Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈക്കിളിന് മുന്നിലേക്ക് പട്ടികൾ ചാടിയത് തെങ്ങു കയറി കുടുംബം നോക്കിയ ഷാജിക്ക് നൽകിയത് ദുരിതകാലം; അമ്മയുടെ വീട്ടു ജോലിയും വീട്ടിലെ ദാരിദ്രം മാറ്റിയില്ല; നിലത്ത് വേദന കൊണ്ടു പുളഞ്ഞ അച്ഛന് കട്ടിലു വാങ്ങാൻ പപ്പടം നിറച്ച സഞ്ചിയുമായി കച്ചവടത്തിന് ഇറങ്ങിയ പന്ത്രണ്ടു വയസ്സുകാരൻ; ഓൺലൈൻ ക്ലാസുകൾ മുടക്കാതെ കുപ്പിവെള്ളം കുടിച്ച് വിശപ്പിനെ പിടിച്ചു കെട്ടി കച്ചവടം നടത്തി ആറാം ക്ലാസുകാരൻ; നോർത്ത് പറവൂരിലെ ഈ വേദന നമുക്കൊരുമിച്ച് തുടയ്ക്കാം; സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന അമീഷിന്റെ കഥ

സൈക്കിളിന് മുന്നിലേക്ക് പട്ടികൾ ചാടിയത് തെങ്ങു കയറി കുടുംബം നോക്കിയ ഷാജിക്ക് നൽകിയത് ദുരിതകാലം; അമ്മയുടെ വീട്ടു ജോലിയും വീട്ടിലെ ദാരിദ്രം മാറ്റിയില്ല; നിലത്ത് വേദന കൊണ്ടു പുളഞ്ഞ അച്ഛന് കട്ടിലു വാങ്ങാൻ പപ്പടം നിറച്ച സഞ്ചിയുമായി കച്ചവടത്തിന് ഇറങ്ങിയ പന്ത്രണ്ടു വയസ്സുകാരൻ; ഓൺലൈൻ ക്ലാസുകൾ മുടക്കാതെ കുപ്പിവെള്ളം കുടിച്ച് വിശപ്പിനെ പിടിച്ചു കെട്ടി കച്ചവടം നടത്തി ആറാം ക്ലാസുകാരൻ; നോർത്ത് പറവൂരിലെ ഈ വേദന നമുക്കൊരുമിച്ച് തുടയ്ക്കാം; സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന അമീഷിന്റെ കഥ

ആർ പീയൂഷ്

കൊച്ചി: 'നട്ടെല്ലിന് പരിക്ക് പറ്റി എഴുന്നേൽക്കാനാവാതെ കിടപ്പിലാണ് എന്റെ അച്ഛൻ. വാടകവീട്ടിലെ സിമന്റ് തറയിൽ പുൽപ്പായയിൽ. തറയിൽ കിടക്കുന്നതു കൊണ്ട് അച്ഛൻ എപ്പോഴും ബുദ്ധിമുട്ടായിരുന്നു. ഒരു കട്ടിലു വാങ്ങിയാൽ അച്ഛന് ഒരാശ്വാസാകുമായിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി വീട്ടു ജോലിക്ക് പോകുന്ന എന്റെ അമ്മയ്ക്കില്ല. അതിനാലാണ് പപ്പടം വിൽപ്പനയ്ക്കിറങ്ങിയത്.' അച്ഛന് കിടക്കാൻ കട്ടിലു വാങ്ങാൻ പപ്പടം വിൽപ്പനയ്ക്കിറങ്ങിയ ആറാം ക്ലാസ്സുകാരൻ അമീഷി(12)ന്റെ വാക്കുകളാണിത്.

നോർത്ത് പറവൂർ വലിയ പല്ലം തുരുത്ത് തണ്ടാശ്ശേരി ഷാജി - പ്രമീള ദമ്പതികളുടെ മകനും ഡി.ഡി സഭ ഹൈസ്‌ക്കൂൾ കരിമ്പാടം ആറാം ക്ലാസ് വിദ്യാർത്ഥിയുമായ അമീഷ് ഏതാനം ദിവസങ്ങളായാണ് പറവൂരിൽ പപ്പട വിൽപ്പനയ്ക്കിറങ്ങിയത്. പ്രദേശവാസിയായ ഒരാൾ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് അമീഷിനെ പറ്റിയുള്ള വിവരം പുറത്തറിയുന്നത്.

അമീഷിന്റെ പിതാവ് ഷാജി തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. ഒന്നര വർഷം മുൻപ് ജോലി കഴിഞ്ഞ് വരുന്നതിനിടെ കുറ്റിച്ചിറ പാലത്തിന് സമീപം വച്ച് സഞ്ചരിച്ചിരുന്ന സൈക്കിളിന് മുന്നിലേക്ക് പട്ടികൾ കുറുകെ ചാടി അപകടത്തിൽ പെടുകയും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽ ക്കുകയും ചെയ്തു. മാസങ്ങളോളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുകയും കമ്പി ഇടുകയും ചെയ്തു. ഇതോടെ ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലാകുകയായിരുന്നു. നിർദ്ധന കുടുംബമായ ഇവർ ഇതോടെ മുഴുപ്പട്ടിണിയിലായി. ഷാജിയുടെ ചിലവും അമീഷിന്റെയും സഹോദരി അഭിരാമിയുടെയും പഠനത്തിനായുള്ള ചെലവിനുമായി പ്രമീള വീട്ടു ജോലിക്ക് പോയി തുടങ്ങി. തുശ്ചമായ വരുമാനം മാത്രമാണ് ഇവർക്ക് ലഭിച്ചിരുന്നത്. വീട്ടുവാടകയും മറ്റു ചിലവുകളും കഴിയുമ്പോഴേക്കും മിച്ചം പിടിക്കാൻ ചില്ലിക്കാശുപോലും മാസാവസാനം കാണില്ല.

ഷാജി ആശുപത്രി വിട്ട് വീട്ടിലെത്തിയതിന് ശേഷം നിലത്ത് പായയിലായിരുന്നു കിടന്നിരുന്നത്. നിലത്ത് കിടക്കുന്നതിനാൽ വലിയ ശാരീരിക ബുദ്ധിമുട്ടിലായിരുന്നു. ഒരു കട്ടിലുണ്ടായിരുന്നെങ്കിൽ എന്ന് ഇടക്ക് ഭാര്യ പ്രമീളയോട് പറയുമായിരുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ ഒന്നും നടന്നില്ല. അച്ഛന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അമീഷ് എങ്ങനെയും ഒരു കട്ടിൽ അച്ഛന് വാങ്ങണം എന്ന ചിന്തയിലായി. കുറഞ്ഞത് 2,000 രൂപയെങ്കിലും ഇല്ലാതെ ചെറിയ ഒരു കട്ടിൽ കിട്ടില്ലെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. ഇതോടെ എന്തെങ്കിലും ജോലി ചെയ്ത് എങ്ങനെയും കുറച്ച് പണമുണ്ടാക്കി കട്ടിലു വാങ്ങണമെന്ന് തീരുമാനിച്ചു. എന്ത് ജോലി ചെയ്യുമെന്നറിയാതെ വിഷമിക്കുമ്പോഴാണ് അയൽപ്പക്കത്തെ രാജു എന്നയാൾ പപ്പടം വിൽപ്പനക്ക് നൽകാമെന്ന് പറഞ്ഞത്. അങ്ങനെ പപ്പടം വിൽപ്പനയ്ക്ക് അമീഷ് ഇറങ്ങുകയായിരുന്നു.

രാവിലെ ഏഴുമണിയോടെയാണ് തന്റെ കുഞ്ഞു സൈക്കിളിൽ അമീഷ് പപ്പടം നിറച്ച സഞ്ചിയുമായി പോകും. രാവിലെ അമ്മ വീട്ടു ജോലിക്ക് പോകുന്നതിന് പിന്നാലെയാണ് കച്ചവടത്തിനായി ഇറങ്ങുന്നത്. വീടുകൾ തോറും കയറി ഇറങ്ങിയാണ് വിൽപ്പന. ഉച്ചയ്ക്ക് കൃത്യം രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തുകയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയും ചെയ്യും. അതിന് ശേഷം വീണ്ടും പപ്പടവുമായി പോകും. വൈകിട്ട് ആറു മണിയോടെ തിരികെ വീട്ടലെത്തുയും ചെയ്യും. ഇതിനിടയിൽ ഭക്ഷണം പോലും കഴിക്കാൻ കഴിയില്ല. കയ്യിൽ കരുതിയിരിക്കുന്ന കുപ്പി വെള്ളം കുടിച്ചാണ് വിശപ്പടക്കിയിരുന്നത്. വെള്ളം തീർന്നാൽ സോഡ വാങ്ങി കുടിക്കും. ഇത്തരത്തിൽ വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രഭാഷ് എന്ന ഒരാൾ അമീഷിനെ കാണുന്നതും അമീഷിനോട് സംസാരിക്കുന്നതും. അമീഷ് താൻ പപ്പടം വിൽപ്പനയിക്കിറങ്ങിയതിന് പിന്നിലെ ലക്ഷ്യം അദ്ദേഹത്തോട് പറഞ്ഞു. ഇക്കാര്യം തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പങ്കു വയ്ക്കുകയും ചെയ്തു.

സംഭവം ഇതോടെ വൈറലായി. അമീഷിന്റെ ആഗ്രഹം പോലെ കുറച്ചു പേർ ചേർന്ന് രണ്ട് കട്ടിൽ വാങ്ങി നൽകുകയും ചെയ്തു. കട്ടിലുമായി വീട്ടിൽ ആളുകൾ എത്തിയപ്പോഴാണ് അമ്മയും അച്ഛനും മകൻ പപ്പടം വിൽപ്പനയ്ക്ക് പോകുന്നുണ്ടായിരുന്നു എന്ന കാര്യം അറിയുന്നത്. പക്ഷേ സഹോദരി അഭിരാമിക്ക് കാര്യങ്ങൾ അറിയാമായിരുന്നു. മകനെ ചേർത്ത് പിടിച്ച് കരയാനെ അവർക്ക് കഴിഞ്ഞുള്ളൂ. തനിക്ക് കട്ടിലു വാങ്ങാനാണ് മകൻ ജോലിക്ക് പോകുന്നതെന്നറിഞ്ഞപ്പോൾ പിതാവിന്റെ ഹൃദയം വേദന കൊണ്ടു നുറുങ്ങിപ്പോയി. ഒന്നുമറിയാത്ത പ്രായത്തിൽ ജോലിക്ക് പോകേണ്ടി വന്ന അവസ്ഥയോർത്ത് അദ്ദേഹം വിധിയെ പഴിച്ചു. ഈ പ്രായത്തിൽ എന്റെ മോൻ കുടുംബം പുലർത്താൻ വേണ്ടി പപ്പടം വിൽക്കാൻ നടക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്ന് പിതാവ് പറഞ്ഞപ്പൾ അച്ഛൻ വിഷമിക്കേണ്ട, പപ്പടം വിറ്റു വന്നിട്ട് ഞാൻ പഠിക്കുന്നുണ്ടല്ലോ എന്ന് മറുപടിയും അമീഷിന്റെ ഭാഗത്ത് നിന്നു വന്നു. ആ നിഷ്‌കളങ്കതയാണ് ഇന്ന് പലരുടെയും കണ്ണുകളെ ഈറനണിയിക്കുന്നത്.

പ്രമീള വീട്ടുജോലിക്കു പോയിത്തുടങ്ങിയെങ്കിലും ചെറിയ വരുമാനത്തിൽ ജീവിതം വലിയ പ്രതിസന്ധിയിൽത്തന്നെ തുടരുകയായിരുന്നു. തങ്ങൾ അറിയാതെയാണ് അമീഷ് പപ്പടം വിൽക്കാൻ തുടങ്ങിയതെന്ന് അമ്മ പ്രമീള പറയുന്നു. ഞാൻ രാവിലെ വീട്ടുജോലിക്കുപോയി തിരിച്ചുവരുമ്പോൾ പലപ്പോഴും മോനെ വീട്ടിൽ കാണാറില്ലായിരുന്നു. ഉച്ചയാകുമ്പോഴേക്കും സൈക്കിളിൽ വെട്ടിവിയർത്ത് അവൻ തിരിച്ചെത്തുന്നതു കണ്ടിരുന്നു. അപ്പോഴൊന്നും അവൻ വിട്ടു പറഞ്ഞിരുന്നില്ല. പക്ഷേ അറിഞ്ഞു കഴിഞ്ഞപ്പോൾ നെഞ്ചു പൊടിഞ്ഞു പോയി; പ്രമീള പറയുന്നു.

അതേ സമയം അമീഷ് അച്ഛന് കട്ടിലു കിട്ടിയതിന്റെ സന്തോഷമാണ്. കൂടാതെ ചേച്ചിക്കും തനിക്കും ഒരു കട്ടിലു കൂടി കിട്ടിയല്ലോ. ഒരു കവർ പപ്പടം വിൽക്കുമ്പോൾ 8 രൂപയാണ് ലാഭം കിട്ടുന്നത്. 100 പായ്ക്കറ്റ് കൊണ്ടു പോയാൽ ചില ദിവസങ്ങളിൽ മുഴുവനും വിൽക്കാൻ കഴിയും. അങ്ങനെ കിട്ടുന്ന പണം ചേച്ചി അഭിരാമിയുടെ കൈവശം സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. അച്ഛന് കട്ടിലു കിട്ടിയെങ്കിലും പപ്പടം വിൽപ്പന തുടർന്ന് കൊണ്ടു പോകാനാണ് അമീഷിന്റെ തീരുമാനം. കാരണം വീട്ടു വാടക 3,000 രൂപയാണ്.

അമ്മയുടെ ജോലി കൊണ്ടു മാത്രം ചെലവ് കഴിഞ്ഞു പോകില്ല. അച്ഛനെ ചികിത്സിക്കണം, സ്വന്തമായി ഒരു വീടു വയ്ക്കണം അങ്ങനെ ചില മോഹങ്ങൾ കൂടിയുണ്ട്.അത് പൂവണിയാൻ ജോലി തുടർന്നേ മതിയാവൂ എന്നാണ് അമീഷിന്റെ ഭാഗം. എന്നാൽ കുഞ്ഞിനെ ജോലിക്ക് വിടാൻ മാതാപിതാക്കൾക്ക് യാതൊരു മനസ്സുമില്ല. എന്നാൽ അമീഷ് സ്വന്തം ഇഷ്ടപ്രകാരം പോകുകയാണ്. വലുതായി കഴിഞ്ഞാൽ മറ്റുള്ളവർക്ക് സഹായം ചെയ്യണം എന്ന ആഗ്രഹമാണുള്ളതെന്ന് അമീഷ് പറയുന്നു.

വലിയം പല്ലംതുരുത്തിലാണ് കുടുംബ വീടെങ്കിലും സ്വത്തു സംബന്ധമായ തർക്കത്തെ തുടർന്ന് ചെറിയ പല്ലം തുരുത്തിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. അമീഷിന്റെ സഹോദരി അഭിരാമി പത്താം തരത്തിലാണ് പഠിക്കുന്നത്. അടച്ചുറപ്പുള്ള ഒരു വീടാണ് ഇവർക്ക് അത്യാവശ്യം. പഞ്ചായത്തിൽ പലവട്ടം അപേക്ഷ നൽകിയെങ്കിലും ഭൂമി ഇല്ലാത്തതിനാൽ വീട് ലഭിച്ചില്ല. ചെറു പ്രായത്തിൽ സ്വന്തം വീടിന് വേണ്ടി ഉത്തരവാദിത്തം കാട്ടി അർപ്പണബോധത്തോടെ ജോലി ചെയ്യാനിറങ്ങിയ അമീഷിന് മറുനാടൻ വായനക്കാരുടെ ചെറിയൊരു കൈത്താങ്ങ് അത്യാവശ്യമാണ്.

സഹായിക്കാൻ താൽപര്യമുള്ളവർ അമീഷിന്റെ സഹോദരിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങളുടെ സഹായം അയച്ചു കൊടുക്കാവുന്നതാണ്.

Name: ABHIRAMI TS
Canara Bank
A/C No: 4665120000091
IFSC: CNRB0004665
Branch: North Paravur

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP