Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടകരയ്ക്ക് ഓട്ടം വിളിച്ച ശേഷം ടാക്‌സി ഡ്രൈവറായ അനൂപിനെ കൊന്നുതള്ളിയത് കുതിരാന് സമീപമുള്ള റിസർവ് വനത്തിൽ; ക്രൂരകൊലനടത്തിയത് കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി; കൊലനടന്ന് ഒൻപത് വർഷം കഴിയുമ്പോൾ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നിർണായക വിധിയും; 48 പേരുടെ സാക്ഷി മൊഴി ലഭിച്ചപ്പോൾ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; ടാക്‌സി ഡ്രൈവർ അനൂപിനെ കൊന്ന് പണവും സ്വർണവും അപഹരിച്ച കേസിലെ വഴിത്തിരിവുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തുവരും എന്ന വാക്കുകൾ ശക്തമാകുന്നത് കഴിഞ്ഞ ദിവസം നിയമവ്യവയുടെ ശക്തമായ വിധി. തൃശൂരിലെ ഒരു ടാക്‌സി ഡ്രൈവറുടെ ക്രൂരകൊലപാതകത്തിലെ സത്യം മറനീക്കി പുറത്ത് വന്നത് പ്രതികൾക്ക് പറ്റിയ കൊലയിലെ വീഴ്ചയും സാക്ഷി മൊഴിയുകളുമാണ്. 48ലധികം സാക്ഷികൾ കൃത്യത്തിന് സാക്ഷികളായതോടെ അരും കൊല ചെയ്ത് പ്രതികള്ഡക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചു. പൊലീസിന്റെ ശക്തമായ നിനശ്ചയ ദാർഢ്യം തന്നെയാണ് പ്രതികളെ വലയിലാക്കിയതും ശക്തമായ തെളിവുകൾ ലഭ്യമാക്കാൻ സാധിച്ചതും. ഓട്ടം വിളിച്ച ശേഷം ടാക്‌സി ഡ്രൈവറെ കൊന്ന് തള്ളി പണവും സ്വർണവും കവർന്ന സംഭവത്തിലെ പ്രതികൾക്കാണ്് ഇരട്ട ജീവപര്യന്തം കഴിഞ്ഞ ദിവസം ലഭിച്ചത്.

പട്ടിക്കാട്, താണിപ്പാടം ചിറ്റേത്ത് അബ്രഹാമിന്റെയും മേരിയുടെയും മകൻ അനൂപ് (25) കൊല്ലപ്പെട്ട കേസിലാണ് നീതി ദേവതയുടെ സുപ്രധാന വിധിയെത്തിയത്. തിരുവനന്തപുരം പുല്ലുവിള കാക്കത്തോട്ടം കോളനിയിൽ സെബാസ്റ്റ്യൻ ജോസഫ് (ബിജു-41), മലപ്പുറം മക്കരപ്പറമ്പ ചേരിക്കത്തൊടി നൗഫൽ (40) എന്നിവരെയാണ് അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് പ്രത്യേകം ജീവപര്യന്തം. ഇതുകൂടാതെ 17 കൊല്ലം കഠിനതടവിനും മൂന്നുലക്ഷം വീതം പിഴയ്ക്കും ശിക്ഷിച്ചിട്ടുണ്ട്. കവർച്ച നടത്തിയതിന് 10 കൊല്ലവും തെളിവ് നശിപ്പിച്ചതിന് ഏഴുകൊല്ലവും ചേർത്താണ് 17 കൊല്ലത്തെ കഠിനതടവ്. ശിക്ഷകളെല്ലാം പ്രത്യേകംതന്നെ അനുഭവിക്കണം.

പിഴയടയ്ക്കാത്തപക്ഷം മൂന്നുവർഷം അധികം കഠിനതടവ് അനുഭവിക്കേണ്ടിവരും. 2011 നവംബർ ഒന്നിനാണ് അനൂപിനെ പ്രതികൾ രണ്ടുപേരും ചേർന്ന് കൊലപ്പെടുത്തിയത്. എറണാകുളത്ത് ശ്രീദുർഗാ ട്രാവൽസ് എന്ന സ്ഥാപനത്തിൽ കമ്മിഷൻ വ്യവസ്ഥയിൽ സ്വന്തം വാഹനം ഓടിക്കുകയായിരുന്നു അനൂപ്. പ്രതികൾ താമസിച്ചിരുന്ന കൊച്ചിയിലെ ലോഡ്ജിലേക്ക് പുലർച്ചെ മൂന്നിന് അനൂപിനെ ട്രാവൽ ഏജൻസി വഴി വിളിച്ചുവരുത്തുകയായിരുന്നു. വടകരയ്ക്ക് ഓട്ടം പോകണമെന്നാണ് പറഞ്ഞത്.

ഓട്ടത്തിനിടെ പുതുക്കാട്ടുവെച്ച് നൗഫൽ അനൂപിന്റെ കഴുത്തിൽ തോർത്തുമുണ്ടിട്ട് മുറുക്കി. തുടർന്ന് സെബാസ്റ്റ്യൻ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അനൂപിന്റെ ശരീരത്തിൽ ഗുരുതരമായ 27 മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹം കുതിരാൻ ഇരുമ്പുപാലത്തിനു സമീപത്തുള്ള പെരുംതുമ്പ റിസർവ് വനത്തിൽ ഉപേക്ഷിച്ചു.

അനൂപിന്റെ വാഹനവും സ്വർണമാലയും പഴ്‌സും കവർച്ചചെയ്ത പ്രതികൾ മഞ്ചേരിയിലെത്തിയപ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന അവിടത്തെ എസ്‌ഐ. വി. ബാബുരാജനുണ്ടായ സംശയമാണ് കൊലപാതകം പുറത്തറിയാൻ ഇടയാക്കിയത്. ചോദ്യംചെയ്യുന്നതിനിടെ വാഹനത്തിൽ രക്തക്കറയും കണ്ടു. പ്രതികളിൽനിന്ന് കണ്ടെടുത്ത അനൂപിന്റെ സ്വർണമാലയും മൊബൈലും പഴ്‌സും സഹോദരൻ അനീഷും മറ്റു സാക്ഷികളും കോടതിയിൽ തിരിച്ചറിഞ്ഞ് മൊഴി നൽകി.

മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തുനിന്ന് അനൂപിന്റെ വീട്ടിലേക്ക് നാലുകിലോമീറ്റർ മാത്രമായിരുന്നു ദൂരം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഭിഭാഷകരായ അമീർ, കെ.എ. അജിത്ത് മാരാത്ത് എന്നിവരാണ് ഹാജരായത്.

അനൂപിനെ കൊന്ന് കൊണ്ടുപോയത് മാതാപിതാക്കളുടെ മുന്നിലൂടെ

താണിപ്പാടം: ''കരൾ പറിയുന്ന വേദനയോടെയല്ലാതെ ആ ദിവസം ഓർക്കാൻ കഴിയില്ല. നാട്ടുകാരും ബന്ധുക്കളുമെല്ലാം രാവിലെത്തന്നെ വീട്ടിലെത്തിയപ്പോൾ നല്ലതല്ലാത്ത എന്തോ നടന്നുവെന്ന് മനസ്സിലായി. മകൻ പോയത് ആ സമയത്ത് ഞങ്ങളെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങൾക്ക് സംഭവിച്ച നഷ്ടത്തിന് പകരമാവില്ല ഒന്നും. എങ്കിലും കൊലപാതകികൾക്ക് കിട്ടിയ ശിക്ഷയിൽ സംതൃപ്തിയുണ്ട്''-കൊല്ലപ്പെട്ട അനൂപിന്റെ പിതാവ് ചിറ്റേത്ത് അബ്രഹാമിന്റെ വാക്കുകളാണിത്.

മകനെപ്പറ്റി പറയുമ്പോൾ അബ്രഹാമും ഭാര്യ മേരിയും പലപ്പോഴും വിങ്ങിപ്പൊട്ടി. 25 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോൾ അനൂപിന്റെ പ്രായം. ഖത്തറിൽ ഒന്നരവർഷം ജോലിചെയ്തതിനുശേഷം നാട്ടിലേക്ക് തിരിച്ചുവന്നതായിരുന്നു. ആ സമയത്ത് അനൂപിന്റെ ആഗ്രഹത്തിനനുസരിച്ച് പുതിയ വീട് പണിതു. അപ്പോഴാണ് ഗൾഫിലേക്ക് മികച്ച അവസരം ലഭിക്കുന്നത്. എന്നാൽ, കുറച്ച് കാലതാമസം നേരിട്ടു.

ഈ സമയത്ത് വെറുതേയിരിക്കണ്ട എന്നു കരുതിയാണ് മകന് അബ്രഹാം കാർ വാങ്ങിക്കൊടുത്തത്. എറണാകുളം ജില്ലയിൽനിന്ന് അകലെ, മൃതദേഹം തള്ളാൻ പ്രതികൾ തിരഞ്ഞെടുത്തത് കുതിരാൻ മേഖലയായിരുന്നു. മൃതദേഹം കൊണ്ടുപോയത് അനൂപിന്റെ പുതിയ വീടിന് മുന്നിലൂടെയായിരുന്നു. ഈ സമയത്ത് തങ്ങൾ സുഖമായി ഉറങ്ങുകയായിരുന്നുവെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് അബ്രഹാം പറഞ്ഞു. അനീഷാണ് അനൂപിന്റെ സഹോദരൻ.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ വിജയം സാഹചര്യതെളിവുകൾക്ക്

അനൂപ് കൊലക്കേസിലെ വിധി ജില്ലയിൽ അടുത്തിടെയുണ്ടായ കോടതിവിധികളിൽ വേറിട്ടുനിൽക്കുന്നു. വിവിധ വകുപ്പുകളിൽ ഉൾപ്പെടുത്തി ശിക്ഷ വിധിക്കാറുണ്ടെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയാണ് ഭൂരിഭാഗം വിധികളിലും ഉണ്ടാവാറുള്ളത്. എന്നാൽ, ഈ കേസിൽ ശിക്ഷിക്കപ്പെട്ട സെബാസ്റ്റ്യൻ ജോസഫും നൗഫലും അനുഭവിക്കേണ്ടിവരുക 41 കൊല്ലത്തെ കഠിനതടവാണ്. ഇരട്ടജീവപര്യന്തത്തിന്റെ 24 കൊല്ലവും അധികമായുള്ള 17 കൊല്ലവും ചേർത്താണിത്.

41-ഉം 40-ഉം വയസ്സുള്ളവരാണ് പ്രതികൾ. പ്രതികളും കൊല്ലപ്പെട്ടയാളും ഒന്നിച്ചുനിൽക്കുന്നത് അവസാനമായി കണ്ട സാക്ഷിയുടെ മൊഴിയാണ് കേസിലെ നിർണായകഘടകമായി കോടതി കണക്കിലെടുത്തത്. സാഹചര്യത്തെളിവുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'ലാസ്റ്റ് സീൻ തിയറി'യാണ് ഇവിടെ പ്രോസിക്യൂഷൻ അവലംബിച്ചത്. ഇത്തരം ഒരു സന്ദർഭത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താൻ പ്രതികൾ ബാധ്യസ്ഥരാണെന്നതാണ് ലാസ്റ്റ് സീൻ തിയറി.

കൊല്ലപ്പെട്ടയാളെയും പ്രതികളെയും അവസാനമായി കണ്ട കൊച്ചിയിലെ ടൂറിസ്റ്റ് ഹോം റിസപ്ഷനിസ്റ്റ് സഞ്ജീവ്ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിസ്താരത്തിന് പ്രതികൾക്ക് ഉത്തരം ഇല്ലായിരുന്നു. അനൂപിന്റെ രക്തംതന്നെയാണ് പ്രതികളുടെ വസ്ത്രത്തിലും ഉണ്ടായിരുന്നതെന്ന് ഡി.എൻ.എ. പരിശോധനയിലും തെളിഞ്ഞു.

ദൃക്‌സാക്ഷികളില്ലാത്ത കുറ്റകൃത്യത്തിൽ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയതെളിവുകളെയും ആശ്രയിച്ചാണ് പ്രോസിക്യൂഷൻ കേസ് നടത്തിയത്. 48 സാക്ഷികളെ വിസ്തരിച്ചു. 53 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി.

ബുധനാഴ്ച, വിധി പറയുന്നതിന്റെ തലേദിവസം പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുനിൽ കോവിഡ്ബാധിതനായി ആശുപത്രിയിലായി. ഇദ്ദേഹത്തിന്റെ ജൂനിയർമാരും നിരീക്ഷണത്തിലായി.

ഇക്കാരണത്താൽ, കേസുമായി ആദ്യംമുതൽ ഇടപെട്ടിരുന്ന പ്രോസിക്യൂഷൻ അഭിഭാഷകർ വിധി കേൾക്കാൻ കോടതിയിലുണ്ടായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേകം ചുമതലപ്പെടുത്തിയ ഒരു അഭിഭാഷകനാണ് ഹാജരായത്

തൃശൂർ: ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കു പരമാവധി ശിക്ഷയുറപ്പാക്കിയതു കുറ്റമറ്റ സാക്ഷിമൊഴി. 48 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 53 രേഖകളും 19 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. മറ്റൊരാൾ മുഖാന്തരം ഓട്ടം ബുക്ക് ചെയ്ത പ്രതികളെ ഡ്രൈവർ അനൂപ് അവർ താമസിച്ചിരുന്ന ടൂറിസ്റ്റ് ഹോമിൽ എത്തിയാണ് വാനിൽ കയറ്റിയത്. ടൂറിസ്റ്റ് ഹോമിലെ പാർട്ട് ടൈം ജീവനക്കാരായി ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളും റിസപ്ഷനിസ്റ്റും പ്രതികൾ ഹോട്ടലിൽ ഒരാഴ്ചയോളം താമസിച്ചിരുന്നതായി തെളിവു നൽകി.

പ്രതികൾ അനൂപിന്റെ വാഹനത്തിൽ കയറിപ്പോകുന്നതായി കണ്ടു എന്ന നിർണായക മൊഴി നൽകിയതും ടൂറിസ്റ്റ് ഹോം ജീവനക്കാരനാണ്. കുതിരാൻ ഇരുമ്പു പാലത്തിനടുത്തു പെരുംതുമ്പ കാട്ടിൽ മൃതദേഹം ഒളിപ്പിക്കാൻ പ്രതികൾ വാഹനവുമായി പോകുന്നതും വരുന്നതും കണ്ടെന്നു സമീപവാസിയായ കർഷകൻ മൊഴി നൽകിയിരുന്നു. വാഹനം ആലത്തൂരിനടുത്തു കിണ്ടിമുക്ക് എന്ന സ്ഥലത്ത് കഴുകിയതായും പ്രതികൾ വസ്ത്രം മാറി കുളിച്ചതായും താറാവ് കർഷകനായ ആന്ധ്രാ സ്വദേശി കോടതിയിൽ തെളിവു നൽകി.

'അവർ അവനെ കൊന്ന് ഈ വീടിന്റെ മുന്നിലൂടെ കൊണ്ടുപോയി'

പട്ടിക്കാട്: 'ഞങ്ങൾക്കു സംഭവിച്ച നഷ്ടത്തിനു പകരമാവില്ല ഒന്നും; എങ്കിലും കൊലയാളികൾക്കു കിട്ടിയ ശിക്ഷയിൽ സംതൃപ്തിയുണ്ട്.' കൊല്ലപ്പെട്ട അനൂപിന്റെ പിതാവ് താണിപ്പാടം ചിറ്റേത്ത് ഏബ്രഹാം ഇതു പറയുമ്പോൾ വിതുമ്പി. 25 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോൾ അനൂപിന്. വിദേശത്ത് മികച്ച ഒരു ജോലി ലഭിച്ചിരുന്നു. അങ്ങോട്ടു പോകുന്നതിൽ അൽപം കാലതാമസം ഉണ്ടാകുമെന്നായപ്പോഴാണ് ഏബ്രഹാം മകനു വാൻ വാങ്ങിക്കൊടുത്തത്.

ഇതിനകം അനൂപിന്റെ ഇഷ്ടത്തിനു നിർമ്മിച്ച വീടിന്റെ പണി പൂർത്തിയായിരുന്നു. അനൂപിനെ കൊന്നതിനു ശേഷം മൃതദേഹം കുതിരാനു സമീപം തള്ളാൻ കൊലയാളികൾ കൊണ്ടുപോയത് ഈ വീടിനു മുന്നിലൂടെയാണെന്നു പറയുമ്പോൾ ഏബ്രഹാമും മേരിയും വിതുമ്പി. തന്റെ വാഹനം സ്വന്തമായി എടുത്തു കൊള്ളാനും ജീവൻ മാത്രം തിരിച്ചു തരാനും പലതവണ കേണപേക്ഷിച്ചിട്ടും അവർ അനൂപിന്റെ ജീവനെടുത്തു. 9 വർഷമായി മകന്റെ ഓർമകളിൽ മുഴുകി ജീവിക്കുകയാണ് ഏബ്രഹാമും മേരിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP