Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തർപ്രദേശിലും ഒരു 'സുകുമാരക്കുറുപ്പ്' ട്രിക്ക്! തന്റെ രൂപസാദൃശ്യമുള്ളയാളെ കൊലപ്പെടുത്തി മുഖം വികൃതമാക്കി ആധാർ കാർഡും മറ്റു രേഖകളും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു നാടകം കളിച്ചത് രാജ്കുമാർ; തുടക്കത്തിൽ ഒപ്പം നിന്ന ഭാര്യക്കും കൂട്ടാളിക്കും പണി പാളിയപ്പോൾ കുടുങ്ങി; കുറുപ്പാകാൻ തുനിഞ്ഞ് അടപടലം കുടുങ്ങിയ യുവാവിന്റെ കഥ

ഉത്തർപ്രദേശിലും ഒരു 'സുകുമാരക്കുറുപ്പ്' ട്രിക്ക്! തന്റെ രൂപസാദൃശ്യമുള്ളയാളെ കൊലപ്പെടുത്തി മുഖം വികൃതമാക്കി ആധാർ കാർഡും മറ്റു രേഖകളും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു നാടകം കളിച്ചത് രാജ്കുമാർ; തുടക്കത്തിൽ ഒപ്പം നിന്ന ഭാര്യക്കും കൂട്ടാളിക്കും പണി പാളിയപ്പോൾ കുടുങ്ങി; കുറുപ്പാകാൻ തുനിഞ്ഞ് അടപടലം കുടുങ്ങിയ യുവാവിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

മീററ്റ്: സുകുമാരക്കുറുപ്പ് എന്നാൽ കേരളാ പൊലീസിന്റെ പട്ടികയിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്ന വ്യക്തിയാണ്. ചാക്കോയെന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കൊലപ്പെടുത്തി രക്ഷപെട്ട സുകുമാരക്കുറുപ്പ് പിന്നീടുള്ള കാലം പല പേരുകളിലും മറ്റുമായി ജീവിച്ചു പോന്നു. ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി വിലസുകയാണ് കുറുപ്പ്. എന്തായാലും കുറുപ്പിന്റെ അതേതന്ത്രം പ്രയോഗിച്ചു കേസുകളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച സുകുമാരക്കുറുപ്പിന്റെ വഴി പയറ്റിയ ഉത്തർപ്രദേശിലെ യുവാവിന് പണി പാലും വെള്ളത്തിൽ കിട്ടി.

ഇൻഷുറൻസ് തുക തട്ടിയെടുക്കലായിരുന്നു പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. എന്നാൽ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ രാജ്കുമാർ ഇതേ മോഡൽ കൊലപാതകം ആസൂത്രണം ചെയ്തത് തന്റെ പേരിലുള്ള കേസുകളിൽനിന്ന് രക്ഷപ്പെടാനായിരുന്നു. ബലാത്സംഗ, കൊലപാതക കേസുകളിൽ പ്രതിയായ രാജ്കുമാർ എന്ന യുവാവാണ് കേരളത്തിലെ ചാക്കോ കൊലപാതകത്തെയും സുകുമാരക്കുറുപ്പിനെയും അനുസ്മരിപ്പിക്കുന്ന രീതിയിൽ കൊലപാതകം നടത്തിയത്.

കേസിൽ നിന്നും രക്ഷപെടാൻ തന്റെ രൂപസാദൃശ്യമുള്ളയാളെ കൊലപ്പെടുത്തി മുഖം വികൃതമാക്കി ആധാർ കാർഡും മറ്റു രേഖകളും സംഭവസ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു രാജ്കുമാർ നാടകം കളിച്ചത്. പക്ഷേ, സംഭവത്തിന് കൂട്ടുനിന്ന ഭാര്യയ്ക്കും കൂട്ടാളിക്കും പൊലീസിന് മുന്നിൽ അടിപതറിയതോടെ നാടകം പൊളിഞ്ഞു. രാജ്കുമാറിനെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടുകയും ചെയ്തു.

ബലാത്സംഗ, കൊലപാതക കേസിൽ പ്രതിയായ രാജ്കുമാർ ജാമ്യത്തിലിറങ്ങിയതോടെയാണ് മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി ബുലന്ദ്വേശറിലെ മദ്യശാലയിൽനിന്ന് ഒരാളെ കണ്ടെത്തുകയും ചെയ്തു. പണവും വസ്ത്രങ്ങളും വാഗ്ദാനം ചെയ്ത് മദ്യപാനിയായ ഇയാളെ കൂടെക്കൂട്ടി. ബുലന്ദ്വേശറിലെ വനമേഖലയിൽ എത്തിയപ്പോൾ ഇയാളെ കൊലപ്പെടുത്തി. സഹായത്തിന് ഭാര്യയും മറ്റൊരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. മരണം ഉറപ്പിച്ചശേഷം രാജ്കുമാറിന്റെ ആധാർ കാർഡും മറ്റ് രേഖകളും മൃതദേഹത്തിൽ തന്നെ ഉപേക്ഷിച്ചു. മുഖം തിരിച്ചറിയാതിരിക്കാൻ രാസവസ്തു ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്തു. പൊലീസ് മൃതദേഹം കണ്ടെത്തുമ്പോൾ കൊല്ലപ്പെട്ടത് രാജ്കുമാറാണെന്ന് മനസിലാക്കുമെന്നും അതോടെ എല്ലാ കേസുകളിൽനിന്നും രക്ഷപ്പെടാമെന്നുമായിരുന്നു കണക്കുക്കൂട്ടൽ.

എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ രാജ്കുമാറിന്റെ പദ്ധതികളെല്ലാം പൊളിയുകയായിരുന്നു. സെപ്റ്റംബർ 23-നാണ് പൊലീസ് സംഘം മൃതദേഹം കണ്ടെത്തിയത്. സ്വാഭാവികമായും അന്വേഷണം രാജ്കുമാറിന്റെ വീട്ടിലേക്കെത്തി. ഇയാളുടെ ഭാര്യയുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും രാജ്കുമാർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ വാങ്ങുകയും ചെയ്തു. എന്നാൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിർണായകമാവുകയായിരുന്നു.

രാജ്കുമാർ ഉപയോഗിച്ചിരുന്ന മൊബൈലും അതേ നമ്പറും അലിഗഢിൽ ഒരാൾ ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇയാളെ കണ്ടെത്തി ചോദ്യംചെയ്തതോടെ സെപ്റ്റംബർ 24-നാണ് ഈ മൊബൈൽ വാങ്ങിയതെന്ന് വ്യക്തമായി. രാജ്കുമാറിന്റെ ഫോട്ടോ കാണിച്ചതോടെ ഇയാൾ തന്നെയാണ് മൊബൈൽ ഫോൺ വിറ്റതെന്നും അലിഗഢ് സ്വദേശി മൊഴി നൽകി. ഇതോടെയാണ് രാജ്കുമാറിന്റെ ഭാര്യയെ പൊലീസ് വീണ്ടും ചോദ്യംചെയ്തത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ യുവതി ഒടുവിൽ ഭർത്താവിന്റെ ഒളിയിടത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നു. സംഭവത്തിൽ രാജ്കുമാറിനെയും ഭാര്യയെയും ഇവരുടെയും സുഹൃത്തിനെയും പിന്നീട് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP