Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ശ്രീനാരായണീയരുടെ കണ്ണ് കുത്തിപ്പൊട്ടിച്ചിരിക്കുകയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വളരെ മോശമായിപ്പോയി; ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ ശ്രീനാരായണീയർക്ക് മാത്രമെ വൈസ് ചാൻസലർ ആകാൻ പാടുള്ളു എന്ന നിലപാട് തികഞ്ഞ വർഗ്ഗീയതയാണ്; അവിടെ തിയോളജിയല്ല പഠിപ്പിക്കുന്നത്; മുസ്ലിമായതുകൊണ്ടാണ് ഡോ.മുബാറക് പാഷയുടെ നിയമനത്തെ ചിലർ എതിർക്കുന്നതെന്നും ഡോ. ഹുസൈൻ മടവൂർ മറുനാടനോട്

സർക്കാർ ശ്രീനാരായണീയരുടെ കണ്ണ് കുത്തിപ്പൊട്ടിച്ചിരിക്കുകയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വളരെ മോശമായിപ്പോയി; ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിൽ ശ്രീനാരായണീയർക്ക് മാത്രമെ വൈസ് ചാൻസലർ ആകാൻ പാടുള്ളു എന്ന നിലപാട് തികഞ്ഞ വർഗ്ഗീയതയാണ്; അവിടെ തിയോളജിയല്ല പഠിപ്പിക്കുന്നത്; മുസ്ലിമായതുകൊണ്ടാണ് ഡോ.മുബാറക് പാഷയുടെ നിയമനത്തെ ചിലർ എതിർക്കുന്നതെന്നും ഡോ. ഹുസൈൻ മടവൂർ മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയിരിക്കുന്ന പ്രസ്താവന തികഞ്ഞ വർഗ്ഗീയതയാണെന്ന് പ്രമുഖ ഇസ്ലാമിക മതപണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. പുതിയ സർവ്വകലാശാലയുടെ വിസിയായി ഡോ.മുബാറക് പാഷയെ നിയമിക്കാനുള്ള സർക്കാർ തീരുമാനം ഏറ്റവും അനുയോജ്യമാണ്. ശ്രീനാരായണീയർക്ക് മാത്രമെ വിസിയാകാൻ പാടൊള്ളൂ എന്ന് പറയുന്നവർ മനസ്സിലാക്കേണ്ടത് ഇവിടെ ഗുരുവിന്റെ ദർശനങ്ങളോ തിയോളജിയോ അല്ല പഠിപ്പിക്കുന്നത് എന്നാണ്.

മുസ്ലിമായതിന്റെ പേരിലാണ് ഡോ. മുബാറക് പാഷയുടെ നിയമനത്തിനെതിരെ വെള്ളാപ്പള്ളിയടക്കമുള്ളവർ ഇപ്പോൾ പ്രതിഷേധിക്കുന്നത്. ഡോ.മുബാറക് പാഷ എന്തുകൊണ്ടും ഈ സ്ഥാനത്തിന് യോഗ്യനാണ്. മുബാറക് പാഷയെ വിസിയാക്കാനുള്ള സർക്കാർ തീരുമാനത്തെ പൂർണ്ണമായും പിന്തുണക്കുന്നതായും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ അക്കാദമിക് കൗൺസിൽ അംഗം, എംജി യൂണിവേഴ്സിറ്റിയിലെ മുൻ ബോർഡ് ഓഫ് സ്്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഡോ. മുബാറക് പാഷ കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രിൻസിപ്പളായിരുന്ന സമയത്ത് ഡോ. ഹുസൈൻ മടവൂർ ഫാറൂഖ് കോളേജിന്റെ മാതൃസ്ഥാപനമായ റൗളത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പളായിരുന്നു.

ഡോ. ഹുസൈൻ മടവൂരിന്റെ വാക്കുകൾ

ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ഡോ. മുബാറക് പാഷയെ സർക്കാർ തിരഞ്ഞെടുത്തത് മികച്ച തിരുമാനമായിരുന്നു. എന്നാൽ അതിനെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ള പ്രസ്താവന തികച്ചും വർഗ്ഗീയതയാണ്. ശ്രീനാരായണീയനായിരിക്കണം സർവ്വകലാശാലയുടെ തലപ്പത്ത് വരേണ്ടത് എന്നും സർക്കാർ ശ്രീനാരായണീയരുടെ കണ്ണ് കുത്തിപ്പൊട്ടിച്ചിരിക്കുകയാണെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വളരെ മോശമായിപ്പോയി. ആ വാക്കുകൾ അസ്ഥാനത്താണ്. സർക്കാറിന്റെ നവോത്ഥാന സംരക്ഷണ സമിതിയിലെ ഭാരവാഹിയായിരുന്ന വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള പ്രസ്താവന ഉണ്ടാകാൻ പാടില്ലായിരുന്നു.

ജാതി ചോദിക്കരുത്, ജാതി പറയരുത് എന്നും ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന് എന്നും പഠിപ്പിച്ച ശ്രീനാരായണ ഗുരവുവിന്റെ പേരിൽ പച്ചക്ക് ജാതിപറയുകയാണ് വെള്ളാപ്പള്ളി ഇപ്പോൾ ചെയ്യുന്നത്.ഒരു യൂണിവേഴ്സിറ്റി ആരുടെ പേരിൽ അറിയപ്പെടുന്നു എന്നതിനനുസരിച്ച് അയാളുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കിയല്ല വൈസ് ചാൻസലർമാരെ നിയമിക്കുന്നത്. എപിജെ അബ്ദുൽ കലാമിന്റെ പേരിലാണ് സംസ്ഥാനത്തെ സാങ്കേതിക സർവ്വകലാശാല അറിയപ്പെടുന്നത്. എന്നു കരുതി അവിടെ മുസ്ലിം നാമധാരികൾ മാത്രമെ വിസിയാകാൻ പാടുള്ളൂ എന്ന് പറയാനൊക്കുമോ, ജെഎൻയുവിൽ ജവഹർലാൽ നെഹ്റുവിനെ പോലെ ഭൗതികവാദികൾക്കോ മതവിശ്വാസം ഇല്ലാത്തവർക്കോ മാത്രമെ വിസിയാകാൻ പാടുള്ളൂ എന്ന നിയമമുണ്ടോ. പിന്നെന്തുകൊണ്ടാണ് ഇവിടെ മാത്രം ഇത്തരത്തിലൊരു വിവാദം നടക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കഴിവും അക്കാദമിക രംഗത്തെ ഇടപെടലുമാണ് ഇത്തരം നിയമനങ്ങൾക്ക് മാനദണ്ഡമാകേണ്ടത്. ഡോ.മുബാറക് പാഷ വൈസ്ചാൻസലർ ആകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കഴിവുകൾ വ്യക്തിപരമായി അറയുന്ന ഒരാളാണ് ഞാൻ. അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രിൻസിപ്പളായി ഫാറൂക്ക് കോളേജിൽ ജോലി ചെയ്യുന്ന സമയത്ത് ഞാൻ ഫാറൂഖ് കോളേജിന്റെ മാതൃ സ്ഥാപനമായ അറബിക് കോളേജിൽ പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രണ്ടും ഒരേ ക്യാമ്പസിലാണ്. അദ്ദേഹത്തിന് കഴിവില്ല എന്ന വാദമാണ് ഉന്നയിക്കുന്നതെങ്കിൽ അതിന് അൽപം കൂടി മാന്യതയുണ്ടാകുമായിരുന്നു. എന്നാൽ അദ്ദേഹം മുസ്ലിമായതിന്റെ പേരിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ നിയമനത്തെ എതിർക്കുന്നത്. ഇത് തികഞ്ഞ വർഗ്ഗീയതയാണ്. പത്തിലേറെ സർവ്വകലാശാലകളുണ്ട് കേരളത്തിൽ. ഒരിടത്ത് പോലും മുസ്ലിമായ വൈസ് ചാൻസലർമാരില്ല. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ പഠിപ്പിക്കുന്നത് ഏതെങ്കിലും തിയോളജിയല്ല. ശ്രീനാരായണ ഗുരവുവിന്റെ ആദർശമോ ജീവിതമോ അല്ല അവിടെ പഠിപ്പിക്കുന്നത്.

മറ്റേതൊരു സർവ്വകലാശാലയിലുമെന്ന പോലെ സാധാരണ കോഴ്സുകളാണ്. അതിന് നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യനായ വ്യക്തി തന്നെയാണ് മുബാറക് പാഷ. വിവിധ വിദേശ സർവ്വകലാശാലകളുമായി അടുത്ത ബന്ധമുള്ളയാളാണ് അദ്ദേഹം. കാലിക്കറ്റ് യൂണിവേഴിസ്റ്റിയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ മേധാവിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ഏതെങ്കിലും മതസംഘടനയുടെയോ വിഭാഗത്തിന്റെയോ ആളല്ല. തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയുമാണ് അദ്ദേഹം. മുസ്ലിം നാമധാരിയായതു കൊണ്ട് അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ വാളെടുക്കുന്നവർ വർഗ്ഗീയത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ഒരു മുസ്ലിം സംഘടനയും അദ്ദേഹത്തെ വൈസ് ചാൻസലറാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടാൻ മുസ്ലിം സംഘനടകൾക്ക് അർഹതയുണ്ട്. കേരളത്തിൽ പത്തിലേറെ സർവ്വകലാശാലകളുണ്ട്. എന്നാൽ ജനസംഖ്യ ആനുപാതികമായി ഒരു വൈസ്ചാൻസലർ പോലും ഈ സമുദായത്തിൽ നിന്ന് ഇന്നില്ല. കഴിവുള്ള ആളുകൾ ഇല്ലാത്തതുകൊണ്ടല്ല അത്. മറിച്ച് കഴിവുള്ളവരെ നിയമിക്കുമ്പോൾ ഇതുപോലുള്ള പ്രചരണങ്ങളുമായി വർഗ്ഗീയവാദികൾ രംഗത്ത് വരുന്നത്കൊണ്ടാണ്. സർക്കാർ ഇപ്പോൾ എടുത്തിട്ടുള്ളത് മികച്ച തീരുമാനമാണെന്നും ഡോ. ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP