Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടണിൽ തന്നെ പാലിയേറ്റീവ് കെയർ നഴ്‌സിങ് നടത്തുന്ന ചുരുക്കം നഴ്‌സിങ് ഹോമുകളിൽ ഒന്നിനെ മികച്ച നിലവാരത്തിൽ എത്തിച്ച മാനേജ്‌മെന്റ് വൈദഗ്ധ്യം; ബ്രിട്ടണിലെ ആർസിഎൻ മികച്ച നഴ്‌സുമാരെ തേടി ആയിരക്കണക്കിന് പേരിൽ നിന്നും ആറു പേരെ ഫൈനൽ പട്ടികയിൽ തിരഞ്ഞെടുത്തപ്പോൾ അതിലൊരാൾ മലയാളി നഴ്സ്; സട്ടനിലെ പാലിയേറ്റീവ് കെയർ ഹോമിൽ നടക്കുന്നത് മാതൃകയായ പരിഷ്‌കാരങ്ങൾ; രേഖ ഗോവിന്ദ് റോൾ മോഡലെന്ന് അവാർഡ് ഏജൻസി

ബ്രിട്ടണിൽ തന്നെ പാലിയേറ്റീവ് കെയർ നഴ്‌സിങ് നടത്തുന്ന ചുരുക്കം നഴ്‌സിങ് ഹോമുകളിൽ ഒന്നിനെ മികച്ച നിലവാരത്തിൽ എത്തിച്ച മാനേജ്‌മെന്റ് വൈദഗ്ധ്യം; ബ്രിട്ടണിലെ ആർസിഎൻ മികച്ച നഴ്‌സുമാരെ തേടി ആയിരക്കണക്കിന് പേരിൽ നിന്നും ആറു പേരെ ഫൈനൽ പട്ടികയിൽ തിരഞ്ഞെടുത്തപ്പോൾ അതിലൊരാൾ മലയാളി നഴ്സ്; സട്ടനിലെ പാലിയേറ്റീവ് കെയർ ഹോമിൽ നടക്കുന്നത് മാതൃകയായ പരിഷ്‌കാരങ്ങൾ; രേഖ ഗോവിന്ദ് റോൾ മോഡലെന്ന് അവാർഡ് ഏജൻസി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ബ്രിട്ടനിലെ നഴ്‌സിങ് മേഖലയിലെ അവാർഡുകളിൽ ഏറ്റവും പ്രസ്റ്റീജ് എന്ന വിഭാഗത്തിൽ പെട്ട ആർസിഎൻ നഴ്‌സിങ് അവാർഡ് കഴിഞ്ഞ ദിവസം വിതരണം ചെയ്യപ്പെട്ടപ്പോൾ അവസാന റൗണ്ടിൽ എത്താൻ ഭാഗ്യം കിട്ടിയ ആറുപേരിൽ ഒരാളായതു മലയാളിയായ രേഖ ഗോവിന്ദ്. അനേകായിരം നഴ്‌സുമാരിൽ നിന്നുമാണ് ആർസിഎൻ ഈ തിരഞ്ഞെടുപ്പ് നടത്തിയത് എന്നതാണ് ഏറ്റവും പ്രധാനം.

രാജ്യത്തു തന്നെ പാലിയേറ്റീവ് കെയർ നഴ്‌സിങ് നടത്തുന്ന ചുരുക്കം നഴ്‌സിങ് ഹോമുകളിൽ ഒന്നിനെ മികച്ച നിലവാരത്തിൽ എത്തിച്ച മാനേജ്‌മെന്റ് വൈദഗ്ധ്യമാണ് രേഖ ഗോവിന്ദിനെ ഈ അപൂർവ നേട്ട പട്ടികയിൽ എത്തിക്കാൻ കാരണമായത്. അവസാന വിജയി ആയി മാറിയില്ലെങ്കിലും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറുപേരിൽ ഒരാളായി എന്നത് തന്നെ ജീവിതത്തിലെ ഭാഗ്യമായി രേഖ കരുതുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട ഏക ഏഷ്യാക്കാരിയും രേഖ തന്നെ ആയിരുന്നു.

സൗത്ത് വാർവിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിലെ സ്റ്റാഫ് നഴ്സ് ഇസബെൽ കോറി, എൻഎച്ച്എസ് വാൽസാൽ ക്ലിനിക്കൽ ഗ്രൂപ്പ് മാനേജർ മേരി പെറി, സെൻട്രൽ ലണ്ടൻ ട്രസ്റ്റിലെ എച്ച്ഐവി സ്പെഷ്യലിസ്റ്റ് നഴ്സ് മേരി മക്കാരു, വെസ്റ്റേൺ ഹെൽത്ത് ട്രസ്റ്റിലെ ഹെൽത്ത് വിസിറ്റർ നോറീൻ ഫെർഗൂസൻ, ആസ്പയർ ഹെൽത്ത് കെയർ ഗ്രൂപ്പിലെ മെന്റൽ നഴ്സ് റെബേക്ക ബെറ്റ്സ് റിച്ചാർഡ് എന്നിവരോടൊപ്പമാണ് സട്ടനിലെ ചെഗവർത്ത് നഴ്‌സിങ് ഹോം മാനേജർ രേഖ ഗോവിന്ദും മത്സരിക്കാൻ എത്തിയത്. ആയിരക്കണക്കിന് മലയാളി നഴ്‌സുമാർ ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും ജോലി ചെയ്യുന്നതിനാൽ അവരുടെയൊക്കെ പ്രതിനിധിയായി മത്സരിച്ച രേഖ മുഴുവൻ യുകെ മലയാളികളുടെയും അഭിമാനമായി മാറുകയാണ്.

പത്തുവർഷമായി മാനേജർ, 17 വർഷമായി ഒരേ സ്ഥാപനത്തിൽ

യുകെ മലയാളികളിൽ അധികം പേർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു നേട്ടവും രേഖാക്കൊപ്പമുണ്ട്. അഡാപ്റ്റേഷൻ കഴിഞ്ഞു നഴ്സ് ആയി ജോയിൻ ചെയ്ത സ്ഥാപനത്തിൽ തന്നെ പ്രവർത്തന മികവിൽ ഡെപ്യൂട്ടി മാനേജരായി, ഒടുവിൽ മാനേജർ കസേരയിലും. കഴിഞ്ഞ പത്തുവർഷമായി രേഖയാണ് ഈ ഹോമിന്റെ മാനേജർ പദവിയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

ജോലിയിൽ പ്രവേശിച്ചു വെറും മൂന്നു വർഷത്തിൽ ഡെപ്യൂട്ടി മേട്രൺ ആയതും രേഖയുടെ പേരിൽ ഉള്ള മറ്റൊരു നേട്ടം തന്നെ. ഇത്തരത്തിൽ അപൂർവ്വ നേട്ടങ്ങളോടൊപ്പം താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ മികവിന്റെ ശ്രദ്ധ കേന്ദ്രമാക്കാനും രേഖയ്ക്ക് സാധിച്ചു എന്നതും ആർസിഎൻ അവാർഡ് ലിസ്റ്റിന് ഒപ്പം ചേർത്തു വായിക്കണം. ഇന്ന് രാജ്യത്തു തന്നെ പാലിയേറ്റീവ് കെയറിൽ മികച്ച ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുന്ന സ്ഥാപനമാണ് രേഖയുടെ നിയന്ത്രണത്തിൽ ഉള്ളത്.

മൂന്നു മാസം മാത്രം ജീവിച്ചിരിക്കും എന്ന് ഡോക്ടർമാർ, രേഖയുടെ പരിചരണത്തിൽ രോഗി സുഖ ജീവിതത്തിൽ

ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളുടെ കാര്യത്തിൽ ബ്രിട്ടനിലെ ഡോക്ടർമാർ വിധി എഴുതിയാൽ അതിൽ നിന്നും മറിച്ചൊന്നും സംഭവിക്കുക സാധാരണമല്ല. എന്നാൽ രേഖയുടെ പരിചാരണത്തിൽ എത്തിയ 68 കാരിയായ വൃദ്ധയുടെ കാര്യത്തിൽ വിധി മാറ്റത്തിനു തയ്യാറായി. വയറ്റിൽ അൾസർ പൊട്ടി ഗുരുതരാവസ്ഥയിൽ ആയ രോഗിക്ക് മേജർ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കലശലായ വേദനയും. ഡോക്ടർമാർ നൽകിയത് കേവലം മൂന്നു മാസത്തെ ആയുസാണ്.

ഒടുവിൽ സാന്ത്വന ചികിത്സയ്ക്ക് വേണ്ടിയാണു രേഖയുടെ കെയർ ഹോമിൽ എത്തുന്നത്. ക്ലിനിക്കൽ ലീഡ് ആയി പ്രവർത്തിക്കുന്ന രേഖയുടെയും സഹ നഴ്‌സുമാരുടെയും നിരന്തര പരിചരണത്തിൽ ഈ രോഗി ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്കു മടങ്ങി. അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ് ഹൈലൈറ്റ്. മാത്രമല്ല രേഖയെ ബെസ്റ്റ് നഴ്‌സായി ആർസിഎൻ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്തതും ഈ രോഗി തന്നെയാണ്. തന്റെ ജീവൻ തിരിച്ചു നൽകിയതിന് അവരുടെ കടപ്പാട് പ്രകടിപ്പിച്ചത് അത്തരത്തിലാണ്. രേഖയെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാനാകാത്ത രോഗി കൂടിയാണ് ആ വൃദ്ധ.

മറ്റിടങ്ങളിൽ രോഗികൾ പിടഞ്ഞു വീണപ്പോൾ കോവിഡിൽ തിരിച്ചു പിടിച്ചത് 30 ജീവനുകൾ

കോവിഡ് യുകെയിൽ ഏറ്റവും അധികം ജീവനെടുത്തത് കെയർ ഹോമുകളിൽ ആണെന്ന റിപ്പോർട്ടിൽ രോഗികളെയും ബിസിനസും നഷ്ടമായ കഥകളാണ് ഭൂരിഭാഗം പേർക്കും പറയാനുള്ളത്. എന്നാൽ 35 രോഗികൾ ഉള്ള കെയർ ഹോമിൽ രണ്ടു രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ മടിച്ചിരിക്കാതെ മുഴുവൻ രോഗികൾക്കും സ്റ്റാഫിനും കോവിഡ് റാപിഡ് ടെസ്റ്റ് നടത്തിയതോടെ 30 രോഗികളുടെയും ജീവൻ തിരിച്ചു പിടിക്കാൻ രേഖക്കും ടീമിനുമായി.

ആകെ നാലു രോഗികളാണ് ഇവിടെ കോവിഡ് മൂലം മരിച്ചത്. ടെസ്റ്റ് നടത്തിയപ്പോൾ 30 രോഗികൾക്കും 17 സ്റ്റാഫിനും കോവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രികളിൽ നൽകുന്നതിനേക്കാൾ മികച്ച ക്ലിനിക്കൽ പരിചരണം നൽകിയാണ് രേഖ രോഗികളുടെയും ജീവനക്കാരുടെയും മുന്നിൽ സൂപ്പർ ഹീറോ ആയി മാറിയത്.

എൻഡ് ഓഫ് ലൈഫ് കെയറിൽ വ്യത്യസ്ത മാതൃക, ഒപ്പം മാതൃക അവാർഡുകളും

രാജ്യത്തെ മിക്ക നഴ്‌സിങ് ഹോമുകളും എൻഡ് ഓഫ് കെയർ ആയി ബന്ധപ്പെട്ട ഡിഎസ്‌പി ടൂൾ കിറ്റ് നടപ്പിലാക്കാൻ മടിച്ചു നിന്നപ്പോൾ ഏറ്റവും വേഗത്തിൽ ഈ മാതൃക നടപ്പാക്കാൻ രേഖ തയ്യാറായി. ഇതോടെ ചെഗവർത്ത് ഹോമിനെ തേടിയെത്തിയത് ഇന്നൊവേഷൻ അവാർഡായിരുന്നു. രോഗിയുടെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ആംബുലൻസ് ടീം, ഹോസ്പിറ്റൽ എന്നിവർക്ക് പോലും ലഭ്യമാകുന്ന തരത്തിലാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്. യഥാർത്ഥ റോൾ മോഡൽ എന്നാണ് രേഖയെ അവാർഡ് ഏജൻസി വിശേഷിപ്പിച്ചത് തന്നെ. ഇപ്പോൾ മിക്ക നഴ്‌സിങ് ഹോമുകളും ഈ മാതൃക പിന്തുടരുകയാണ്. കഴിഞ്ഞ വർഷം തന്നെ രേഖയുടെ ഹോമിന് ബേസ്ഡ് കെയർ അവാർഡും ലഭിച്ചിരുന്നു.

എയിംസിലെ ശിക്ഷണം, റാങ്ക് മെഡൽ ജേതാവിന്റെ പ്രതിഭ

ചേർത്തല എസ് എൻ നഴ്സിങ് സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയാണ് രേഖ. സ്വർണ മെഡലോടെ റാങ്ക് ജേതാവായ രേഖ തുടർന്ന് ഡൽഹി അപ്പോളോയിലാണ് എത്തിയത്. അവിടെ നിന്നും എയിംസിൽ പ്രവർത്തിച്ച വർഷങ്ങളാണ് രേഖയിലെ യഥാർത്ഥ നഴ്‌സിനെ വളർത്തിയെടുത്തത്. ക്ലിനിക്കൽ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ വേഗത്തിൽ പഠിക്കാൻ തയ്യാറാകുന്ന രേഖ രോഗികളുടെ കാര്യത്തിൽ ഏതുറക്കത്തിൽ വിളിച്ചു ചോദിച്ചാലും അപ്‌ഡേറ്റ് ആയി മറുപടി പറയാൻ കഴിയുന്ന മാനേജർ കൂടിയാണ്.

വീടിനേക്കാൾ നഴ്‌സിങ് ഹോമിൽ ചിലവഴിക്കുന്ന രേഖ എല്ലാ ദിവസവും ഒരു നേരം ഹോമിൽ റൗണ്ട്സിന് എത്തും എന്നതും പ്രത്യേകതയാണ്. രോഗികൾക്കും ജീവനക്കാർക്കും ഏതു പരാതിയിലും രേഖയുടെ കയ്യിൽ ഒരു പരിഹാരം ഉണ്ടായിരിക്കും. ഓഫീസിൽ മാനേജരായിരിക്കുന്നതിനു പകരം ''ഹാൻഡ്‌സ് ഓൺ '' മാനേജർ എന്നറിയപ്പെടാനാണ് രേഖയുടെ ആഗ്രഹവും ഇഷ്ടവും.

മലയാറ്റൂർ സ്വദേശിയായ ഭർത്താവ് ഗോവിന്ദും ഇപ്പോൾ രേഖയുടെ നഴ്‌സിങ് ഹോമിൽ തന്നെ ജീവനക്കാരനാണ്. പതിനൊന്നിൽ പഠിക്കുന്ന നീരജയും എട്ടിൽ പഠിക്കുന്ന മിയാനയുമാണ് ഈ ദമ്പതികളുടെ മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP