Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ ഫോൺ പദ്ധതിയിൽ ജൂൺ അവസാനം സൃഷ്ടിക്കപ്പെട്ടത് ആറു പോസ്റ്റുകൾ; നേരിട്ട് വിളിച്ചെടുക്കുന്ന ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള പോസ്റ്റുകളിൽ ഒരു നിയമനം സ്വപ്നയെ ലാക്കാക്കി; പിണറായിയുടെ 'സ്വപ്‌ന' പദ്ധതിയിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എത്തിയതും വളഞ്ഞ വഴിയിലോ? കെ ഫോൺ പദ്ധതിയിൽ സ്വർണ്ണ കടത്ത് കേസ് പ്രതിയുടെ ഇടപെടൽ സംശയാസ്പദം; ഒന്നുമില്ലെന്ന് പറഞ്ഞ് കൈകഴുകി രക്ഷപ്പെടാനും ഐടി ഇൻഫ്രാസ്ട്രക്ചർ കമ്പനി

കെ ഫോൺ പദ്ധതിയിൽ ജൂൺ അവസാനം സൃഷ്ടിക്കപ്പെട്ടത് ആറു പോസ്റ്റുകൾ; നേരിട്ട് വിളിച്ചെടുക്കുന്ന ഒരു ലക്ഷത്തിലേറെ ശമ്പളമുള്ള പോസ്റ്റുകളിൽ ഒരു നിയമനം സ്വപ്നയെ ലാക്കാക്കി; പിണറായിയുടെ 'സ്വപ്‌ന' പദ്ധതിയിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എത്തിയതും വളഞ്ഞ വഴിയിലോ? കെ ഫോൺ പദ്ധതിയിൽ സ്വർണ്ണ കടത്ത് കേസ് പ്രതിയുടെ ഇടപെടൽ സംശയാസ്പദം; ഒന്നുമില്ലെന്ന് പറഞ്ഞ് കൈകഴുകി രക്ഷപ്പെടാനും ഐടി ഇൻഫ്രാസ്ട്രക്ചർ കമ്പനി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്ന സുരേഷ് കെഫോൺ പദ്ധതിയിൽ ഇടപെട്ടോയെന്നറിയാൻ സർക്കാർ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചറിനു (കെഎസ്‌ഐടിഐഎൽ) നൽകിയ കത്തു പുറത്ത്. സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് തന്നെയാണ് കെഫോണിലെയും കൺസൽറ്റന്റ്. കെഫോൺ കരാർ വ്യവസ്ഥകളിൽ പിഡബ്ല്യുസി വീഴ്ച വരുത്തിയോ എന്നും ഐടി സെക്രട്ടറി കത്തിൽ ചോദിച്ചിരുന്നു. സ്വപ്ന കെഫോണിൽ ഇടപെട്ടിട്ടില്ലെന്നും പിഡബ്ല്യുസി വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ഓഗസ്റ്റിൽ കെഎസ്‌ഐടിഐഎൽ നൽകിയ മറുപടി

കെ ഫോൺപദ്ധതിയിൽ നിന്ന് കൺസൾട്ടൻസി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം നടപ്പാക്കാതെ സർക്കാർ പോകുന്നത് നേരത്തെ വാർത്തയായിരുന്നു. പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് ഐ.ടി സെക്രട്ടറിയുടെ പദവി വഹിച്ച സഞ്ജയ് കൗൾ ഫയലിൽ കുറിച്ചതിന്റെ പകർപ്പ് പുറത്തു വന്നിരുന്നു. സ്വപ്ന സുരേഷിനെ സ്‌പേസ് പാർക്ക് പിഎംയുവിൽ നിയമിച്ച് സർക്കാരിനെ വെട്ടിലാക്കിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ കെ ഫോണിൽ നിന്നും ഒഴിവാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ സസ്‌പെൻഷനിലായപ്പോൾ തുറമുഖ സെക്രട്ടറി സഞ്ജയ് കൗളാണ് ആ വകുപ്പും കൈകാര്യം ചെയ്തത്.

ജൂലൈ 23 ന് സഞ്ജയ് കൗൾ എഴുതിയ ഫയലിന്റെ പകർപ്പാണിത്. സംശയകരവും ക്രിമിനലുമായ പശ്ചാത്തലമുള്ളയാളെ സ്‌പേസ് പാർക്കിൽ നിയോഗിച്ച പിഡബ്ല്യുസിയെ കെഫോണിൽ നിന്നും ഒഴിവാക്കാമെന്നാണ് സഞ്ജയ് കൗൾ കുറിച്ചത്. അന്നുതന്നെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് ഈ നിർദ്ദേശം ശരിവക്കുകയും ചെയ്തു. ഇതിന് മുമ്പ് പതിനേഴാം തീയതി പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് ഐ.ടി വകുപ്പിന് ചീഫ് സെക്രട്ടറി കത്തുനൽകിയിരുന്നു. ഇത്രയും ഉന്നത ഉദ്യോഗസ്ഥർ പ്രൈവസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന്റെ കാര്യത്തിൽ വിയോജിപ്പ് പ്രകടമാക്കിയിട്ടും സർക്കാർ നടപടി എടുക്കുന്നില്ലെന്നാണ് സൂചന. ഇതിനിടെയാണ് കെ ഫോണിലും സ്വപ്‌നാ സുരേഷിന്റെ ഇടപെടലുകൾ ചർച്ചയാകുന്നത്.

പിണറായി സർക്കാരിനെ പിടിച്ചു കുലുക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്നാ സുരേഷിനെ സ്ഥിരം ലാവണത്തിൽ നിയമിക്കാനും സർക്കാർ തലത്തിൽ നീക്കം നടന്നിരുന്നു. കെഫോൺ പദ്ധതി വഴി സൃഷ്ടിക്കുന്ന പോസ്റ്റുകളിൽ സ്ഥിരം നിയമനം നടത്താനാണ് സർക്കാർ തലത്തിൽ നീക്കം നടന്നത്. പിണറായി സർക്കാരിന്റെ സ്വന്തം പദ്ധതിയായ കെഫോൺ പ്രോജക്റ്റിന്റെ സ്ഥിരം തസ്തികയിൽ ഒന്നാണ് സ്വപ്നയ്ക്ക് വേണ്ടി അണിയറയിൽ ഒരുങ്ങിയത്. ഈ തസ്തികയും ഒരു ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്ന തസ്തിക തന്നെയായിരുന്നു.

ശിവശങ്കർ തന്നെയാണ് സ്വപ്നയെ സ്ഥിരം ലാവണത്തിൽ നിയമിക്കാനുള്ള നീക്കത്തിന് പിന്നിലും ചരട് വലിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ പേരിലാണ് ഇറങ്ങിയത്. കരാർ നിയമനം നൽകി അത് സ്ഥിരപ്പെടുത്താനാണ് നീക്കം നടന്നത്. ജൂൺ ഇരുപത്തി നാലിലെ ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഉത്തരവ് വഴിയാണ് സ്വപ്നയെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയത്. കെഫോണിൽ എംഡിയും കമ്പനി സെക്രട്ടറി, ഫിനാൻസ് ഓഫീസർ, എക്സിക്യുട്ടീവ് തസ്തികകൾ സൃഷ്ടിച്ച് അതിലൊന്നിൽ സ്വപ്നയ്ക്ക് സ്ഥിരം നിയമനം നൽകാനാണ് ഈ ഉത്തരവ് പുറത്തിറക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. നിലവിൽ ഒരു ലക്ഷം രൂപ ശമ്പളമുള്ള പോസ്റ്റിൽ സ്വപ്നയെ നിയമിച്ചപ്പോൾ അത് മാറ്റി കെഫോണിൽ സ്ഥിരം നിയമനത്തിനാണ് സർക്കാർ ഒരുങ്ങിയത്. ഒരു ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്ന പോസ്റ്റുകളാണ് കെ ഫോണിനു വേണ്ടി സൃഷ്ടിക്കപ്പെട്ടത്.

കെ ഫോണിലെ എല്ലാ നിയമനങ്ങളും ഡയറക്റ്റ് നിയമനങ്ങൾ എന്നാണ് ഉത്തരവിൽ പറയുന്നത്. നേരിട്ട് വിളിച്ചെടുക്കുന്ന നിയമനങ്ങളാണ് ഇതെല്ലാം തന്നെ. ഐടി സെക്രട്ടറി എന്ന തന്റെ പദവി തന്നെ ഉപയോഗിച്ചാണ് ഐടിയുമായി ബന്ധമുള്ള സർക്കാർ പോസ്റ്റിൽ ഒരു ലക്ഷം രൂപ ശമ്പളത്തിൽ സ്വപ്ന സുരേഷിന് ശിവശങ്കർ നിയമനം നൽകിയത്. കെ ഫോണിന്റെ പദ്ധതിയുടെ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റായി നീയമിച്ചിരിക്കുന്നത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെയാണ്. ഇതേ പ്രൈസ് വാട്ടർ കൂപ്പറിന്റെ ശുപാർശയെ തുടർന്നാണ് ഐടി വകുപ്പിലെ സ്പേസ് പാർക്കുമായി ബന്ധപ്പെട്ട കരാർ നിയമനം സ്വപ്നയ്ക്ക് ലഭിച്ചത്. ഒരു ലക്ഷം രൂപ ശമ്പളമുള്ള പോസ്റ്റിലാണ് സ്വപ്നയെ നിയമിച്ചിരുന്നത്. ആരോപണത്തെ തുടർന്ന് സ്വപ്നയെ ഐടി വകുപ്പ് പുറത്താക്കിയിരുന്നു. സ്വ്വപ്നയുടെ നിയമനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ സർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രം ചർച്ചയാകുന്നത്. സ്‌പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി കൂടി അറിഞ്ഞാണെന്ന ഇഡിയുടെ കണ്ടെത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതായി. പുറത്തുവന്നത് സ്വപ്നയുടെ മൊഴി മാത്രമല്ല; മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണ ഏജൻസിയുടെ കുറ്റപത്രമാണ്. സരിത നായരുടെ കത്തും ആരോപണങ്ങളും വച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ചുറ്റും പത്മവ്യൂഹം ചമച്ച പഴയ പ്രതിപക്ഷമാണ് ഇന്നു ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്.

സ്വർണക്കടത്തു വൻവിവാദം ഉയർത്തിയതിനെ തുടർന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഏക അന്വേഷണം സ്വപ്നയുടെ നിയമനത്തെക്കുറിച്ചായിരുന്നു. വ്യാജ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്വപ്നയ്ക്കു നിയമനം നൽകിയതിനെക്കുറിച്ചു മുഖ്യമന്ത്രിയാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിൽ ഇപ്പോൾ കേന്ദ്ര ഏജൻസി ആരോപിക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞാണ് ആ നിയമനം എന്നാണ്. സ്‌പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിനു പിന്നിൽ ശിവശങ്കറിന്റെ കരങ്ങളാണെന്നു ചീഫ് സെക്രട്ടറി തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തിൽ സ്വപ്നയുടെ അറസ്റ്റും രേഖപ്പെടുത്തി. എൻഐഎ കസ്റ്റഡിയിലായതിനാൽ സംസ്ഥാന പൊലീസിനു തുടർനടപടികൾ സാധ്യമായിട്ടില്ല.

ഇപ്പോൾ ഇഡി റിപ്പോർട്ടോടെ ശിവശങ്കറിന്റെ പങ്ക് കൂടുതൽ തെളിയുന്നു. അതു സർക്കാരിന് അപ്രതീക്ഷിതമല്ലെങ്കിലും മുഖ്യമന്ത്രിയെയും കേന്ദ്ര ഏജൻസി ഉന്നമിടുന്നു എന്നതു വഴിത്തിരിവാണ്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയെ പലതവണ സ്വപ്ന സന്ദർശിച്ചിരുന്നു എന്ന ഇഡിയുടെ നിഗമനം നിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP