Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംരക്ഷിത വനമേഖലയിൽ എടത്തനാടൻ ഗ്രാനൈറ്റിന്റെ ഖനനം; രേഖകളിൽ കൃത്രിമം കാണിച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവും; നാട്ടുകാരുടെ കുടിവെള്ളം മുട്ടുന്നു; ഒപ്പം ശ്വാസകോശരോഗങ്ങളും ത്വക് രോഗങ്ങളും; അതിജീവനത്തിനായുള്ള കുഞ്ഞാലിപ്പാറ നിവാസികളുടെ സമരം ഒന്നരവർഷം പിന്നിടുന്നു; പരിസ്ഥിതി വാദിയായ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തിലും ഖനന മാഫിയ പിടിമുറുക്കുമ്പോൾ

സംരക്ഷിത വനമേഖലയിൽ എടത്തനാടൻ ഗ്രാനൈറ്റിന്റെ ഖനനം; രേഖകളിൽ കൃത്രിമം കാണിച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവും; നാട്ടുകാരുടെ കുടിവെള്ളം മുട്ടുന്നു; ഒപ്പം ശ്വാസകോശരോഗങ്ങളും ത്വക് രോഗങ്ങളും; അതിജീവനത്തിനായുള്ള കുഞ്ഞാലിപ്പാറ നിവാസികളുടെ സമരം ഒന്നരവർഷം പിന്നിടുന്നു; പരിസ്ഥിതി വാദിയായ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തിലും ഖനന മാഫിയ പിടിമുറുക്കുമ്പോൾ

ജാസിം മൊയ്തീൻ

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യവും പ്രകൃതി രമണീയമായ കാഴ്ചകളാൽ സമ്പന്നവുമായ മലനിരകളാണ് കുഞ്ഞാലിപ്പാറയും സമീപ പ്രദേശങ്ങളും. പ്രദേശികമായി നിരവധി വിനോദ സഞ്ചാരികൾ വന്നിരുന്ന ഈ പ്രദേശം ഇന്ന് വലിയൊരു വിപത്തിന്റെ വക്കിലാണ്.

ഏത് സമയത്തും ഒരു കവളപ്പാറയോ പുത്തുമലയോ ഏറ്റവും ഒടുവിൽ സംഭവിച്ച പെട്ടിമുടി ദുരന്തമോ സമീപകാലങ്ങളിൽ തങ്ങളുടെ നാട്ടിലും സംഭവിക്കുമോ എന്ന ആധിയിലാണ് തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ ഒമ്പതുങ്ങൽ, മൂന്നുമുറി എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ. മറ്റത്തൂർ പഞ്ചായത്തിലെ കനകമല, കോടശേരി കുന്നുകളുടെ താഴ്‌വാരത്തുള്ള കുഞ്ഞാലിപ്പാറയിലെ എടത്താടാൻ ക്രഷർ യൂണിറ്റും അനുബന്ധ ക്വാറികളുമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇവിടുത്തെ ജനങ്ങൾ ഈ ക്വാറിക്കും ക്രഷറിനുമെതിരെ സമരത്തിലാണ്. തങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി നിലനിൽക്കുന്ന എടത്താടൻ കമ്പനിയുടെ ഖനനത്തിനെതിരെ നിയമപരമായും ജനകീയമായും ചെറുത്തുനിൽക്കാനുള്ള ശ്രമമാണ് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഖനനം നടക്കുന്നത് സംരക്ഷിത വനമേഖലയിൽ

2015ലാണ് ഖനനം ആരംഭിക്കുന്നത്. എടത്താടൻ ഗ്രാനൈറ്റ്‌സ് എന്ന കമ്പനിയുടെ പേരിലാണ് ഖനനത്തിനുള്ള അനുമതിയും, കരാറുകളും രേഖകളുംഒ ശരിയാക്കിയിട്ടുള്ളത്. 4.75 ഹെക്ടർ ഭൂമിയാണ് നാട്ടുകാരിൽ നിന്നും ഖനനം നടത്താനായി കമ്പനി രേഖാമൂലം സ്വന്തമാക്കിയത്. ഖനനം നടത്താനായിട്ടുള്ള എല്ലാ അനുമതികളും തങ്ങൾക്കുണ്ടെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് എടത്താടൻ ഗ്രാനൈറ്റസ് ചെറിയ വിലക്ക് ഭൂമി സ്വന്തമാക്കിയത്. കുഞ്ഞാലിപ്പാറ സ്ഥിതി ചെയ്യുന്ന കോടശ്ശേരി കൂമ്പൻ എന്ന് പറയുന്ന മലനിരകളിൽ പലയിടത്തായി ഇന്ന് എടത്താടൻ ഗ്രാനൈറ്റ്‌സ് ഖനനം നടത്തിയിരിക്കുന്നു.

സംരക്ഷിത വനമേഖലയിൽ ഉൾപ്പെടുന്ന 3117 ഏക്കർ സ്ഥലമാണ് കോടശ്ശേരികൂമ്പൻ മലനിരകൾ. മുൻകാലങ്ങളിൽ വനഭൂമി കയ്യേറി കൃഷിചെയ്തിരുന്നവർക്ക് സർക്കാർ പതിച്ചുകൊടുത്ത ഭൂമിയും ഇതിൽ പെടുന്നുണ്ട്. ഈ ഭൂമി നിസ്സാര വിലക്ക് കമ്പനി സ്വന്തമാക്കുകയായിരുന്നു. പലരും ക്വാറിയുടെ പ്രവർത്തനം കാരണം സമീപത്ത് താമസിക്കാനാകാതെ കമ്പനി പറയുന്ന വിലക്ക് ഭൂമി നൽകി ഒഴിഞ്ഞുപോകാനും നിർബന്ധിതരായി.ഈ മലനിരയാകെ ഇന്ന് എടത്താടൻ ഗ്രാനൈറ്റ്‌സ് തുരന്ന് തീർത്തുകൊണ്ടിരിക്കുകയാണ്. വനം വകുപ്പ് തന്നെ നേരത്തെ ഈ ഖനനത്തിനെതിരെ രംഗത്ത് വരികയും കേസ് നൽകുകയും ചെയ്തിരുന്നു.

കുഞ്ഞാലിപ്പാറയിൽ ഖനനം നടത്തുന്ന ഭൂമി റിസേർവ് വനമാണെന്ന നാട്ടുകാരുടെയും വനം വകുപ്പിന്റെയും വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഖനനം നടത്തിയ ഭൂമി പഴയ രീതിയിൽ പുനഃസ്ഥാപിക്കാനും കോടതി നിർദ്ദേശിച്ചു.അതിനെ തുടർന്ന് വനഭൂമിയിലെ ക്വാറികളുടെ പ്രവർത്തനം അവസാനിപ്പിക്കുകയും തൊട്ടടുത്ത് വേറെ ഭൂമി പാട്ടത്തിനെടുത്ത് ഖനനം ആരംഭിക്കുകയും ചെയ്യുകയാണുണ്ടായത്. ഇത്തരത്തിൽ ഓരോ കേസുകൾ വരുമ്പോഴും അപ്പോഴുള്ള ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിച്ച് തൊട്ടടുത്ത് പുതിയത് ആരംഭിക്കുകയും ചെയ്തു.

രേഖകളിൽ കൃത്രിമം കാണിച്ച് റവന്യൂ ഉദ്യോഗസ്ഥരും

വ്യാജരേഖകൾ നിർമ്മിച്ചും രേഖകളിൽ കൃത്രിമം കാണിച്ചും വില്ലേജ് അധികൃതർ എടത്താടൻ കമ്പനിക്ക് സഹായം നൽകുകയാണ ്‌ചെയ്തത്. കൃഷി ആവശ്യത്തിനായി പതിച്ചുനൽകിയ ഭൂമിയുടെ രേഖകളിൽ കൃത്രിമം കാണിച്ചും പൊതുറോഡും കൃഷിയിടങ്ങളും വീടുകളും ഒഴിവാക്കി ഭൂമിയുടെ സ്‌കെച്ചുകൾ നിർമ്മിച്ചു നൽകിയുമാണ് റവന്യൂ അധികൃതർ കമ്പനിയെ സഹായിച്ചത്. ഈ രേഖകൾ സമർപ്പിച്ചാണ് എടത്താടൻ ഗ്രാനൈറ്റസ് ഖനനത്തിന് അനുമതി നേടിയിട്ടുള്ളതെന്നാണ് സമര സമിതിയുടെ ആരോപണം.

കൊടശ്ശേരി മലനിരകളിൽ പണ്ട്കാലത്ത് കുടിയേറിയും കയ്യേറിയും കൃഷി നടത്തിയിരുന്നവർക്ക് സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ മഹാഭൂരിഭാഗവും ഇന്ന് എടത്താടൻ ഗ്രൂപ്പിന്റെ പക്കലാണ്. കൈമാറ്റം ചെയ്യാൻ നിയമപരമായി സാധ്യമല്ലാത്ത ഈ ഭൂമി ഖനനം നടത്തുന്നവർക്ക് ലഭിക്കാൻ പാകത്തിൽ രേഖകളിൽ കൃത്രിമം കാണിച്ചത് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരാണ്. പൊതുവഴിയിൽ നിന്ന് നിയമാനുസൃതമായ ദൂരം പാലിച്ച് മാത്രമെ ക്വാറിയും ക്രഷറും പ്രവർത്തിക്കാവൂ എന്ന നിയമവും എടത്താടൻ ഗ്രൂപ്പ് പാലിച്ചില്ല.

വർഷങ്ങളായി പ്രാദേശിക വിനോദസഞ്ചാരികളും നാട്ടുകാരും കുഞ്ഞാലിപ്പാറ കയറാൻ ഉപയോഗിച്ചിരുന്ന റോഡിനെ രേഖകളിൽ നിന്ന് അപ്പാടെ മായ്ച്ചു കളഞ്ഞാണ് ഈ നിയമത്തെ മറികടക്കാൻ വില്ലേജ് അധികൃതർ എടത്താൻ ഗ്രൂപ്പിന് സഹായം നൽകിയത്. പിന്നീട് ആ റോഡിൽ നിറയെ കുഴികളുണ്ടാക്കി അതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുകയാണ് കമ്പനി ചെയ്തത്.

പ്രളയകാലം നാട്ടുകാരെ സമരത്തിനിറക്കി

2018ലെ പ്രളയകാലത്ത് സംസ്ഥാനത്താകെ മണ്ണിടിച്ചിലും മറ്റ് ദുരന്തങ്ങളുമുണ്ടായ സമയത്താണ് നാട്ടുകാർ തങ്ങളുടെ നാട്ടിലെ ക്വാറിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത്. കവളപ്പാറയും പുത്തുമലയും തങ്ങളുടെ നാട്ടിലും സംഭവിക്കുമോ എന്ന ഭയം നാട്ടുകാരെ സമരത്തിലേക്ക് ഇറങ്ങുന്നതിന് പ്രേരിപ്പിച്ചു. സ്ഥലത്ത് ഉരുൾപൊട്ടിയാൽ സമീപത്തെ അഞ്ഞൂറോളം കുടുംബങ്ങൾ മണ്ണിനടിയിലാവുമെന്ന ഭീതിയാണ് നാട്ടുകാരെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മൂലം മണ്ണിടിയുമെന്നായിരുന്നു നാട്ടുകാരുടെ ഭയം. കുഞ്ഞാലിപ്പാറക്ക് താഴ്ഭാഗത്തുള്ള ഒമ്പതുങ്ങൽ, മൂന്നുമുറി പ്രദേശങ്ങൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഇവിടെ മലയിടിച്ചിലുണ്ടായാൽ വൻദുരന്തം തന്നെ സംഭവിക്കുകയും ചെയ്യും.

നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരം ആരംഭിച്ചു.അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ കുഞ്ഞാലിപ്പാറയിൽ നടക്കുന്ന ഖനനം അനധികൃതമാണെന്നും ഖനനം നടക്കുന്നത് വനഭൂമിയിലാണെന്നും നാട്ടുകാർ തിരിച്ചറിയുകയും ചെയ്തു. രണ്ട് വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് നാട്ടുകാരും മറ്റുള്ളവരും കോടശ്ശേരി മലമുഴുവൻ ഇവർ തുരന്ന് തീർക്കുന്നതായി മനസ്സിലാക്കുന്നത്. പുറമെ നിന്ന് കാണുമ്പോൾ മനസ്സിലായിരുന്നത് ഒറ്റ ക്വാറിയാണ് പ്രവർത്തിക്കുന്നത് എന്നാണ്. എന്നാൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മനസ്സിലായത് പല രേഖകളിൽ പല ക്വാറികളാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്ന്.

കഴിഞ്ഞ വർഷം മുതൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളവും എടത്താടൻ ഗ്രൈനൈറ്റസ് മലമുകളിൽ സംഭരിക്കാനും തുടങ്ങി. സമരം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ മാസം 5ാം തിയ്യതിയും പൊലീസ് സംരരക്ഷണത്തോട് കൂടി ക്വാറിയിൽ നിന്ന് കല്ലുകളുമായി പുറത്തേക്ക് വന്ന ലോറികൾ സമരസമിതി പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് ലോറി തടഞ്ഞ അഞ്ച് സ്ത്രീകളടക്കം 29 പേരെയാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. സമരസമിതി പ്രവർത്തകർക്കെതിരെ നിരോധനാജ്ഞ ലംഘിച്ചതും പകർച്ച വ്യാധി നിയന്ത്രണ നിയമവും അടക്കം വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.

കുഞ്ഞാലിപ്പാറയിൽ നിന്നും ഉത്ഭവിക്കുന്ന നിരവധി തോടുകളുടെ സുഗമമായ ഒഴുക്കിനെ ഖനനം സാരമായി ബാധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ തോടുകൾ ഗതിമാറി സമീപത്തെ കൃഷിയിടത്തിലൂടെയും പുരയിടങ്ങളിലൂടെയും ഒഴുകിയത്. ശക്തമായ മലവെള്ളപ്പാച്ചിലാണ് കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പ്രദേശത്ത് സംഭവിച്ചത്. ക്വാറികളിൽ സംഭരിച്ച വെള്ളം നിറഞ്ഞുകവിയുകയും മലയിടിച്ച് ഖനനം നടത്തിയത് കാരണം മലകൾക്ക് ജലം സംഭരിക്കാൻ കഴിയാതിരുന്നതും കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിന് കാരണമായി.

ക്വാറി പ്രവർത്തനം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

കുഞ്ഞാലിപ്പാറയിൽ നടക്കുന്നത് അനധികൃത ഖനനമാണെന്ന് തിരിച്ചറിഞ്ഞതോടെ സമരസമിതി ഹൈക്കോടതിയിൽ ഖനനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ഈ ഹർജിയിൽ എടത്താടൻ ഗ്രാനൈറ്റ്‌സ് ഖനന പ്രവർത്തനം നടത്തുന്ന ഭൂമി റിസർവ് വനഭൂമി ആണെന്ന സമരസമിതിയുടെ വാദം ഹൈക്കോടതി ശരിവെച്ചു. റിസർവ് വനഭൂമിയുടെ സ്റ്റാറ്റസ് ഉള്ള ഇവിടെ ഖനനം നടത്താൻ അനുമതി നൽകാൻ പാടുണ്ടോ എന്ന കാര്യം സംസ്ഥാന സർക്കാരിനോട് പരിശോധിച്ച് തീരുമാനം എടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ആയ വനം, റവന്യൂ, വ്യവസായം എന്നിവയിൽനിന്നും റിപ്പോർട്ടുകൾ നേടിയതിനു ശേഷവും, 2018-ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വൺ എർത്ത് വൺ ലൈഫ് വേഴ്‌സസ് മിനിസ്ട്രി ഓഫ് എൻവിയോൺമെന്റ് ആൻഡ് ഫോറസ്റ്റ് കേസിലെ വിധി ന്യായത്തിന് അനുസൃതമായും മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പാടുള്ളൂ എന്നും വിധിയിൽ പറഞ്ഞു. വിധിപകർപ്പ് കൈപ്പറ്റിയതിനുശേഷം ഒരു മാസത്തിനുള്ളിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണം എന്നാണ് കോടതി പറഞ്ഞിരുന്നത്. ഈ സർക്കാർ ഉത്തരവ് സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതി മുൻപാകെ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ക്വാറിപ്രവർത്തനത്തിന് അനുമതി നൽകികൊണ്ടുള്ള എന്തെങ്കിലും സർക്കാർ ഉത്തരവുകൾ ലഭിക്കുന്നതുവരെ ഒരു തരത്തിലുള്ള ഖനന പ്രവർത്തനവും ഈ ഭൂമിയിൽ എടത്താടൻ ഗ്രാനൈറ്റ്‌സ് നടത്താൻ പാടുള്ളതല്ല എന്നും ഹൈക്കോടതി വിധിയിൽ പ്രസ്താവിച്ചു.

എങ്കിലും ക്വാറിയിൽ അവശേഷിച്ചിരുന്ന കല്ല് ഉപയോഗിച്ച് ക്രഷർ പ്രവർത്തനം നടത്താവുന്നതാണെന്നും കോടതി പ്രസ്താവിച്ചു.എടത്താടൻ ഗ്രാനൈറ്റ്‌സ് ഖനന പ്രവർത്തനം നടത്തിയ ഭൂമി എത്രയും പെട്ടെന്ന് പഴയ രീതിയിൽ പുനഃസ്ഥാപിക്കണമെന്നും, ഈ ഭൂമിയിൽ വനവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും വിധിയിൽ പറയുന്നു. മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ, ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ ഇവ ഉറപ്പുവരുത്താനാണ് ഉത്തരവ്. 2020 ഡിസംബർ 31-നകം ഇത് പൂർത്തീകരിക്കണം എന്ന് കോടതി നിർദ്ദേശിച്ചു.എടത്താടൻ ഗ്രാനൈറ്റ്‌സിന് ലഭിച്ചിട്ടുള്ള എൻവിയോൺമെന്റൽ ക്ലിയറൻസിനെ സംബന്ധിച്ച് ഹർജിക്കാർ ഉന്നയിച്ചിട്ടുള്ള പ്രശ്‌നങ്ങൾ സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതിയോട് പരിശോധിക്കണമെന്നും(സംസ്ഥാന സർക്കാരിന്റെ ഈ വിഷയത്തിലുള്ള ഉത്തരവ് അറിഞ്ഞതിനുശേഷം), എൻവിയോൺമെന്റൽ ക്ലിയറൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഖനന ഭൂമിയുടെ പുനഃസ്ഥാപനം, വനവൽക്കരണം എന്നിവ ഉൾപ്പെടെ കർശനമായ വ്യവസ്ഥകൾ കൂടി പുതിയതായി ചേർക്കണമെന്നും വിധിയിൽ പറയുന്നു. ഈ കാര്യങ്ങൾ 2020 ഡിസംബർ 31നകം പൂർത്തീകരിക്കേണ്ടതാണ്.

ക്വാറിയിൽ ശേഖരിച്ചിരിക്കുന്ന അമിതമായ അളവിലുള്ള ജലവും, മണ്ണും ഒരു ദുരന്തം സൃഷ്ടിക്കാതിരിക്കേണ്ടത് ഉറപ്പുവരുത്തണം എന്ന് സംസ്ഥാന ദുരന്തനിവാരണ സമിതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെയും, തൃശൂർ ജില്ല ദുരന്ത നിവാരണ സമിതിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എടത്താടൻ ഗ്രാനൈറ്റ്‌സിന്റെ ക്വാറി പ്രദേശം ഉടൻ സന്ദർശിക്കണമെന്നും ആവശ്യമായ നിർദ്ദേശങ്ങൾ എടത്താടൻ ഗ്രാനൈറ്റ്‌സിനു നൽകണമെന്നും കോടതി പറഞ്ഞു.വിധിപ്പകർപ്പ് കിട്ടി ഒരു മാസത്തിനുള്ളിൽ കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് 2003-ലെ നിബന്ധനകൾക്ക് അനുസൃതമായി ഉള്ള പുതിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ എടത്താടൻ ഗ്രാനൈറ്റ്‌സ് നേടണമെന്നും അത് സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതി മുൻപാകെ സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

2020 ഡിസംബർ 31ന് ശേഷം ക്വാറി പ്രവർത്തനം നടത്തുന്ന കാര്യം ഈ സ്ഥാപനത്തിന്റെ എൻവിയോൺമെന്റൽ ക്ലിയറൻസുമായി ബന്ധപ്പെട്ട് സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതി തീരുമാനിക്കുന്ന പുതിയ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും മാത്രം അനുസരിച്ചായിരിക്കുമെന്ന് ഹൈക്കോടതിയുടെ വിധിയുണ്ടായി. എന്നാൽ ഈ വിധിയിൽ പിന്നീട് കമ്പനി അപ്പീൽ പോകുകയും വിധിക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. സർ്ക്കാർ ഭൂമിയിൽ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ സർക്കാറിനില്ലാത്ത പരാതികളെന്താിനാണ് നാട്ടുകാർക്ക് എന്നായിരുന്ന കമ്പനിയുടെ ചോദ്യം. ഈ ചോദ്യത്തോട് നീതി പുലർത്തുന്ന നിലപാടായിരുന്ന കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറും സ്വീകരിച്ചത്.

നാട്ടുകാരുടെ കുടിവെള്ളവും മുട്ടുന്നു

കൊടശ്ശേരി കൂമ്പൻ മലയും കുഞ്ഞാലിപ്പാറയുടെ അതീവ പരിസ്ഥിതി പ്രധാന്യമുള്ളതും പ്രകൃതി രമണീയ കാഴ്ചകളാൽ സമ്പന്നവുമായിരുന്നു. നിരവധി പ്രാദേശിക വിനോദ സഞ്ചാരികൾ എത്തിയിരുന്ന പ്രദേശമായിരുന്നു ഖനനം തുടങ്ങുന്നതിന് മുമ്പ് ഇവിടം. എന്നാൽ ഖനനം തുടങ്ങിയതോടെ വിനോദ സഞ്ചാരികൾ ഇങ്ങോട്ട് വരാതായി. കുഞ്ഞാലിപ്പാറയിലേക്കുള്ള വഴി മുഴുവൻ എടത്തനാട് ഗ്രാനൈറ്റസ് കുഴികളുണ്ടാക്കി സഞ്ചാര യോഗ്യമല്ലാതാക്കി. കുഞ്ഞാലിപ്പാറക്ക് സമീപമുള്ള പ്രദേശമെല്ലാം കമ്പനി വേലികെട്ടി പ്രവേശനം നിഷേധിച്ചു.കുഞ്ഞാലിപ്പാറയിലെ കരിങ്കൽ ക്വാറിയും ക്രഷറും പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിച്ചുവെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തി.

മേഖലയിലെ കാർഷികോല്പാദനം ഗണ്യമായി കുറയാനും വന്യജീവിശല്യം വർദ്ധിക്കാനും ഖനനപ്രവർത്തനങ്ങൾ കാരണമായിട്ടുണ്ടെന്ന് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റത്തൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഒമ്പതുങ്ങൽ പ്രദേശത്തെ കുഞ്ഞാലിപ്പാറ കുന്നിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണ് പരിഷത്തുകൊടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തിയത്. തെരഞ്ഞെടുത്ത 180 വീടുകളിലെ 706 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 238 പേർക്ക് ശ്വാസകോശരോഗങ്ങളും ത്വക് രോഗങ്ങളും ഉൾപ്പെടെ വിവിധ അസുഖങ്ങൾ ഉള്ളതായി കണ്ടെത്തി. കിണറുകളിലെ ജലവിതാനം ഗണ്യമായി കുറയുന്നതായും വെള്ളത്തിൽ അമ്ലാംശവും ഘനലോഹങ്ങളും കൂടിയ അളവിൽ കാണുന്നതായും സർവ്വേയിൽ കണ്ടെത്തി. കരിങ്കൽമടയിൽ നിന്നുള്ള തുടർച്ചയായ പ്രകമ്പനങ്ങൾ വന്യമൃഗങ്ങൾ കാടിറങ്ങി വരാൻ പ്രേരകമാകുന്നു. മൃഗങ്ങൾ കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ജനജീവിതം അക്ഷരാർത്ഥത്തിൽ ദുസ്സഹമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ജോൺ മത്തായി സെന്റർ ഡയറക്ടർ ഡോ. ഡി ഷൈജൻ, തൃശ്ശൂർ കേരളവർമ്മ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം തലവൻ ഡോ. ടി.ഡി. സൈമൺ, ഫോറസ്ട്രി കോളേജ് ഡീൻ ഡോ.കെ വിദ്യാസാഗർ, എന്നിവരുടെ നേതൃ്തവത്തിലാണ് സർവ്വെ നടന്നത്. സർവ്വേയിൽ ജോൺ മത്തായി സെന്ററിലെയും ഫോറസ്ട്രി കോളേജിലെയും വിദ്യാർത്ഥികളും പങ്കെടുത്തു.കേരള വന ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. ടി.വി. സജീവനാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. കേരളത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളുടെ പൊതുഅവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ് കുഞ്ഞാലിപ്പാറ പഠനറിപ്പോർട്ട് എന്ന് അദ്ദേഹം പറഞ്ഞു. 3000 മി.മി മഴ ലഭിക്കുന്ന കേരളത്തിൽ വേനലായാലുള്ള കുടിവെള്ളക്ഷാമത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ക്വാറികൾ, പരിസ്ഥിതിയിലെന്നപോലെ ജനാധിപത്യത്തിലും സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതെല്ലാം നടക്കുന്നത് സി രവീന്ദ്രനാഥിന്റെ മണ്ഡലത്തിൽ

പിണറായി വിജയൻ മന്ത്രിസഭയിലെ ഏറ്റവും വലിയ പ്രഖ്യാപിത പരിസ്ഥിതി വാദിയാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. തോമസ് ഐസക്കിനേക്കാളധികം ശാസ്ത്ര സാഹിത്യ പരിഷത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തി. ഈ മന്ത്രിസഭയിൽ പരിഷത്തിന് രണ്ട് മന്ത്രിമാരുണ്ടെന്ന് പരിഷത് പ്രവർത്തകർ സന്തോഷിച്ചിരുന്നത് രവീന്ദ്രനാഥിനെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിലാണ് ഇത്രയും വലിയ പാരിസ്ഥിതിക ചൂഷണം നടക്കുന്നത് എന്നത് പരിഷത്ത് പ്രവർത്തകരെ പോലും നാണം കെടുത്തുന്നു. പ്രദേശത്ത് പഠനം നടത്തിയ പരിഷത്ത് പ്രവർത്തകർക്ക് സ്ഥലം എംഎൽഎ എന്ന നിലയിലുള്ള സി രവീന്ദ്രനാഥിന്റെ നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് ഉത്തരം നൽകാനില്ലാതെ തലകുനിക്കേണ്ടി വരികയും ചെയ്തു. കഴിഞ്ഞ വർഷം കോടതിയിൽ നിന്ന് താത്കാലികമായി ക്വാറി നിർത്തി വെക്കാനുള്ള ഉത്തരവുണ്ടായപ്പോൾ എടത്താടൻ ഗ്രാനൈറ്റ്‌സ് ഇനി തുറക്കുന്നതിന് അനുകൂലമായി യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നു ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു.

മന്ത്രി സി. രവീന്ദ്രനാഥ് സമര സമിതി പ്രവർത്തകരെ വിളിച്ച് ചേർത്ത ചർച്ചയിലാണ് അന്ന് ഇക്കാര്യം പറഞ്ഞത്. വനം, റവന്യൂ, ജലവിഭവ വകുപ്പ് മന്ത്രിമാർക്കുള്ള പരാതികളും മന്ത്രിക്ക് സമരസമിതി കൈമാറിയിരുന്നു. സമരത്തോട് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള കുഞ്ഞാലിപ്പാറ സംരക്ഷണസമിതിയുടെ നിർദ്ദേശങ്ങളും മന്ത്രിക്കു കൈമാറിയിരുന്നു. ജനങ്ങളുടെ ആശയ്‌ക്കൊപ്പമാണ് സർക്കാരെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമായിരുന്നു എന്നാണ് ഇപ്പോഴും കുഞ്ഞാലിപ്പാറയിൽ നിന്നും ദിനംപ്രതി നൂറ് കണക്കിന് ലോറികൾ കരിങ്കല്ലും പാറപ്പൊടിയുമായി പുറത്തേക്ക് പോകുന്നത് കാണുമ്പോൾ മനസ്സിലാകുന്നത്. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയാണ് കമ്പനി പ്രവർത്തിക്കുന്നത് എന്നാണ് ഇപ്പോൾ മന്ത്രിയുടെ നിലപാട്്.

എന്നാൽ സർക്കാറിന്റെയും പബ്ലിക് പ്രൊസിക്യൂട്ടറുടെയും നിഷ്‌ക്രിയത്വം കാരണമാണ് കോടതിയിൽ നിന്ന് കമ്പനിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതിന് കാരണമായതെന്ന് പകൽപോലെ വ്യക്തമാണ്. വനഭൂമിയുടെ അവകാശി സർക്കാറാണ്. ആ സർക്കാറിനില്ലാത്ത ആവലാതിയെന്തിനായണ് നാട്ടുകാർക്ക് എന്നാണ് അധികൃതർ ചോദിക്കുന്നത്. കോൺഗ്രസിനകത്തെ വലിയ പരിസ്ഥിതി വാദികളിൽ പ്രമുഖനാണ് ടിഎൻ പ്രതാപൻ. അദ്ദേഹമാണ് സ്ഥലത്തെ എംപി. തീരദേശ ജനതയുടെ അവകാശങ്ങൾക്ക് എപ്പോഴും പോരാടുന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം.

എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നാളിതുവരെയായി കൃത്യമായൊരു ഇടപെടൽ നാട്ടുകാരുടെ ആശങ്കപരിഹരിക്കാൻ ഉണ്ടായിട്ടില്ല. സമരപന്തലിൽ വന്ന് എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും പ്രദേശത്തെ ജനപ്രതിനിധികളും ഐക്യദാർഢ്യം പ്രഖ്യാപിക്കുമെങ്കിലും ഖനനം നിർത്താനാവശ്യമായ ഇടപെടലുകൾ സർക്കാർ തലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ നടത്താൻ അവരാരും തയ്യാറായിട്ടുമില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP