Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശുപത്രിയിൽ പ്രവേശിക്കാനായി നടത്തുന്ന പരിശോധനയിൽ നെഗറ്റീവായവർ ആശുപത്രിയിൽവെച്ച് പോസറ്റീവ് ആവുന്നു; ഐസിയുവിൽ വെച്ച് കോവിഡ് ബാധിച്ചിട്ടും ബന്ധുക്കളെ അറിയിക്കുന്നില്ല; ആവശ്യപ്പെട്ടാലും ഡിസ്ചാർജ് കൊടുക്കില്ല; ബെഡിൽ പുതിയ രോഗിയെ കിടത്തുമ്പോൾ അണു നശീകരണം നടത്തുന്നില്ല; ഇവിടെനിന്ന് കോവിഡ് ബാധിച്ച് മരിച്ചത് രണ്ടുപേർ; കോഴിക്കോട് മലബാർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സമരത്തിൽ

ആശുപത്രിയിൽ പ്രവേശിക്കാനായി നടത്തുന്ന പരിശോധനയിൽ നെഗറ്റീവായവർ ആശുപത്രിയിൽവെച്ച് പോസറ്റീവ് ആവുന്നു; ഐസിയുവിൽ വെച്ച് കോവിഡ് ബാധിച്ചിട്ടും ബന്ധുക്കളെ അറിയിക്കുന്നില്ല; ആവശ്യപ്പെട്ടാലും ഡിസ്ചാർജ് കൊടുക്കില്ല; ബെഡിൽ പുതിയ രോഗിയെ കിടത്തുമ്പോൾ അണു നശീകരണം നടത്തുന്നില്ല; ഇവിടെനിന്ന് കോവിഡ് ബാധിച്ച് മരിച്ചത് രണ്ടുപേർ; കോഴിക്കോട് മലബാർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് സമരത്തിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: ഉള്ള്യേരിക്കടുത്ത് മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ബന്ധുക്കളും നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. ആശുപത്രിയുടെ അനാസ്ഥ കാരണം രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ആരോപണം. അത്തോളി പഞ്ചായത്തിലെ ആറാം വാർഡിലെ ശ്രീജ എന്ന വീട്ടമ്മയുടെ ബന്ധുക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസിലുമെല്ലാം പരാതി നൽകിയിട്ടുണ്ട്.

ശ്രീജയുടെ ബന്ധുക്കൾ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ഛർദ്ദിയും വയറ് വേദനയും കാരണമാണ് ശ്രീജയെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. കൂടെ ശ്രീജയുടെ ഭർത്താവുമുണ്ടായിരുന്നു. രണ്ട് പേർക്കും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റുകയും ഭർത്താവ് ഐസിയുവിന് പുറത്ത് കാത്തിരിക്കുകയും ചെയ്തു. ശ്രീജ നേരത്തെ തന്നെ വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് കോഴിക്കോട് മലാപറമ്പിലുള്ള ഇഖ്‌റ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. എന്നാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയെന്ന നിലയിലാണ് ഇത്തവണ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

എന്നാൽ മലബാർ മെഡിക്കൽ കോളേജിൽ നിന്നും കൃത്യമായ വിവരങ്ങൾ പങ്കുവെക്കാൻ ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നതോടെ കുടുംബം ഡിസ്ചാർജ്ജ് ആവശ്യപ്പെടുകയും ഇഖ്‌റ ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഡിസ്ചാർജ്ജ് നൽകാൻ മലബാർ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. ഇതിനിടയിൽ ശ്രീജക്ക് ഇവിടുത്തെ ഐസിയുവിൽ നിന്ന് കോവിഡ് പിടിപെട്ടു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ശ്രീജയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇത് ഐസിയുവിന് പുറത്ത് കാത്തിരുന്ന ശ്രീജയുടെ ഭർത്താവിനെ അറിയിച്ചിരുന്നില്ല. തന്റെ ഭാര്യ അകത്തുണ്ടെന്ന് വിശ്വസിച്ച് ശ്രീജയുടെ ഭർത്താവ് രാത്രി 8 മുതൽ പുലർച്ചെ മൂന്നുമണിവരെ ഐസിയുവിന് പുറത്ത് കാത്തിരുന്നു.

പിന്നീട് ഐസിയുവിന് അകത്തുണ്ടായിരുന്ന മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് നിങ്ങളുടെ ഭാര്യയെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിക്കുന്നത്. അൽപ സമയത്തിന് ശേഷം കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് ശ്രീജ കോവിഡ് ബാധിച്ചു മരിച്ചു എന്ന ഫോൺ സന്ദേശമാണ് കുടുംബത്തിന് ലഭിച്ചത്. വീട്ടുകാരെ പോലും അറിയിക്കാതെ ആശുപത്രി അധികൃതർ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ശ്രീജയക്ക് കോവിഡ് പിടിപെട്ടതോ, സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോ അറിയാതെ ശ്രീജയുടെ ഭർത്താവ് അപ്പോഴും മലബാർ മെഡിക്കൽ കോളേജിലെ ഐസിയുവിന് പുറത്ത് കാത്തിരിക്കുകയായിരുന്നു.

മലബാർ മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ശ്രീജക്കും കൂട്ടിരിക്കാനെത്തിയ അവരുടെ ഭർത്താവിനും കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നതാണ്. പിന്നീട് ആശുപത്രിയിലെ ഐസിയുവിൽ നിന്നാണ് ശ്രീജക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ശ്രീജക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യമോ ദിവസങ്ങൾക്ക് ശേഷം അവരെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോ ഒന്നും കുടുംബത്തെ അറിയിച്ചില്ലെന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ആശുപത്രിക്കെതിരെ ഉയർന്നിരിക്കുന്നത്.

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മലബാർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും യൂത്ത് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. സമാനമായ മറ്റ് രണ്ട് മരണങ്ങൾ കൂടി സംഭവിച്ചിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് വരുൺകുമാർ 'മറുനാടൻ മലയാളിയോട്' പറഞ്ഞു. ആശുപത്രിയിലേക്ക് എത്തുമ്പോൾ തന്നെ കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തവർക്ക് ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ കോവിഡ് പോസിറ്റീവാകുന്ന നിരവധി സംഭവങ്ങൾ മലബാർ മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ശ്രീജയടക്കം മൂന്ന് പേർ മരിച്ചു. ചെറിയ അസുഖങ്ങൾക്ക് എത്തുന്നവരെ പോലും ഐസിയുവിൽ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. ഐസിയുവിൽ നിന്നാണ് പലർക്കും കോവിഡ് പകരുന്നത്. ഇത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്. ഒരു രോഗിയെ കിടത്തിയ ബെഡിൽ പുതിയ രോഗിയെ കിടത്തുമ്പോൾ അത് അണുനശീകരണം നടത്തുകയോ കൃത്യമായി ശുചീകരിക്കുകയോ ചെയ്യുന്നില്ല. ആശുപത്രിക്കെതിരെ ഇന്ന് ഡിഎംഒ, ജില്ല കളക്ടർ, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിലെല്ലാം പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് വരുൺ മറുനാടനോട് പറഞ്ഞു.

കഴിഞ്ഞദിവസം മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഐസിയുവിൽ നിന്നും കോവിഡ് ബാധിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ആശുപത്രിക്ക് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പി പി കിറ്റ് ധരിച്ച് പ്രകടനവുമായി പ്രവേശന കവാടത്തിൽ എത്തിയ പ്രവർത്തകർ ഏറെ നേരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്തു. രോഗത്തെ ചികിത്സിക്കേണ്ട ആശുപത്രി ഇപ്പോൾ കോവിഡ് പരത്തുന്ന ആശുപത്രിയായി മാറിയതായി ജൈസൽ ആരോപിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ടി എംവരുൺകുമാർ അധ്യക്ഷനായിരുന്നു. ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് ഐക്യദാർഢ്യം അറിയിച്ചതായി ടി എംവരുൺകുമാർ പറഞ്ഞു. ഷെമീർ നളന്ദ, നാസ്മാമ്പൊയിൽ, ആദിൽ കോക്കല്ലൂർ, ഹിജാസ് അത്തോളി, തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.

എന്നാൽ ആരോപണങ്ങളെ ആശുപത്രി അധികൃതർ നിഷേധിക്കയാണ്. ആശുപത്രിയിൽ പ്രവേശിക്കുന്ന സമയത്ത് ശ്രീജക്ക് ആന്റിജൻ ടെസ്റ്റ് ആണ് നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കോവിഡ് ഇല്ലായിരുന്നു എന്ന് പൂർണ്ണമായും ഉറപ്പിച്ച് പറയാൻ കഴിയില്ല. പിന്നീട് കോവിഡ് സ്ഥീരീകരിച്ചതിന് ശേഷം പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാവിധ ചികിത്സയും നൽകിയിട്ടുണ്ട്. പ്രോട്ടോകോൾ പ്രകാരമാണ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുള്ളത്. അത് ശ്രീജയുടെ ഭർത്താവിനെ ഐസിയുവിൽ നിന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിക്കെതിരെ ഇപ്പോൾ ഉയരുന്ന പരാതികൾ അടിസ്ഥാന രഹിതമാണെന്നും മലബാർ മെഡിക്കൽ കോളേജ് മാനേജർ സുനീഷ് മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP