Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാൻ വേണുഗോപാൽ ആവശ്യപ്പെടുന്നു; ശിവശങ്കർ 'ഒകെ'യെന്നു പ്രതികരിച്ചത് എന്തിനെന്നത് നിർണ്ണായകം; ഇനി കൃത്യമായ മൊഴി കൊടുത്തില്ലെങ്കിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യും; എല്ലാം മുഖ്യമന്ത്രി അറിഞ്ഞെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തൽ വെട്ടിലാക്കുന്നത് പിണറായിയെ; ഇതുവരെ മുഖ്യമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമോ? ഇഡി കുറ്റപത്രം ചർച്ചയാക്കുന്നത് ചാറ്റിലെ ദുരൂഹതകൾ

സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാൻ വേണുഗോപാൽ ആവശ്യപ്പെടുന്നു; ശിവശങ്കർ 'ഒകെ'യെന്നു പ്രതികരിച്ചത് എന്തിനെന്നത് നിർണ്ണായകം; ഇനി കൃത്യമായ മൊഴി കൊടുത്തില്ലെങ്കിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യും; എല്ലാം മുഖ്യമന്ത്രി അറിഞ്ഞെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തൽ വെട്ടിലാക്കുന്നത് പിണറായിയെ; ഇതുവരെ മുഖ്യമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമോ? ഇഡി കുറ്റപത്രം ചർച്ചയാക്കുന്നത് ചാറ്റിലെ ദുരൂഹതകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഐടി വകുപ്പിന്റെ സ്‌പേസ് പാർക്ക് പദ്ധതിയിൽ തനിക്കു ജോലി ലഭിച്ചതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകുക ലൈഫ് മിഷൻ കേസിൽ. ലൈഫ് മിഷനിൽ അന്വേഷണം തുടരാൻ സിബിഐ മുഖ്യമന്ത്രിയുടെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് സൂചന.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ നൽകിയ 303 പേജുള്ള കുറ്റപത്രത്തിലാണ് മുഖ്യപ്രതി സ്വപ്ന നൽകിയ മൊഴി ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലും സത്യസന്ധയായതിനാലുമാണു സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചതെന്ന് സ്വപ്ന വിശദീകരിക്കുന്നു. ശിവശങ്കറിനെ ഔദ്യോഗികമായി 8 തവണ കണ്ടിട്ടുണ്ട്. ഇതിൽ 6 തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണു കണ്ടത് എന്നാണ് മൊഴി. സ്വപ്‌നയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഏറെത്തവണ അനൗദ്യോഗികമായി ശിവശങ്കറിനെ സന്ദർശിച്ചു. യുഎഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ മുഖ്യമന്ത്രിക്കു തന്നെ നേരത്തേ അറിയാമായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഇതും മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളുന്നതാണ്. സ്‌പെയ്‌സ് പാർക്കിൽ എങ്ങനെ ജോലി കിട്ടിയെന്നതും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. സ്‌പേസ് പാർക്ക് ജോലിക്കായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ) മാനേജിങ് ഡയറക്ടർ ഡോ. ജയശങ്കറിനെയും സ്‌പെഷൽ ഓഫിസർ സന്തോഷിനെയും കാണാൻ പറഞ്ഞതു ശിവശങ്കറാണ്. ജോലിക്കാര്യം മുഖമന്ത്രിയോടു സംസാരിച്ചു വേണ്ടതു ചെയ്യാമെന്നും ശിവശങ്കർ പറഞ്ഞു. തുടർന്ന് സ്‌പേസ് പാർക്ക് സ്‌പെഷൽ ഓഫിസർ സന്തോഷാണു ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചതെന്നും സ്വപ്ന മൊഴി നൽകി.

വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്നയ്ക്ക് 2019 നവംബറിലാണു സ്‌പേസ് പാർക്കിൽ ഒരു ലക്ഷത്തിലേറെ ശമ്പളത്തിൽ ജോലി നൽകിയത്. കൺസൽറ്റൻസി തുകയും ജിഎസ്ടിയും ചേരുമ്പോൾ ആകെ ചെലവ് പ്രതിമാസം 3.18 ലക്ഷമായിരുന്നു. 2018 ഓഗസ്റ്റിലെ പ്രളയ സമയത്ത് കോൺസൽ ജനറൽ 20,000 ഡോളർ (14.60 ലക്ഷം രൂപ) സമ്മാനം നൽകിയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തിൽ പ്രതിയല്ലാതിരുന്നിട്ടും ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നയിക്കുന്നത്. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായ ശേഷം അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും.

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികൾ ഉപയോഗപ്പെടുത്തിയോ എന്നു കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നാണ് ഇഡിയുടെ നിലപാട്. സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മിൽ നടത്തിയ ദുരൂഹ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും കുറ്റപത്രത്തിനൊപ്പമുണ്ട്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങളാണു ശിവശങ്കർ നൽകിയത്. സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാൻ വേണുഗോപാൽ ആവശ്യപ്പെടുന്നതും ശിവശങ്കർ 'ഒകെ'യെന്നു പ്രതികരിച്ചതും ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. വാട്‌സാപ് സന്ദേശങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കർ വ്യക്തമായി പ്രതികരിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

എം.ശിവശങ്കറും വേണുഗോപാൽ അയ്യരും തമ്മിൽ പലപ്പോഴായി നടത്തിയ വാട്‌സാപ് ചാറ്റുകൾ കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇവവിശദീകരിക്കാൻ എം.ശിവശങ്കർ തയാറായില്ല. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുക. എറണാകുളത്തെ പ്രത്യേക കോടതിയിലാണ് 303 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.തിരുവനന്തപുരം സ്വർണക്കടത്തിനെത്തുടർന്ന് അന്വേഷണം നടത്തുന്ന കേന്ദ്ര എജൻസികളിൽ ഇ.ഡി.യാണ് ആദ്യമായി കുറ്റപത്രം നൽകുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം രജിസ്റ്റർചെയ്ത കേസിൽ പി.എസ്. സരിത്ത്, സ്വപ്ന പ്രഭ സുരേഷ്, സന്ദീപ് നായർ, ഫൈസൽ ഫരീദ് എന്നിരാണ് പ്രതികൾ. ഫൈസൽ ഒഴികെയുള്ള പ്രതികൾക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതിയല്ലെങ്കിലും ശിവശങ്കറിന്റെ പേര് കുറ്റപത്രത്തിലുടനീളമുണ്ട്. പ്രതികളുമായി അടുത്തബന്ധമുള്ള, സഹായംചെയ്ത ആളെന്ന നിലയിലും സംസ്ഥാന സർക്കാരിലെ മുഖ്യ ഉദ്യോഗസ്ഥനെന്നനിലയിലും ശിവശങ്കറിന്റെ ഇടപെടലുകളിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പറയുന്നു.

യു.എ.ഇ. കോൺസുൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ 2017-ന്റെ തുടക്കത്തിലാണ് സ്വപ്നയും ശിവശങ്കറുമായി പരിചയപ്പെടുന്നത്. കോൺസുലേറ്റിലെ ജോലിക്കിടയ്ക്ക് എട്ടുതവണ ശിവശങ്കറിനെ ഔദ്യോഗികമായി കണ്ടിട്ടുണ്ടെന്നും അനൗദ്യോഗികമായി പലതവണ കണ്ടതായും സ്വപ്നയുടെ മൊഴിയുണ്ട്. കോൺസുലേറ്റിൽനിന്ന് 2019 ഓഗസ്റ്റിൽ രാജിവെച്ചശേഷം സ്‌പേസ് പാർക്കിലെ ജോലിക്ക് ശിവശങ്കർ ആവശ്യപ്പെട്ടതുപ്രകാരം കെ.എസ്‌ഐ.ടി.ഐ.എൽ. എം.ഡി. ഡോ. സി. ജയശങ്കർ പ്രസാദിനെയും സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷിനെയും സ്വപ്ന കണ്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ടത് ചെയ്തോളാം എന്ന് ശിവശങ്കർ സ്വപ്നയ്ക്ക് ഉറപ്പുനൽകി. ഇതിനുശേഷം ജോലി ലഭിച്ച കാര്യംപറഞ്ഞ് സന്തോഷ് വിളിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP