Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വടക്കൻ കേരളത്തിൽ ലത്തീൻ കത്തോലിക്ക വോട്ട് ബാങ്ക് വിപുലമാക്കുക മുഖ്യലക്ഷ്യം; ലത്തീൻ കാത്തലിക് സമുദായ സർട്ടിഫിക്കറ്റ് നൽകി ദളിത് ക്രൈസ്തവരെ പാട്ടിലാക്കുക മാർഗ്ഗം; ബിഷപ്പുമാരുടെ സർട്ടിഫിക്കറ്റ് കൈയിൽ കിട്ടുമ്പോൾ ദളിത് ക്രൈസ്തവർ വേഷം മാറി ലത്തീൻ കാത്തലിക്ക് ആകുന്ന മാജിക്; എസ്സിഎസ്ടി സംവരണം ആവശ്യപ്പെട്ട് സമരത്തിലുള്ള തങ്ങളെ ലത്തീൻ സഭ ചതിക്കുന്നുവെന്ന് നോർത്ത് കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ; മുഖ്യമന്ത്രിക്ക് പരാതിയും

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വടക്കൻ കേരളത്തിൽ ലത്തീൻ കത്തോലിക്ക വോട്ട് ബാങ്ക് വിപുലമാക്കുക മുഖ്യലക്ഷ്യം; ലത്തീൻ കാത്തലിക് സമുദായ സർട്ടിഫിക്കറ്റ് നൽകി ദളിത് ക്രൈസ്തവരെ പാട്ടിലാക്കുക മാർഗ്ഗം; ബിഷപ്പുമാരുടെ സർട്ടിഫിക്കറ്റ് കൈയിൽ കിട്ടുമ്പോൾ ദളിത് ക്രൈസ്തവർ വേഷം മാറി ലത്തീൻ കാത്തലിക്ക് ആകുന്ന മാജിക്; എസ്സിഎസ്ടി സംവരണം ആവശ്യപ്പെട്ട് സമരത്തിലുള്ള തങ്ങളെ ലത്തീൻ സഭ ചതിക്കുന്നുവെന്ന് നോർത്ത് കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ; മുഖ്യമന്ത്രിക്ക് പരാതിയും

എം മനോജ് കുമാർ

തിരുവനന്തപുരം: ഭാവിയെക്കുറിച്ചുള്ള ഒട്ടനവധി ഉത്കണ്ഠകൾ കേരളത്തിലെ ദളിത് ക്രൈസ്തവരെ തുറിച്ച് നോക്കുന്നു. ഇതര മതങ്ങളിൽ നിന്ന് ക്രൈസ്തവ സഭയിലേക്ക് വന്ന തങ്ങളെ ലത്തീൻ ക്രിസ്ത്യൻ സഭ വിഴുങ്ങുകയാണ് എന്ന ചിന്തയാണ് ദളിത് ക്രൈസ്തവരിൽ പ്രബലമാകുന്നത്. സ്വയം വോട്ട് ബാങ്ക് ആയി മാറാനും ലത്തീൻ സഭാ സംവരണം 1952-നു മുൻപ് ഉണ്ടായിരുന്ന ഏഴു ശതമാനത്തിലേക്കും ഉയർത്താനുമുള്ള സഭാ നീക്കങ്ങളിൽപ്പെട്ടു തങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും ഇല്ലാതാവുകയാണ് എന്നാണ് ദളിത് ക്രൈസ്തവർ ഭയക്കുന്നത്. ലത്തീൻ കാത്തലിക് വിഭാഗത്തിനു നിലവിലെ സംവരണം ഏഴു ശതമാനമാക്കണം. ദളിത് ക്രൈസ്തവർക്ക് തങ്ങളുടെ നിലവിലെ ഒരു ശതമാനം സംവരണം എന്നത് മാറ്റി എസ് സി എസ്ടി സംവരണത്തിലേക്ക് മാറ്റണം. ഭാവിയിൽ ഈ രീതിയിലുള്ള സംവരണം തങ്ങളെ തേടിവരും എന്ന ദളിത് ക്രിസ്തവരുടെ പ്രതീക്ഷയും വിശ്വാസവും. എന്നാൽ ലത്തീൻ കാത്തലിക് സഭ നടത്തുന്ന സമുദായവത്ക്കരണത്തിൽപ്പെട്ടു തങ്ങളുടെ പ്രതീക്ഷകൾ ഇല്ലാതാവും എന്നാണ് ദളിത് ക്രൈസ്തവരുടെ ഭയം.

ലത്തീൻ സഭാ അംഗങ്ങൾ ആണെങ്കിലും സഭയിലെ സമുദായമായി മാറേണ്ടതില്ല. ദളിത് ക്രൈസ്തവർ എന്ന പരിഗണന സഭ തങ്ങൾക്ക് നൽകിയാൽ മതി എന്നാണ് സഭാ അംഗങ്ങളുടെ ആവശ്യം. പക്ഷെ ഈ അവശ്യത്തിനു സഭ പുല്ലുവില പോലും കൽപ്പിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. ഇതുകൊണ്ട് തന്നെയാണ് കണ്ണൂർ ലാറ്റിൻ അതിരൂപതയുടെ മുന്നിൽ സഭാംഗങ്ങൾ ഈയിടെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. സഭയുടെ സാമുദായികവത്ക്കരണത്തിനു എതിരായാണ് സഭാ ആസ്ഥാനത്തിനു മുന്നിൽ ഇവർ ധർണ ഇരുന്നത്. കേരളത്തിൽ ഉറച്ച വോട്ട് ബാങ്ക് ആയി മാറാൻ ലത്തീൻ കത്തോലിക്കാ സഭ ആസൂത്രിത ജാതി തട്ടിപ്പ് നടത്തുന്നതായി ദളിത് ക്രൈസ്തവർ ഇപ്പോൾ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. നോർത്ത് കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷനാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ലത്തീൻ കാത്തലിക് സഭയ്ക്ക് കേരളത്തിൽ ശക്തമായ വോട്ട് ബാങ്ക് ആയി മാറണം. അതിനായി സഭയിലെ ദളിത് ക്രൈസ്തവരെ ലത്തീൻ കാത്തലിക് സമുദായ അംഗങ്ങളാക്കി മാറ്റണം. സഭയുടെ ഈ നീക്കത്തിന്നെതിരെയാണ് ദളിത് ക്രൈസ്തവർ ചെറുത്തു നിൽപ്പിന് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

ലത്തീൻ സഭയിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് ലത്തീൻ കാത്തോലിക്കാ സമുദായമാക്കുകയാണ് സഭയുടെ ഉന്നം. ലത്തീൻ കാത്തലിക് സഭ നടത്തുന്ന സമുദായവത്കരണത്തിന്റെ തുടർച്ചയായി ഭാവിയിൽ തങ്ങളെ തേടി വരുന്ന സംവരണം അപ്പാടെ ഇല്ലാതാകുമെന്നുമുള്ള ദളിത് ക്രൈസ്തവ ഭയമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സഭയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംഘടന പരാതി നൽകിയിട്ടുണ്ട്. സഭാ അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ലത്തീൻ കത്തോലിക്കാ സമുദായ അംഗം എന്ന സർട്ടിഫിക്കറ്റ് വാങ്ങി പല സഭാ അംഗങ്ങളും സഭയ്ക്ക് ഒപ്പം ജാതിതട്ടിപ്പിന് ഇറങ്ങിയിരിക്കുന്നുവെന്നാണ് ദളിത് ക്രിസ്ത്യൻ ഫെഡറേഷന്റെ ആരോപണം.

സഭ ഇട്ടുകൊടുക്കുന്ന ചൂണ്ടയിൽ കൊത്തി ദളിത് ക്രൈസ്തവർ വഞ്ചനയ്ക്ക് ഇരയാകുന്നുവെന്നാണ് സംഘടന പറയുന്നത്. തങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റിനു ആവശ്യം വരുമ്പോൾ സഭാ പിതാക്കന്മാർ നൽകുന്നത് ഇവർ ലത്തീൻ കാത്തലിക് സമുദായ അംഗം എന്ന സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കറ്റുമായി വില്ലേജ് ഓഫീസിലെത്തുമ്പോൾ ലഭിക്കുന്നത് ദളിത് ക്രിസ്ത്യൻ സർട്ടിഫിക്കറ്റിനു പകരം ലത്തീൻ കാത്തലിക് സമുദായ അംഗം എന്ന സർട്ടിഫിക്കറ്റും. ഈ സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ ജാതി മാറുകയാണ് ചെയ്യുന്നത്. ദളിത് ക്രൈസ്തവർ എന്നത് മാറി ലത്തീൻ കാത്തലിക്ക് എന്ന സമുദായമായി മാറുന്നു. ഇങ്ങനെ സഭയിലെ ഒരാൾ സമുദായം മാറിയത് ചൂണ്ടിക്കാട്ടി സംഘടന കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഈ ജാതി സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങി ദളിത് ക്രിസ്ത്യൻ സർട്ടിഫിക്കറ്റ് തന്നെ നൽകണം എന്നാണ് സംഘടനയുടെ ആവശ്യം.

തെറ്റായി സർക്കാർ ഉത്തരവ്:

തെറ്റായ ഒരു സർക്കാർ ഉത്തരവ് ഇതിനു ഒരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമുദായ സർട്ടിഫിക്കറ്റ് ആവശ്യം വരുമ്പോൾ സഭാ പിതാക്കന്മാർ നൽകുന്ന സർട്ടിഫിക്കറ്റ് സഹായ രേഖയായി ഉപയോഗിക്കാം എന്ന് സർക്കാർ ഉത്തരവുണ്ട്. ഇങ്ങനെ സഭാ പിതാക്കന്മാർ സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഇവരുടെ കുടുംബം 1947 നു മുൻപ് സഭയിൽ അംഗങ്ങൾ ആയിരുന്നോ എന്ന് പരിശോധിക്കണം എന്ന് ഉത്തരവിലുണ്ട്. ഈ ഉത്തരവിന് പകരം സർക്കാർ തെറ്റായി ഉത്തരവിറക്കി. 1947 നും മുൻപ് ഇവർ സമുദായ അംഗമാണോ എന്ന് പരിശോധിക്കേണ്ടതില്ലെന്നും സഭാ പിതാക്കന്മാർ നൽകുന്ന സർട്ടിഫിക്കറ്റ് അനുസരിച്ച് സമുദായ സർട്ടിഫിക്കറ്റ് നൽകാം എന്നുമാണ് ഉത്തരവിലുള്ളത്. ഇത് വിവാദമായപ്പോൾ സർക്കാർ തന്നെ തിരുത്തിയിരുന്നു.

ദളിത് ക്രൈസ്തവരെ ചൂണ്ടയിൽ കുരുക്കാൻ ശ്രമം

ഒരു ശതമാനം സംവരണമാണ് ദളിത് ക്രൈസ്തവർക്കുള്ളത്. നാല് ശതമാനം സംവരണം എന്ന സഭാ ചൂണ്ടയിൽ ദളിത് ക്രൈസ്തവർ കൊത്തുമ്പോൾ ദളിത് ക്രൈസ്തവ സംവരണത്തിനു സഭാ അംഗങ്ങൾക്കുള്ള അർഹത തന്നെയാണ് നഷ്ടമാകുന്നത്. ഭാവിയിൽ ദളിത് ക്രിസ്തവർക്ക് വരുന്ന സംവരണം ഈ രീതിയിൽ നഷ്ടമാകുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ലത്തീൻ കാത്തലിക് സമുദായം എന്ന് വരുമ്പോൾ ദളിത് ക്രൈസ്തവർക്ക് നാല് ശതമാനം സംവരണം ലഭിക്കും. ഇത് മോഹിച്ചാണ് സഭാ അംഗങ്ങൾ ഈ സർട്ടിഫിക്കറ്റ് വാങ്ങി ലത്തീൻ സമുദായ അംഗങ്ങൾ ആയി മാറുന്നത്. പക്ഷെ നിയമപരമായി ഇത് ശരിയല്ലെന്നും ഏതെങ്കിലും രീതിയിൽ പരാതിയിൽ വന്നാൽ ഈ രീതിയിൽ ലഭിച്ച ജോലി പോലും നഷ്ടമാകുന്ന അവസ്ഥ വരും. ദളിത് ക്രൈസ്തവർക്ക് ഒരു ശതമാനം സംവരണമുണ്ട്. ഈ സംവരണത്തിലാണ് ഇവർ വരുന്നത്. പരിവർത്തിത ക്രൈസ്തവ സർട്ടിഫിക്കറ്റിനാണ് ഇവർക്ക് അർഹത. എന്നാൽ ഇവർക്ക് ലഭിക്കുന്നതോ ലത്തീൻ കാത്തലിക് സമുദായഅംഗം എന്ന സർട്ടിഫിക്കറ്റും. ഈ പ്രശ്‌നം കൊണ്ട് തന്നെ ലത്തീൻ കാത്തലിക് സമുദായ അംഗമായി മാറി ജോലി ലഭിച്ച് പരാതി വന്നാൽ ജോലി നഷ്ടമാകും. സർക്കാർ ഉത്തരവ് തന്നെയുണ്ട്. ദളിത് ക്രൈസ്തവർ ലത്തീൻ കാത്തലിക് സമുദായ അംഗമായി മാറുന്നതിനെതിരെ സർക്കാർ ഉത്തരവ് തന്നെ നിലവിലുണ്ട് എന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലത്തീൻ സമുദായ അംഗവും ലത്തീൻ സഭാ അംഗം എന്നുമുള്ള വ്യത്യാസം തിരിച്ചറിയാൻ വില്ലേജ് ഓഫീസർമാർക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് തെറ്റായ ജാതി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസുകളിൽ നിന്നും ദളിത് ക്രൈസ്തവർക്ക് നൽകുന്നത്- നോർത്ത് കേരള ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ നേതാവായ സുനിൽ കോയിലേരിയൻ മറുനാടനോട് പറഞ്ഞു.

വേണ്ടത് എസ് സി എസ്ടി സംവരണം

എസ് സി എസ്ടി വിഭാഗത്തിന്റെ സംവരണമാണ് തങ്ങൾക്ക് വേണ്ടത് എന്നാണ് സഭാ അംഗങ്ങളുടെ ആവശ്യം. ഹിന്ദു സമുദായത്തിൽ നിലനിൽക്കുന്ന ജാതീയതയിൽ മനം മടുത്താണ് എസ് സിഎസ്ടിയിൽപ്പെടുന്ന പല കുടുംബങ്ങളും ക്രിസ്ത്യൻ സമുദായ അംഗങ്ങൾ ആയി മതപരിവർത്തനം ചെയ്തത്. ഈ ഘട്ടത്തിൽ ലത്തീൻ ക്രിസ്ത്യൻ സംവരണം തങ്ങൾക്ക് ആവശ്യമില്ല. സഭാംഗമായി സഭ പരിഗണിച്ചാൽ മാത്രം മതി. ദളിത് ക്രൈസ്തവർക്ക് നിലവിലുള്ള ഒരു ശതമാനം സംവരണം എന്നത് മാറ്റി എസ് സി എസ്ടി സംവരണത്തിനു തങ്ങളെ പരിഗണിക്കണം എന്നാണ് ഇവർ കാലാകാലങ്ങളായി ഉയർത്തുന്ന ആവശ്യം.

ഈ ആവശ്യം മുന്നിൽ നിൽക്കെയാണ് ഇതറിയുന്ന ലത്തീൻ സഭ സാമുദായികവത്ക്കരണത്തിന്റെ ഭാഗമായി തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നാണ് ഇവരുടെ ആക്ഷേപം. സഭാ പിതാക്കന്മാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണെന്നും ദളിത് ക്രൈസ്തവർ ചൂണ്ടിക്കാട്ടുന്നു. ജാതി സർട്ടിഫിക്കറ്റ് ആവശ്യം വരുമ്പോൾ സഭാ പിതാക്കന്മാർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഇവർക്ക് ക്രിസ്ത്യൻ സർട്ടിഫിക്കറ്റ് നൽകാം എന്ന് സർക്കാർ ഉത്തരവുണ്ട്. ഇവർക്ക് ക്രിസ്ത്യൻ സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഇവരുടെ കുടുംബം 1947 നു മുൻപ് ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നോ എന്ന് സഭാ പിതാക്കന്മാർ പരിശോധിക്കണം എന്നിട്ട് വേണം വില്ലേജ് ഓഫീസിലേക്ക് അവശ്യമുള്ള സർട്ടിഫിക്കറ്റ് നൽകാൻ എന്ന് സർക്കാർ ഉത്തരവുണ്ട്. അല്ലെങ്കിൽ ക്രിസ്ത്യൻ നാടാർ- ഭരത ,പരവ, ഈഴവ, മുക്കുവ, പുലയ എന്നീ കൂട്ടിച്ചേർക്കലുകൾ നടത്തണം. ഈ രീതിയിൽ സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഇവർ ലത്തീൻ കാത്തലിക് സമുദായത്തിന്റെ സംവരണത്തിനു അർഹരല്ല. ദളിത് ക്രിസ്ത്യൻ സംവരണത്തിനു മാത്രമാണ് അർഹതയുള്ളത്. നിലവിലെ ഒരു ശതമാനം സംവരണം മാത്രമാണ് ഇവർക്ക് അർഹത. പക്ഷെ ഇത് മാറി എസ് സി എസ്ടി വിഭാഗത്തിൽ തങ്ങളുടെ പേര് ചേർക്കപ്പെടും എന്നു ഇവർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. സഭാ പിതാക്കന്മാരുടെ രഹസ്യ നീക്കം വഴി ഈ സ്ഥിതി അട്ടിമറിക്കപ്പെടും എന്നാണ് ദളിത് ക്രൈസ്തവരുടെ ആശങ്ക. ലത്തീൻ കാത്തലിക് സഭ ഇങ്ങനെ ചെയ്യുമ്പോൾ മറ്റുള്ള സഭകളും ഈ രീതി പിന്തുടരുമോ എന്ന് ദളിത് ക്രിസ്തവർ ഭയക്കുകയും ചെയ്യുന്നുണ്ട്.

ദളിത് ക്രൈസ്തവ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാട്ട്‌സ് ആപ്പ് സന്ദേശം ഇങ്ങനെ:

ലത്തിൻ കത്തോലിക്കാ സഭ നിർമ്മിച്ചെടുത്ത, '' ലത്തിൻ കത്തോലിക്ക ' എന്ന വ്യാജ ഒ ബി സി സമുദായവും സർക്കാർ ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്ത് സമ്പാദിക്കുന്ന വ്യാജ സംവരണവും ജാതി സർട്ടിഫിക്കറ്റുകളും.സമീപ കേരളം കണ്ടിരിക്കുന്നതിൽ ഏറ്റവും വലിയ ഒരു അസൂത്രിത സംവരണ ജാതി തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അന്യേഷണാത്മക വിശകലനവും വിവരണമാണ് താഴെ പ്രതിപാദിക്കുന്നത്.

ലത്തിൻ റീത്ത് , ലത്തിൻ സഭ :

വിശ്വാസത്തിലും ആരാധനക്രമത്തിലും അടിസ്ഥാനമായ കത്തോലിക്ക സഭയുടെ ഭാഗമാണ്.

ലത്തിൻ സഭ വിശ്വാസികൾ :

15 നൂറ്റാണ്ട് മുതൽ ഹിന്ദു മതത്തിലെ വിധ ജാതിയിൽ നിന്ന് മതപരിവർത്തനം നടത്തിവന്നവരാണ്. ഉദാ. വിവിധ പട്ടികജാതി വിഭാഗങ്ങൾ, ആംഗ്ലോ ഇന്ത്യൻ , നാടാർ , ഭരത ,പരവ, ഈഴവ, മുക്കുവ, മറ്റ് ഹിന്ദു പിന്നോക്ക ജാതിക്കാർ , ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഹിന്ദു പരിവർത്തിത ജാതി വിഭാഗങ്ങൾ ഉൾപ്പെടുന്നു. കേരളത്തിലെ സംവരണ പട്ടികയിൽ ഉൾപ്പെട്ട 'ലത്തിൻ കത്തോലിക്ക' പിന്നോക്ക സമുദായ വിഭാഗം: ഈ പിന്നോക്ക സമുദായ പേര് വിശ്വാസ സഭയുടെ പേരുമായി ഏറെ തെറ്റിദ്ധരിക്കപ്പെടുന്നു , പേരിൽ സാമ്യമുണ്ടെന്നതും സമുദായ അംഗങ്ങൾ സഭാ വിശ്വാസികൾ ആണെന്നതും ഒരു കാരണമാണ്. നാടാർ ഒഴികെ , ഭരത ,പരവ, ഈഴവ, മുക്കുവ, മറ്റ് ഹിന്ദു പിന്നോക്ക ജാതിക്കാർ ഉൾപെടുന്നതാണ് സംവരണം ലഭിക്കുന്ന ' ലത്തിൻ കത്തോലിക്കർ', ആയതിനാൽ ലത്തിൻ സഭാ വിശ്വാസികൾ ആയ എല്ലാവരും 'ലത്തിൻ സമുധായ' സംവരണ ക്ലാസിൽ/ വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. നാടാർ ലത്തിൻ കത്തോലിക്ക സഭാ വിശ്വാസിക്ക് , നാടാർ സംവരണം പ്രത്യേകമായി ഉണ്ട് ആംഗ്ലോ ഇന്ത്യൻ ലത്തിൻ കത്തോലിക്ക സഭാ വിശ്വാസിക്ക് പ്രത്യേക സംവരണം ഉണ്ട് . പട്ടികജാതി പരിവർത്തിത ലത്തിൻ കത്തോലിക്ക സഭ വിശ്വാസിക്ക് പ്രത്യേക സംവരണം ഉണ്ട്.

വിഷയം:

'ലത്തിൻ കത്തോലിക്ക ' എന്ന പേര് സംവരണ ലിസ്റ്റിൽ സമുദായ നാമം ആയി രേഖപ്പെടുത്തിയ പഴുത് ഉപയോഗിച്ച് , ലത്തിൻ കത്തോലിക്ക സഭാ വിശ്വാസികൾ ആയിട്ടുള്ള എല്ലാവരും 'ലത്തിൻ കത്തോലിക്ക ' സമുദായം ആണെന്ന് റെവന്യൂ അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ , 'ലത്തിൻ കത്തോലിക്ക' സമുദായ സർട്ടിഫിക്കറ്റ മുന്നോക്ക സമുദായത്തിൽ നിന്നും , പട്ടിക ജാതിയിൽ നിന്നും ലത്തിൻ കത്തോലിക്ക സഭ വിശ്വാസം സ്വീകരിച്ചവർക്ക് അനർഹമായി നേടി , കേരളത്തിൽ 'ലത്തിൻ കത്തോലിക്ക' സമുദായ അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടി , ജാതി തിരിച്ചുള്ള സർവേയിൽ മുന്നിൽ വരുക , വോട്ട് ബാങ്ക് ആവുക എന്നവയാണ് ഇതിന്റെ ലക്ഷ്യം.

ഇപ്പോൾ നടന്ന് വരുന്നത് :

പട്ടികജാതിയിൽ നിന്ന് മതപരിവർത്തനം നടത്തി ക്രിസ്തുമതം (ലത്തിൻ കത്തോലിക്ക സഭ) സ്വീകരിച്ച വ്യക്തികൾക്ക് , ഒ.ഇ.സി വിഭാഗത്തിൽ പെടുന്ന, പഴയ ഹിന്ദു ജാതി ഉൾപെടുത്തി പരിവർത്തിത ക്രിസ്ത്യൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് പകരം, പിന്നോക്ക സമുദായ പട്ടികയിൽ ഉള്ള ' ലത്തിൻ കത്തോലിക്ക ' എന്ന സർട്ടിഫിക്കറ്റ് തെറ്റായി വില്ലേജ് ഉദ്യോഗസ്ഥർ അനുവദിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, 1947 ന് മുൻപ് ക്രിസ്തുമതം സ്വീകരിച്ച ഹിന്ദു പിന്നോക്ക സമുദായക്കാരെയാണ് ( ഉദാഹരണം : ഇഴവ, ലത്തിൻ സഭ വിശ്വാസി) ലത്തിൻ സഭ വിശ്വാസി എന്ന് ബിഷപ്പ് അനുവദിച്ച സാക്ഷ്യപത്രം സഹായ രേഖകളിൽ ഒന്നായി പരിഗണിച്ച് അന്യേഷണം നടത്തി 'ലത്തിൻ കത്തോലിക്ക' സംവരണ സർട്ടിഫിക്കറ്റ ലഭിക്കാൻ അർഹതയുള്ളു. പലരും റവന്യു ഉദ്യോഗസ്ഥരെ കാണിക്കുന്ന 2016, 2012 വർഷങ്ങളിലെ സർക്കാർ ഉത്തരവ് പരാമർശിച്ച ആദ്യത്തെ 2010, 2009,1995 വർഷങ്ങളിലെ ഉത്തരവിൽ അത് വ്യക്തമാണ്.

മതപരിവർത്തനം നടത്തിയ ലത്തിൻ സഭാ വിശ്വാസികൾ ആയ പട്ടികജാതി ഹിന്ദു , ഇതര വിശ്വാസികൾ നാടാർ സമുദായം ഉൾപെടുന്ന വിഭാഗം 'ലത്തിൻ കത്തോലിക്ക ' സംവരണ പട്ടികയിൽ ഇല്ല എന്നത് വ്യക്തമായി സർക്കാർ ഉത്തരവുകളിലുണ്ട് ( വില്ലേജ് മന്വൽ എസ് എ എസ് പ്രസിദ്ധികരണം എസ് സീതാരാമൻ പോറ്റി ക്രോഡീകരിച്ച പുസ്തകത്തിൽ വ്യക്തമാണ്) നിയമം ഇതായിരിക്കെ കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ , കെ ആർ എൽ സി സി , ലത്തിൻ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ലത്തിൻ സഭാ വിശ്വാസികളെ കൂട്ടത്തോടെ 'ലത്തിൻ കത്തോലിക്ക ' സംവരണ സമുദായത്തിൽ ചേർത്ത് , അടുത്ത നിയമസഭാ ഇലക്ഷന് മുൻപ് ലത്തിൻ കത്തോലിക്ക വോട്ട് ബാങ്ക് വടക്കൻ കേരളത്തിൽ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം , അതിലൂടെ ശുപാർശിത വിഭാഗത്തിൽ കൂടുതൽ അനുകൂല്യങ്ങളോടെ 5% സംവരണത്തിലേക്ക് എത്തുക. ഈ വിഷയം പൊതു സമൂഹത്തിൽ ദുരവ്യാപകമായ ഫലം ഉണ്ടാക്കും , അനർഹർക്ക് സർക്കാർ അനുകൂല്യം എത്തപ്പെടും , ഇത് അടിയന്തര പ്രാധാന്യത്തോടെ സർക്കാർ പരിഗണിക്കേണ്ട വിഷയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP