Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് വൺ പ്രവേശനം: മലപ്പുറത്തിന് കഞ്ഞി കുമ്പിളിൽ തന്നെ! നാല് തെക്കൻ ജില്ലകളിലായി ഏഴായിരത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ മലപ്പുറം ജില്ലയിൽ 23408 സീറ്റുകളുടെ കുറവ് മാറിമാറി വരുന്ന സർക്കാരുകൾ മലപ്പുറത്തോട് കാണിക്കുന്നതുകൊടിയ വഞ്ചന

സ്വന്തം ലേഖകൻ

ജിദ്ദ: സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്‌കൂളുകളിലേക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്‌മെന്റും കഴിഞ്ഞ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹത നേടിയ മലപ്പുറം ജില്ലയിൽ ഇരുപത്തിമൂവായിരത്തിനാനൂറിലധികം കുട്ടികൾ സീറ്റുകിട്ടാതെ പുറത്തിരിക്കേണ്ടി വരുന്നത് ഇടതും വലതും മുന്നണികൾ മലപ്പുറത്തിനോട് കാട്ടിയ കൊടുംവഞ്ചനയുടെ ഫലമാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം ആരോപിച്ചു.

സംസ്ഥാനത്ത് മറ്റുജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകൾ എഴുതുന്നതും വിജയിക്കുന്നതും. അതേ സമയം മാറി മാറി ഭരിച്ചിട്ടും ദശാബ്ദങ്ങളോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലബാറിനും മലപ്പുറത്തിനും ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഇരു മുന്നണികൾക്കുമായിട്ടില്ല. ഇക്കഴിഞ്ഞ എസ്.എസ്. എൽ.സി. പരീക്ഷാഫലം വന്നതുമുതൽ മലബാറിലെയും മലപ്പുറത്തെയും അസൗകര്യങ്ങൾ പരിഹരിക്കാൻ പല ഭാഗത്തു നിന്നും ആവശ്യമുയർന്നതാണ്.

എറണാകുളം, ആലപ്പുഴ, ഇടുക്കി പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നായി എഴുപത്തി നാലായിരത്തിലധികം കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷ പാസായത്. അതേ സമയം ഈ ജില്ലകളിൽ എൺപത്തിരണ്ടായിരത്തോളം പ്ലസ്-വൺ സീറ്റുകളും ലഭ്യമാണ്. ഈ ജില്ലകളിൽ മാത്രം ഏഴായിരത്തിലധികം സീറ്റുകൾ അധികവും ഒഴിഞ്ഞു കിടക്കുകയുമാണ്. എന്നാൽ മലപ്പുറം ജില്ലയിൽ മാത്രം എഴുപത്തി ആറായിരത്തി അറുനൂറിലധികം കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ചിരിക്കുന്നിടത്തു അമ്പത്തിമൂവായിരം സീറ്റുകൾ മാത്രമാണ് പ്ലസ്-വൺ പഠനത്തിനായി അനുവദിച്ചിട്ടുള്ളത്. അതായത് തെക്കൻ ജില്ലകളിൽ പ്ലസ്-വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ മലപ്പുറം ജില്ലയിൽ മാത്രം ഇരുപത്തിമൂവ്വായിരത്തിനാനൂറ്റി എട്ടു സീറ്റുകളുടെ കുറവ്. ജനസംഖ്യയും വിദ്യാർത്ഥികളുടെ എണ്ണവും മലപ്പുറത്തിനേക്കാളും വളരെയേറെ കുറവുള്ള പത്തനംതിട്ടയിൽ നാലായിരത്തി അഞ്ഞൂറോളം സീറ്റുകൾ അധികമാണ്.

ഉന്നത പഠനത്തിനുള്ള അസൗകര്യങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഓരോ വർഷവും ഉയരുന്നുവെന്നല്ലാതെ അതിനു ചെവി കൊടുക്കാനോ പരിഹാരം കാണാനോ ഉത്തരവാദപ്പെട്ട കക്ഷികൾക്ക് താല്പര്യമില്ല എന്നത് കൗതുകകരമാണ്. ഭരണകൂടങ്ങൾ ചിറ്റമ്മ നയം ഉപേക്ഷിച്ചു മലബാർ പ്രദേശവും കേരള സംസ്ഥാനത്തിന്റെ ഭാഗമാണെന്ന പരിഗണന നൽകാൻ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

സോഷ്യൽ ഫോറം ജിദ്ദ കേരളം സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, അഷ്റഫ് സി.വി., മുഹമ്മദ്കുട്ടി, യാഹൂ പട്ടാമ്പി, ജംഷി ചുങ്കത്തറ, മുസ്തഫ ഗുഡല്ലൂർ, ശാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP