Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണ ഘടന അനുസരിച്ച് എംഎൽഎയാകാൻ വേണ്ട കുറഞ്ഞ പ്രായം 25 വയസ്സ്; ഈ ബീഹാറി നിയമസഭാ അംഗമായത് ഇരുപത്തിമൂന്നിന്റെ ബാല്യത്തിൽ; 1989 മുതൽ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗം; ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിയായ വെതർമാൻ; 1977ൽ ജനതാ തരംഗത്തിൽ കിട്ടിയത് 4.25 ലക്ഷത്തിന്റെ റിക്കോർഡ് ഭൂരിപക്ഷം; വിപി സിങ് മന്ത്രിസഭയിൽ താരമായ സോഷ്യലിസ്റ്റ്; രാംവിലാസ് പസ്വാൻ ഇന്ത്യൻ ദളിത് രാഷ്ട്രീയത്തിന്റെ മുഖമായത് കളം നിറഞ്ഞ് കളിച്ച്

ഭരണ ഘടന അനുസരിച്ച് എംഎൽഎയാകാൻ വേണ്ട കുറഞ്ഞ പ്രായം 25 വയസ്സ്; ഈ ബീഹാറി നിയമസഭാ അംഗമായത് ഇരുപത്തിമൂന്നിന്റെ ബാല്യത്തിൽ; 1989 മുതൽ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗം; ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിയായ വെതർമാൻ; 1977ൽ ജനതാ തരംഗത്തിൽ കിട്ടിയത് 4.25 ലക്ഷത്തിന്റെ റിക്കോർഡ് ഭൂരിപക്ഷം; വിപി സിങ് മന്ത്രിസഭയിൽ താരമായ സോഷ്യലിസ്റ്റ്; രാംവിലാസ് പസ്വാൻ ഇന്ത്യൻ ദളിത് രാഷ്ട്രീയത്തിന്റെ മുഖമായത് കളം നിറഞ്ഞ് കളിച്ച്

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ദേശീയ രാഷ്ട്രീയത്തിലെ ദളിത് മുഖമായിരുന്നു രാംവിലാസ് പസ്വാൻ. കളം അറിഞ്ഞ് കളിക്കാനറിയുന്ന രാഷ്ട്രീയക്കാരൻ. ഈ നേതാവാണ് വിടവാങ്ങുന്നത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒട്ടേറെ അദ്ഭുതപ്പെടുത്തുന്ന റെക്കോർഡുകളുമായാണ് പസ്വാൻ ചരിത്രമാവുന്നത്. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിലിറങ്ങിയ പസ്വാൻ 23ാം വയസ്സിൽ നിയമസഭാംഗമായി, ഇന്ത്യൻ ജനാധിപത്യത്തിൽ ആർക്കും തകർക്കാനാവാത്ത റെക്കോർഡും.

1969ൽ ബിഹാർ നിയമസഭാംഗമായ പസ്വാനു മുമ്പോ പിമ്പോ മറ്റൊരാൾക്കും ഇത്തരത്തിലൊരവസരം ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ഏതെങ്കിലും നിയമസഭയിലോ ലോക്സഭയിലോ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം 25 ആണ്. എന്നാൽ, അഞ്ച് പതിറ്റാണ്ട് മുമ്പ് ബിഹാർ നിയമസഭയിലേക്ക് 1969ൽ പസ്വാൻ ജയിച്ചെത്തുമ്പോൾ വയസ്സ് വെറും 23. ഭരണഘടനാ വിരുദ്ധമെങ്കിലും ഇനിയും ചോദ്യം ചെയ്യപ്പെടാത്തതാണ് ഈ അപൂർവ നേട്ടം. ഭരണഘടനാ വിരുദ്ധമായിരുന്നു ഈ ജയം. എന്നാൽ ആരും ഒരിടത്തും കേസുമായി പോയില്ല. അങ്ങനെ 23-ാം വയസ്സിൽ പാസ്വാൻ എംഎൽഎയായി. ഒന്നും ഒരിക്കലും പാസ്വാൻ മറച്ചു വച്ചതുമില്ല,

പ്രസിദ്ധപ്പെടുത്തിയ രേഖകൾ പ്രകാരം പസ്വാന്റെ ജനനം 1946 ജൂലൈ അഞ്ചിനാണ്. അതായത് 1969ൽ 23 വയസ്സുമാത്രം. ഇതിന്റെ പേരിൽ കേസോ നടപടിയോ ഒന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പ്രായം തെളിയിക്കാതെ എങ്ങനെയാണ് അദ്ദേഹം സ്ഥാനാർത്ഥിയായതെന്നതും ഏവരെയും അദ്ഭുതപ്പെടുത്തുന്നു. ബിഹാർ നിയമസഭയിലേക്ക് അലൗലി സംവരണ മണ്ഡലത്തിൽ നിന്ന് 1969 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിലാണ് പസ്വാൻ തിരഞ്ഞെടുക്കപ്പെട്ടത്. പസ്വാൻ എപ്പോഴും നൽകുന്ന എല്ലാ രേഖകളിലും ജനന തീയതി 1946 ജൂലൈ അഞ്ചു തന്നെയാണ്. വർഷം 50 കഴിഞ്ഞെങ്കിലും ഈ ജനവിധി ആരും ചോദ്യം ചെയ്തില്ല. കേസായാൽ നിയമസഭാംഗത്വം റദ്ദാക്കുന്നതും ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും വിദഗ്ദ്ധർ പറയുന്നു.

1967ൽ എംഎ ബിരുദം നേടിയ ഉടൻ രാഷ്ട്രീയത്തിലെത്തിയ പസ്വാന്റെ പേരിൽ ദീർഘകാലം നിലനിന്ന മറ്റൊരു റെക്കോർഡുണ്ട്. 1977ൽ ജനതാ തരംഗത്തിൽ ബിഹാറിലെ ഹാജിപ്പൂർ മണ്ഡലത്തിൽനിന്ന് പസ്വാൻ ജയിച്ചുകയറിയത് 4,25,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അന്ന് 89.34 ശതമാനം വോട്ടും പസ്വാന് കിട്ടിയപ്പോൾ എതിരാളിക്ക് വെറും 8.78 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1977നു ശേഷം പാർലമെന്റിലേക്കു മാറിയ പസ്വാൻ പല തവണ ലോക്‌സഭാംഗമായി. അതും പല പല പാർട്ടികളിലായി, പല മുന്നണികളുടെ പിൻബലത്തിൽ.

ബിഹാറിലെ ഖാഗരിയ ജില്ലയിലെ ദളിത് കുടുംബത്തിൽ ജനിച്ച പസ്വാൻ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 1969ൽ ബിഹാർ നിയമസഭയിലെത്തി. തുടർന്ന് ലോക് ദളിലും ജനതാ പാർട്ടിയിലും പ്രവർത്തിച്ചു. രാജ് നാരായണിന്റൈയും ജയപ്രകാശ് നാരായണിന്റെയും അനുയായി ആയിരുന്നു പസ്വാൻ. അടിയന്തരാവസ്ഥയെ ശക്തിയുക്തം എതിർത്തു. ജയിൽവാസവും അനുഭവിച്ചു. 1977ൽ ജനത പാർട്ടി അംഗമായി ആദ്യമായി ലോക്സഭയിലെത്തി.

ബിഹാർ രാഷ്ട്രീയം കടന്ന് ദേശീയ രാഷ്ട്രീയത്തിലെത്തിയ പസ്വാൻ വിവിധ മന്ത്രിസഭകളിൽ നിർണായക വകുപ്പുകളുടെ മന്ത്രിയുമായി. എട്ടു തവണ (1980, 1989, 1996, 1998, 1999, 2004, 2014)യാണ് പസ്വാൻ ലോക്സഭയിലെത്തിയത്. വിവിധ മന്ത്രിസഭകളിൽ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. 2000ൽ ആണ് പസ്വാൻ സ്വന്തം പാർട്ടി രൂപവത്കരിക്കുന്നത്. ലോക് ജനശക്തി പാർട്ടി-എൽ.ജെ.പി. 2004ൽ യു.പി.എയ്ക്കൊപ്പം ചേർന്ന് ഒന്നാം യു.പി.എ. മന്ത്രിസഭയിൽ ഉരുക്ക്, രാസവസ്തു-വളം മന്ത്രിയായി പ്രവർത്തിച്ചു.

2009ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷെ പസ്വാൻ പരാജയപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി സഖ്യം ചേർന്നായിരുന്നു അത്തവണ പസ്വാൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 33 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പസ്വാൻ നേരിട്ട ആദ്യത്തെ പരാജയമായിരുന്നു അത്. ഹജിപുർ മണ്ഡലത്തിൽ ജെ.ഡി.യുവിന്റെ രാം സുന്ദർ ദാസിനോടാണ് പസ്വാൻ പരാജയത്തിന്റെ രുചിയറിഞ്ഞത്. പിന്നീട് കളം മാറി കളിച്ച് ബിജെപി പക്ഷത്തെത്തി. ഇതോടെ വീണ്ടും കേന്ദ്രമന്ത്രി. മോദിയുടെ രണ്ട് മന്ത്രിസഭയിലും ഭക്ഷ്യവകുപ്പ് പസ്വാനായിരുന്നു.

ഞാൻ ഒരു വെതർമാനൊന്നുമല്ല, പക്ഷേ ഞാൻ പ്രവചിക്കുന്നത് സംഭവിക്കും'- 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ജെ.പി സഖ്യകക്ഷിയായ എൻഡിഎ വിജയിച്ചപ്പോൾ രാംവിലാസ് പസ്വാൻ പറഞ്ഞത് ഇപ്രകാരമാണ്. ബിഹാറിലെ 40 പാർലമെന്റ് സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്ന് താൻ പ്രവചിച്ചിരുന്നതായി പാസ്വാൻ അന്ന് അവകാശപ്പെട്ടിരുന്നു. യാദൃശ്ചികമെന്നോണം 40 ലോകസഭാ സീറ്റുകളിൽ 39 സീറ്റുകളും എൻഡിഎ തൂത്തുവാരി. പാസ്വാന്റെ പ്രവചനം ഒരിക്കൽ കൂടി ശരിയാവുകയായിരുന്നു. വിപി സിംങ് മന്ത്രിസഭയിലെ താരമായിരുന്നു പസ്വാൻ.

'ഇന്ത്യൻ രാഷ്ട്രീയത്തിലെ വെതർമാൻ' എന്നാണ് രാം വിലാസ് പസ്വാനെ എതിരാളികൾ എന്നും വിശേഷിപ്പിക്കാറുള്ളത്. ഏതുസഖ്യത്തിനൊപ്പം നിൽക്കണം എന്ന കാര്യത്തിൽ കൃത്യമായ നിലപാടെടുക്കാൻ പസ്വാനെ കഴിഞ്ഞേ മറ്റാരുമുള്ളൂവെന്നതിനാലാണ് അദ്ദേഹത്തിന് എതിരാളികളും മാധ്യമങ്ങളും ഒരുപോലെ ആ പേരിട്ടത്. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ഏതുകക്ഷി അധികാരത്തിൽവരുമെന്ന് മുൻകൂട്ടി കാണാനും കഴിഞ്ഞിരുന്നതാണ് രാം വിലാസ് പസ്വാനെ ഈ സവിശേഷതയ്ക്ക് ഉടമയാക്കിയത്.

1989 മുതൽ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമാകാനും ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ സേവനമനുഷ്ഠിക്കാനും രാം വിലാസ് പാസ്വാന് കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. കഴിഞ്ഞ 32 വർഷത്തിനിടയിൽ ഒരേയൊരു കേന്ദ്രമന്ത്രിസഭയിൽ മാത്രമായിരുന്നു അദ്ദേഹം ഭാഗമല്ലാതിരുന്നത്. 2009-14 വരെ ഇന്ത്യ ഭരിച്ച രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്.

തിരഞ്ഞെടുപ്പിൽ തോറ്റതു കൊണ്ട് മാത്രമായിരുന്നു ഇത്. രാജ്യസഭയിലെത്തിയിട്ടും കോൺഗ്രസ് അദ്ദേഹത്തെ കൂടെക്കൂട്ടിയില്ല. 2014-ൽ നരേന്ദ്ര മോദിയുടെ കീഴിലുള്ള എൻഡിഎ ക്യാമ്പിലേക്ക് അനായാസേന പസ്വാൻ കൂടുമാറി. ഗുജറാത്ത് കലാപത്തെചൊല്ലി വാജ്‌പേയി സർക്കാരിൽ നിന്ന് രാജിവെച്ച് കോൺഗ്രസിനെ കൂട്ടുപിടിച്ച പസ്വാൻ കൃത്യസമയം മനസ്സിലാക്കി തിരിച്ചെത്തുകയായിരുന്നു.

1969ലെ ബിഹാർ ഇലക്ഷനിൽ മത്സരിച്ചുകൊണ്ടാണ് പസ്വാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തസ്തിക നിരസിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം. 77-ൽ ദേശീയ രാഷ്ട്രീയത്തിലേക്ക്. 32 വർഷത്തിനിടയിൽ ആദ്യമായി 2019-ലെ പൊതുതിരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിനിന്നത്. പകരം മൂന്നുകുടുംബാംഗങ്ങളെ കളത്തിലിറക്കി വിജയം കുടുംബത്തിന്റേതാക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP