർബന്ധപൂർവം തന്റെ ഒപ്പിട്ടു വാങ്ങിയെന്നും സ്വപ്നയുടെ ഹർജിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP