Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബറേക്ക: ഒരു സംഗീതഭൂപടം

ബറേക്ക: ഒരു സംഗീതഭൂപടം

ഷാജി ജേക്കബ്‌

'Space is a locale of cultural practices' .

'പാട്ടില്ലെങ്കിൽ നാം എത്ര നിസ്സാരരായി പോകുമായിരുന്നു?' നൗറീൻ, ബറേക്ക.

ഫ്രഞ്ച് ചിന്തകനായ ഹെന്റിലെവ്‌റെ ദേശങ്ങളെ വ്യത്യസ്ത സ്വരൂപങ്ങളിൽപെടുന്ന ഇടങ്ങളായി നിർവചിച്ചുകൊണ്ടവതരിപ്പിക്കുന്ന സ്ഥലസങ്കല്പം (experiensed, perceived, imagined, cultural...) നോവലിനെ സാംസ്‌കാരിക ഭൂമിശാസ്ത്രമെന്ന നിലയിൽ വിശകലനം ചെയ്യാൻ സഹായിക്കും. മിഷെൽ ഫൂക്കോ മുതൽ ഡേവിഡ് ഹാർവിയും യുഡേറവെൽറ്റിയും മാൽക്കം ബ്രാഡ്ബറിയും വരെയുള്ളവർ മുന്നോട്ടുവച്ച സമൂഹത്തിലെ/സാഹിത്യത്തിലെ/നോവലിലെ സ്ഥലസങ്കല്പങ്ങളെക്കുറിച്ചുള്ള ചിന്തകളും ഈയന്വേഷണങ്ങളെ ബലപ്പെടുത്തുന്നതാണ്. Fiction depends for its life on space എന്ന് വെൽറ്റി. യഥാർഥസ്ഥലങ്ങളെ ഭാവനാഭൂപടങ്ങളാക്കി പുനഃസൃഷ്ടിക്കുന്ന മാന്ത്രിക കലയാണ് നോവൽ എന്നുപോലും പറയാവുന്ന വിധം സ്ഥലബദ്ധവും കേന്ദ്രിതവുമാണ് ഈ സാഹിത്യരൂപം. മലയാളത്തിലും സ്ഥിതി മറ്റൊന്നല്ല.

പൊന്നാനിയാണ് ആധുനിക മലയാളസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക സ്ഥലങ്ങളിലൊന്ന്. കെ. കേളപ്പൻ, ഇടശ്ശേരി, ഉറൂബ്, അക്കിത്തം, കുട്ടികൃഷ്ണമാരാർ, എം ടി, കെ.സി.എസ്. പണിക്കർ, നമ്പൂതിരി, ടി.കെ. പത്മിനി, എം. ഗോവിന്ദൻ എന്നിവർ തൊട്ട് കെ.പി. രാമനുണ്ണിയും പി.പി. രാമചന്ദ്രനും ആലങ്കോട് ലീലാകൃഷ്ണനും മോഹനകൃഷ്ണനും പി. സുരേന്ദ്രനും സി. അഷ്‌റഫും വരെ എത്രയെങ്കിലും എഴുത്തുകാരും കലാപ്രവർത്തകരും പൊന്നാനിയെ മലയാളത്തിലെ വേറിട്ട ഭാവനാഭൂപടങ്ങളിലൊന്നായി പുനഃസൃഷ്ടിക്കുന്നു. ചരിത്രം, മിത്ത്, എടുപ്പുകൾ, നിർമ്മിതികൾ, പ്രകൃതി, ഭാഷ, മതം, ജാതി, ലിംഗബന്ധങ്ങൾ, രാഷ്ട്രീയം എന്നിങ്ങനെ ദേശപരവും നരവംശപരവുമായ ഘടകങ്ങൾ ഭാവനയിൽ രൂപംകൊടുക്കുന്ന സാംസ്‌കാരിക ഭൂമിശാസ്ത്രമായി പൊന്നാനി കൈവരിക്കുന്ന ഭാവാന്തര ജീവിതമാണ് ഇവരുടെ രചനകൾ.

പൊന്നാനിക്കളരി സ്ഥാപിച്ചെടുത്ത നവോത്ഥാന മാനവികതയുടെ സാംസ്‌കാരിക മാനങ്ങൾ ചരിത്രമാണ്. വിസ്മയകരമാംവിധം ഹൈന്ദവ-ഇസ്ലാമിക-കീഴാള ഭാവുകത്വങ്ങളെ സമന്വയിപ്പിച്ച, മതേതരവും ജാത്യതീതവുമായ രാഷ്ട്രീയാബോധം പൊന്നാനിയുടെ സാംസ്‌കാരികാധുനികതയുടെ കൊടിപ്പടമായി മാറി. മനുഷ്യനായിരുന്നു അതിന്റെ മുഖചിത്രം. സാഹിത്യം, സംഗീതം, കല-മൂന്നു മണ്ഡലങ്ങളിലും മലയാളം കൈവരിച്ച ലോകബോധങ്ങൾ ആ കൊടിപ്പടമുയർത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ് മുന്നോട്ടുപോയത്.

കെ.ടി. സതീശന്റെ 'ബറേക്ക' പൊന്നാനിയെ ഭാവനാസ്ഥലമായി പുതുക്കിവരയ്ക്കുന്ന ഏറ്റവും പുതിയ മലയാളരചനയാണ്. സാഹിത്യത്തിൽ രൂപപ്പെടുന്ന സംഗീതഭൂപടമെന്നതാണ് ബറേക്കയെ മൗലികമാക്കുന്ന സാംസ്‌കാരിക സ്വഭാവം. പൊന്നാനിയെന്ന ഭൗതികസ്ഥലത്തിന്റെ മൂർത്തവും ജൈവികവുമായ ഭൂതകാലാനുഭൂതികളിൽനിന്നു രൂപം കൊടുക്കുന്ന ബറേക്കയെന്ന ഭാവനാഭൂപടത്തിന്റെ കലാജീവിതമെന്ന നിലയിൽ സതീശന്റെ നോവൽ സംഗീതത്തെ ആഖ്യാനത്തിന്റെ സാംസ്‌കാരിക ഭൂമികയാക്കി മാറ്റുന്നു. അത്ര സാധാരണമല്ല, നമ്മുടെ നോവലുകളിൽ ഇത്തരം കലാനുഭൂതികളിലൂടെ ചരിത്രത്തെയും ഭാവനയെയും കൂട്ടിയിണക്കി നിർമ്മിക്കുന്ന ജീവിതാഖ്യാനങ്ങൾ. നാടകം, നൃത്തം, ചിത്രം, ശില്പം, സിനിമ, സംഗീതം... തുടങ്ങിയ കലാനുഭവങ്ങൾ സാന്ദർഭികമായി നോവലിന്റെ പശ്ചാത്തലങ്ങളായി സൂചിപ്പിക്കപ്പെടുമെങ്കിലും ആദ്യന്തം ഒരു ദേശത്തിന്റെയും ജനതയുടെയും ഭാവജീവിതം സംഗീതത്തിന്റെ അനുഭൂതിലോകത്തുനിന്ന് പുനഃസൃഷ്ടിക്കപ്പെടുന്നത് നോവലിൽ ഇതാദ്യമാണെന്നു തോന്നുന്നു. സ്ഥലം, കാലം, ചരിത്രം, മിത്ത്, സംസ്‌കൃതി, ഭാവം, ജീവിതം......... ഓരോ പ്രാപഞ്ചിക/മാനുഷിക ബന്ധവും സംഗീതം കൊണ്ടളക്കുന്ന മാത്രകളുടെ ഇതിഹാസമാണ് 'ബറേക്ക'. സംഗീതത്തിൽ നിന്ന് സംഗീതത്തിലൂടെ പുനരുജ്ജീവിപ്പിക്കുന്ന ഭൂതവും സംഗീതത്തിലൂടെത്തന്നെ നിലനിൽക്കുന്ന വർത്തമാനവും ബറേക്കയുടെ വിധിയും വഴിയുമായി മാറുന്നു.

പതിനഞ്ചുവർഷത്തെ നിശ്ശബ്ദതക്കുശേഷം സതീശൻ പ്രസിദ്ധീകരിച്ച നോവലാണിത്. 'കളങ്കപ്പെട്ട ചൂണ്ടുവിരൽ' എന്ന പത്തുകഥകളുടെ സമാഹാരം മാത്രമാണ് ഈ എഴുത്തുകാരന്റേതായി മുൻപു പുറത്തുവന്നിട്ടുള്ളത്. 2005ൽ. അന്ന് ഈ പുസ്തകത്തെക്കുറിച്ച് ഞാനെഴുതിയ നിരൂപണത്തിൽ നിന്നൊരു ഭാഗം: 'അതിസൂക്ഷ്മങ്ങളാണ് ഈ കഥകളുടെ പ്രമേയതലം. അതിതീവ്രമാണ് ഇവയുടെ ആഖ്യാനതലം. ബിംബസമൃദ്ധവും ചാട്ടുളിപോലെ പാഞ്ഞുവരുന്നതുമാണ് ഇവയുടെ ഭാഷാതലം. തികച്ചും ഭിന്നങ്ങളായ കഥാപരിസരം. മൗലികമായ വൈവിധ്യം പുലർത്തുന്ന ഇതിവൃത്തഘടന. രതിയുടെയും ശരീരത്തിന്റെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും മാത്രമല്ല, ജീവിതത്തെ നെടുകെപ്പിളർക്കുന്ന ദുരന്തങ്ങളുടെയും ദുഃഖങ്ങളുടെയും മിന്നൽപ്പിണറുകൾ കൊണ്ട് പൊള്ളിക്കുന്നവയാണ് ഈ കഥകളോരോന്നും. ഒരൊറ്റ വീർപ്പിൽ വായിച്ചുതീർക്കാവുന്ന വിധം (അഥവാ തീർക്കേണ്ട വിധം) ജൃംഭിതമാണ് ഈ കഥകൾ. പിതാപുത്രബന്ധത്തിന്റെ, കനൽപോലെ എരിയുന്ന കാഴ്ചകൾ ഈ സമാഹാരത്തിലെ പല കഥകളിലും മനുഷ്യജീവിതത്തിന്റെ വികാരനിർഭരമായ മുഹൂർത്തങ്ങളായി ആവർത്തിക്കുന്നുണ്ട്. 'മൂന്നാം കടമ്പ, തായ്‌വേരുകൾ.... കാലാകാലങ്ങളിൽ, മേഘം കൊണ്ട്...., പേ മുഖം' എന്നിവ ഉദാഹരണം. സ്ത്രീയുടെ ജീവിതം നിഗൂഢവും നിരാലംബവുമായി അനുഭവിച്ചു തീർക്കേണ്ടിവരുന്ന ആത്മസംഘർഷങ്ങളുടെ വേലിയേറ്റങ്ങളാണ് 'മന്ദാരം, സ്‌ത്രൈണം, ചില നേരങ്ങളിൽ...., മേഘം കൊണ്ട്...., അകത്തും പുറത്തും' എന്നീ കഥകൾ.

ചെറുകഥയുടെ 'ചെറുപ്പ'ത്തെ ഇത്ര തീക്ഷ്ണമായി സാക്ഷാൽക്കരിക്കുന്ന ഒരു കഥാശൈലി സ്വന്തമാക്കിയ മറ്റധികം പേർ നമ്മുടെ കാലത്ത് കഥയെഴുതുന്ന ചെറുപ്പക്കാരിലില്ല. ജീവിതത്തിലെ കിടിലം കൊള്ളിക്കുന്ന ദുരന്താനുഭവങ്ങൾക്ക് നൽകുന്ന വാങ്മയങ്ങളെന്ന നിലയിലും ഈ രചനകൾ സമകാല മലയാളകഥയിൽ വേറിട്ടുനിൽക്കുന്നു'.

ബറേക്കയിലേക്കു വന്നാൽ തികച്ചും ഭിന്നമായി നോവലിന്റെ കലയും സൗന്ദര്യശാസ്ത്രവും ചിട്ടപ്പെടുത്തുന്ന സതീശനെ കാണാം. ദേശം, ജാതി, മതം, ചരിത്രം, മിത്ത്, പ്രണയം, ശരീരം, ഭാഷ, ദുഃഖം....... എന്നിങ്ങനെ ബറേക്ക രൂപംകൊടുക്കുന്ന സാംസ്‌കാരികബിംബങ്ങളോരോന്നും സംഗീതമെന്ന സാഗരത്തിലേക്കൊഴുകിയെത്തുന്ന കാലത്തിന്റെ ചെറുപുഴകളായി മാറുന്നു. അതിന്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം.

ബറേക്ക ഒരു തുറമുഖപട്ടണമായി നൂറ്റാണ്ടുകൾക്കുമുൻപേ പ്രസിദ്ധിയാർജ്ജിച്ച കേരളതീരമാണ്. അതിന്റെ ഭൂതത്വത്തിൽ കേരളത്തിലെ മനുഷ്യോൽപ്പത്തിയോളം പഴക്കംചെന്ന മിത്തുകളുണ്ട്. പ്രാചീന, മധ്യകാല സമുദ്രാന്തരവാണിജ്യബന്ധങ്ങളുടെ ചരിത്രമുണ്ട്. കൊളോണിയൽകാലം ബറേക്കയെ കൊടുങ്കാറ്റുകൾകൊണ്ട് ഉലച്ചു. ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ഉത്തരേന്ത്യൻ കൈവഴികൾ പലതും വണിക്കുകളും സൂഫികളും ഉസ്താദുമാരും അഭയാർഥികളും പലായികളും ഗായകരും വാദകരും വഴി ബറേക്കയിലേക്കൊഴുകി. അവധൂതസംഗീതത്തിന്റെ ഉപദ്വീപായി മാറിയ പൊന്നാനി അങ്ങാടിയിൽ നിന്ന് സതീശൻ പുനഃസൃഷ്ടിക്കുന്ന ഭാവനാഭൂപടമാകുന്നു ബറേക്ക. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചലച്ചിത്രഗാനങ്ങൾ ഈ സംഗീതപാരമ്പര്യങ്ങളെ ബറേക്കയുടെ ജനപ്രിയസംസ്‌കാരമായി പുനർനിർവചിച്ചു.

1970കളിലെ അഞ്ചുദിവസമാണ് 'ബറേക്ക'യുടെ പ്രത്യക്ഷ കഥാകാലം. മൂഴിക്കുന്നത്തുനിന്ന് ബറേക്കയിലെ ഗാനമേളയിൽ പാടാനെത്തുന്ന അനംഗൻ എന്ന ദലിത് യുവാവാണ് കഥാനായകൻ. ഇരായരന്റെയും ചെറോണയുടെയും മകൻ. ചെറുപ്പംതൊട്ടേ സംഗീതത്തോടായിരുന്നു അനംഗനു കമ്പം. തന്റെ പൂർവികരും താനും പാടത്തുപണിയെടുക്കുന്നവരാണെങ്കിലും സംഗീതമാണ് തങ്ങളുടെ പരമ്പരയുടെ താവഴിയെന്നു തിരിച്ചറിയുന്ന ഇരായരൻ മകനെ തടഞ്ഞില്ല. ചെറോണ പക്ഷെ മകൻ വഴിതെറ്റിപ്പോയി എന്നുതന്നെ കരുതി. മായാശാസ്ത്രവും സിദ്ധവൈദ്യവും പഠിക്കാൻ മകനെ ഇരായരൻ കല്ലടിക്കോട് മലകളിലെ മലയരുടെയും കുറവരുടെയും അടുത്തേക്കയച്ചുവെങ്കിലും ബറേക്കയിൽനിന്ന് ഉസ്താദിന്റെ കത്തുവന്നപാടേ അനംഗൻ അങ്ങോട്ടേക്കു പുറപ്പെട്ടു. ചന്തക്കാരൻ ഹസൈനാരുടെ ഇരട്ടമാളികയിൽ ഹരിഹരനും ഭാർഗവനും ഹാലിച്ചനും അപ്പുണ്ണിയും ഷബീർദാസും ഹംസയും വിൻസെന്റും ഉൾപ്പെടെയുള്ളവർ ഗാനമേളയുടെ റിഹേഴ്‌സൽ തുടങ്ങി. കോഴിക്കോട്ടും തിരൂരും നിന്നുള്ള ഗായികമാർ പിന്നീട് സംഘത്തോടൊപ്പം ചേരും. ഉസ്താദിനോടും ഹസൈനാരോടും ഹരിഹരനോടും മാത്രമല്ല അനംഗൻ ഈ അഞ്ചുദിവസങ്ങളിൽ അകംനിറഞ്ഞിടപെടുന്നത്. അയാളെ പ്രണയിക്കുന്ന ചന്തക്കാരന്റെ മൂന്നാം ഭാര്യ അസ്മ, അയാളെ സ്വന്തമാക്കാനാഗ്രഹിക്കുന്ന ബാബുസേട്ടിന്റെ മകൾ നൗറിൻ, അയാളെ പുത്രതുല്യം സ്‌നേഹിക്കുന്ന ഔവ്വാവുമ്മ, നൗറിനെ രക്ഷിക്കാൻ അനംഗന് ആക്രമിക്കേണ്ടിവരുന്ന ഖാലിദ്.... നിരവധി ബറേക്കക്കാർ അയാളുടെ ബൊഹീമിയൻ ജീവിതത്തിൽ കയറിയിറങ്ങിപ്പോകുന്നു.

എം.എസ്. ബാബുരാജിന്റെ ഭിന്നഭാവസമൃദ്ധമായ കലാജീവിതത്തെ അനുസ്മരിപ്പിക്കും അനംഗന്റെ കഥ. ബാബുരാജിനെക്കുറിച്ച് എൻ.വി. മുഹമ്മദ്‌റാഫി എഴുതിയ കുറിപ്പിൽ നിന്നൊരു ഭാഗം ഉദ്ധരിക്കട്ടെ. 'മലയാളസിനിമയിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനം കടന്നുവന്നത് എം.എസ്. ബാബുരാജിലൂടെയാണെന്ന് പറയാം. സംഗീതം പാരമ്പര്യമായി ലഭിച്ച ബാബുരാജ് അറുനൂറിൽ അധികം പാട്ടുകൾക്ക് ഈണമിട്ടു. ഇരുപതോളം ഗാനങ്ങൾ അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്. അവധൂതരീതിയിലുള്ള ജീവിതമായിരുന്നു ബാബുരാജ് നയിച്ചത്. കല്യാണവീടുകളിലും ഹിന്ദുസ്ഥാനി ഗലികളിലും ഹാർമോണിയവുമായി പുറപ്പെട്ടുപോയ അദ്ദേഹത്തിന്റെ ജനനിബിഡമായ ദന്തഗോപുരം മലയാളത്തിൽ ഒരു ഹിന്ദുസ്ഥാനി സംസ്‌കാരം തന്നെ നിർമ്മിച്ചു. കേരളത്തിനു പുറത്തുനിന്ന് അക്കാലത്ത് ഹിന്ദുസ്ഥാനി ഉസ്താദുമാർ ധാരാളമായി ഇവിടെ എത്തിച്ചേർന്നിരുന്നു. അവർ താമസിച്ചിരുന്ന തട്ടിൻപുറങ്ങൾ മലബാറിൽ പലയിടങ്ങളിലുമുണ്ടായിരുന്നു. സംഗീതപ്രേമികളും കലാകാരന്മാരും സായന്തനങ്ങളിൽ അവരുടെ ഹാർമോണിയത്തിന് ചുറ്റും കൂടി. തബല ധിമിധിമിച്ചു. പ്രണയത്തിന്റെയും വിഷാദങ്ങളുടെയും ആ അന്ധരാത്രികളിൽ പലരും വൈയക്തിക വേദനകൾ ഇറക്കിവെച്ചു. ജീവിതസായാഹ്നത്തിൽ എത്തിയതോടെ പല ഉസ്താദുമാരും കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും നിലയില്ലാകയത്തിലായിരുന്നു.

ബാബുരാജ് അവസാനകാലത്ത് ദുരിതക്കയത്തിലാണ് തുഴഞ്ഞത്. മറ്റുള്ളവരെ സൽക്കരിക്കാനും സന്തോഷിപ്പിക്കാനും കൈയിലുള്ള മോതിരം വരെ പണയപ്പെടുത്തിയിരുന്ന ബാബുരാജ് അപരലോകത്തെ അവധൂതനായൊടുങ്ങി. പി. ഭാസ്‌കരനായിരുന്നു ബാബുരാജിന്റെ പല പാട്ടുകളെഴുതിയത്. തേടുന്നതാരെ ശൂന്യതയിൽ ഈറൻ മിഴികളെ.... നിലനിലാവിന്റെ ഗദ്ഗഗദമാകെയും... താനെ തിരിഞ്ഞും മറിഞ്ഞും... തുടങ്ങിയ പാട്ടുകളും സുറുമ എഴുതിയ മിഴികളിലും കടലേ നീല കടലേയിലും മറ്റും കനത്ത വിഷാദവും തിരസ്‌കാരത്തിന്റെയും മുറിവുകളുടെയും വേദനയും കെട്ടിക്കിടക്കുന്നുണ്ട്. നഷ്ടപ്രണയത്തിന്റെയും ജീവിതനൈരാശ്യത്തിന്റെയും ഇടുങ്ങിയ ഗലികളിൽ നിന്നാണ് ആ വിരഹാർദ്ര നാദങ്ങൾ ഹാർമോണിയമായി കരഞ്ഞത്. സോളോയിൽ മുറിവേറ്റ കൈപ്പടങ്ങൾ വീണത്!'.

ബാബുരാജിന്റേതുപോലെതന്നെയുള്ള മദിരാശിജീവിതവും അനംഗനുണ്ടാകുന്നുണ്ട്. ഗാനമേള കഴിയുന്ന രാത്രിതന്നെ നൗറിനേയുംകൊണ്ട് അനംഗൻ ബറേക്ക വിട്ടു യാത്രയാകുന്നു.

കഥയുടെ മുഖ്യധാര ഇത്രയുമേയുള്ള. പക്ഷെ ബറേക്ക ഈ ധാരയ്ക്കപ്പുറത്തുള്ള സമൃദ്ധവും സമ്പന്നവുമായ നിരവധി ഭാവലോകങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന നോവലാണ്. വർത്തമാനവും ഭൂതവും ഒന്നിച്ചൊഴുകുന്ന, മിത്തും ചരിത്രവും ഒന്നായിണങ്ങുന്ന, കലയും കാമവും ഒത്തുചേരുന്ന, ഏകാന്തതയും ആൾക്കൂട്ടവും കൂടിക്കലങ്ങുന്ന കഥനം. സിനിമയിലെ സമാന്തരാഖ്യാനകലയ്ക്കു സമാനമായി പലകഥകൾ സമർഥമായി മുന്നോട്ടൊഴുക്കുന്ന നോവൽകലയാണ് ബറേക്കയുടേത്. യഥാർഥത്തിൽ ഈ കഥകളാണ് ബറേക്കയുടെ ആഖ്യാനകലയുടെ വിരിവും തിരിവും നിർണയിക്കുന്നത്. ഓരോ കഥയും അതു രൂപംകൊള്ളുന്ന ജീവിതഭൂമിക ഏതുമാകട്ടെ, മേൽപ്പറഞ്ഞ നവോത്ഥാനാധുനികതയുടെ മാനവികമൂല്യത്തുടർച്ചകളെ കാലമാപിനിയുടെ ചാക്രികവ്യവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.

കേരളത്തിലേക്കുള്ള മനുഷ്യാഗമനത്തിന്റെ ചരിത്രം ഒരു മിത്തിക്കൽ ഫാന്റസിയായവതരിപ്പിക്കുന്ന രണ്ടു ജീവപിള്ളങ്ങളുടെ കഥ ബറേക്കയുടെ അതീതഭൂതകാലത്തിന്റെ ജൈവഭൂപടം നെയ്തിടുന്നു. 'ഖസാക്കും' 'തട്ടക'വും ബറേക്കയുടെ ഭാവാബോധത്തിൽ പാഠാന്തരസാന്നിധ്യങ്ങളായി സന്നിഹിതമാകുന്ന പല സന്ദർഭങ്ങളിലൊന്നാണിത്.

സാമൂതിരികാലം തൊട്ടുള്ള ബറേക്കയുടെ ചരിത്രം 70കളിലെ ഗാനസന്ധ്യയിൽ ചെന്നെത്തുന്ന ഒരു സംഗീതപാഠം ഒരുഭാഗത്തുണ്ട്. വായിക്കുക: 'കോഴിക്കോടിന്റെ രക്ഷാധികാരദണ്ഡ് സാമൂതിരി കൈയാളാനാരംഭിച്ചതു മുതൽ തിരുമനഃശ്ശേരി രാജയായിരുന്നു ബറേക്കയുടെയും കടലിന്റെയും പത്തു പെരുംദേശങ്ങളുടെയും ഉടമ. കടൽ പിൻവാങ്ങിപ്പോയതിനു ശേഷം പല കാലങ്ങളിലായി ഉടനീളം കരയിൽ മണ്ണും പെണ്ണും വെച്ച് സൃഷ്ടിക്കപ്പെട്ട നിരവധി രാജനീതിശാലകളിൽ ഒന്നു മാത്രമായിരുന്നു സാമൂതിരിയും ബറേക്കയിലെ തിരുമനഃശ്ശേരി കോട്ടയും. ഒന്നോ പത്തോ നൂറോ വർഷങ്ങൾകൊണ്ടല്ല ഒരാൾ കാലം കഴിയുമ്പോൾ കൃത്യമായി ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ കാലാകാലങ്ങളിൽ അഴർക്ക് പിൻഗാമി വന്നു. ചിതറിയവനെയും കുതറിയവനെയും അവരുടെ കിങ്കരന്മാർ കഠാരകൊണ്ട് സാന്ത്വനപ്പെടുത്തി.

കാലം മുന്നോട്ടുപോയി. വെയിലും മഴയും മഞ്ഞും പൂക്കളും വീണ്ടും വിടർന്നു. കോട്ടകളിൽ തമ്പുരാട്ടിമാർ അതിനുശേഷവും സാമന്തന്മാരെ പെറ്റു. പെറ്റിറങ്ങിയവരെല്ലാം രാജാക്കന്മാരായില്ല. നിയമംമൂലം അസാധുവാക്കപ്പെട്ട് സ്വരൂപങ്ങളും അങ്കപ്പണവും ചുങ്കവും വെടിയപ്പെട്ട് തിരുമനളശ്ശേരി കോട്ടയും അതിന്റെ പ്രൗഢമായ ജീവിതവും ഭാഗംവെച്ച് പിരിയുവാനായി നിയോഗം വന്നു. മരിക്കാൻപോകുന്ന ഒരു മനുഷ്യനെപ്പോലെ കോട്ടയും അതിന്റെ ചരിത്രവും പൊടിപിടിച്ചു നിന്നു. സോപാനപ്പടവും ഉരുളഴിയും തട്ടും ത്‌ലാനുമുള്ള തിരുമനഃശ്ശേരി ചെങ്കൽക്കോട്ട പൊളിക്കാൻ തീരുമാനിച്ചു.

പുതിയ ഭവനം പണിയണം. അധികാരികളുടെ കൂടിയാലോചനകൾ കഴിഞ്ഞ് ഉത്തരവു വന്നു. നിലവിലെ കോട്ട ആദ്യം പൊളിച്ചുമാറ്റേണ്ടതുണ്ട്. ചെറുപ്പുളശ്ശേരിയിലെ ഹമ്മദ് പൊളിച്ചെടുക്കാൻ കരാറെഴുതി. മര ഉരുപ്പടികൾ, കരിങ്കൽത്തൂണുകൾ, വെട്ടുകല്ലുകൾ, ചിത്രക്കട്ടിളകൾ, ഓട് ഇവ അടക്കമായിരുന്നു കരാർ. ആ മതിൽക്കെട്ടിനകത്ത് മണ്ണിലോ പുരത്തറയ്ക്കടിയിലോ രഹസ്യ അറകളിലോ ഒളിഞ്ഞുകിടക്കുന്ന നിധിക്ക് അന്നുമുതൽ ഹമ്മദാണ് ഉടമ. ഹമ്മദ് സന്തോഷവാനായി. കരാർ സ്വന്തമായി കിട്ടിയതിന്റെ സന്തോഷത്തിന് ബറേക്കയിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടിയുടെ ചെലവ് ഹമ്മദ് വഹിക്കാമെന്നേറ്റു. ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ പേരു പറയരുത്. പാട്ടിനും പാട്ടുകച്ചേരിക്കും കാരണവന്മാർ എതിരാണ്. ഇഷ്ടമില്ലാത്തു ചെയ്ത് കാരണവന്മാരെ വെറുപ്പിക്കേണ്ടല്ലോ. ഈശ്വരയ്യരുടെയോ അമ്പിത്താമിയുടെയോ പേരാവാം. അങ്ങനെയാണ് ഒടുവിൽ പാട്ടുകാരനല്ലെങ്കിലും പാട്ടിൽ മുഴുകി നടക്കുന്ന ചന്തക്കാരൻ ഹസൈനാർ പരിപാടിയുടെ നെടുന്തൂണായത്.

അന്നു രാത്രി അങ്ങാടിക്കിണറിന്റെ മുകളിലും ചന്തപ്പടിയിലും മൂന്നുംകൂടിയേടത്തും ഇംഗ്ലീഷ് ബംഗ്ലാവിന്റെ മുന്നിലും ഓരോ ബോർഡ് പ്രത്യക്ഷപ്പെട്ടു. മരപ്പട്ടികയിൽ ചണച്ചാക്ക് വലിച്ചടച്ച് കുമ്മായം തേച്ച് നീലംകൊണ്ടെഴുതിയ ബോർഡ്.

'ഗംഭീര ഗാനക്കച്ചേരി! വരുവിൻ പാട്ടു കേൾക്കിൻ! ആനന്ദിപ്പിൻ!'

ബറേക്കയ്ക്ക് ഗാനം ലഹരിയാണ്. അവർ ജീവിതത്തിന്റെ ചക്രങ്ങൾക്കടിയിൽ മരക്കട്ട വെച്ച് തടസ്സപ്പെടുത്തിക്കഴിഞ്ഞു. ഗാനം കഴിഞ്ഞു മതി ഇനി ഉരുളൽ'.

ഈ ഗാനസന്ധ്യയിലേക്കാണ് അവധൂതനെപ്പോലെ അനംഗൻ വന്നണയുന്നത്. പഥികന്റെ പാട്ടിന് കാതോർത്ത് ബറേക്കയിൽ പലരും കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ കഥകളാണിനി. ബറേക്കയിലെ ഗാനസംഘത്തിന്റെയും അവരുടെ ആരാധകരുടെയും കഥകൾ. പാട്ടിനുവേണ്ടി ജീവിച്ചവർ. ജീവിതത്തിന്റെ പര്യായമായി പാട്ടിനെ കണ്ടവർ. പാട്ടില്ലെങ്കിൽ തങ്ങൾ എത്രയും നിസ്സാരരായിപ്പോകുമായിരുന്നുവെന്നു തിരിച്ചറിഞ്ഞവർ. വേദനയുടെ, വേർപാടിന്റെ ദുഃഖത്തിന്റെ, സന്തോഷത്തിന്റെ, ഓർമയുടെ, പ്രണയത്തിന്റെ ഈരടികളിൽ പ്രാണൻ കൊരുത്തിട്ടവർ.

നസറുദ്ദീൻ റാവുത്തരുടെ കഥ മാത്രം ഒട്ടൊന്നു ഭിന്നമാണ്. അനംഗനും ഹരിഹരനുമൊക്കെ മുൻപ് റാവുത്തരുടെ ബാപ്പ കോതമ്പിക്കു കണ്ടുകിട്ടിയ അനാഥബാലൻ വിനായക് മൽഹാർ ഹിന്ദുസ്ഥാനിസംഗീതത്തിന്റെ പടവുകളിലും റാവുത്തരുടെ പെങ്ങൾ മൈനയുടെ കരളിലും ഒന്നിച്ചാണ് ചിറകടിച്ചുയർന്നത്. മൈന ഗർഭിണിയായതോടെ വിനായക് നാടുവിട്ടു. ദശകങ്ങൾക്കിപ്പുറം ഇന്നും ഇരട്ടമാളികയിൽ പാട്ടുകാരെത്തിയെന്നറിഞ്ഞാൽ മൈന വിനായകിനെ തിരഞ്ഞുവരും. റാവുത്തർ തന്റെ പെണ്മക്കളെ മാളികയിലെ പാട്ടുകാരിൽ നിന്ന് കാത്തുകൊണ്ടേ ജീവിച്ചു. ഗായകനായിരുന്നു കോതമ്പിറാവുത്തർ. എന്നിട്ടും പെങ്ങൾക്കു പറ്റിയ ചതിയോർത്ത് നസറുദ്ദീൻ പാട്ടിനെ വെറുത്തു, പാട്ടുകാരെയും.

'ബറേക്കയിൽ അന്യനാട്ടുകാരായ പാട്ടുകാർ വന്നിട്ടുണ്ടെന്നു കേട്ടാൽ എങ്ങനെയും മൈന അറിയും. അവളുടെ കണ്ണുകൾ നനയും. പനവഞ്ചി തുഴഞ്ഞ് ഒറ്റയ്ക്ക് അവൾ ബറേക്കയിലേക്കെത്തും. നസ്സറുദ്ദീനെ വിളിക്കും:

'ഇക്കാ'.

'എന്താ മൈനാ'.

'മുക്കാടിയിൽ പാട്ട് കച്ചേരിക്കാര് വന്നിട്ട്ണ്ട്'.

'ഞാനറിഞ്ഞു'.

'ഒന്ന് പോയി നോക്ക്വോ..'.

നസ്സറുദ്ദീൻ ആരുടെ ഒരിഷ്ടവും നിരാകരിക്കാറില്ല. പല രാത്രികളിലും മൈന കടലൊച്ച മാത്രം ശ്രവിച്ചു കിടന്നു. അപ്പോഴെല്ലാം ശമിച്ച കാൽവെപ്പുകളുമായി തിരകൾ കരഞ്ഞു പിന്മടങ്ങുന്നത് അവൾ കേട്ടു. മൈന അങ്ങാടിക്കിണറിന്റെ മുകളിൽ വെച്ച ഗാനക്കച്ചേരിയുടെ ബോർഡിലേക്ക് നോക്കിക്കൊണ്ട് വിളക്കുകാലിൽ ചാരിനില്ക്കും, ദീർഘദീർഘമായി നിശ്വസിക്കും. ആളൊഴിഞ്ഞാൽ അടുത്തുവന്ന് പാട്ടിനെ തൊടുമ്പോലെ, മൽഹറിനെ തൊടുമ്പോലെ ആ ബോർഡിൽ തൊട്ടു'.

ഇതേപോലെ ജീവിതതീഷ്ണവും ഭാവനിർഭരവുമാണ് ഇനിയങ്ങോട്ടുള്ള ഒന്നര ഡസനോളം കഥകളും.

മഹാമാന്ത്രികനായിരുന്ന പിതാവിന്റെ സിദ്ധി പകർന്നുകിട്ടിയതുപയോഗിച്ച് പെരുമാളുടെ മകളുടെ മഹാവ്യാധി മാറ്റിയ മായന്റെ കഥ, ജന്മാന്തരങ്ങളിൽ അയാൾ ബറേക്കയുടെ മഹാപുരോഹിതനായ മൊയ്തീൻ ഔലിയയായി മാറിയ കഥ, നികൃഷ്ടനും കിരാതനുമായ ബീരാൻ ബലാൽക്കാരം ചെയ്ത് ഭ്രാന്തുപിടിപ്പിച്ച തങ്കേരിയുടെ മക്കൾ തങ്കത്തിന്റെയും സുന്ദരിയുടെയും കഥ, ബീരാന്റെ ദുർമരണത്തിനുശേഷം പിറന്ന ഏകമകൻ നാടുവിട്ടുപോയതോടെ അനാഥയായ ഔവ്വാവുമ്മയുടെ കഥ, മുഗൾ രാജാക്കന്മാരുടെ കൊട്ടാരത്തിലെ അന്തപ്പുരകഥകളനുസ്മരിപ്പിക്കുന്ന ചന്തക്കാരൻ ഹസൈനാരുടെ മൂന്നാം ഭാര്യ അസ്മയുടെ കഥ, ഗോപാലുതണ്ടാർ കാട്ടിൽ കയറിയതോടെ വാറ്റുചാരായം വിറ്റ് ജീവിക്കേണ്ടിവരുന്ന തണ്ടാത്തിയുടെ കഥ, ഭാര്യ ഉപേക്ഷിച്ചുപോയതോടെ ജീവിതം താറുമാറായിപ്പോയ കെട്ടിയാട്ടക്കാരൻ ചിന്നക്കുരുവിയുടെ കഥ, ആദ്യം പോക്കറ്റടിക്കാരനും പിന്നെ ഖാലിദിന്റെ കൂട്ടിക്കൊടുപ്പുകാരനുമായി ജീവിച്ച മക്കിയാമുവിന്റെ കഥ, കളിക്കൂട്ടുകാരിയായ വെള്ളാരംകണ്ണി കടലിൽ വീണു മരിച്ചതോടെ സമനില തെറ്റിയ യഹിയയുടെ കഥ, സമ്പത്തിന്റെ നെറുകയിൽനിന്ന് നിർധനതയുടെ പടുകുഴിയിൽ വീണ അയാളുടെ ബാപ്പ ബാബുസേട്ടിന്റെ കഥ,..... ഇങ്ങനെ എത്രയെ ജീവിതങ്ങൾ.

ബറേക്കയുടെ സംസ്‌കൃതി നാനാതരം ജാതികളുടെയും മതങ്ങളുടെയും നാടുകളുടെയും ഭാഷകളുടെയും തൊഴിലുകളുടെയും യാത്രകളുടെയും കലർപ്പുകളും ഐതിഹ്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്നു. ദലിതരും തമിഴരും ഹിന്ദുക്കളും മുസ്ലിങ്ങളും പരദേശികളും ഉത്തരേന്ത്യക്കാരും വെള്ളക്കാരും കൊള്ളക്കാരും... ബറേക്കയുടെ ഭൂതവർത്തമാനങ്ങളിൽ അധിനിവേശങ്ങളുടെയും പലായനങ്ങളുടെയും ചോരക്കലർപ്പുകളുടെയും പടയോട്ടങ്ങളുടെയും മിശ്രവംശീയതയുടെയും മഴവില്ലുകൾ വിടർത്തി.

'തന്റെ അച്ഛൻ ഇരായരൻ. ഇരായരന്റെ പിതാവ് നാവൂക്കര്. നാവൂക്കരുടെ പിതാവ് അപ്പുരു. ഈ അപ്പുരുവിന്റെ കാലത്താണ് ഒരു കപ്പൽവ്യൂഹം ബറേക്കൽ തീരത്ത് വന്നണഞ്ഞത്. തിരുമനഃശ്ശേരി മൂന്നാം രാജയെ കാണാൻ വന്നതായിരുന്നു ചൈനീസ് നാവികരും പടയാളികളും. ചെമ്പുകിണ്ണത്തിൽ ചോറുണ്ണുകയും ചെമ്പുതവികൊണ്ട് വിളമ്പുകയും ചെയ്യുമായിരുന്ന നാവികർ കോളും തിരയും കടന്നു നാടു പലതും ചുറ്റുന്നതിനിടെ പായ്ക്കപ്പലിന്റെ പന്ത്രണ്ടു പായകളിൽ എട്ടെണ്ണം കരയ്ക്കണയും മുൻപേതന്നെ ഉപ്പുകാറ്റേറ്റ് പിച്ചിച്ചീന്തപ്പെട്ടിരുന്നു. മുളമ്പായകൾ നെയ്യാൻ പ്രാഗല്ഭ്യമുള്ളവരെ തിരഞ്ഞുവന്ന ചൈനീസ് നാവികർ സാമൂതിരിയുടെ നിർദ്ദേശപ്രകാരമാണ് തിരുമനഃശ്ശേരിയിലെത്തിയത്. തിരുമനഃശ്ശേരി രാജ അവരെ മൂഴിക്കുന്നത്തേക്ക് വഴികാട്ടി വിടുകയുമായിരുന്നു. എട്ടു മുളമ്പായകൾ നെയ്‌തെടുക്കാൻ ആവശ്യമായ സമയക്രമവും നാവികർ തിരുമനഃശ്ശേരിയുടെ ഊട്ടുപുരയിൽ തമ്പിട്ടു. മാണിക്കുളത്തിൽ നീന്തിത്തുടിച്ചു. ഇടയ്‌ക്കെല്ലാം സൈനികർ കുതിരയെ തെളിച്ച് ആളൊഴിഞ്ഞ പാടം കടന്ന് മൂഴിക്കുന്നത്തു നെയ്ത്തിന്റെ ചെയ്തികളറിയാൻ വന്നു. അവർക്കു മുന്നിൽ ചെറിയ ചെറിയ ആയോധനമുറകൾ സൈനികർ പ്രദർശിപ്പിച്ചു. തങ്ങൾക്കറിയാവുന്ന ഓതിരവും ഉയർന്നുവെട്ടും മൂഴിക്കുന്നത്തുകാർ തിരിച്ചും കാട്ടി. വന്ന വിരുന്നുകാർക്കു മുൻപിൽ മറ്റൊന്നും കൊടുക്കാനില്ലാത്തതുകൊണ്ട് രാത്രിയിൽ തീകൂട്ടി കത്തിച്ച് ആതിഥേയർ മരം കൊട്ടിപ്പാടി. കുറുങ്കുഴലൂതി. തുടക്കവും ഒടുക്കവുമുള്ള പതിമൂന്നു താളങ്ങൾ കൊട്ടി മദിച്ചാർത്തു. തിരുമനഃശ്ശേരി രാജയുടെ ദ്വിഭാഷി ചിറ്റയുടെ പാട്ട് നാവികർക്ക് വിവരിച്ചുകൊടുത്തു.

കിഴക്ക് കൊങ്ങുദേശത്ത് പോകുംവഴി ആൺതെങ്ങും പെൺതെങ്ങും ആടിയുലഞ്ഞ് നൃത്തം ചെയ്യുന്ന കാഴ്ച കണ്ടതാണ് ആ കഥ. കഥയിലുടനീളം ആൺകവുങ്ങും പെൺകവുങ്ങും ആൺനെല്ലും പെൺനെല്ലും ആൺകതിരും പെൺകതിരും ആൺമയിലും പെൺമയിലും ഉന്മാദംപൂണ്ട് നൃത്തം ചെയ്യുകയാണ്. കല്ലിടമ്പിലെ ഇളകുന്ന വെള്ളംപോലെ നെഞ്ചിനകത്തുനിന്നും പൊന്തിവന്ന പാട്ടുകളും കുഴൽവിളികളും നാവികർ ആസ്വദിച്ചു. അവർ വായിച്ച പതിമൂന്നു താളങ്ങൾ നാവികർ പ്രത്യേകം ശ്രദ്ധിച്ചു. മല പകർന്നുപോകുന്ന മാനിനെക്കുറിച്ചു പാടുമ്പോൾ ലോകത്തുള്ള ഏതു പുരുഷനേയും വശീകരിക്കുംവിധം ചില സവിശേഷതകളുള്ള അക്കൂട്ടത്തിലെ കുരുവിക്കണ്ണിയെ ഒരു നാവികൻ കണ്ണുവെച്ചിട്ടുണ്ടായിരുന്നു.

എട്ടു മുളംപായകൾ നെയ്തു തീരുംവരെ നാവികർ കാത്തു. എട്ടടി വീതിയും പതിന്നാലടി നീളവും വട്ടം ചേർന്നിരുന്നു നിർമ്മിക്കണം. മുളംപായകൾ കീലുതേച്ച് ഉണക്കണം. രണ്ടാഴ്ചകൊണ്ട് മൂഴിക്കുന്നത്തെ കുടിയിരുപ്പുകളിലുള്ള കുഞ്ഞുകുട്ടികളും മുതിർന്നവരും ചേർന്നു പണിതീർത്ത് മുളംപായകൾ ഉണക്കി കെട്ടി ചുരുളുകളാക്കി.

ഒടുവിൽ, കപ്പലുകൾ മിക്കതും തുറമുഖം വിട്ടുപോകുമ്പോൾ നിഷ്‌കളങ്കത്വത്തിന്റെ കരയിൽനിന്ന് മൂഴിക്കുന്നത്തുകാരെ നോക്കി നാവികനോട് ചേർന്നുനിന്നുകൊണ്ട് വിടർന്ന കണ്ണും അതിനൊത്ത കൺപീലികളുമുള്ള ചിറ്റ കൈവീശിക്കാട്ടി. പിന്നീടൊരു വിവരവും അവരെക്കുറിച്ച് മൂഴിക്കുന്നത്തോ ബറേക്കയിലോ ഉണ്ടായില്ല. തിരുവാടില്ലാത്ത പ്രായത്തിൽ കടൽകടന്ന ചിറ്റയുടെ ചെറുമകളാണ് ഇപ്പോൾ ഉമ്മറത്തിരിക്കുന്നത്. ചിറ്റയെ സംബന്ധിച്ച് ആ യാത്ര ഒരു തുറന്നുവിടലായിരുന്നില്ല. തനതായ ധ്യാനമന്ദഹാസത്തിന്റെ സുഗന്ധം പൊതിയുന്ന അനുഭവമായിരുന്നുവെന്നു ചെറുമകൾ സുജാത പറഞ്ഞു.

അനുഭവത്തിന്റെ മിന്നലാട്ടങ്ങളെപ്പറ്റിയും വിശാലമായ പ്രാർത്ഥനാമന്ത്രങ്ങൾക്കു നടുക്കുനിന്ന ആനന്ദാനുഭവത്തെപ്പറ്റിയുമാണ് അവർ പറഞ്ഞത്. ചിറ്റയ്ക്ക് രണ്ട് ആൺമക്കളും മൂന്നു പെൺമക്കളുമായിരുന്നു പിറന്നത്. പെൺമക്കൾ ചിറ്റയോടൊപ്പം കഴിഞ്ഞെങ്കിലും ആൺമക്കൾ തുടർന്നും കപ്പൽവ്യൂഹത്തോടൊപ്പം കടൽസഞ്ചാരത്തിനു പുറപ്പെട്ട് നിരവധി തവണ ദീർഘയാത്രാവേളകളിൽ ബറേക്കൻ തീരത്തെത്തി.

 

അറബിക്കടലിൽ മലബാർതീരത്തെ കേന്ദ്രീകരിച്ച് കടൽക്കൊള്ള നടത്തിയിരുന്ന കാലമായിരുന്നു അത്. കെപ്റ്റൻ ഗ്രീൻ എന്ന കടൽക്കൊള്ളക്കാരൻ തന്റെ കൊടുംപാതകങ്ങൾക്ക് സഹായിയായി കൂട്ടുപിടിച്ചത് ചിറ്റയുടെ ആൺമക്കളിൽ ഒരാളെയായിരുന്നു. മഡഗസ്സ്‌കറിലേക്ക് തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട, മുന്നൂറു ടൺ കേവുഭാരമുള്ള ഡച്ചുകപ്പലിൽ പന്ത്രണ്ടുലക്ഷം രൂപയുടെ ചരക്കും ഉണ്ടായിരുന്നു. ശ്രമകരമായ ആക്രമണദൗത്യത്തിന് ഉശിരുള്ള ഒരാൾ തന്നെയാണ് വേണ്ടിയിരുന്നതും. ചിറ്റയുടെ രണ്ട് ആൺമക്കളിൽ ഒരാൾക്ക് നെഞ്ചത്ത് ഒരു പറ വിത്തളന്നാൽ ഒരു മണിപോലും നിലത്തുവീഴാത്ത അത്രയും വിരിഞ്ഞ മാറിടം ഉണ്ടായിരുന്നു. ഒറ്റയാൻ. ദൃഢഗാത്രൻ. ഒറ്റ അയിനിമരത്തടിയിൽനിന്നു വെട്ടിക്കുഴിച്ചെടുത്ത കടൽയാനത്തിൽ കടൽയാത്ര നടത്തുന്ന സാഹസികൻ. ചിറ്റയുടെ ശരീരപ്രകൃതമായിരുന്നു മക്കൾക്ക്. പുറംകടലിൽ കൈപ്പങ്കായംകൊണ്ടു തുഴഞ്ഞെത്താറുള്ള അയാളുടെ ചങ്കൂറ്റത്തെ കെപ്റ്റൻ ഗ്രീൻ പലവട്ടം ബൈനോക്കുലറിലൂടെ നോക്കി പുകഴ്‌ത്തിനിന്നിട്ടുണ്ട്.

മുപ്പതു പീരങ്കികൾ ഘടിപ്പിച്ച മൂന്നു കടൽയാനത്തിലാണ് അവർ പുറംകടലിൽ കറങ്ങിത്തിരിഞ്ഞുള്ള പരാക്രമങ്ങൾ നടത്തിയത്. മലബാർ തീരത്തുനിന്നും പുറപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തേക്കും പോകുന്ന ചരക്കുകപ്പലുകളിലെ ദുർബലരായ സമുദ്രവ്യാപാരികളെ കൊള്ളചെയ്ത് ധനമാർജിച്ചുവരികെയാണ് സ്‌കോട്ട്‌ലൻഡിൽവെച്ച് കെപ്റ്റൻ ഗ്രീൻ കൊലചെയ്യപ്പെട്ട വാർത്ത പരന്നത്. അതോടെ പങ്കുവെച്ചുകിട്ടിയ കള്ളമുതലും കൊണ്ട് നില്ക്കക്കള്ളിയില്ലാതെ അയാൾ അറബിസഞ്ചാരികളുടെ സഹായത്തോടെ തിരിച്ച് ബറേക്ക തീരത്തുതന്നെ വന്നടിഞ്ഞു.

സാമൂതിരിയുടെ കോവിലകംപോലൊരു അകം പണിയാനായിരുന്നു ആ യാനസഞ്ചാരിയുടെ കൊതി. എന്തൊക്കെയോ പുതിയ കെറുവുകളാണ് അതിനു പ്രേരിപ്പിച്ചത്. കൊതി തീർത്തുകൊണ്ടാണല്ലോ പുരുഷൻ ഓർമകളിലെ ഇല്ലായ്മകളെ നേരിടുക. എന്തായാലും ഇരട്ടമാളികയുടെ പണി തുടങ്ങി. അറബികളുടെ നാവികൻ എന്ന നിലയ്ക്ക് ബറേക്കക്കാർ മോഹിക്കുകയും സമ്പത്തിൽ അതിശയിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇരട്ടമാളികയുടെ ജോലിക്ക് നാട്ടിലെ ജാതിയിൽപ്പിറന്ന തച്ചനേയോ ജാതിയിൽപ്പിറന്ന കല്ലാശാരിയേയോ കിട്ടിയില്ല. ധനത്തിനു കീഴടക്കാൻ കഴിയാത്ത ഒന്നുംതന്നെ ഇല്ലാതിരുന്നതിനാൽ പനയോലപ്പുര നിന്നിരുന്ന കടപ്പുറത്ത് ഒരു ദിവസം മുളച്ചുപൊന്തി ഇരട്ടമാളിക എന്നു പേരുള്ള തട്ടിൻപുറമുള്ള കെട്ടിടം.

ആ നാവികന്റെ മരണശേഷം അയാളുടെ എട്ടു ഭാര്യമാരിലെ നാല്പത്തിരണ്ടു മക്കളിൽ നാവികന്റകത്ത് ഉസുറുമ്മ മകൻ ചന്തക്കാരൻ ഹസൈനാർക്കായിരുന്നു വകപ്രകാരം ഇരട്ടമാളിക പകുത്തുകിട്ടിയത്'.

കാലം, ചരിത്രം, ഭൂതം, മതം ഒക്കെയും വലിയൊരു നിരപ്പാക്കൽ പ്രക്രിയയിലൂടെ ബറേക്കയുടെ വർത്തമാനത്തിലേക്കു കുതിരസവാരി ചെയ്തുവരികയാണ്. 'പുഴയ്ക്കപ്പുറം തിരുനാവായയിലുള്ള പഠനശാലയ്ക്കരികിൽ ഋഗ്വേദികളുടെ കൂട്ടത്തിൽ ഒരു കാലം... അമരകോശവും ഭാഗവതവും വ്യാകരണവും കടന്നു വിജ്ഞാനത്തിന്റെ പരമോന്നതിയിൽ വിശ്വനാഭി തിരഞ്ഞ് കഴിഞ്ഞുകൂടിയ പുഴക്കരയിൽ, ആശാൻപള്ളിക്കൂടങ്ങളിൽ നിലത്തെഴുതിയും പനയോലയിൽ എഴുത്താണികൊണ്ടു കോറിയും സ്തുതി വന്ദനശ്ലോകങ്ങൾ ഹൃദിസ്ഥമാക്കുന്നതിന്റെ ആരവത്താൽ മുഖരിതവുമായിരുന്ന കാലം. ഇതേ കാലത്താണ് ബറേക്കയിൽ 'സൈനുദ്ദീൻ' എന്നു പേരുള്ള ഒരു അറബി പുതിയൊരു പാഠശാല നിർമ്മിച്ചത്.

സാമ്രാജ്യത്വമോഹങ്ങൾ ബറേക്കയുടെ തീരത്ത് കാറ്റും കോളും പടർത്തിയ കാലമായിരുന്നു അത്.

സന്ദർശകരുമായി വിജ്ഞാനം പങ്കിട്ട് സംവാദത്തിലേർപ്പെടുന്നത് അക്കാലത്ത് പതിവായിരുന്നു. ആദ്യം വന്ന അറബിയുടെ പിൻഗാമിയായിവന്ന മറ്റൊരറബി തിരുനാവായയിലേക്ക് പുഴ കടന്നു ചെല്ലുകയും വേദപാഠശാലയിലെ ഓതിക്കനോട് വിചാരം ചെയ്യാനിരിക്കുകയും ചെയ്തു. ദൈവത്തിന്റെ അവകാശികളും സന്ദേശവാഹകരും മുഖാമുഖം ഇരുന്നു. വാദങ്ങൾ... സിദ്ധാന്തങ്ങൾ... ചർച്ചകൾ. അവ ദിവസങ്ങളോളം നീണ്ടുനിന്നു. സംവാദത്തിൽ ഉപനിഷദ് ദർശനങ്ങൾ മൂടിവെച്ച് വേദം പഠിച്ച ഓതിക്കന് പിഴച്ച് പരാജയം സമ്മതിക്കേണ്ടിവന്നു. കുടുംബസമേതം അറബിക്കൊപ്പം ബറേക്കയിലേക്കു പുറപ്പെട്ടു.

അകത്തമ്മമാർ മറക്കുടയില്ലാതെ പുറത്തിറങ്ങി യാത്ര ചെയ്യേണ്ടിവന്ന കാഴ്ച കണ്ട് പുഴയ്ക്കിരുകരയിലും പാർത്ത സാധാരണമനുഷ്യർ മൂക്കത്തു വിരൽവെച്ച് നോക്കിനിന്നു. ഉടുമുണ്ട് ഉടുത്തുകെട്ടി ഒറ്റക്കച്ച മാറത്തിട്ട് കാതിൽ വെള്ളയാഭരണമിട്ട് കൈകളിൽ പിത്തളവളകൾ കോർത്ത് ആത്തോല ബറേക്കയുടെ തീരത്തേക്കു കയറുമ്പോൾ നെറ്റിയിലെ ഭസ്മക്കുറി മായ്ച്ചുകളയാൻ കൂട്ടിക്കൊണ്ടുവന്ന ആൾ നിർദ്ദേശിച്ചു.

പുഴയ്ക്കക്കരെ നടന്ന ജനനം, മരണം, വിവാഹം, നാമകരണം ഒന്നും ഇക്കരെ ആത്തോലമാർ അറിഞ്ഞില്ല. ഇവിടെയും നടന്നു വേഴ്ചയും ജനനവും മരണവും. അത് അപ്പുറവും അറിഞ്ഞില്ല. എങ്കിലും പുഴകടന്നു വന്ന പരമ്പരയ്ക്ക് ബറേക്കയിൽ വിശിഷ്ടമായൊരു സ്ഥാനം സന്ദേശവാഹകർ കല്പിച്ചുനല്കിയിരുന്നു. മറ്റുള്ളവരെക്കാൾ പ്രമുഖർ എന്നാൽ, ഭ്രഷ്ടരാക്കപ്പെട്ടവർ. അവരെ 'സേട്ടിന്റകത്ത്' എന്ന് അറബി തറവാട്ടുപേരു വിളിച്ചു. അതിലെ പിന്മുറക്കാരായിരുന്നു അമീറുള്ള എന്ന ബാബുസേട്ട്. ആ വരയിലെ അവസാന ബിന്ദുവായിരുന്നു ബാപ്പയെക്കുറിച്ച് സങ്കടപ്പെടുന്ന നൂറുമ്മ എന്ന നൗറിൻ.

ഇന്ദ്രിയങ്ങളും പ്രാണനുമായി അവനവന്റെ പിതൃക്കൾ തലമുറകളായി തന്നിൽത്തന്നെ ലയിച്ചിരിക്കുന്ന അപൂർവ കാലബോധം ഓരോ അനുഭവത്തിലും ആ കുടുംബത്തെ പിന്തുടർന്നു'.

 

കുഴമറിഞ്ഞകാലങ്ങൾ, മാന്ത്രികയാഥാർഥ്യങ്ങൾ, സമാന്തരകഥകളുടെ അടരുകൾ, പ്രണയത്തിന്റെ മിസ്റ്റിക് ഭാവനകൾ, പ്രാന്തുകളുടെ അതീതത്വങ്ങൾ, വിശ്വാസതീവ്രതയുടെ മതാതീതയുക്തികൾ, പ്രകൃതിയുടെ അഭൗമചേതനകൾ, സ്വത്വബോധത്തിന്റെ തഥാഗതത്വങ്ങൾ... ബറേക്ക സൃഷ്ടിക്കുന്ന സാത്വികവും ജൈവികവുമായ ജീവിതബന്ധങ്ങളുടെ ലോകം ഒന്നു വേറെതന്നെയാണ്. കാറ്റും കടലും പരുന്തും ജീവപിള്ളങ്ങളും പറയുന്ന കഥകളുടെ ഉണ്മയിലും സംഗീതം ജീവവായുപോലെ പ്രവഹിച്ച ബറേക്കയുടെ ധമനികളിലും നിന്ന് സതീശൻ സൃഷ്ടിക്കുന്ന സാംസ്‌കാരിക ഭൂമിശാസ്ത്രപാഠമാണത്.

ഒരു മരണത്തിൽനിന്ന് ശബ്ദത്തിലേക്കും പിന്നെ ശ്രുതിയിലേക്കും അതിലൂടെ സംഗീതത്തിലേക്കും അതിൽനിന്ന് സംഖ്യാശാസ്ത്രത്തിലേക്കും അവിടെനിന്ന് ചരിത്രത്തിലേക്കും പിന്നെ മതത്തിലേക്കും പടർന്നുപോകുന്ന ഒറ്റയുടെയും ഇരട്ടയുടെയും അസാധാരണമായ ഒരു രൂപകല്പന ബറേക്കയിലുണ്ട്. വായിക്കുക: 'പുറത്തു നല്ല മഞ്ഞുണ്ട്. അനംഗൻ വെളുപ്പിനേ കുളി കഴിഞ്ഞു. ഹംസധ്വനിയിൽ കൂട്ടിന് ഹരിഹരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ 'ന തിൻന, ന, തിൻ ന' എന്ന ശബ്ദലിപികളിൽ തബലയിൽ പരതിക്കൊണ്ടിരുന്നു. രണ്ട് ഉപകരണങ്ങളെ സംസാരിപ്പിച്ച് ഒന്നാക്കുകയാണ് ഹരിഹരൻ. 'ശ്രുതി ഒളിഞ്ഞിരിക്കുന്നത് ഹൃദയത്തിലോ ഉപകരണത്തിലോ...?' അച്ഛമ്മയുടെ മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞുവന്ന അനംഗൻ ഹരിയോട് ചോദിച്ചു.

തെരുവിലൂടെ നടക്കുമ്പോൾ മൊയ്തീൻ ഔലിയെ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു, 'ഒന്നും ഒന്നും രണ്ടാണേ' എന്ന്. പല സന്ദർഭങ്ങളിൽ പലയിടങ്ങളിൽ അതുകേട്ട് അനംഗൻ ഔലിയയോടും ചോദിച്ചു, 'ഔലിയ ഇതിങ്ങനെ ഇടയ്ക്കിടെ വിളിച്ചുപറയുന്നത് എന്താണ്? എല്ലാവർക്കും അറിവുള്ളതല്ലേ'.

'നിങ്ങൾക്ക് അറിയുമായിരിക്കും. എന്നാൽ, അറിയാത്തവരുണ്ടെങ്കിൽ മനസ്സിലാക്കിക്കൊള്ളട്ടെ. എല്ലാം എല്ലാവർക്കും അറിയണമെന്നില്ലല്ലോ. ഒന്നും ഒന്നും ചേർന്നാലാണ് രണ്ട്. വേർപെട്ടാലല്ല. പക്ഷേ, വിചിത്രം ഇവിടെ ഒന്നും ഒന്നും വേർപെട്ട് രണ്ടായിത്തീരുന്നു. ഒന്നും ഒന്നും ചേർന്നാലും രണ്ട്. ഒന്നും ഒന്നും തമ്മിൽ വേർപെട്ടാലും രണ്ട്.'

തബലയുടെ മുറുക്കിനിർത്തിയ തോൽവാറിൽ തട്ടി വലിച്ചുനിർത്തിയ മരക്കട്ടകളിൽ അടിച്ച് ഇതല്ല ഇതല്ല എന്ന് ശ്രുതി തിരയുന്നവൻ സ്വയം തിരുത്തുന്നു. തിരഞ്ഞുതിരഞ്ഞ് ഒടുവിൽ അളവോ കണക്കോ കാലമോ ഇല്ലാത്ത ശ്രുതി ഹൃദയത്തിനരികെ ചെവിയോർത്ത് കണ്ടെത്തുന്നു. ശ്രുതി തെറ്റുന്ന സന്ദർഭങ്ങളുണ്ട് ചരിത്രത്തിൽ. അപ്പാടെ തട്ടിമറിട്ട് നിശ്ശബ്ദമാക്കപ്പെടുന്ന സന്ദർഭങ്ങൾ.. പണ്ട് നാടുവാണ സാമൂതിരിക്ക് ഒന്നും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നില്ല. നിസ്സാരരുടെയും നിരാലംബരുടെയും ജീവിതം എന്തായാലെന്ത്. അത്രയേ കരുതിക്കാണൂ. കടൽ കടന്നുവന്ന അറബികളിൽനിന്നു കൈപ്പറ്റിയ വിലകൂടിയ സമ്മാനങ്ങൾ, സുഗന്ധങ്ങൾ, തരുണികൾ..... അതൊക്കെ അവരവർക്ക് തോന്നുംപോലെ ഗതിപിഴച്ച തീരുമാനങ്ങൾ മനുഷ്യവംശത്തിനുമേൽ അടിച്ചിട്ടു പരീക്ഷിക്കാൻ സാമൂതിരിയെ പ്രേരിപ്പിച്ചിരിക്കണം. ഓരോരുത്തരും അവരവർക്ക് ചിതമായ സമാധാനം പേറി ജീവിക്കട്ടെ എന്നു കരുതിയാൽ മതിയായിരുന്നു. അല്ലെങ്കിൽ ഒരു വീട്ടിലെ ഒരു അരയൻ അന്യമതപ്രകാരം വളരണം എന്ന തീട്ടൂരം ഇറക്കുമോ. ആ ഇതിഹാസവാക്കിനെയും ഈ കടലോരം ശിരസ്സേറ്റി. നൂറുകണക്കിന് അസ്ഥിമാടങ്ങൾ അരുമയോടെ അങ്ങനെ പണിയപ്പെട്ടു'.

ഒരുപക്ഷെ ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന ആസക്തിയുടെയും അനാസക്തിയുടെയും മേളനമായ ജീവിതതത്വങ്ങളുടെയും സ്ഥലകാലാതീതമായ മാനവികതയുടെയും ഭാവനാഭൂപടത്തിൽ അക്ഷാംശവും രേഖാംശവുമായി വിടരുന്ന കലയുടെയും കാമനയുടെയും വിധിനിർണയങ്ങൾ ഒന്നടങ്കം സംഭൃതമാകുന്നുണ്ട് ഈ രൂപകത്തിൽ. ബറേക്കയുടെ പ്രവാചകൻ മൊയ്തീൻ ഔലിയയുടെ വാക്കുകളാണ് ഈ തത്വചിന്തയുടെ അച്ചുതണ്ട്. അതുവഴി, മനുഷ്യരെയും അവരുടെ ജീവിതത്തെയും അസ്തിത്വത്തെയും അതിനു ചിറകുനൽകുന്ന ഗാനലോകത്തെയും കുറിച്ചുള്ള കാലാതീതചിന്തകളെ നോവലിന്റെ രൂപപദ്ധതിയിലും കലയുടെ ഭാവപദ്ധതിയിലും സമീകരിക്കുന്ന സംഗീതഭൂപടമായി മാറുന്നു ബറേക്ക.

നോവലിൽനിന്ന്:-

'ഉച്ചമയക്കത്തിലായിരുന്ന ബറേക്ക.

അനംഗൻ അസ്മയെ കാണാനിറങ്ങി.

പ്രൗഢിയുടെ പടിപ്പുര കടന്നു മുറ്റവും ചാന്തിട്ട കോലായയും കയറി പുറമണ്ഡപത്തിനു മുൻപിൽ അവൻ നിന്നു. അപരിചിതനായ ഏതൊരു ആണിനും ഈ മുറ്റം വരെ വന്നു നില്ക്കാം. ആണുങ്ങളെ കണ്ട് സംസാരിക്കാം. തിരിച്ചുപോകാം. സ്ത്രീകളെ പുറത്തു കാണാൻപോലും കഴിയുമായിരുന്നില്ല.

പരിചാരിക ജമീല വന്ന് അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ചിത്രവേലകൾകൊണ്ട് മോടികൂട്ടിയ വെയിലിറങ്ങുന്ന നടുമുറ്റത്ത് തത്തയുമായെത്തിയ കൈനോട്ടക്കാരിയോടൊത്ത് സംസാരിച്ചിരിക്കുകയായിരുന്നു അസ്മ.

അനംഗനെ കണ്ടതും അവൾക്കുള്ളിൽ ഒരു കന്യക ആരവത്തോടെ എഴുന്നേറ്റു. ഒരു പൂങ്കുല ഇളകിയതുപോലെ ആകെ സുഗന്ധം പടർന്നു.

കൈനോക്കിയതിനു പണവും കുപ്പായശീലയും നല്കപ്പെട്ടപ്പോൾ കൈനോട്ടക്കാരി ഇറങ്ങി. അർബനമുഴക്കവുമായി ഏതെങ്കിലും അജ്മീർ വാലയോ വള വില്ക്കാൻ വരുന്ന ചെട്ടിച്ചിയോ ഇനിയും പടികടന്നു വരാം. തണുപ്പുള്ള തിണ്ണയിൽ അവൻ ഇരുന്നു. അസ്മ ജനാല മറനീക്കി പുറത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തി പറഞ്ഞു:

'ഒടുവിൽ നീ വന്നുവല്ലോ...'

എങ്ങനെ അവനോട് തുടങ്ങണം എന്നു മനസ്സിലാവാതെ അസ്മ തന്റെ കഴുത്തിലെ മത്സ്യാകൃതിയിലുള്ള ലോലാക്കിൽ വിരലുകളാൽ ഇരടിക്കൊണ്ട്, 'ജമീലാ കുടിക്കാനെന്തെങ്കിലും എട്ക്ക്' എന്നു പറഞ്ഞു.

എന്തെടുക്കണമെന്ന് ജമീല സംശയിച്ചുനിന്നപ്പോൾ അവൾക്കരികിലേക്ക് ചെന്ന് 'പാലും പഞ്ചസാരയും ചേർത്ത പൂവമ്പഴക്കശക്ക്' എടുത്തുവെക്കാൻ നിർദ്ദേശിച്ചു.ജമീല മടിച്ചുനിന്നില്ല.

വല്ലാത്തൊരു നിശ്ശബ്ദത പോകാൻ കൂട്ടാക്കാതെ അവിടെ നിന്നു. ആ വീടിന്റെ മരത്തൂണുകളും ചുവരിൽ തൂങ്ങിയ ചിത്രങ്ങളും വിശദമായി നോക്കിക്കാണാൻ അനംഗനും ആശയുണ്ടായി. അതു വിശദമായി നോക്കാൻ അസ്മ അവനെ അകമണ്ഡപത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഗാംഭീര്യമുള്ള നോട്ടത്താൽ അവന്റെ മുഖവും കണ്ണുകളും പരതിനടക്കവെ അവളുടെ ഹൃദയവും ആവേശത്തോടെ മിടിച്ചു. ഇടയ്ക്കിടെ കണ്ണുകൾ കൂട്ടിമുട്ടി. പുറത്ത് വെയിൽ ജനാലയ്ക്കരികിലേക്ക് വളർന്നുനിന്ന ആര്യവേപ്പിനൊപ്പം മുറ്റത്ത് ഇളകി. അവർക്ക് ആവേശത്തിൽ പല വാക്കുകളും നഷ്ടമായി.

'എന്തിനാണ് കാണണമെന്നു പറഞ്ഞത്?' എന്നവൻ ചോദിച്ചപ്പോൾ 'കഷ്ടം' എന്നവൾ ഉള്ളിൽ ചിരിച്ചു. ഇവനിത്ര പേടിത്തൊണ്ടനായിപ്പോയല്ലോ എന്നു നിശ്വസിച്ചു. അവർ മറ്റൊരു മുറിയിലേക്കു കടന്നു. മുറിയിൽ വെളിച്ചം കുറഞ്ഞ ഭാഗത്ത് മൺചെപ്പിലെ കനലിൽ ഊത് പുകയുന്നുണ്ട്. അത് വിടമാകെ വ്യാപിക്കുന്നു. ഇരുട്ടിനു നടുവിലൂടെ ഒരു പ്രകാശരേഖ കടന്നുപോകുന്ന ഭാഗത്ത് മാത്രം പുകച്ചുരുളുകൾ ഉരുമ്മിയുയരുന്നത് കൂടുതൽ വെളിവായി. സുഗന്ധം രണ്ടുപേരെയും പുണർന്നു. ഊദിന്റെ വെൺനാരുകൾ പ്രകാശരേഖയിലൂടെ സഞ്ചരിച്ചു പൊന്തി.മുഗളരാജധാനിയിലെ ഏറ്റവും പ്രായംകുറഞ്ഞ റാണിയായി അവൾ ആ ധൂമസഞ്ചാരത്തിനു നടുക്ക് നിന്നു. ആ നിശ്ശബ്ദതയിൽ കേട്ട ഏക ശബ്ദം തന്റെ ഹൃദയത്തിൽനിന്നാണെന്നു മനസ്സിലാകാതെ റാണി ചുവരിലെ ഘടികാരത്തിലേക്കു നോക്കി. അവൻ കണ്ടുനില്‌ക്കെ അലമാര തുറന്നു മൃദുവായ മഞ്ഞത്തുണിയിൽ പൊതിഞ്ഞുവെച്ച ചെറിയൊരു സമ്മാനം റാണി അവനു നീട്ടി.

'എന്താണിത്?'

'തുറന്നു നോക്ക്?'

അടുത്തു വന്ന് അവനത് വാങ്ങുമ്പോൾ അവന്റെ കൈകളിൽ റാണിയുടെ വിരലുകൾ തൊട്ടു. ഏലക്കായ ഇട്ടു വാറ്റിയ കുഴമ്പുകൊണ്ട് തടവി തയ്യാറാക്കിയ തന്റെ ഇളംശരീരം കാന്തംപോലെ ആ സംഗീതവാഹകനിലേക്ക് വലിഞ്ഞടുക്കുന്നു. ഇതിനകം ഊദുപുക ഉയരുന്ന ചെപ്പിനുമേൽ വസ്ത്രം മറഞ്ഞുകഴിഞ്ഞിരുന്നു. വസ്ത്രത്തിനുള്ളിലൂടെ ശരീരത്തെ ഉരുമ്മി സംഗീതത്തിന്റെ സൂക്ഷ്മവിചീകൾപോലെ പുക നീങ്ങി. ചില്ലോടിനുള്ളിലൂടെ വന്ന വെളിച്ചം അവരുടെ ചെറിയ ഇളക്കത്തെപ്പോലും വെളിവാക്കി.

മഞ്ഞവസ്ത്രത്തിൽ പൊതിഞ്ഞ ആ സമ്മാനം അവൻ തുറന്നു നോക്കി. അവർ പറഞ്ഞു:

'ഇതൊന്ന് ഏല്പിക്കാൻ നിന്നെ കിട്ടേണ്ടേ'.

കടുംവയലറ്റ് നിറത്തിനു ചുറ്റും സ്വർണച്ചിറ്റു കെട്ടിയ ആ സമ്മാനം അവൻ ചുണ്ടോടു ചേർത്ത് ഒരു ഗാനത്തിനായി ശ്വാസം ചലിപ്പിച്ചു:

'നിധിയായ നിധിയാകെ നീയെടുത്തല്ലോ

മുതലായ മുതലാകെ നീയെടുത്തല്ലോ...

കലവറ തന്നിൽ, കാത്തുസൂക്ഷിച്ച

കനകക്കിനാക്കളും നീയെടുത്തല്ലോ.

മധുരപ്പതിനേഴുകാരി...

എന്റെ മധുരപ്പതിനേഴുകാരി'.

അവനെപ്പറ്റിയുള്ള സർവകാര്യത്തിലും അവൻ ബോധവാനാണ്. ആ ആത്മവിശ്വാസത്തെയാണ്, നിവർന്ന നില്പിനെയാണ് അവൾ കണ്ണുകൊണ്ട് പരിചരിച്ചത്. അവൾക്കറിയാം ആ പാട്ടിലെ പതിനേഴുകാരി താനല്ല. കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നതും താനേ കൂടിക്കലരുന്നതും രണ്ടുതന്നെയാണ്. ഇവനെക്കുറിച്ച് നൗറിൻ അഭിമാനത്തോടെ ഒരിക്കൽ സംസാരിച്ചു. 'എന്റെ പൊന്നു നൗറീ, ആവശ്യമില്ലാത്ത കാര്യങ്ങൾ തലയിൽ എടുത്തുവെച്ചിരിക്കുന്നത് എന്തിനാണ്. ആരാണ് നിന്റെ ബുദ്ധി ഇങ്ങനെ കശക്കിക്കളഞ്ഞത്'. അതു പറഞ്ഞ് അവളോട് എതിർത്തു. നീയാണവനെ നിന്റെ വഴിയിലേക്ക് കൊമ്ടുപോകുന്നത് എന്നുകൂടി പറഞ്ഞപ്പോൾ അവൾ തന്നെ ആക്രമിച്ചില്ലെന്നേയുള്ളൂ. 'രാത്രി മുഴുവൻ അവനെയോർത്ത് എന്റെ ഉറക്കമല്ലേ നഷ്ടപ്പെടുന്നത്. ഞാനങ്ങ് സഹിച്ചുകൊള്ളാം' എന്നു പറഞ്ഞാണ് അവൾ കുതറി നടന്നുപോയത്. മനസ്സിന്റെ ഇഷ്ടം നടപ്പാക്കാൻ അനുവാദവും പ്രേരണയും വേണ്ട. പ്രഗല്ഭമായ തീരുമാനം മാത്രം മതി. അതിനർഥം താൻ നൗറിന്റെ പക്ഷംപിടിക്കുന്നു എന്നല്ല. സ്വയം ചുവടുവെക്കാൻ അറിയുന്നവളാണ് നൗറിൻ. രണ്ടു മനസ്സുകളിൽ ഒന്നിനെ പൂർണമായും കെട്ടിയൊതുക്കി ഉപേക്ഷിച്ചുകഴിഞ്ഞു. എല്ലാം അവൾക്കുള്ളതാണ്. അദ്ഭൂതങ്ങളും വെളിച്ചങ്ങളും മനുഷ്യരും.

ഏതൊരുവളുടെയും കൂടെ കാമുകനായി സുന്ദരമായ ശിരസ്സുള്ളവനെ കാണുമ്പോൾ പെണ്ണിൽ അദ്ഭുതവികാരമല്ല, അസൂയ തന്നെയാണ് നിരന്തരം ആജ്ഞാപിക്കുക. അവൾക്കു തോന്നി. ചതുരംഗത്തിലേ നിയമമുള്ളൂ. പ്രണയത്തിൽ അതില്ല.

അസ്മ ആസ്വദിക്കുകതന്നെയായിരുന്നു. ആരെങ്കിലും ചുംബിച്ചിട്ടോ അമർത്തിയിട്ടോ അല്ല അവളുടെ ചുണ്ടുകൾ വേദനിച്ചത്. അവന്റെ മേൽമീശയ്ക്കും ചുവന്ന കീഴ്‌ച്ചുണ്ടിനും ഇടയിലൂടെ ആ സംഗീതോപകരണം പ്രയാസമില്ലാതെ സഞ്ചരിക്കുന്നു. ഗാനം അതീവതത്പരമായി പുറപ്പെടുന്നു.

അവൾ പറഞ്ഞു:

'തരൂ. ഞാനൊന്ന് ഊതിനോക്കട്ടെ'.

അവനിൽനിന്നും സംഗീതോപകരണം അവൾ വാങ്ങി. ആ സ്പർശവും നനവും അവൾ ആസ്വദിച്ചു. കണ്ണടച്ചുനിന്ന് സുഗന്ധം വലിച്ചുകൊണ്ട് അവൾ ഊതി....

'ആശതൻ വാടാത്ത മലർവാടിയുണ്ടോ...

ആനന്ദക്കണ്ണീരിൻ മധുമാരിയുണ്ടോ..

കണ്ണും കണ്ണും കാണുമ്പോൾ

പ്രേമത്തിൻ കവിതകൾ പാടാറുണ്ടോ... ഉണ്ടോ...

താരമേ... താരമേ.... നിന്നുടെ നാട്ടിലും

തങ്കക്കിനാവുകളുണ്ടോ...'

അവന്റെ രൂപം പ്രാണനിൽ, ഗന്ധത്തിൽ, നാഭിയിലെ പച്ചത്തണുപ്പിൽ, തുടകളിൽ, കാൽവിരലുകളിൽ എല്ലാം ലയിച്ചുകഴിഞ്ഞു. അവൾ ഗാനത്തിനായി ശ്വാസം എടുത്തുവെങ്കിലും ശരിയായി വന്നില്ല. പാതിയിൽ തോറ്റ യുദ്ധം നിർത്തി അവൾ ഉപകരണം തിരികെ നല്കി. സൂക്ഷ്മതയോടെ മറ്റൊരദ്ഭുതഗാനം അവൻ അവതരിപ്പിച്ചപ്പോൾ കൊഞ്ചലുള്ള ശബ്ദത്തിൽ അവളും കൂടെ പാടി:

'...ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ
കരളിലെറിയുവതെന്തിനോ...'

അവൻ എന്തിനു വേണമെങ്കിലും മുതിരട്ടെ. ശരീരത്തിലെ എല്ലാ വായുസഞ്ചാരപാതകളും പിളർത്തി അവൾ പ്രാണന്റെ സ്തുലമായ രൂപങ്ങളിലേക്ക് അവനെ ക്ഷണിച്ചു.

അദ്ഭുതകരമായതെന്തോ സംഭവിക്കുംവണ്ണമായിരുന്നു അവിടത്തെ നിശ്ശബ്ദത. അവിടേക്കാണ് ജമീല പൂവമ്പഴക്കശക്കുമായി വന്നു വിളിച്ചത്. അവരെ പൂണ്ട ഉന്മാദങ്ങളിൽനിന്നും അവർ ഉടനെ വേർപെട്ടു. തണുത്ത പാനീയം മേശപ്പുറത്തു വെച്ച് ജമീല പിൻവാങ്ങിയപ്പോൾ അവൾ പറഞ്ഞു:

'ദൈവദോഷമാണ്'.

ഒരു ദൈവത്തേയും നിഷേധിക്കാൻ അവൻ തയ്യാറല്ല.

അവൻ നടന്നുനീങ്ങുമ്പോൾ ഭയങ്ങളിൽനിന്നും അവൾ സ്വതന്ത്രയായിത്തീർന്നത് അസ്മ അനുഭവിച്ചു'.

ബറേക്ക
കെ.ടി. സതീശൻ
മാതൃഭൂമി ബുക്‌സ്
2020, വില: 280 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP