Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇംഗ്ലീഷ് അറിയാത്തവരുടെ വീടുകളിൽ പോലും 24 മണിക്കൂറും റിപ്പബ്ലിക് ടിവി; മുംബൈയിലെ 2000 ത്തോളം വീടുകളിൽ സ്ഥാപിച്ച ബാരോമീറ്ററുകളിൽ തരികിട; റിപ്പബ്ലിക് ചാനൽ വച്ചാൽ മാസം വീട്ടുകാർക്ക് 500 രൂപവരെ പ്രതിഫലം; റിപ്പബ്ലിക്കിനൊപ്പം ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളും കൂട്ടുപ്രതികൾ; ടിആർപി റേറ്റിങ് ഉയർത്താനുള്ള ചാനൽ മത്സരത്തിൽ റിപ്പബ്ലിക് ടിവി ക്രമക്കേട് കാട്ടിയെന്ന് മുംബൈ പൊലീസ് കമ്മീഷണർ; വ്യാജ ആരോപണമെന്നും കമ്മീഷണർ മാപ്പുപറയണമെന്നും അർണാബ് ഗോസ്വാമി

ഇംഗ്ലീഷ് അറിയാത്തവരുടെ വീടുകളിൽ പോലും 24 മണിക്കൂറും റിപ്പബ്ലിക് ടിവി; മുംബൈയിലെ 2000 ത്തോളം വീടുകളിൽ സ്ഥാപിച്ച ബാരോമീറ്ററുകളിൽ തരികിട; റിപ്പബ്ലിക് ചാനൽ വച്ചാൽ മാസം വീട്ടുകാർക്ക് 500 രൂപവരെ പ്രതിഫലം; റിപ്പബ്ലിക്കിനൊപ്പം ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളും കൂട്ടുപ്രതികൾ; ടിആർപി റേറ്റിങ് ഉയർത്താനുള്ള ചാനൽ മത്സരത്തിൽ റിപ്പബ്ലിക് ടിവി ക്രമക്കേട് കാട്ടിയെന്ന് മുംബൈ പൊലീസ് കമ്മീഷണർ; വ്യാജ ആരോപണമെന്നും കമ്മീഷണർ മാപ്പുപറയണമെന്നും അർണാബ് ഗോസ്വാമി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി അടക്കം മൂന്നുടിവി ചാനലുകൾ ടിആർപി തട്ടിപ്പ് നടത്തിയതായി മുംബൈ പൊലീസ്. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് ടിആർപി റേറ്റിങ്ങിനായി ക്രമക്കേട് കാട്ടിയത്. ഈ ചാനലുകൾക്കെതിരെ അന്വേഷണം തുടങ്ങിയതായി മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിങ് പറഞ്ഞു.

ടിആർപി റേറ്റിങ് അട്ടിമറിക്കാൻ ഹൻസ എന്നൊരു സംഘടനയാണ് ചാനലുകളെ സഹായിച്ചത്. മുംബൈയിലെ വീടുകളിൽ സ്ഥാപിച്ചിരുന്ന 2000 ത്തോളം ബാരോമീറ്ററുകളാണ് ഇതിനായി ചൂഷണം ചെയ്തത്. ഈ ചാനലുകളെ പ്രതിനിധീകരിച്ച് ഏതാനും പേർ വീടുകൾ സന്ദർശിക്കും. ഓരോ മാസവും ഇവർ പണവും നൽകും. ഈ ചാനലുകൾ നിരന്തരം വച്ചുകൊണ്ടിരിക്കാനാണ് പണം നൽകിയത്. ഇംഗ്ലീഷ് അറിയാത്ത ആൾക്കാരും റിപ്പബ്ലിക് ടിവിയാണ് കണ്ടെകൊണ്ടിരുന്നത്. റാക്കറ്റിന്റെ കൈയിൽ നിന്ന് ഓരോ വീട്ടുകാർക്കും 400-500 രൂപ കിട്ടുമായിരുന്നു. പണം കിട്ടിയ വിവരം വീട്ടുകാർ സമ്മതിച്ചിട്ടുണ്ട്.

റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളുടെ ഉടമകളെയും കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ടിവിയുടെ പ്രമോട്ടർമാരെയും ഡയറക്ടർമാരെയും ഉടൻ വിളിപ്പിക്കുമെന്നും കമ്മീഷണർ അറിയിച്ചു. അർണാബ് ഗോസ്വാമിയെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കും. പരസ്യം വഴി സ്വീകരിക്കുന്ന ഫണ്ടുകളും അന്വേഷണത്തിന്റെ പരിധിയിൽ വരും. ഈ ചാനലുകൾ തങ്ങളുടെ റേറ്റിങ് ഉയർത്തി കാട്ടാൻ ബി.എ.ആർ.സി ഡാറ്റയിൽ കൃത്രിമം കാട്ടിയതായാണ് കേസ്. ടി.ആർ.പി നിരീക്ഷിക്കാൻ 2000 ബാരോമീറ്ററുകളാണ് മുംബൈയിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ ബാരോമീറ്ററുകൾ നിരീക്ഷിക്കാൻ ബാർക് രഹസ്യ കരാറുകളാണ് നൽകാറുള്ളത്. ബാരോമീറ്ററുകൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വളരെ രഹസ്യമായാണ് ബാർക്ക് സൂക്ഷിക്കാറുള്ളത്. തിരിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഒരാളിൽനിന്ന് 20 ലക്ഷം രൂപയും മറ്റൊരാളിൽനിന്ന് 8.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

ബാർകുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള കമ്പനിയുടെ മുൻ ജീവനക്കാരെയാണ് ഇത്തരത്തിൽ ആളുകളെ സ്വാധീനിക്കാൻ നിയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടിആർപി ഉയർത്തിക്കാട്ടി ചാനലുകൾ സ്വന്തമാക്കിയ പരസ്യങ്ങൾ ഈ കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനമായി കണക്കാക്കുമെന്നും കമ്മീഷണർ അറിയിച്ചു. ഇന്ത്യൻ പീനൽ കോഡിലെ ക്രിമിനൽ വിശ്വാസ വഞ്ചന(സെക്ഷൻ 409) വഞ്ചന(420) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

റിപ്പബ്ലിക് ടിവിയുടെ പ്രതികരണം

വാർത്ത വന്നയുടൻ തന്നെ റിപ്പബ്ലിക് ടിവിയുടെ പ്രതികരണം എത്തി. മുംബൈ പൊലീസ് കമ്മീഷണർക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നാണ് ചാനലിന്റെ പ്രസ്താവനയിൽ പറയുന്നത്. റിപ്പബ്ലിക് ഇതിനെതിരെ പോരാടും. സുശാന്ത് സിങ് രാജ്പുത് കേസിലും പാൽഘർ കേസിലും മറ്റുകേസുകളിലും അന്വേഷണം തുടരും, പ്രസ്താവനയിൽ പറഞ്ഞു. സുശാന്ത് സിങ് രാജ്പുത് കേസിൽ തങ്ങൾ മുംബൈ കമ്മീഷണറെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഈ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അർണാബ് ഗോസ്വാമി പറഞ്ഞു. റിപ്പബ്ലിക് ടിവിയുടെ പേര് പരാതിയായി പരാമർശിക്കുന്ന ഒരു ബാർക് റിപ്പോർട്ട് പോലുമില്ല. പാൽഘർ , സുശാന്ത് കേസുകളിലെ റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടുകൾ പരം ബീർ സിങ്ങിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരത്തിലുള്ള വേട്ടയാടൽ റിപ്പബ്ലിക് ടിവി പ്രവർത്തകരുടെ ഇച്ഛാശക്തി വർദ്ധിപ്പിക്കുകയേയുള്ളു. പരംബീർ സിങ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഔദ്യോഗികമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയെ നേരിടാൻ തയ്യാറിക്കോളൂ-അർണാബ് പ്രസ്താവനയിൽ പറഞ്ഞു.

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫായ അർണാബ്, സുശാന്ത് സിങ് രാജ്പുത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസുമായി ഏതാനും നാളായി പോരിലാണ്. ലോക് ഡൗണിനിടെ, ബാന്ദ്ര സ്‌റ്റേഷനിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തെ കുറിച്ചുള്ള പരിപാടിയുടെ പേരിൽ അർണാബിനെ മുംബൈ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ഇന്ത്യയിൽ ചാനലുകൾ തമ്മിലുള്ള ടിആർപി യുദ്ധം പുതുതല്ലെങ്കിലും, ഇതാദ്യമായാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ബാർക് ഡാറ്റ പ്രകാരം കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ പ്രായവിഭാഗത്തിലും ഏറ്റവും കൂടുതൽ പേർ കാണുന്ന ചാനൽ റിപ്പബ്ലിക് ടിവിയാണെന്നാണ് ചാനൽ അധികൃതർ അവകാശപ്പെടുന്നത്. വ്യാഴാഴ്ച പുറത്തുവിട്ട 39 ാമത്തെ ആഴ്ചയിലെ ബാർക് റേറ്റിങ്ങിലും 5515 പോയിന്റുമായി റിപ്പബ്ലിക് ടിവി ഒന്നാമതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP