Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാ സ്പൈസ് ജെറ്റ് വരുന്നു...! അതിശയിപ്പിക്കുന്ന ബജറ്റ് ടിക്കറ്റ് നിരക്കുമായി; കോവിഡ് സൃഷ്ടിച്ച പ്രയാസത്തിലും മോഹ റൂട്ട് കൈവിടാതെ സ്പൈസ് വരുമ്പോൾ ബ്രിട്ടനിലെ പ്രവാസി മലയാളികൾ ആശ്വാസത്തിൽ; ആഴ്ചയിൽ ഓരോ സർവീസ് മുംബൈക്കും ഡൽഹിക്കുമെത്തുന്ന സന്തോഷത്തിൽ പ്രവാസികൾ

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാ സ്പൈസ് ജെറ്റ് വരുന്നു...! അതിശയിപ്പിക്കുന്ന ബജറ്റ് ടിക്കറ്റ് നിരക്കുമായി; കോവിഡ് സൃഷ്ടിച്ച പ്രയാസത്തിലും മോഹ റൂട്ട് കൈവിടാതെ സ്പൈസ് വരുമ്പോൾ ബ്രിട്ടനിലെ പ്രവാസി മലയാളികൾ ആശ്വാസത്തിൽ; ആഴ്ചയിൽ ഓരോ സർവീസ് മുംബൈക്കും ഡൽഹിക്കുമെത്തുന്ന സന്തോഷത്തിൽ പ്രവാസികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സ്വകാര്യ ബജറ്റ് എയർലൈനുകൾ ദീർഘ ദൂര റൂട്ടുകളിൽ പറക്കാൻ എത്തുന്നതിന്റെ ഗുണം അനുഭവിക്കാൻ ബ്രിട്ടനിലെ പ്രവാസി മലയാളികൾക്കും അവസരം വരുന്നു. ഇന്ത്യയുടെ മികച്ച ബജറ്റ് എയർലൈൻ ആയ സ്പൈസ് ജെറ്റാണ് ഇത്തരമൊരു അവസരം ഒരുക്കി രംഗത്തുവരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി ലണ്ടൻ റൂട്ടിലേക്കു വരുന്ന കാര്യം ഏവിയേഷൻ വൃത്തങ്ങളിൽ സജീവ വാർത്ത ആയിരുന്നെങ്കിലും പിന്നീട് റൂട്ട് ബിർമിങാമിലേക്കു മാറ്റുക ആയിരുന്നു. ഹീത്രൂവിൽ സ്‌പൈസിനു സ്ലോട്ട് കിട്ടുന്നില്ല എന്നതായിരുന്നു ഇതിനു കാരണം. കൂടുതൽ അന്താരഷ്ട്ര സർവീസുകൾ തുറക്കാൻ ഇളവുകളുമായി ബിർമിങ്ഹാം എയർപോർട്ട് അധികൃതർ മുന്നിൽ നിന്നപ്പോൾ സ്പൈസ് എത്തുക ബിർമിങാമിലേക്കു തന്നെയെന്നും ഈ വർഷം ഓണത്തിന് മുൻപ് തന്നെ സർവീസ് ആരംഭിക്കുമെന്നും വാർത്തകൾ എത്തിയിരുന്നു.

എന്നാൽ ഈ പ്ലാനുകൾ എല്ലാം തകിടം മറിച്ചു കോവിഡ് എത്തിയപ്പോൾ അടുത്ത കാലത്തൊന്നും നേരത്തെ പ്രഖ്യാപിക്കപ്പെട്ട സ്പൈസ്, ഇൻഡിഗോ ബജറ്റ് എയർലൈനുകൾ യുകെയിലേക്ക് എത്തില്ല എന്നും വ്യക്തമായിരുന്നു. പക്ഷെ അത്തരം ആശങ്കകൾ അസ്ഥാനത്താക്കി ഇത്തവണ ക്രിസ്മസ് ആഘോഷിക്കാൻ വീട്ടിൽ എത്തണം എന്നാഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് അവസരം ഒരുക്കി ലണ്ടൻ - മുംബൈ റൂട്ടിൽ പറക്കാൻ ഒരുങ്ങുകയാണ് സ്പൈസ് ജെറ്റ്.

ഒരു വിമാനം ലണ്ടനിൽ നിന്നും മുംബൈയിലേക്ക് പറക്കുമ്പോൾ മറ്റൊന്നു ഡൽഹിയിലേക്കും പറത്തി വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സ്പൈസ് ജെറ്റ്. ലണ്ടൻ റൂട്ടിൽ അവസരം എത്തിയപ്പോൾ കോവിഡ് കാലത്തെ പ്രതിസന്ധികൾ എല്ലാം മറന്നു സ്പൈസ് ഈ റൂട്ടിൽ ചാടി വീഴുക ആയിരുന്നു എന്നാണ് എയർലൈൻസ് ലോകത്തെ വാർത്തകൾ. ഇപ്പോഴും ഇൻഡിഗോ ലണ്ടൻ റൂട്ടിന് ശ്രമം തുടരുകയാണ്. ഗാത്വിക് എയർപോർട്ടിൽ നിന്നും പറക്കാൻ ഉള്ള സാധ്യതയും ഇവർ പരിഗണിക്കുന്നുണ്ട്.

സ്പൈസ് ജെറ്റ് വരുമ്പോൾ കടുത്ത മത്സരം തന്നെ ലണ്ടൻ - മുംബൈ റൂട്ടിൽ ഉണ്ടാകും എന്ന സൂചന നൽകി ഒറ്റപ്പറക്കലിനു 270 പൗണ്ടിന് ടിക്കറ്റ് വിൽക്കാൻ ഒരുങ്ങുകയാണ് കമ്പനി. മുംബൈയിൽ നിന്നും സ്‌പൈസിനു കേരളത്തിലേക്ക് സർവീസ് ഉള്ളതിനാൽ കണക്ഷൻ വിമാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവിൽ യുകെ മലയാളികൾക്ക് നാട്ടിലെത്താൻ ഉള്ള അവസരമാണ് സ്പൈസ് ഒരുക്കുന്നത്.

നിലവിൽ ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ സർവീസിന് 740 പൗണ്ട് ഈടാക്കുന്ന സാഹചര്യത്തിൽ മൂന്നിലൊന്നു പണം നൽകി മുംബൈയിൽ ഇറങ്ങി നാട്ടിലെത്താം എന്ന സാധ്യത സാധാരണക്കാരായ യുകെ മലയാളികൾക്ക് വലിയ അനുഗ്രഹമായി മാറുകയാണ്. കഴിഞ്ഞ രണ്ടു വർഷക്കാലത്തെ പ്രളയ ശേഷം ഇത്തവണ എങ്കിലും നാട്ടിൽ പോകാൻ കാത്തിരുന്നവർക്കു മുൻപിൽ കോവിഡ് എത്തി അനിശ്ചിത കാലത്തേക്ക് യാത്രകൾ മുടക്കിയതോടെ ഇനിയെന്ന് നാട്ടിലെത്തും എന്ന സാധാരണക്കാരുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് സ്പൈസ് ജെറ്റ് സർവീസ്.

ഉയർന്ന തുക നൽകി എയർ ഇന്ത്യയിൽ ടിക്കറ്റ് എടുക്കാൻ സാധിക്കില്ല എന്ന പരിഭവം പറഞ്ഞ അനേകം പേർക്കാണ് ഇപ്പോൾ വൺവേ റൂട്ടിൽ വെറും 270 പൗണ്ടിന് മുംബൈ ടിക്കറ്റ് ലഭിക്കുന്നത്. അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ ഏജന്റുകൾ മുഖേനെ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങും എന്നാണ് വിവരം.

തൽക്കാലം ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള എയർ ബബിൾ കരാർ അനുസരിച്ചാണ് സ്പൈസ് ജെറ്റ് പറക്കൽ നടത്തുക. സാധാരണ രാജ്യാന്തര സർവീസുകൾ ആരംഭിക്കുമ്പോൾ തുടർന്നും പറക്കാനായേക്കും എന്നാണ് സ്‌പൈസിന്റെ പ്രതീക്ഷ. എയർ ബസ് 330 വിഭാഗത്തിൽ പെട്ട 371 സീറ്റുള്ള വിമാനമാണ് സ്പൈസ് ലണ്ടനിലേക്ക് അയക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP