Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാബിറ്റാറ്റ് തയാറാക്കിയ സൈറ്റ് പ്ലാനും ഡ്രോയിങും സ്വപ്‌നയ്ക്ക് മോഷ്ടിച്ച് നൽകിയപ്പോൾ തുടങ്ങിയ ഗൂഢാലോചന; ഇതേ പ്ലാൻ യൂണിടാക് സമർപ്പിച്ച് പദ്ധതി സ്വന്തമാക്കി; 3.8 കോടി കൊണ്ടു പോയത് നീല കാറിൽ; പണം മുഴുവൻ എണ്ണി തിട്ടപ്പെടുത്തിയത് സ്വപ്‌നാ സുരേഷ്; ലൈഫ് മിഷനിൽ സിബിഐ നിറയ്ക്കുന്നത് അധോലോക ഇടപാടുകൾ മാത്രം; അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയിലേക്ക് തന്നെ; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും സാധ്യത; നിർണ്ണായകമാകുക ഹൈക്കോടതി നിലപാട് തന്നെ

ഹാബിറ്റാറ്റ് തയാറാക്കിയ സൈറ്റ് പ്ലാനും ഡ്രോയിങും സ്വപ്‌നയ്ക്ക് മോഷ്ടിച്ച് നൽകിയപ്പോൾ തുടങ്ങിയ ഗൂഢാലോചന; ഇതേ പ്ലാൻ യൂണിടാക് സമർപ്പിച്ച് പദ്ധതി സ്വന്തമാക്കി; 3.8 കോടി കൊണ്ടു പോയത് നീല കാറിൽ; പണം മുഴുവൻ എണ്ണി തിട്ടപ്പെടുത്തിയത് സ്വപ്‌നാ സുരേഷ്; ലൈഫ് മിഷനിൽ സിബിഐ നിറയ്ക്കുന്നത് അധോലോക ഇടപാടുകൾ മാത്രം; അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയിലേക്ക് തന്നെ; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും സാധ്യത; നിർണ്ണായകമാകുക ഹൈക്കോടതി നിലപാട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കായി ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാൻ മോഷ്ടിച്ച് സ്വപ്‌നാ സുരേഷിന് നൽകിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കൂടിയായ എം ശിവശങ്കറാണെന്ന സംശയത്തിൽ സിബിഐ. അതേപടി ചോർന്ന് സ്വപ്നയുടെയും സംഘത്തിന്റെയും കൈവശം എത്തി. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും യൂണിടാക് ഉടമയും നൽകിയ ഹർജികൾ ഹൈക്കോടതിയിൽ വാദത്തിനെത്തിയപ്പോൾ സിബിഐയാണ് പ്ലാൻ മോഷണം വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കും. അറസ്റ്റും ചെയ്യാൻ സാധ്യതയുണ്ട്. പരമാവധി തെളിവ് ശേഖരിച്ച ശേഷമാകും ഈ നടപടി.

വടക്കാഞ്ചേരി പദ്ധതിയുടെ കൺസൽറ്റന്റായിരുന്ന ഹാബിറ്റാറ്റ് ബിൽഡേഴ്‌സ് തയാറാക്കിയ സൈറ്റ് പ്ലാൻ, ഡ്രോയിങ് തുടങ്ങിയവ സന്ദീപ്, സ്വപ്ന, സരിത് എന്നിവരുടെ കൈവശമെത്തി. ഇതാണു യൂണിടാക്കിനു കൈമാറിയത്. പദ്ധതിക്കായി യൂണിടാക് നൽകിയത് ഇതേ പ്ലാനും ഡ്രോയിങ്ങുമാണ്. ഇത് ശിവശങ്കർ എടുത്തു നൽകിയെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഇതിന് വേണ്ട തെളിവുകൾ ശേഖരിക്കും. സ്വപ്‌നയേയും സ്ന്ദീപിനേയും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. വലിയ അഴിമതിയാണ് ലൈഫ് മിഷൻ എന്ന നിലപാടിൽ സിബിഐ ഉറച്ചു നിൽക്കുകയാണ്. കേസിൽ ഹൈക്കോടതിയിലെ വിധി നിർണ്ണായകമാകും.

സ്വപ്ന ആവശ്യപ്പെട്ട 3.8 കോടി രൂപ നൽകി. ഈ പണം കൈപ്പറ്റിയത് ഖാലിദാണ്. ഈ പണം നീല നമ്പരുള്ള വാഹനത്തിലാണ് കൊണ്ടുപോയത്. തുടർന്ന് സ്വപ്നയെ വിളിച്ചു, കാത്തുനിൽക്കാൻ ആവശ്യപ്പെട്ട സ്വപ്ന പണം മുഴുവൻ ഉണ്ടെന്നു തിട്ടപ്പെടുത്തിയതിനുശേഷം തിരിച്ചുവിളിച്ചു. തുടർന്നു പണം നൽകിയ ബാഗ് തിരിച്ചുനൽകിയെന്ന് സിബിഐ പറയുന്നു. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ ഇതെല്ലാം സമ്മതിച്ചെന്നാണ് സിബിഐ വിശദീകരിക്കുന്നത്. എന്നാൽ ഈ ഇടപാടിൽ സർക്കാരിന് പങ്കില്ലെന്നും അതുകൊണ്ട് തന്നെ ലൈഫ് മിഷനെ കേസിൽ പ്രതിയാക്കാൻ കഴിയില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.

ലൈഫ് മിഷനിൽ 97 അപ്പാർട്‌മെന്റുകൾ നിർമ്മിക്കാനാണു സ്വപ്ന ആവശ്യപ്പെട്ടത്. 30% കമ്മിഷനിൽ 20% യുഎഇ കോൺസൽ ജനറലിനാണെന്നു സ്വപ്ന പറഞ്ഞു. 30 ലക്ഷം ദിർഹം കമ്മിഷനാണു സ്വപ്നയും യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദും ആവശ്യപ്പെട്ടത്. 40% തുക മുൻകൂർ ലഭിച്ചതിനുശേഷമേ കമ്മിഷൻ നൽകുകയുള്ളൂ എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ പറഞ്ഞത്. അപ്പാർട്‌മെന്റുകളുടെ എണ്ണം 100 ൽനിന്ന് 140 ആയി വർധിപ്പിക്കാൻ നിർദ്ദേശിച്ചപ്പോൾ എണ്ണം കൂടിയാൽ കമ്മിഷൻ അത്രയും നൽകാനാവില്ലെന്നു സന്തോഷ് ഈപ്പൻ പറഞ്ഞു. പിന്നീട് കമ്മിഷൻ കുറച്ചു. 20% കോൺസൽ ജനറലിനു പോകുമെന്നാണു സ്വപ്ന പറഞ്ഞത്. 6% സ്വപ്നയ്ക്കും കിട്ടിയെന്ന് സിബിഐ പറയുന്നു. കമ്മിഷൻ ലഭിച്ചതിനുശേഷം സ്വപ്ന ശിവശങ്കറുമായി കൂടിക്കാഴ്ചയും ഒരുക്കിയെന്നും പറയുന്നു.

ലൈഫ് മിഷൻ ധാരണാപത്രം റെഡ് ക്രസന്റുമായാണെന്നാണ് സംസ്ഥാന സർക്കാർ വാദം. റെഡ് ക്രസന്റാണ് യൂണിടാക്കിനെയും സെയിൻ വെഞ്ചേഴ്‌സിനെയും കണ്ടെത്തിയതും കരാർ ഏൽപിച്ചതും. ഇടപാടുകൾ വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ കീഴിൽ വരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ടു സർക്കാരോ, സർക്കാർ ജീവനക്കാരോ വിദേശത്തുനിന്നു പണം സ്വീകരിച്ചിട്ടില്ല. ഇതു കള്ളപ്പണം വെളുപ്പിക്കലോ ഹവാല ഇടപാടോ അല്ല. ആദ്യം വിദേശസംഭാവനാ നിയന്ത്രണ നിയമ ലംഘനമാണു സ്ഥാപിക്കേണ്ടത്. ബാധകമല്ലാത്ത ഒരു നിയമം മുന്നോട്ടുവച്ച് അതിന്റെ പേരിൽ മറ്റു വാദങ്ങൾ കെട്ടിപ്പൊക്കുകയാണെന്നും സർക്കാർ എതിർവാദമുയർത്തി.

കഴിഞ്ഞ വർഷം ജൂണിൽ യൂണിടാക് ജീവനക്കാരനു ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു കരാർ സംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞതെന്നു സന്തോഷ് ഈപ്പൻ പറഞ്ഞതായി സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു. യുഎഇ കോൺസുലേറ്റിന്റെ കരാർ സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്നു യൂണിടാക് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു പോയി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ കാണുകയായിരുന്നു. 30% കമ്മിഷൻ മുൻകൂറായി നൽകണമെന്നു പറഞ്ഞപ്പോൾ കമ്പനി പ്രതിനിധികൾ ആദ്യം നിരസിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും വിളി വന്നു. തുടർന്നു കമ്പനി പ്രതിനിധികളും സരിത്, സന്ദീപ് സ്വപ്ന എന്നിവരും തിരുവനന്തപുരം ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി.

യുഎഇ സർക്കാർ സാമ്പത്തിക സഹായത്തോടെയുള്ള സർക്കാർ പദ്ധതിയായതിനാൽ കേരള സർക്കാരിന്റെ എല്ലാ സഹായവും ലഭിക്കുമെന്നും നിയമപരമായ എല്ലാ അനുമതികളും വാങ്ങി നൽകാനുള്ള ഏർപ്പാടു ചെയ്യാമെന്നും സ്വപ്ന ഉറപ്പുനൽകിയെന്നും യൂണിടാക് ഉടമ പറഞ്ഞു. സന്തോഷ് ഈപ്പൻ 2019 ജൂലൈ അവസാനം യുഎഇയിൽ പോയി കോൺസൽ ജനറലിനെ കണ്ടു. പദ്ധതി രേഖകൾ കാണിച്ചു. രണ്ട് കരാർ തയാറാക്കാൻ കോൺസൽ ജനറൽ നിർദ്ദേശിച്ചു. അപ്പാർട്‌മെന്റ് നിർമ്മാണത്തിനു യൂണിടാക് ആൻഡ് ഡവലപ്പേഴ്‌സിനും ആശുപത്രിക്കു സെയിൻ വെഞ്ചേഴ്‌സിനും കരാർ ഉണ്ടാക്കി.

ഇത് എങ്ങനെ ടെൻഡർ നടപടിയുടെ ഭാഗമാണെന്നു പറയുമെന്നു സിബിഐ കോടതിയിൽ ചോദിച്ചു. ആരും അറിയാതെ രഹസ്യ ഇടപാടാണ് നടന്നത്. ധാരണാപത്രം വെറും കബളിപ്പിക്കലാണെന്നും സിബിഐ വാദിച്ചു. റെഡ് ക്രസന്റ് അല്ല കോൺസുലേറ്റ് അക്കൗണ്ടിൽ നിന്ന് പണം നൽകിയതെന്നും കോടതിയിൽ സിബിഐ വാദമുയർത്തി. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെ മറവിൽ അധോലോക ഇടപാടാണ് നടന്നതെന്ന് സിബിഐ. ഹൈക്കോടതിയിൽ വിശദീകരിച്ചു. എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി. എന്നാൽ, ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് സിബിഐ.അന്വേഷണമെന്ന് ലൈഫ് മിഷൻ ആരോപിച്ചു. സിബിഐ.അന്വേഷണം ചോദ്യം ചെയ്ത് ലൈഫ് മിഷൻ സിഇഒ.യു.വി.ജോസ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങൾ ഉന്നയിക്കപ്പെട്ടത്.

സിബിഐ. അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് നിയമമുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ അഭ്യർത്ഥിക്കുകയോ ഹൈക്കോടതി ഉത്തരവിടുകയോ വേണം. ഇവിടെ അതുണ്ടായിട്ടില്ലെന്നും ലൈഫ് മിഷനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു. മണിക്കൂറുകൾ നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് വി.ജി. അരുൺ ഹർജി വിധി പറയാൻ മാറ്റി. യൂണിടാക്, സിബിഐ.യ്ക്ക് പരാതി നൽകിയ അനിൽ അക്കര എംഎ‍ൽഎ. എന്നിവരുടെ അഭിഭാഷകരും ഹർജിയിൽ വാദം പറഞ്ഞു.

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്യുകയായിരുന്നു. എഫ്.സി.ആർ.എ.യുടെ മറവിലാണ് ഇതെല്ലാം നടന്നത്. കമ്മിഷൻ തുക കൈമാറിയ ശേഷമാണ് ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സ്വപ്നാ സുരേഷ് വിളിപ്പിച്ചത്. ഇതിലേക്കാണ് ലൈഫ് മിഷൻ സിഇഒ. യു.വി. ജോസിനെ വിളിപ്പിക്കുന്നത്. അപ്പോൾ മാത്രമാണ് ജോസ് വടക്കാഞ്ചേരി പദ്ധതിയെക്കുറിച്ച് അറിയുന്നത്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥയെയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് സെക്രട്ടേറിയറ്റിൽ വെച്ചും കൂടിക്കാഴ്ച നടന്നെന്നും സി.ബി.െഎ. പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP