Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസാദി ​ഗാനത്തിന് കോറസ്സ് പാടാൻ നിന്നവൻ പോലും കേരളത്തിൽ ഇന്ന് എംഎൽഎ; കനയ്യ കുമാറിനെ വെറും കറിവേപ്പിലയാക്കുന്നെന്ന് ആരോപണം; നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഇന്ത്യൻ ചെ​ഗുവേര'ക്ക് സീറ്റ് നിഷേധിച്ചതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം; ബീഹാറിൽ സിപിഐ നേരിടുന്ന പ്രതിസന്ധി ഇങ്ങനെ..

ആസാദി ​ഗാനത്തിന് കോറസ്സ് പാടാൻ നിന്നവൻ പോലും കേരളത്തിൽ ഇന്ന് എംഎൽഎ; കനയ്യ കുമാറിനെ വെറും കറിവേപ്പിലയാക്കുന്നെന്ന് ആരോപണം; നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഇന്ത്യൻ ചെ​ഗുവേര'ക്ക് സീറ്റ് നിഷേധിച്ചതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം; ബീഹാറിൽ സിപിഐ നേരിടുന്ന പ്രതിസന്ധി ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: പ്രതിപക്ഷ മഹാസഖ്യത്തിൽ തങ്ങൾക്ക് ലഭിച്ച സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയിൽ ഭിന്നത. പാർട്ടിയുടെ യുവ നേതാവും എഐഎസ്എഫിന്റെ തീപ്പൊരി നേതാവുമായ കനയ്യ കുമാറിനെ സ്ഥാനാർത്ഥിയാക്കാത്തതാണ് ചെറുപ്പക്കാരുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. പാർട്ടി ആറ് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേര് ഞായറാഴ്‌ച്ച തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പട്ടികയിൽ ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ ഇടംപിടിച്ചിരുന്നില്ല.

ബഖ്രി, തെഗ്‌റ, ബച്വാര, ഹർലഖി, ജൻജാർപൂർ, രൂപൗലി സീറ്റുകളിൽ സിപിഐ മത്സരിക്കുമെന്ന് പാർട്ടീസ് സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ വ്യക്തമാക്കിയിരുന്നു. രണ്ടുതവണ എം‌എൽ‌എയായ പാണ്ഡെ വീണ്ടും മധുബാനി ജില്ലയിലെ ഹർലഖി നിയോജകമണ്ഡലത്തിൽ മത്സരിക്കും. ബച്വാര സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ച അവധേഷ് കുമാർ റായ് അതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.
2015 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാം രത്തൻ സിങ്, സൂര്യകാന്ത് പാസ്വാൻ എന്നിവർ യഥാക്രമം തെ​ഗ്ര, ബഖ്രി സീറ്റുകളിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

രൂപാലി സീറ്റിലേക്ക് പൂർണിയ ജില്ലാ സെക്രട്ടറി വികാസ് ചന്ദ്ര മണ്ഡലിനെയും ജൻജർപൂരിൽ രാം നാരായണ യാദവിനെയും സിപിഐ മത്സരിപ്പിക്കും. സിപിഐക്ക് നൽകുന്ന സീറ്റുകളുടെ എണ്ണം അതിന്റെ ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെങ്കിലും മതേതര, ജനാധിപത്യ, പുരോഗമന ശക്തികളുടെ വോട്ടുകൾ വിഭജിക്കുന്നത് തടയാൻ തന്റെ പാർട്ടി അതിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐക്കുള്ളിൽ കനയ്യ കുമാറിനെ തഴയുന്നു എന്നാരോപിച്ച് എഐഎസ്എഫ് പ്രവർത്തകർ രം​ഗത്തെത്തിയത്.

വരുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പതിനാല് സീറ്റുകളിൽ മത്സരിക്കുമെന്ന് സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ്. ആർജെഡി സഖ്യത്തിന് ഒപ്പം മത്സരിക്കുന്ന സിപിഐയുടെ സംസ്ഥാന നേതൃത്വവുമായി കലഹിച്ചാണ് വിദ്യാർത്ഥി സംഘടന സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കനയ്യ കുമാർ ഉൾപ്പടെയുള്ള യുവനേതാക്കൾക്ക് സീറ്റ് നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് നടപടി.

കനയ്യ കുമാറിനെ സ്ഥാനാർത്ഥിയാക്കാത്തതിലും എഐഎസ്എഫിന് കടുത്ത വിയോജിപ്പുണ്ട്. കനയ്യ കുമാറിന്റെ ജനസ്വാധീനം മുതലെടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും തേജസ്വി യാദവിന്റെ ഭീഷണിക്ക് വഴങ്ങിയാണ് അദ്ദേഹത്തെ മത്സരിപ്പിക്കാത്തത് എന്നും ഇവർ പറയുന്നു. വിദ്യാർത്ഥി സംഘടന പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ അനുനയ നീക്കവുമായി സിപിഐ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ച പാർട്ടി ആർജെഡിയുടെ ആധിപത്യത്തിന് വഴങ്ങിക്കൊടുത്തെന്നും എഐഎസ്എഫ് ആരോപിക്കുന്നു.

നിസമസഭ തെരഞ്ഞൈടുപ്പ് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുന്നേ കനയ്യ പ്രപാരണ പരിപാടികൾ ആരംഭിച്ചിരുന്നു. എന്നാൽ സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ കനയ്യ കുമാർ മത്സരിക്കേണ്ടതില്ലെന്ന് വാദിക്കുകയായിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കനയ്യ, ഇത്തവണ മറ്റുള്ളവർക്ക് വഴിമാറി കൊടുക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ ബിഹാറിലെ ബെഗുസരായിൽ മത്സരിച്ചിരുന്നു എങ്കിലും ബിജെപി നേതാവ് ഗിരിരാജ് സിങിനോട് 4.20 ലക്ഷം വോട്ടുകൾക്ക് പക്ഷേ കനയ്യകുമാർ പരാജയപ്പെട്ടിരുന്നു.

പാർട്ടിക്കുള്ളിൽ വളർന്നു വരുന്ന യുവാക്കളെ മുളയിലെ നുള്ളുന്ന സമീപനമാണ് മുതിർന്ന നേതാക്കൾ സ്വീകരിക്കുന്നതെന്നാണ് ഒരു വിഭാ​ഗം ഉയർത്തുന്ന ആരോപണം. ഇക്കാര്യത്തിൽ പാർട്ടി കേരള ഘടകത്തെ കണ്ട് പഠിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് കേരളത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാറുണ്ട്. ജെഎൻയുവിൽ കനയ്യ കുമാർ സമരം നയിച്ചപ്പോൾ ആസാദി ​ഗാനത്തിന് കോറസ്സ് പാടാൻ നിന്നയാൾ പോലും കേരളത്തിൽ ഇന്ന് എംഎൽഎയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ ശക്തി കേന്ദ്രമായ ബ​ഗുസരായിയിലും സിപിഐക്കുള്ളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. ഇപ്പോൾ വിജയസാധ്യത വളരെയേറെയുള്ള സമയത്ത് കനയ്യ കുമാറിന് സീറ്റ് നൽകണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മഹാസഖ്യത്തിൽ ആർ‌ജെഡി 144 സീറ്റുകളിൽ മത്സരിക്കും, കോൺഗ്രസ് 70 സീറ്റുകളും സിപിഐ (എം‌എൽ) 19, സി‌പി‌ഐ (ആറ്), സി‌പി‌ഐ (എം) നാല് സീറ്റുകളും മത്സരിക്കും.

2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്‌ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി. അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP