Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്താരാഷ്ട്ര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടത് കോൺഫറൻസ് വിസ; ടൂറിസ്റ്റ് വിസയിൽ കോൺഫറൻസ് റിപ്പോർട്ട് ചെയ്യുമ്പോൾ വരുന്നത് നഗ്‌നമായ വിസാ ലംഘനം; യുഎഇ നടപടി എടുക്കുമെങ്കിൽ അത് സ്മിതാ മോനോന് നേരെ മാത്രം; രാജ്യാന്തര സമ്മേളനം റിപ്പോർട്ട് ചെയ്യാൻ വനിതയെ വിദേശകാര്യമന്ത്രാലയം കൊണ്ട് പോയിട്ടില്ല; അബുദാബി വിവാദത്തിൽ കേന്ദ്രമന്ത്രി മുരളീധരന്റെ ഭാഗത്ത് പ്രോട്ടോക്കോൾ ലംഘനമില്ല; ടി.പി.ശ്രീനിവാസൻ മറുനാടനോട്

അന്താരാഷ്ട്ര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടത് കോൺഫറൻസ് വിസ; ടൂറിസ്റ്റ് വിസയിൽ കോൺഫറൻസ് റിപ്പോർട്ട് ചെയ്യുമ്പോൾ വരുന്നത് നഗ്‌നമായ വിസാ ലംഘനം; യുഎഇ നടപടി എടുക്കുമെങ്കിൽ അത് സ്മിതാ മോനോന് നേരെ മാത്രം; രാജ്യാന്തര സമ്മേളനം റിപ്പോർട്ട് ചെയ്യാൻ വനിതയെ വിദേശകാര്യമന്ത്രാലയം കൊണ്ട് പോയിട്ടില്ല; അബുദാബി വിവാദത്തിൽ കേന്ദ്രമന്ത്രി മുരളീധരന്റെ ഭാഗത്ത് പ്രോട്ടോക്കോൾ ലംഘനമില്ല; ടി.പി.ശ്രീനിവാസൻ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: സ്മിതാ മേനോൻ എന്ന പിആർ ഏജൻസിക്കാരിയെ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പങ്കെടുപ്പിച്ചത് കേരളത്തിൽ രാഷ്ട്രീയ വിവാദമായി തുടരുകയാണ്. 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയിൽ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയതാണ് വിവാദമായത്. സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ നായർക്ക് പിണറായി സർക്കാരിലെ ബന്ധം മറനീക്കിയ സമയത്താണ് ഒരു വനിതയെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിന്റെ പേരിൽ ഓർക്കാപ്പുറത്ത് മുരളീധരൻ വിവാദത്തിൽ കുടുങ്ങിയത്.

മഹിളാമോർച്ചാ സെക്രട്ടറിയായ സ്മിതാ മേനോനെ അന്താരാഷ്ട്ര സമ്മേളനത്തിൽ മുരളീധരൻ പങ്കെടുപ്പിച്ചതായാണ് വിവാദമായത്. ഒരു വനിതയായതുകൊണ്ട് വിവാദം കത്തുകയും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുരളീധരന് മറുപടി നൽകേണ്ട അവസ്ഥ വരുകയും ചെയ്തു. പെട്രോൾ വില കൂടിക്കൊണ്ടിരിക്കുമ്പോൾ മുരളീധരൻ നൽകിയ വിചിത്ര വ്യാഖ്യാനത്തിനു അനുസൃതമായ മറുപടിയാണ് സ്മിതാ മേനോൻ വിവാദത്തിലും നൽകിയത് എന്നതിനാൽ വിവാദം കത്തിപ്പടരുകയും ചെയ്തു. അന്താരാഷ്ട്ര സമ്മേളനത്തിൽ ഒരാൾക്ക് പങ്കെടുക്കാൻ തനിക്ക് എങ്ങനെ അനുമതി കൊടുക്കാൻ കഴിയുമെന്ന് ആദ്യം പറഞ്ഞ മുരളീധരൻ പിന്നീട് പറഞ്ഞത് ആർക്ക് വേണമെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കാമെന്നായിരുന്നു. സ്മിതാ മേനോൻ സ്റ്റേജിലല്ല ഇരുന്നതെന്നും വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മുരളീധരന് ഒപ്പം തന്നെ സ്മിത ഇരിക്കുന്ന കാര്യം മാധ്യമങ്ങൾ ഉയർത്തിയപ്പോൾ അതിനും വ്യക്തമായ വിശദീകരണം നൽകാൻ മന്ത്രിക്ക് കഴിഞ്ഞതുമില്ല.

മുരളീധരന് വിവിധ മാധ്യമങ്ങളിൽ ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ടായിരിക്കെ അവർക്കൊന്നും നൽകാത്ത അനുമതി ഈ വനിതയ്ക്ക് മാത്രം നൽകി എന്ന ചോദ്യത്തിനു കേന്ദ്ര സഹമന്ത്രിക്ക് മറുപടി നൽകാൻ കഴിയാത്തതാണ് വിവാദം മൂർച്ചിക്കാൻ ഇടയാക്കിയത്. അബുദാബി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് വി. മുരളീധരൻ അനുമതി നൽകിയത് വ്യവസ്ഥാപിത ചട്ടങ്ങൾ ലംഘിച്ചാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകുകയും പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും വിശദീകരണം തേടുകയും ചെയ്തിരുന്നു. പി.ആർ കമ്പനി മാനേജർ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായതും ഈ സെക്രട്ടറിയെ മുരളീധരൻ അബുദാബിയിലേക്ക് വിളിപ്പിച്ചതും പാർട്ടിക്കുള്ളിലും സജീവ ചർച്ചയാണ്. ബിജെപിയിലും ഭിന്നത മുളപൊട്ടിയിട്ടുണ്ട്.

വിവാദം കത്തുമ്പോൾ മുരളീധരന്റെ നടപടിയിൽ പ്രോട്ടോക്കോൾ ലംഘനം ഒന്നും വന്നില്ലെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ. പ്രശ്‌നത്തിൽ മുരളീധരന് ക്ലീൻ ചിറ്റ് നൽകുകയാണെന്ന് മുരളീധരൻ മറുനാടനോട് പറഞ്ഞു. സ്മിതാ മേനോൻ നടത്തിയ നിയമലംഘനത്തിനു കേന്ദ്ര മന്ത്രി വി.മുരളീധരനുമായി ഒരു ബന്ധവുമില്ല. മുരളീധരന്റെ ഭാഗത്ത് നിന്നും സ്മിതാ പ്രശ്‌നത്തിൽ പ്രോട്ടോക്കോൾ ലംഘനം വന്നിട്ടില്ല. പിആർ ജോലി ചെയ്യുന്നു എന്ന് പറയുന്ന വനിതയെ അബുദാബിയിലേക്ക് കൊണ്ടുപോയത് വിദേശകാര്യമന്ത്രാലയമല്ല. ഈ വനിതയെ മുരളീധരൻ വിളിച്ചു കൊണ്ട് പോയി എന്നതാണ് കേരളത്തിൽ വിവാദത്തിനു കാരണമായത്. പക്ഷെ കോൺഫറൻസ് റിപ്പോർട്ട് ചെയ്യാൻ ആർക്കും പോയിക്കൂടാ എന്നൊന്നുമില്ല. ഇതിൽ നിയമലംഘനം എവിടെയാണ് ഉള്ളത്.

വനിത സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പോയതാണ്. ഇത് മുരളീധരനെ ബാധിക്കുന്ന വിവാദമല്ല. വിദേശകാര്യമന്ത്രാലയം വനിതയെ നേരിട്ട് കൊണ്ടുപോയാൽ മാത്രമേ അതിൽ പ്രോട്ടോക്കോൾ ലംഘനത്തിന്റെ പ്രശ്‌നം വരുകയുള്ളൂ. വേദിയിൽ അല്ല സ്മിത ഇരുന്നത് റൗണ്ട് ടേബിൾ കോൺഫറൻസ് ആയിരുന്നു എന്നാണ് മുരളീധരൻ പറഞ്ഞത്. റൗണ്ട് ടേബിൾ കോൺഫറൻസിൽ പിന്നെ എവിടെ ഇരിക്കാൻ കഴിയും. മറ്റുള്ള മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്യാൻ വന്നിട്ടുണ്ട്. ഇതിലുള്ള ഒരു പ്രശ്‌നം സ്മിത റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ കോൺഫറൻസ് വിസ എടുത്തിട്ടുണ്ടോ എന്ന് മാത്രമാണ്. ഇത്തരം രാജ്യാന്തര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ അത് വിസിറ്റിങ് വിസയിൽ പോകാൻ അനുവാദമില്ല. റിപ്പോർട്ട് ചെയ്യാൻ പോകുന്നുണ്ടെങ്കിൽ അത് കോൺഫറൻസ് വിസ ഉപയോഗിച്ചാണ് പോകേണ്ടത്. ഇന്ത്യയിൽ രാജ്യാന്തര സമ്മേളനം റിപ്പോർട്ട് ചെയ്യാൻ വിദേശ പ്രതിനിധികൾ വരുന്നുണ്ടെങ്കിൽ അത് കോൺഫറൻസ് വിസയിൽ വേണം വരാൻ. അത് നിയമമാണ്. സാധാരണ ഗതിയിൽ ഇത് ആരും ശ്രദ്ധിക്കാറില്ല. പക്ഷെ വിവാദം വരുമ്പോൾ ഈ വസ്തുത കൂടി ഉയർന്നുവരും. ഇന്ത്യയിൽ തന്നെ ഈ കാര്യം ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയില്ല.

ഇന്ത്യയിലെ ഈ നിയമം യുഎഇയിലും കാണും. കോൺഫറൻസ് വിസയിൽ തന്നെ വേണം ഇത്തരം സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ. യുഎഎയിൽ ഈ നിയമം ഉണ്ടെങ്കിൽ യുഎഇയ്ക്ക് വേണമെങ്കിൽ ഈ കാര്യത്തിൽ നടപടി എടുക്കാം. പക്ഷെ ആ നടപടി സ്മിതയ്ക്ക് എതിരെയാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരനെ ബാധിക്കുന്ന ഒരു വിവാദമല്ല ഇത്. പക്ഷെ രാജ്യാന്തര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ പല മാധ്യമ പ്രവർത്തകരും എളുപ്പവഴി തേടും. വിസിറ്റിങ് വിസ് എടുത്ത് പോകും. പക്ഷെ ഈ വിസയിൽ രാജ്യാന്തര സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ല. കോൺഫറൻസ് വിസയ്ക്ക് ഒരുപാട് നൂലാമാലയുണ്ട്.

മിനിമം ഒരു മാസം മുൻപെങ്കിലും വിസയ്ക്ക് അപേക്ഷ നൽകണം. എംബസി ചോദിക്കുന്ന വിശദാംശങ്ങൾ നൽകുകയും വേണം. ഈ വിസ അനുവദിക്കും എന്ന് ഉറപ്പുമില്ല. യാത്ര മുടങ്ങാനും സാധ്യതയുണ്ട്. അപ്പോൾ ഉള്ള ഒരു എളുപ്പവഴി എന്ന നിലയിൽ റിപ്പോർട്ടർമാർ വിസിറ്റിങ് വിസ തിരഞ്ഞെടുക്കും. സ്മിതയും ചെയ്തത് ഇതാണ്. യുഎഇ ഈ കാര്യത്തിൽ നടപടി എടുക്കുകയാണെങ്കിൽ സ്മിതയ്ക്ക് എതിരേയാണ് നടപടി എടുക്കേണ്ടത്. യുഎഇയ്ക്ക് നടപടി വേണം എന്ന് തോന്നുകയാണെങ്കിൽ നടപടി കൈക്കൊള്ളാം. വിവാദം ബാധിക്കുന്നത് മുരളീധരനെ അല്ല സ്മിതയെയാണ് എന്നാണ് ഞാൻ പറയുന്നത്-ടി.പിശ്രീനിവാസൻ പറയുന്നു.

സ്മിതാമേനോനെയും കേന്ദ്രമന്ത്രി വി.മുരളീധരനെയും ചേർത്ത് സിപിഎം അപകീര്ത്തികരമായ പ്രചരണം നടക്കുന്നതായാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണം. സ്മിതാ മേനോൻ വി.മുരളീധരന്റെ നോമിനിയല്ലെന്നും തന്റെ നോമിനിയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. അതേസമയം കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോൻ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് കേസെടുത്തു. ഐ.ടി. ആക്ട് പ്രകാരമുള്ള കേസ് ആണ് പൊലീസ് ചാർജ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിന്മേലാണ് നടപടി. താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ എടുത്താണ് അപവാദ പ്രചാരണം നടത്തുന്നത് എന്നാണ് സ്മിതയുടെ പരാതി.

ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്ത ചിത്രം വച്ചാണ് പ്രചാരണം. അബുദാബിയിൽ വച്ച് നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ പരിപാടിയാണ് വേദി. സ്വന്തം ചെലവിലാണ് അവിടെ പോയതും പങ്കെടുത്തതും. അന്നത്തെ പത്രക്കുറിപ്പ് തയാറാക്കി അനുമതിക്കായുള്ള കാത്തിരിപ്പിനിടെ പകർത്തിയ ചിത്രമാണെന്ന് സ്മിത പ്രതികരിച്ചിട്ടുണ്ട്. ഒരു ആഗോള ബിസിനസ് കോൺഫറൻസ് കവർ ചെയ്തുള്ള പരിചയം ലഭിക്കുമെന്ന ലക്ഷ്യത്തിലാണ് സ്വന്തം പണം മുടക്കി അബുദാബിക്ക് പോയത്. പങ്കെടുക്കുന്ന വിവരം കൊച്ചിയിലെ മാധ്യമപ്രവർത്തകരെ അറിയിക്കുകയും ചെയ്തിരുന്നു. അവിടെയുള്ള സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. സർക്കാർ ഒരു തരത്തിലും ചെലവ് വഹിക്കേണ്ടി വന്നിട്ടില്ല എന്നും സ്മിത പറഞ്ഞിട്ടുണ്ട്.

എന്നാൽ ഔദ്യോഗിക പ്രതിനിധിയല്ലാത്ത സ്മിത പരിപാടിയിൽ പങ്കെടുത്തു, ചട്ടലംഘനം നടന്നു എന്ന്ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടി. ഇതോടെ വിവാദം ശക്തമാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP