Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുരളിക്ക് പകരം കുമ്മനമോ സുരേഷ് ഗോപിയോ മന്ത്രിയാകുമെന്ന ചർച്ച ബിജെപിയിൽ സജീവം; പ്രോട്ടോകോൾ ലംഘനം അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റിയെന്നും റിപ്പോർട്ട്; അന്വേഷണ ചുമതല ജോയിന്റെ സെക്രട്ടറി ആദർശ് സ്വൈകയ്ക്ക്; മുരളീധരനേയും സ്മിതാ മേനോനേയും ചേർത്തുള്ള മോശം പ്രചരണത്തിൽ കേസെടുത്ത് പൊലീസും; തൽകാലം പരസ്യ പ്രതികരണം വേണ്ടെന്ന് മുരളീധര വിരുദ്ധരും; ബിജെപിയിലെ പടപ്പുറപ്പാട് സിപിഎമ്മിനെതിരെയന്ന് മുരളീധരനും; അബുദാബി വിവാദത്തിൽ പ്രതിരോധത്തിന് കേന്ദ്രമന്ത്രി

മുരളിക്ക് പകരം കുമ്മനമോ സുരേഷ് ഗോപിയോ മന്ത്രിയാകുമെന്ന ചർച്ച ബിജെപിയിൽ സജീവം; പ്രോട്ടോകോൾ ലംഘനം അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റിയെന്നും റിപ്പോർട്ട്; അന്വേഷണ ചുമതല ജോയിന്റെ സെക്രട്ടറി ആദർശ് സ്വൈകയ്ക്ക്; മുരളീധരനേയും സ്മിതാ മേനോനേയും ചേർത്തുള്ള മോശം പ്രചരണത്തിൽ കേസെടുത്ത് പൊലീസും; തൽകാലം പരസ്യ പ്രതികരണം വേണ്ടെന്ന് മുരളീധര വിരുദ്ധരും; ബിജെപിയിലെ പടപ്പുറപ്പാട് സിപിഎമ്മിനെതിരെയന്ന് മുരളീധരനും; അബുദാബി വിവാദത്തിൽ പ്രതിരോധത്തിന് കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്വകാര്യ പിആർ ഏജൻസി ഉടമ സ്മിതാ മേനോനെ പങ്കെടുപ്പിച്ച വിഷയത്തിൽ വി മുരളീധരനെതിരെ കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചുവെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശമന്ത്രാലയത്തോട് വിശദീകരണവും തേടി. അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ മുരളീധരനുപകരം കുമ്മനം രാജശേഖരനെയോ സുരേഷ് ഗോപിയെയോ മന്ത്രിയാക്കുമെന്ന ചർച്ചകളും കേരളത്തിലെ ബിജെപിയിൽ സജീവമാണ്. വിദേശത്തുനടന്ന മന്ത്രിതല സമ്മേളനത്തിലെ പ്രോട്ടോകോൾ ലംഘനം പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷിക്കുന്നുവെന്നാണ് സൂചന.

അതിനിടെ വിദേശ സഹമന്ത്രി വി മുരളീധരൻ ഉൾപ്പെട്ട പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയെന്നും റിപ്പോർട്ടുണ്ട്. വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും നയതന്ത്ര പാസ്പോർട്ട് വിഭാഗം ചുമതലക്കാരനുമായ അരുൺ കെ ചാറ്റർജിയെ മാറ്റി പകരം അന്വേഷണച്ചുമതല ജോയിന്റ് സെക്രട്ടറി ആദർശ് സ്വൈകക്ക് നൽകിയെന്ന റിപ്പോർട്ട്. ആരോപണങ്ങളിൽ അതിശക്തമായ പ്രതിരോധം തീർക്കാനാണ് വി മുരളീധരന്റെ തീരുമാനം. ബിജെപി മേഖലാ സമ്മേളനത്തിന് എത്തിയ മുരളീധരന് വലിയ സ്വീകരണം ബിജെപി അണികൾ നൽകി. ബിജെപിയിൽ തനിക്കെതിരെയല്ല പടപ്പുറപ്പാടെന്നും സിപിഎമ്മിനും ഭരണത്തിനും എതിരെയാണ് പടപുറപ്പാടെന്നും മുരളീധരൻ വിശദീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒപ്പമുള്ളവർ മുരളീധരന് പിന്തുണ നൽകുന്നുണ്ടെന്നാണ് സൂചന.

ഇതിനിടെയാണ് പ്രോട്ടോകോൾ ലംഘനത്തിൽ അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ടും പുറത്തു വരുന്നത്. വി മുരളീധരനുമായുള്ള യുവതിയുടെ ബന്ധത്തെപ്പറ്റി ജില്ലയിലെ ഏതാനും ബിജെപി നേതാക്കളോട് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വിവരം തേടിയിരുന്നു. കൊച്ചിയിലെ ചില മാധ്യമസ്ഥാപനങ്ങളിലും പിആർ ഏജൻസികളിലും അന്വേഷിച്ചു. യുവതിയുമായി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമുള്ള അടുപ്പത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പാർട്ടി കേന്ദ്രനേതൃത്വത്തിനും വിമതവിഭാഗം പരാതി നൽകി.

സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതിനുപിന്നാലെയാണ് ഇവരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയാക്കിയത്. ഇതിനെ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റുതന്നെ പരസ്യമായി എതിർത്തു. എന്നാൽ, മുരളീധരന് കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനമുപയോഗിച്ച് പാർട്ടിക്കുള്ളിലെ എതിർപ്പുകളെ സുരേന്ദ്രൻ ഒതുക്കി. മുരളീധരനും സുരേന്ദ്രനും കൊച്ചിയിലുള്ളപ്പോഴെല്ലാം സ്മിതയുടെ വീട്ടിൽ എത്താറുണ്ട്. ജില്ലയിലെ പാർട്ടിക്കാര്യങ്ങൾക്കുപോലും സമീപകാലത്തായി ഇരുവരും സ്മിതയെ ആശ്രയിച്ചതും ബിജെപിക്കുള്ളിൽ വലിയ ചർച്ചയാണ്. അതിനിടെയാണ് അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രോട്ടോകോൾ ലംഘന വിവാദം ഉയർന്നത്. ഇത് സമർത്ഥമായി ഉപയോഗിക്കാനാണ് മുരളീധര വിരുദ്ധ പക്ഷത്തിന്റെ തീരുമാനം. എന്നാൽ കരുതലോടെ മാത്രമേ പികെ കൃഷ്ണദാസും കൂട്ടരും പ്രതികരിക്കൂ.

എറണാകുളത്തെ പി ആർ ഏജൻസി മാനേജർ സ്മിതാ മേനോനെ അബുദാബിയിലെ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ദുരൂഹമായ ഇടപെടൽ ഉണ്ടെന്ന് തന്നെയാണ് ബിജെപിയിലൈ ഒരു വിഭാഗവും പറയുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിത്. മുരളീധരന്റെ പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽനിന്ന് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ലോക് താന്ത്രിക് ജനതാദൾ നേതാവ് സലിം മടവൂർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്ക് നൽകിയ പരാതി പ്രകാരമാണ് അന്വേഷണം.

2019 നവംബറിൽ അബുദാബിയിൽ ചേർന്ന ഇന്ത്യൻ മഹാസമുദ്രമേഖലയിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിലാണ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചത്. ഇവർ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിൽ അംഗമല്ലായിരുന്നു. ഇക്കാര്യം പുറത്തുവന്നപ്പോൾ മന്ത്രി മുരളീധരൻ പരസ്പരവിരുദ്ധമായ പ്രതികരണമാണ് നടത്തിയത് എന്ന വിലയിരുത്തലും സജീവമാണ്. യുഎഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമെന്ന് നയതന്ത്രവിദഗ്ധനും മുൻ അംബാസഡറുമായ കെ പി ഫാബിയൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിസിറ്റിങ് വിസയിൽ യുഎഇയിൽ പോയി ഔദ്യോഗിക യോഗത്തിൽ സ്മിത പങ്കെടുത്തത് കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസ്റ്റ് എന്ന നിലയ്ക്കാണ് ഏത് രാജ്യത്തും വിസിറ്റിങ് വിസ അനുവദിക്കുന്നത്. വിസിറ്റിങ് വിസയിൽ എത്തിയവർ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുക്കുകയോ മറ്റു കാര്യങ്ങളിൽ വ്യാപൃതരാകുകയോ ചെയ്താൽ ഇന്ത്യയിലായാലും നടപടി നേരിടേണ്ടി വരും.മന്ത്രി ഔദ്യോഗിക ആവശ്യത്തിന് വിദേശത്ത് പോകുമ്പോൾ കൂടെ പോകുന്നവരുടെ പട്ടിക അടങ്ങിയ അനുമതി കത്ത് അത്യാവശ്യമാണ്. അതിൽ യാത്ര എത്ര ദിവസത്തേക്ക് ആണെന്നുള്ള വിവരവും വ്യക്തമാക്കണം. ഈ കത്ത് ധനവകുപ്പിലേക്ക് പോകും. ഇത്തരം യാത്രകളിൽ പിആർ ഏജൻസി പ്രതിനിധിയെ കൊണ്ടുപോകാറില്ല. ഇതിനെ ധനവകുപ്പിന് ചോദ്യം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കേന്ദ്രമന്ത്രി മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.ടി. ആക്ട് പ്രകാരമുള്ള കേസ് ഇൻസ്പെക്ടർ സിബി ടോമിൻ അന്വേഷിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിന്മേലാണ് നടപടി. താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ എടുത്താണ് അപവാദ പ്രചാരണം നടത്തുന്നത് എന്ന് സ്മിത പറഞ്ഞു.

ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്ത ചിത്രം വച്ചാണ് പ്രചാരണം. അബുദാബിയിൽ വച്ച് നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ പരിപാടിയാണ് വേദി. സ്വന്തം ചെലവിലാണ് അവിടെ പോയതും പങ്കെടുത്തതും. അന്നത്തെ പത്രക്കുറിപ്പ് തയാറാക്കി അനുമതിക്കായുള്ള കാത്തിരിപ്പിനിടെ പകർത്തിയ ചിത്രമാണെന്ന് സ്മിത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP