Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാരിയെല്ല് തകർന്നു; നെഞ്ചിലെ എല്ലും പൊട്ടി; ശരീരത്തിന്റെ പിൻഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടർച്ചയായി അടിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാർന്നൊലിച്ചു; ദേഹമാസകലവും തലയിലും രക്തം കട്ടപിടിച്ചതിന്റെ പാടുകളെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പൊളിയുന്നത് അമ്പിളിക്കലയിലെ അപസ്മാര കഥ; കഞ്ചാവ് കേസിലെ പ്രതി ഷെമീറിന്റേതും കസ്റ്റഡി കൊല തന്നെ; പൊലീസിനേയും ജയിൽ വകുപ്പിനേയും വെട്ടിലാക്കി സത്യം പുറത്ത്

വാരിയെല്ല് തകർന്നു; നെഞ്ചിലെ എല്ലും പൊട്ടി; ശരീരത്തിന്റെ പിൻഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടർച്ചയായി അടിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാർന്നൊലിച്ചു; ദേഹമാസകലവും തലയിലും രക്തം കട്ടപിടിച്ചതിന്റെ പാടുകളെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പൊളിയുന്നത് അമ്പിളിക്കലയിലെ അപസ്മാര കഥ; കഞ്ചാവ് കേസിലെ പ്രതി ഷെമീറിന്റേതും കസ്റ്റഡി കൊല തന്നെ; പൊലീസിനേയും ജയിൽ വകുപ്പിനേയും വെട്ടിലാക്കി സത്യം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കഞ്ചാവു കേസിൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ മരിച്ച തിരുവനന്തപുരം പള്ളിക്കുന്ന് പുത്തൻ വീട്ടിൽ ഷെമീറിന്റെത് മർദ്ദനം മൂലമുള്ള മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതോടെ ഇതും കസ്റ്റഡി കൊലകാതകമായി മാറുകയാണ്. പിണറായി സർക്കാരിനേയും പൊലീസിനേയും ജയിൽ അധികൃതരേയും പ്രതിക്കൂട്ടിലാക്കുന്ന മരണം. അതിക്രൂര മർദ്ദനം ഷെമീറിന് ഏറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദീകരിക്കുന്നത്.

വാരിയെല്ലുകൾ തകർന്നു. നെഞ്ചിലെ എല്ലും പൊട്ടി. ശരീരത്തിൽ മർദനത്തിന്റെ 40 പാടുകളുണ്ട്. തലയിൽ ഗുരുതര പരുക്കും ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ പൊട്ടുകയും നെഞ്ചിൽ ഏഴിടത്തു കടുത്ത മർദനം ഏൽക്കുകയും ചെയ്തിട്ടുണ്ട്. ശരീരത്തിന്റെ പിൻഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടർച്ചയായി അടിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാർന്നൊലിച്ചിരുന്നു. ദേഹമാസകലവും തലയിലും രക്തം കട്ടപിടിച്ചതിന്റെ പാടുകളുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതായത് ക്രൂര കസ്റ്റഡി മരണമാണ് സംഭവിച്ചതെന്നാണ് സാരം.

വിയ്യൂർ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രമായ 'അമ്പിളിക്കല' ഹോസ്റ്റലിൽ പാർപ്പിച്ചിരുന്ന പ്രതി കഞ്ചാവ് കിട്ടാതെ വന്നപ്പോൾ അക്രമാസക്തനായെന്നാണ് ജയിൽ അധികൃതർ പറയുന്നത്. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഷെമീർ പിറ്റേന്നു പുലർച്ചെ മരിച്ചു. 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും സെപ്റ്റംബർ 29ന് ആണു കസ്റ്റഡിയിലെടുത്തത്. റിമാൻഡ് ചെയ്തതോടെ കോവിഡ് ഇല്ലെന്നു സ്ഥിരീകരിക്കും വരെ അമ്പിളിക്കലയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം.

റിമാൻഡിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം സ്വദേശി ഷമീറാണ് തൃശൂരിലെ അമ്പിളിക്കല കോവിഡ് കെയർ സന്റെറിൽ മരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ജീവനക്കാരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കഴിഞ്ഞദിവസം മറ്റൊരു പ്രതിയായ തേഞ്ഞിപ്പലം സ്വദേശി ഷാഫിക്ക് മർദനമേറ്റതിനെ തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് ഷമീറിന്റെ മരണവും ഉൾപ്പെടുന്നത്. വിയ്യൂർ സബ് ജയിലിൽനിന്നുള്ള വാർഡന്മാരാണ് അമ്പിളിക്കല കോവിഡ് കെയർ സന്റെറിലെ ചുമതലക്കാർ. ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഈ ദിവസം തന്നെയാണ് ഷമീറിനെയും ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ 29ന് രാവിലെയാണ് ഷമീറിനെയും ഭാര്യയെയുമുൾപ്പെടെ നാലുപേരെ കാറിൽ കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റ് ചെയ്തത്. അന്ന് രാത്രി ഒമ്പതോടെയാണ് അമ്പിളിക്കലയിൽ എത്തിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണ് പൊലീസ് കോവിഡ് കെയർ സന്റെറിലാക്കിയത്. പിറ്റേന്ന് രാവിലെയാണ് ശാരീരിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

ഇവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും വീണ്ടും കോവിഡ് കെയർ സന്റെറിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ എത്തി ഷമീറിനെ മർദിച്ചതായാണ് പൊലീസ് നിഗമനം. അന്ന് രാത്രിയിലാണ് ഷമീറിനെ അവശനിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പുലർച്ച മരിച്ചു. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉള്ളതായി ബന്ധുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടും. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

തൃശൂർ ശക്തൻ സ്റ്റാൻഡിൽ വച്ചാണ് ഈസ്റ്റ് പൊലീസ് ഷെമീർ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്. ഷെമീറിന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് സഹോദരൻ പറഞ്ഞു. തലയിലും നെറ്റിയിലും മുറിവുകളും മുഖത്ത് ക്ഷതവുമുണ്ട്. റിമാൻഡിലിരിക്കെ ഷെമീറിനെ പാർപ്പിച്ച അമ്പിളിക്കല കോവിഡ് കെയർ സെന്ററിൽ വച്ചാണോ പൊലീസ് കസ്റ്റഡിയിലാണോ മർദ്ദനമേറ്റതെന്ന് വ്യക്തമല്ലെന്നും അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മരണത്തിന് മുമ്പ് പൊലീസ് സ്റ്റേഷനിൽവച്ച് കാണുമ്പോൾ ഷെമീറിന്റെ നെറ്റിയിലെ മുറിവിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.10 കിലോ കഞ്ചാവുമായി ഷെമീറും ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി ഷെമീറിനെ റിമാൻഡ് ചെയ്ത് പ്രതികളെ താമസിപ്പിക്കുന്ന അമ്പിളിക്കല കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. അവിടെവച്ച് കുഴഞ്ഞു വീണതിനാൽ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരോപണങ്ങൾ നിഷേധിച്ച പൊലീസ് കോവിഡ് കെയർ സെന്ററിൽവച്ച് ഷെമീറിന് അപസ്മാരത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP