Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊണ്ടു വന്നത് 17000 കിലോ ഈന്തപ്പഴം; കൊടുത്തു തീർത്തതിന് കണക്കുള്ളത് 10,000 കിലോയ്ക്ക് മാത്രം; ബാക്കി എവിടെ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല; കമ്മീഷൻ തുക ഡോളറാക്കി മാറ്റി ഗൾഫിലേക്ക് കടത്തിയതിന് പിന്നിലും ശിവശങ്കര ബുദ്ധി; കമ്മീഷൻ തുക ദുബായിൽ നിക്ഷേപിച്ചെന്നും വിലയിരുത്തൽ; മൊഴികളും തെളിവുകളും കൂട്ടിയിണക്കി ഐഎഎസുകാരനെ പ്രതിയാക്കാൻ കസ്റ്റംസ്; ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും; ഈന്തപ്പഴക്കടത്തിൽ ശിവശങ്കർ കുടുങ്ങാൻ സാധ്യത

കൊണ്ടു വന്നത് 17000 കിലോ ഈന്തപ്പഴം; കൊടുത്തു തീർത്തതിന് കണക്കുള്ളത് 10,000 കിലോയ്ക്ക് മാത്രം; ബാക്കി എവിടെ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല; കമ്മീഷൻ തുക ഡോളറാക്കി മാറ്റി ഗൾഫിലേക്ക് കടത്തിയതിന് പിന്നിലും ശിവശങ്കര ബുദ്ധി; കമ്മീഷൻ തുക ദുബായിൽ നിക്ഷേപിച്ചെന്നും വിലയിരുത്തൽ; മൊഴികളും തെളിവുകളും കൂട്ടിയിണക്കി ഐഎഎസുകാരനെ പ്രതിയാക്കാൻ കസ്റ്റംസ്; ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും; ഈന്തപ്പഴക്കടത്തിൽ ശിവശങ്കർ കുടുങ്ങാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തു സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ കസ്റ്റംസ് പതിനൊന്നു മണിക്കൂറാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് അടക്കം എല്ലാം ചോദിക്കുന്നുണ്ട്.

ഈന്തപ്പഴം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് നൽകാൻ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയിൽ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം. ഇതിൽ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. യുഎഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുവെന്ന ആരോപണത്തിലാണ് ഇപ്പോൾ പ്രധാനമായും എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

കോൺസുലേറ്റ് ജനറലിന്റെ പേരിലെത്തിയ ഈന്തപ്പഴം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് നൽകാൻ സാമൂഹ്യനീതി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2017 മെയ്‌ 26ന് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോൺസൽ ജനറലും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എന്നാൽ പദ്ധതി സംബന്ധിച്ച് യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴി.

ശിവശങ്കർ വാക്കാൽ നൽകിയ നിർദേശപ്രകാരമാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്നും അനുപമയുടെ മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 10.30 ഓടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കർ ചോദ്യംചെയ്യൽ പൂർത്തിയായതോടെ രാത്രി വൈകിയാണ് പുറത്തിറങ്ങിയത്.

യുഎഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസ് ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. സ്വപ്ന സുരേഷും സംഘവും സ്വർണക്കടത്തിന് ഇദ്ദേഹത്തിന്റെ സഹായം ഏതെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്തിയോ എന്നും അധികൃതർ ആരായാൻ ശ്രമിച്ചു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ രാവിലെ 10.30 ഓടെ ഹാജരാകാനായിരുന്നു കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നത്. കൃത്യ സമയത്ത് തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. ഇത് രണ്ടാം തവണയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കർ കസ്റ്റംസിന് മുന്നിലെത്തുന്നത്.

വിവിധ ഇടപാടുകളിലെ കമ്മീഷൻ തുക നിയമവിരുദ്ധമായി ഡോളറാക്കി മാറ്റാൻ പ്രതികൾക്കു ശിവശങ്കറിന്റെ സഹായം ലഭിച്ചെന്നു കസ്റ്റംസ് പറയുന്നു. അദ്ദേഹം സ്വകാര്യ ബാങ്ക് മാനേജരെ സ്വാധീനിച്ചാണു വൻതുക ഡോളറാക്കിയത്. സ്വപ്ന സുരേഷ്, സന്ദീപ് നായർ, ബാങ്ക് മാനേജർ എന്നിവരുടെ മൊഴിയും തെളിവുകളും തമ്മിൽ കൂട്ടിയിണക്കാനായാൽ ശിവശങ്കറെ പ്രതിചേർക്കും.

തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിൽ ചീഫ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വഴിയാണു ഡോളർ ദുബായിലേക്കു കടത്തിയത്. കള്ളപ്പണം ഇവിടെ സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്നു കണ്ടായിരുന്നു അത്. പണം സുരക്ഷിതമായി ദുബായിൽ നിക്ഷേപിച്ചിട്ടുണ്ടെന്നു കരുതുന്നു. കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഖാലിദിനെയും പ്രതിചേർക്കും.

നയതന്ത്ര ഉദ്യോഗസ്ഥനല്ലാത്തതിനാൽ ഇയാൾക്കു നയതന്ത്ര പരിരക്ഷയില്ല. വിട്ടുകിട്ടാനുള്ള നടപടി സ്വീകരിക്കാനും കഴിയും. കോൺസൽ ജനറലിൽനിന്നും അറ്റാഷെയിൽനിന്നും വിവരം ശേഖരിക്കാൻ എൻ.ഐ.എ. ശ്രമിച്ചെങ്കിലും നയതന്ത്ര പരിരക്ഷ തടസമായിരുന്നു.
നയതന്ത്ര ബാഗേജിൽ 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നതു കേന്ദ്രാനുമതി ഇല്ലാതെയാണ്. കോൺസുലേറ്റാണ് ഈന്തപ്പഴം കൊണ്ടുവന്നതെന്നും വിതരണം ചെയ്യാനായി സർക്കാരിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും ശിവശങ്കർ ഇന്നലെ കസ്റ്റംസിനോടു പറഞ്ഞു.

മേലധികാരിയായ ശിവശങ്കറിന്റെ നിർദേശാനുസരണമാണ് താൻ ഈന്തപ്പഴം ഏറ്റുവാങ്ങിയതെന്നു സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ നേരത്തേ മൊഴി നൽകിയിരുന്നു. ഈന്തപ്പഴം വിതരണത്തിനു സൗകര്യം ഒരുക്കിയതിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും ശിവശങ്കറിനെ അറിയിച്ചിരുന്നെന്നും അനുപമ പറഞ്ഞതോടെയാണു കസ്റ്റംസ് ശിവശങ്കറിനെ വീണ്ടും വിളിച്ചുവരുത്തിയത്.

സാമൂഹികസുരക്ഷാ വകുപ്പിനു കീഴിലുള്ള അനാഥമന്ദിരങ്ങളിലും സ്പെഷൽ സ്‌കൂളുകൾ, ബഡ്സ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും വിതരണം ചെയ്യാനെന്ന പേരിലാണു കിലോയ്ക്ക് 2,000 രൂപ വരെ വിലവരുന്ന ഈന്തപ്പഴം കൊണ്ടുവന്നത്.
10,000 കിലോ വിതരണം ചെയ്തതായി കണ്ടെത്തി. ബാക്കി എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.

സ്വപ്ന സുരേഷും പി.എസ്. സരിത്തും ചേർന്നാണു കൊച്ചി തുറമുഖത്തെത്തി ഈന്തപ്പഴം ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിൽ സ്വർണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP