Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മുസ്ലീങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടപെടുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം; ഇന്ത്യയിലെ 58 ജില്ലകളാണ് അവർ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്; അതിൽ ഒന്ന് കോഴിക്കോടാണ്; സ്വാധീനം വർദ്ധിപ്പിക്കാൻ മൂന്നു സംഘടനകളുണ്ട് ജമാഅത്തിന്' : ഇടത് സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന എളമരം കരീമിന്റെ പ്രസംഗത്തിലെ സൂചന സഖാക്കൾ ജാഗ്രത പാലിക്കണമെന്ന്; രാഷ്ട്രീയ പ്രേരിതമെന്നും വസ്തുതാവിരുദ്ധമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് മറുനാടനോട്

'വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മുസ്ലീങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടപെടുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം; ഇന്ത്യയിലെ 58 ജില്ലകളാണ് അവർ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്; അതിൽ ഒന്ന് കോഴിക്കോടാണ്; സ്വാധീനം വർദ്ധിപ്പിക്കാൻ മൂന്നു സംഘടനകളുണ്ട് ജമാഅത്തിന്' : ഇടത് സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന എളമരം കരീമിന്റെ പ്രസംഗത്തിലെ സൂചന സഖാക്കൾ ജാഗ്രത പാലിക്കണമെന്ന്; രാഷ്ട്രീയ പ്രേരിതമെന്നും വസ്തുതാവിരുദ്ധമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ഇടത് സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പ്രസംഗമുണ്ട്. രാജ്യസഭ അംഗവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നടത്തിയ ഒരു പ്രസംഗമായിരുന്നു അത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളെ സംശയാസ്പദമായ രീതിയിൽ മാത്രമെ സമീപിക്കാവൂ എന്നായിരുന്ന ആ പ്രസംഗത്തിൽ എളമരം കരീം പാർട്ടി അണികൾക്ക് നിർദ്ദേശം നൽകിയത്. ജമാഅത്തെ ഇസ്ലാമിയും അവരുടെ സ്ഥാപനങ്ങളും കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന എളമരം കരീമിന്റെ പ്രസംഗത്തിന്റെ രൂപം ഇങ്ങനെയാണ്.

'വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മുസ്ലിംങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടപെടുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ഇന്ത്യയിലെ 58 ജില്ലകളാണ് അവർ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അതിൽ ഒന്ന് കോഴിക്കോടാണ്. മൂന്ന് സംഘടനകൾ അവർ ഇതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. 1. ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ, അത് പ്രധാനമായും വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ്. കോളേജുകൾ, പ്രൊഫഷണൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള സംഘടിത രൂപങ്ങളുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രണ്ട് പീപ്പിൾസ് ഫൗണ്ടേഷനാണ്. സ്‌കോളർഷിപ്പ് നൽകുക, നിയമ സഹായം നൽകുക, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ഭവനനിർമ്മാണം എന്നിവയാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനം. മൂന്ന് സൗജത്ത് മൈക്രോഫിനാൻസ് സൊസൈറ്റിയാണ്. അതൊരു എൻജിഒ ആണ്. പലിശരഹിത നിക്ഷേപം സ്വീകരിക്കുകയും പലിശ രഹിത വായ്പകൾ നൽകുകയുമാണ് ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ.

2016 മുതൽ 2035 വരെ നീളുന്ന ഒരു പ്രോഗ്രാമായി ഇതിനെ അവർ മാറ്റുന്നു. 2026 ആകുമ്പോഴേക്കും വടക്കേ ഇന്ത്യയിലേക്കും ഇവർ കേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ആരംഭിക്കും. കേരളത്തിൽ അവർ ചെയ്യുന്ന പ്രധാനപ്പെട്ടൊരു പ്രവർത്തനം വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമിയിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുകയാണ്. എന്നിട്ട് ഈ കുട്ടികളെ ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പറഞ്ഞയക്കുന്നു. ആ സർവ്വകലാശാലകളിൽ എത്തുന്ന കുട്ടികൾ അവരുടെ സമാന ചിന്താഗതിക്കാരായ കുട്ടികളെ വിളിച്ചുചേർത്ത് ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. വളരെ സാമർഥ്യത്തോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം അവർ നടപ്പിലാക്കുന്നത്. ഇതിന്റെ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരിൽ പ്രവർത്തിക്കുന്ന ഇസ്ലാഹിയ സ്‌കൂൾ.

ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് മുക്കം മുനിസിപ്പാലിറ്റിയിലുള്ള ചേന്ദമംഗല്ലൂർ. ഈ സ്‌കൂളിൽ നിന്നുള്ള കുട്ടികളാണ് ഡൽഹിയിലെ മിക്ക സർവ്വകലാശാലകളിലും ജമാഅത്തെ ഇസ്ലാമിയുടെ റിക്രൂട്ടിങ് വഴി എത്തിയിട്ടുള്ളത്. കേരളത്തിൽ സമാനമായ മറ്റൊരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്തുള്ള ശാന്തപുരം അൽജാമിഅ കോളേജ്. ഇതോടൊപ്പം തന്നെ കരിയർ ഗൈഡൻസ് മേഖലയിലേക്ക് അവർ പ്രവേശിച്ചു. പത്താംക്ലാസ് കഴിഞ്ഞ് ഉപരി പഠനത്തിന് എന്ത് തിരഞ്ഞെടുക്കണമെന്ന് ഇവർ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുക്കുന്നു. ജമാഅത്തെ ഇസ്ലാമിയാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും നന്നായി കരിയർ ഗൈഡൻസ് നൽകുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ പേര് വെച്ചിട്ടല്ല ഇവർ ഈ കരിയർഗൈഡൻസ് നൽകുന്നത്. സിജി എന്ന പേരിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്താണ് ആസ്ഥാനം. നിക്ഷപക്ഷമായ രീതിയിലാണ് അതിന്റെ പ്രവർത്തനം. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനമാണെന്ന് ആർക്കും തോന്നാത്ത വിധമാണ് സിജിയുടെ പ്രവർത്തനം. എന്നാൽ ഏറ്റവും സാമർഥ്യത്തോട ജമാഅത്തിന്റെ താത്പര്യങ്ങൾ അവർ നടപ്പിലാക്കുകയും ചെയ്യുന്നു. ഡൽഹി സർവ്വകലാശാലയിലേക്ക് മാത്രം ഏറ്റവും ചുരുങ്ങിയത് നൂറ് കുട്ടികളെ വീതം സിജിയുടെ നേതൃത്വത്തിൽ ഓരോവർഷവും പറഞ്ഞയക്കുന്നുണ്ട്. ഈ കുട്ടികൾ എല്ലാവരും ജമാഅത്ത് കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കില്ല. എന്നാൽ മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കും. അവർക്കെല്ലാവർക്കും ഡൽഹിയിൽ താമസ സൗകര്യം ഇവർ ഒരുക്കി നൽകും. മാസം 25000 രൂപ വരെ ചിലർക്ക് സ്‌റ്റൈപ്പന്റ് നൽകും.അങ്ങനെ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് ഈ കുട്ടികളെയെല്ലാം അവർ കൂടെച്ചേർക്കും.

അവരെ കൂട്ടിച്ചേർത്ത് ജമാഅത്തിന്റെ പ്രാദേശിക കമ്മറ്റിയായ ഹൽക്കകൾ രൂപീകരിക്കും. എന്നിട്ട് അവരുടെ ഹാർഡ്കോർ വളണ്ടിയർമാരാക്കി പതുക്കെ വളർത്തിക്കൊണ്ട് വരും. ഓരോ വർഷവും ഇതുപോലെ ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. അങ്ങനെയാണ് വിദ്യാഭ്യാസ മേഖലയിൽ ജമാഅത്തെ ഇസ്ലാമി സ്വാധീനം നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി മലയാളി ഹൽഖ എന്ന പേരിൽ ജമാഅത്തെ ഇസ്ലാമിയുടെ ശാഖകൾ ഡൽഹിയിൽ പ്രവർത്തിക്കുന്നത് ഇത്തരം കുട്ടികളെ ഉപയോഗിച്ച് കൊണ്ടാണ്. എസ്ഐഒ എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയുടെ ശരിയായ പേര്. എന്നാൽ ഇപ്പോൾ അവർ പ്രവർത്തിക്കുന്നത് മറ്റു ചില പേരുകളിലാണ്. ഈ അടുത്ത കാലത്ത് അവർ ഇന്ത്യ ഇസ്ലാമിക അക്കാദമിക് കോൺഫ്രൻസ് എന്ന പേരിൽ വലിയൊരു സമ്മേളനം നടത്തി. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി മലേഷ്യ, ഖത്തർ യൂണിവേഴ്സിറ്റി, ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഇവിടങ്ങളിൽ നിന്നൊക്കെയുള്ള ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇവർ ഈ കോൺഫ്രൻസ് സംഘടിപ്പിച്ചത്. ഇത്തരത്തിൽ പുറത്ത് ജമാഅത്തെ ഇസ്ലാമിയാണെന്ന് തോന്നാത്ത എന്നാൽ വളരെ തന്ത്രപരമായി ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെ പ്രാവർത്തികമാക്കുന്ന ഇടപെടലാണ് ഇവർ പൊതു സമൂഹത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും എളമരം കരീം എംപിയുടെ പ്രസംഗത്തിൽ പറയുന്നു.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസിന്റെ പ്രതികരണം

അതേ സമയം എളമരം കരീമിന്റെ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്നും അതിൽ വസ്തുതകളില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ജമാഅത്തിന്റെ പ്രവർത്തനങ്ങൾ വളരെ സുതാര്യമാണ്. ജമാഅത്തിന്റെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വളരെ സുതാര്യമാണ്. അതെല്ലാം പൊതു സ്ഥാപനങ്ങളാണ്. ശാന്തപുരത്തെ കോളേജും ചേന്ദമംഗല്ലൂരിലെ സ്‌കൂളും ജമാഅത്തെ ഇസ്ലാമി നേരിട്ട് നടത്തുന്നതല്ല. ട്രസ്റ്റുകളാണ് നടത്തുന്നത്. ആ ട്രസ്റ്റിൽ ജമാഅത്ത് അംഗങ്ങളും ഉണ്ട്. അവിടങ്ങളിൽ നിന്ന് എല്ലാ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്നുണ്ട്. അവരെല്ലാം ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്. അവരിലാരും ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ഈ സ്ഥാപനങ്ങളെല്ലാം സർക്കാറിന്റെ നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്.

സിജിയുടെ തുടക്കത്തിന് ജമാഅത്തെ ഇസ്ലാമി കാരണമായിട്ടുണ്ട്. എന്നാൽ ഇന്ന് സിജി ഒരു പൊതുസ്ഥാപനമായാണ് പ്രവർത്തിക്കുന്നത്. പ്രൊഫഷണലുകളാണ് അത് നടത്തുന്നത്. സിജി വഴി അനേകം വിദ്യാർത്ഥികൾ പലയിടങ്ങളിൽ ഉന്നതപഠനത്തിന് പോയിട്ടുണ്ട്. അത് പൊതുവിലുണ്ടായ മലബാർ മേഖലയിലെ വിദ്യാഭ്യാസ പുരോഗതിയുടെ കൂടി ഭാഗമാണ്. പീപ്പിൾസ് ഫൗണ്ടേഷൻ അടക്കമുള്ള പദ്ധതികൾ ജനങ്ങളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അതിൽ ഒന്നും ഒളിച്ചുകടത്താനില്ല. കഴിഞ്ഞ പ്രളയകാലങ്ങളിലെല്ലാം പീപ്പിൾസ് ഫൗണ്ടേഷന്റെയും ഐആർഡബ്ല്യൂവിന്റെയും പ്രവർത്തനങ്ങൾ എന്തായിരുന്നു എന്ന് പൊതുസമൂഹത്തിനറിയാം. അവരത് അനുഭവിച്ചതാണ്.

25 കോടി രൂപയാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ കേരളത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി സർക്കാറിന് നൽകിയത്. ഇതിലൊന്നും ഒരു ഒളിച്ചുകളിയും ഞങ്ങൾക്കില്ല. സർക്കാർ പലപ്പോഴായി ചുമതലപ്പെടുത്തിയ അന്വേഷണ ഏജൻസികൾ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ സുതാര്യമാണെന്ന് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. എളമരം കരീമിന്റെ പ്രസ്താവന രാഷ്ട്രീയ ഉദ്ദേശത്തോടു കൂടിയുള്ളതാണെന്നും അത് അടിസ്ഥാന രഹതിതമാണെന്നും ജമാഅത്ത ഇസ്ലാമി സംസ്ഥാന അമീർ എംഐ അബ്ദുൽ അസീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP