Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൻവർ എംഎൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ 12ന് ആരംഭിക്കും; മനാഫ് വധക്കേസിൽ നേരറിയിക്കാൻ സിബിഐ മുൻ പ്രോസിക്യൂട്ടർ; ഒതായി മനാഫ് വധക്കേസിൽ 25 വർഷത്തിനു ശേഷം വിചാരണ

അൻവർ എംഎൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ 12ന് ആരംഭിക്കും; മനാഫ് വധക്കേസിൽ നേരറിയിക്കാൻ സിബിഐ മുൻ പ്രോസിക്യൂട്ടർ; ഒതായി മനാഫ് വധക്കേസിൽ 25 വർഷത്തിനു ശേഷം വിചാരണ

ജംഷാദ് മലപ്പുറം

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ 25 വർഷത്തിനു ശേഷം പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ 12ന് ആരംഭിക്കും. പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന്മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ്. കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട്‌തൊടിക കബീർ എന്ന ജാബിർ എന്നിവരുടെ വിചാരണയാണ് ആരംഭിക്കുന്നത്.

പ്രമാദമായ നിരവധികേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ സിബിഐയുടെ മുൻ സീനിയർ സ്‌പെഷൽ പ്രോസിക്യൂട്ടർ വി.എൻ അനിൽകുമാറാണ് കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി ഹാജരാവുക. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രോസിക്യൂട്ടർക്കുള്ള 2006ലെ സ്വർണമെഡൽ ജേതാവാണ് അനിൽകുമാർ. 16 വർഷത്തെ സേവനത്തിനു ശേഷം സിബിഐയിൽ നിന്നും വിരമിക്കുകയായിരുന്നു. സിബിഐ ഡെപ്യൂട്ടി ലീഗൽ അഡൈ്വസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂവായിരത്തിലേറെ കേസുകളിൽ സിബിഐക്ക് വേണ്ടി ഹാജരായ അനിൽകുമാർ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലാണ് പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയത്.

കേണൽ ഉണ്ണിനായരുടെയും ഭാര്യയുടെയും കൊലപാതകം, ഫാ. ജോബ് ചിറ്റിലപ്പള്ളി വധം (2004), മലമ്പുഴയിലെ അജിൻവധക്കേസ് (2006), കണ്ണൂരിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സൈനുദ്ദീൻ വധക്കേസ് (2008), പെർളയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജബ്ബാർ വധക്കേസ് (2009), മുത്തൂറ്റ് പോൾ വധം (2009)എന്നീ കേസുകളിൽ അനിൽകുമാറായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ. ഏറെ കോളിളക്കം സൃഷ്ടിച്ച അഭയകേസ്, ലാവ്‌ലിൻ കേസ്, 2005ലെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച കേസ് എന്നിവയുടെയും പ്രോസിക്യൂട്ടറായിരുന്നിട്ടുണ്ട്.

മനാഫ് വധക്കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ രണ്ട് തവണ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും സർക്കാർ അനുകൂല നിലപാടെടുത്തിരുന്നില്ല. ഒടുവിൽ മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതി അലക്ഷ്യഹർജി സമർപ്പിച്ചതോടെയാണ് അനിൽകുമാറിനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചുള്ള ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയത്. 1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.

നിരവധി ദൃക്‌സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നൽകാനോ ശ്രമിക്കാതെ അന്നത്തെ പ്രോസിക്യൂട്ടർ സി.ശ്രീധരൻനായർ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി.

കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രന്മാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്.

ഒന്നാം പ്രതിയായ പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രൻ മാലങ്ങാടൻ ഷെഫീഖ് കഴിഞ്ഞ 25 വർഷമായി ദുബായിൽ സുഖജീവിതം നയിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്നും ചാർട്ടേഡ് ഫ്‌ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ ഇക്കഴിഞ്ഞ ജൂൺ 24നാണ് അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി അൻവർ എംഎ‍ൽഎയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP