Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എനിക്ക് ജീവിതം മടുത്തു....ഞാൻ പുതിയ യാത്രയ്ക്കായി പോവുകയാണ്': ഷിംലയിലെ വീടിന്റെ മുകൾനിലയിലെ പ്രാർത്ഥനാമുറിയിൽ ധ്യാനത്തിനായി കയറിപ്പോയ അശ്വനി കുമാർ ആണ്ടുപോയത് പൂർണനിശ്ശബ്ദതയിലേക്ക്; സായാഹ്ന സവാരിക്കിടെ ആരാധനാലയവും സന്ദർശിച്ചതായി ഭാര്യ ചന്ദ; സിബിഐയിലെ 37 വർഷത്തെ തിളങ്ങുന്ന കരിയർ ബാക്കിയാക്കി അശ്വനി കുമാർ വിട പറഞ്ഞപ്പോൾ അദ്ദേഹത്തെ അലട്ടിയത് എന്തെന്ന് അന്വേഷിച്ച് സഹപ്രവർത്തകരും ആരാധകരും

'എനിക്ക് ജീവിതം മടുത്തു....ഞാൻ പുതിയ യാത്രയ്ക്കായി പോവുകയാണ്': ഷിംലയിലെ വീടിന്റെ മുകൾനിലയിലെ പ്രാർത്ഥനാമുറിയിൽ ധ്യാനത്തിനായി കയറിപ്പോയ അശ്വനി കുമാർ ആണ്ടുപോയത് പൂർണനിശ്ശബ്ദതയിലേക്ക്; സായാഹ്ന സവാരിക്കിടെ ആരാധനാലയവും സന്ദർശിച്ചതായി ഭാര്യ ചന്ദ; സിബിഐയിലെ 37 വർഷത്തെ തിളങ്ങുന്ന കരിയർ ബാക്കിയാക്കി അശ്വനി കുമാർ വിട പറഞ്ഞപ്പോൾ അദ്ദേഹത്തെ അലട്ടിയത് എന്തെന്ന് അന്വേഷിച്ച് സഹപ്രവർത്തകരും ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ഷിംല: മിടുമിടുക്കനും, തന്ത്രശാലിയുമായ സിബിഐ ഓഫീസർ. 37 വർഷത്തെ തിളങ്ങുന്ന കരിയർ. ഇന്നലെ രാത്രി പൊടുന്നനെ വിഷാദത്തിന് അടിമപ്പെട്ട് ജീവനൊടുക്കിയെന്ന് കേട്ടവരെല്ലാം ഞെട്ടി. എന്തായിരിക്കും കാരണം? പലരും അന്വേഷിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. എന്തായാലും അശ്വനി കുമാറിനെ എന്തോ അലട്ടിയിരുന്നുവെന്ന് നിശ്ചയം. മുൻ നാഗാലാൻഡ് ഗവർണർ കൂടിയായിരുന്ന അശ്വിനി കുമാർ ഒരുപുതിയ യാത്രയെ കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിവച്ചത്.

മുൻ ഐപിഎസ് ഓഫീസറെ ഷിംലയിലെ ബ്രാക്കാസ്റ്റിൽ ബുധനാഴ്ച രാത്രിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവിതം മടുത്തുവെന്നാണ് അദ്ദേഹം കുറിപ്പിൽ എഴുതിയത്. ഏറെ നാളായി അലട്ടുന്ന രോഗങ്ങൾ അദ്ദേഹത്തിന്റെ സ്വൈര്യം കെടുത്തിയിരുന്നു. 'എനിക്ക് ജീവിതം മടുത്തു....ഞാൻ അടുത്ത യാത്രയ്ക്കായി പോവുകയാണ്'- അശ്വനി കുമാർ പറഞ്ഞു.

ഭാര്യക്കൊപ്പം സായാഹ്ന നടത്തത്തിനായി പോയി മടങ്ങിയ ശേഷമായിരുന്നു അശ്വനി കുമാർ കടുംകൈ ചെയ്തത്. പ്രാർത്ഥനാമുറിക്കടുത്താണ് മൃതശരീരം കണ്ടെത്തിയത്. ഭാര്യ, മകൻ, മകൾ എന്നിവരെല്ലാം ആ സമയത്ത് വീട്ടിലുണ്ടായിരുന്നു,

വിഷാദച്ചുഴിയിലായിരുന്നോ അശ്വനി കുമാർ?

വാർത്തകളില്ലെല്ലാം കുറച്ചുനാളുകളായി അശ്വനി കുമാർ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് നിഗമനം വന്നത്. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്ന് ഹിമാചൽ ഡിജിപി സഞ്ജയ് കുണ്ഡ്രു പറഞ്ഞു.

സായാഹ്ന നടത്തത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം വീടിന്റെ മുകൾ നിലയിലേക്ക് പോയി. പ്രാർത്ഥനാമുറിയിലേക്കെന്ന് പറഞ്ഞാണ് കയറിപ്പോയത്. ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ വീട്ടുകാർ പോയി നോക്കിയപ്പോളാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അപ്പോൾ രാത്രി 7.10 ആയി കാണും. സാധാരണ അദ്ദേഹം വൈകുന്നേരം ധ്യാനിക്കാറുണ്ട്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രണ്ടുവാതിലുകൾ പൊളിച്ച് അകത്ത് കടന്നയുടൻ പൊലീസിനെ വിവരമറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.

കാലിബാരി ആരാധനാലയവും മാൾ റോഡും അദ്ദേഹം വൈകുന്നേരം സന്ദർശിച്ചതായി അശ്വനി കുമാറിന്റെ ഭാര്യ ചന്ദ പൊലീസിനെ അറിയിച്ചു. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി കുടുംബം സംശയിക്കുന്നില്ല. ആത്മഹത്യാക്കുറിപ്പ് വളരെ വ്യക്തമാണ്. രോഗവും വല്ലായ്മകളും കാരണം ജീവിതം അവസാനിപ്പിക്കുന്നു. ആത്മഹത്യാസ്ഥലത്ത് കണ്ടെത്തിയ കയർ, ഏണി മുതലായവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടും വരാനുണ്ട്. വ്യാഴാഴ്ച സഞ്ചോളിയിലെ പൊതുശ്മശാനത്തിൽ അശ്വിനി കുമാറിന്റെ സംസ്‌കാരം നടന്നു.

ഷിംലയിൽ വിഷാദമൂകമായ അവസാനനാളുകൾ

വിഷാദമൂകമായിരുന്നു അശ്വിനി കുമാറിന്റെ അവസാന നാളുകൾ. സിബിഐയിൽ നിന്ന് വിരമിച്ച ശേഷം ഷിംലയിലായിരുന്നു വിശ്രമജീവിതം. ഷിംലയ്ക്ക് അടുത്തുള്ള ഒരുസ്വകാര്യ സർവകലാശാലയുടെ ചാൻസലറായി ചുരുങ്ങിയ നാൾ പ്രവർത്തിച്ചു. ഈ സർവകലാശാല ഇപ്പോൾ വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിന് കേസ് നേരിടുകയാണ്.

ആരുഷി തൽവാർ കേസായിരുന്നു അദ്ദേഹത്തിന്റെ 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേസ്. വിജയ് ശങ്കറിന് പകരം സിബിഐയുടെ ചുമതലയേറ്റ നാളുകൾ. ആദ്യടീമിന്റെ കണ്ടെത്തലുകൾക്ക് കടകവിരുദ്ധമായിരുന്നു രണ്ടാമത്തെ ടീമിന്റെ അന്വേഷണ ഫലം. ആദ്യ അന്വേഷണത്തിൽ ആരുഷിയുടെ മാതാപിതാക്കളുടെ പങ്ക് തള്ളിക്കളഞ്ഞിരുന്നു. ഹേമരാജിനൊപ്പം ആരുഷിയെ കണ്ടതോടെ മാതാപിതാക്കൾ അവരെ വകവരുത്തുകയായിരുന്നുവെന്നാണ് രണ്ടാമത്തെ സംഘം കണ്ടെത്തിയത്. കേസ് തനിക്കൊരു വലിയ പരീക്ഷണമാണെന്നാണ് അശ്വനി കുമാർ അന്ന് പറഞ്ഞത്. ആരാണ് ആരുഷിയെ കൊന്നത്? മാതാപിതാക്കളോ വേറെ ആരെങ്കിലുമോ? ഈ കേസിൽ ഞാനാകെ സംഘർഷത്തിലാണ്-അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു.

അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന അശ്വിനി കുമാർ ആ അന്വേഷണത്തിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. കേസ് പിന്നീട് ഡെറാഡൂൺ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരുഷി കേസിൽ അരുൺ കുമാർ രാജേഷ്, നൂപുർ തൽവാർ ദമ്പതികൾക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ കേസിന്റെ ഒടുവിൽ, 2013 ൽ മാതാപിതാക്കൾക്ക് സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും, അലഹബാദ് ഹൈക്കോടതി 2017 ൽ അവരെ വെറുതെ വിട്ടു.

ചടുലമായ ജീവിതത്തിനൊടുവിൽ

2008മുതൽ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവർത്തിച്ചത്. 2013മുതൽ ഒരുവർഷക്കാലത്തേക്ക് നാഗാലാന്റ് ഗവർണർ ആയിരുന്നു. 2006-2008 കാലയളവിൽ ഹിമാചൽപ്രദേശ് പൊലീസ് മേധാവിയായും പ്രവർത്തിച്ചുണ്ട്. 2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാർ. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്തത്.

സിമാർ ജില്ലയിലെ നഹാനിൽ ജനിച്ച കുമാർ 1973ൽ ഇന്ത്യൻ പൊലീസ് സേനയിൽ ചേരുകയും അദ്ദേഹം ഹിമാചൽ പ്രദേശ് കേഡറിൽ നിയമിതനാവുകയും ചെയ്തിരുന്നു. 1985 ൽ ഷിംലയിൽ ജില്ലാ പൊലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തെ പുതുതായി സൃഷ്ടിച്ച സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്‌പിജി) ഉൾപ്പെടുത്തിയത്. അവിടെ 1990 വരെ ജോലി ചെയ്തു.സിബിഐ ഡയരക്ടറാവുന്ന ഹിമാചലിൽ നിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2013 മാർച്ച് മുതൽ 2014 ജൂലൈ വരെ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും കുറച്ചുകാലം വഹിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, വിഷമസന്ധിയിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP