Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടക്കം എസ്എഫ്ഐ അനുഭാവിയായി; ഗണിതത്തിൽ ബിരുദം നേടിയ ശേഷം രാമക്ഷേത്ര നിർമ്മാണത്തിനായി നാടുവിട്ടു; ഗോരഖ്‌നാഥ് മഠത്തിൽ സന്യാസ ദീക്ഷ; ഹിന്ദു യുവവാഹിനിയെന്ന തീവ്രഹിന്ദുത്വ സംഘടനയിലൂടെ രാഷ്ട്രീയ പ്രവേശം; 'ഒരു ഹിന്ദു കൊല്ലപ്പെട്ടാൽ നൂറ് മുസ്ലീങ്ങളെ കൊല്ലണം' അടക്കം എത്രയോ വിവാദ പ്രസംഗങ്ങൾ; സന്യാസികൾ തെരഞ്ഞെടുത്ത ലോകത്തിലെ ആദ്യ മുഖ്യമന്ത്രി; ഭാവി പ്രധാനമന്ത്രിയെന്ന് ന്യൂയോർക്ക് ടൈംസ്; സഖാവ് അജയ് യോഗി ആദിത്യനാഥായി മാറിയ കഥ

തുടക്കം എസ്എഫ്ഐ അനുഭാവിയായി; ഗണിതത്തിൽ ബിരുദം നേടിയ ശേഷം രാമക്ഷേത്ര നിർമ്മാണത്തിനായി നാടുവിട്ടു; ഗോരഖ്‌നാഥ് മഠത്തിൽ സന്യാസ ദീക്ഷ; ഹിന്ദു യുവവാഹിനിയെന്ന തീവ്രഹിന്ദുത്വ സംഘടനയിലൂടെ രാഷ്ട്രീയ പ്രവേശം; 'ഒരു ഹിന്ദു കൊല്ലപ്പെട്ടാൽ നൂറ് മുസ്ലീങ്ങളെ കൊല്ലണം' അടക്കം എത്രയോ വിവാദ പ്രസംഗങ്ങൾ; സന്യാസികൾ തെരഞ്ഞെടുത്ത ലോകത്തിലെ ആദ്യ മുഖ്യമന്ത്രി; ഭാവി പ്രധാനമന്ത്രിയെന്ന് ന്യൂയോർക്ക് ടൈംസ്; സഖാവ് അജയ് യോഗി ആദിത്യനാഥായി മാറിയ കഥ

എം മാധവദാസ്

'സന്യാസിക്ക് തെമ്മാടിയാവും പക്ഷേ ഒരു തെമ്മാടിക്ക് സന്യാസിയാവൻ കഴിയില്ല' എന്നത് നാം കണ്ടുമറന്ന സുരേഷ് ഗോപി സിനിമകളിലെ ഡയലോഗ് മാത്രമല്ല, ശേഖർ ഗുപതയെപ്പോലുള്ള മാധ്യമ പ്രവർത്തകരും, അരുദ്ധതി റോയിയെപ്പോലുള്ള എഴുത്തുകാരും ട്വീറ്റ് ചെയ്യുന്ന വാചകമാണിപ്പോൾ. ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി ബലാൽസംഗത്തിനിരയായി കൊല്ലപ്പെടുമ്പോൾ, യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് എന്ന 48കാരനായ സന്യാസിയിലേക്ക് തന്നെയാണ് വിമർശനത്തിന്റെ മുൾ മുനകൾ നീളുന്നത്. മോദി സർക്കാറിന് ഇന്ന് ഏറ്റവും വലിയ തലവേദയാവുന്ന യോഗി ഭരിക്കുന്ന ഉത്തർപ്രദേശ് തന്നെയാണ്. ഹത്രാസ് പെൺകുട്ടിയുെട മൃതദേഹം ബന്ധുക്കളെപ്പോലും കാണിക്കാതെ സംസ്‌ക്കരിച്ചതും, തുടർന്നുണ്ടായ പൊലീസ് രാജുമെല്ലാം വലിയ ചീത്തപ്പേരാണ് രാജ്യാന്തര തലത്തിതന്നെ ഇന്ത്യക്ക് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല ചിന്നിച്ചിതറിപ്പോയ പ്രതിപക്ഷം ഈ പ്രക്ഷോഭത്തിലൂടെ സട കുടഞ്ഞ് എഴുനേൽക്കുന്ന കാഴ്ചയാണ് കാണാനായത്. ഇതോടൊപ്പം കാർഷിക ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭം കൂടിയായതൊടെ, അമ്പേ തകർന്നുവെന്ന് കരുതിയിരുന്ന ഇന്ത്യൻ പ്രതിപക്ഷം ഉയർത്തെഴുനേൽക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.

ഇപ്പോൾ, രാഹുൽ ഗാന്ധിമുതൽ സീതാറം യെച്ചൂരിവരെയുള്ള എല്ലാ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ഒരേ ഒരു വ്യക്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതാണ് യോഗി ആദിത്യനാഥ്. മോദിക്കുശേഷം പ്രധാനമന്ത്രിയാവുമെന്ന് ന്യൂയോർക്ക് ടൈംസ് പോലും വിലയിരുത്തിയ സർവസംഗം പരിത്യാഗിയുടെ ഇമേജുമായി തുടങ്ങിയ രാഷ്ട്രീയക്കാരാൻ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പതാകവാഹകൻ എന്ന ഇമേജാണ് സംഘപരിവാർ വൃത്തങ്ങളിൽ യോഗിക്കുള്ളതെങ്കിലും, എതിരാളികൾ അദ്ദേഹത്തെ വെറുപ്പിന്റെ പ്രവാചകനായാണ് വിലയിരുത്തുന്നത്. മുസ്ലിം വിദ്വേഷം, ദലിത് വിരോധവുമൊക്കെയായി വിഷം ചീറ്റുന്ന ആ നാവ് മുഖ്യമന്ത്രിയായിട്ടും അടങ്ങിയിട്ടില്ല.

യോഗിയെ ഭരണം എൽപ്പിക്കവഴി യുപിയിലെ ജനങ്ങളോട് ബിജെപി വലിയ പാതകമാണ് ചെയ്തതെന്ന് ശേഖർ ഗുപ്തയെപ്പോലുള്ള മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും മതപുരോഹിതനെ ഭരണം ഏൽപ്പിക്കുക എന്നത് ഒരു രാജ്യത്തെ ഒരു സംസ്‌കാരത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളിയിടാനുള്ള ഒരേയൊരു കുറുക്കുവഴി ഇതുമാത്രമാണ്. സംശയമുള്ളവർ അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും വെറുതെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും. ഡോക്ടറായും എഞ്ചിനീയർമാരായും പ്രൊഫസർമാരായും നജീബുള്ളയുടെ കമ്മ്യൂണിസ്റ്റ് അഫ്ഗാനിസ്ഥാനിൽ തല ഉയർത്തിപ്പിടിച്ച് നടന്ന സ്ത്രീകളെ മുല്ലാ ഉമർ ഒറ്റ ദിവസംകൊണ്ട് കരിംചാക്ക് പുതപ്പിച്ച് അന്ധകാരയുഗത്തിലേക്ക് വലിച്ചെറിഞ്ഞു.ടെഹ്റാൻ യൂണിവേഴ്സിറ്റിയുടെ ബൗദ്ധികപ്രകാശങ്ങളായിരുന്ന സ്ത്രീരത്നങ്ങളെ ആറാം നൂറ്റാണ്ടിലെ ഇരുണ്ട ഗുഹകളിൽ അയത്തുള്ള ഖൊമൈനി തടവിലാക്കി ചങ്ങലക്കിട്ടു.

ബിജെപിയിൽ നല്ല നേതാക്കൾ ഇല്ലാഞ്ഞിട്ടല്ല. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫ്ടനാവിന്റെ ബിജെപി സർക്കാറാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ പോലും നടപ്പാക്കാത്ത അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കിയത്. മനോഹർ പരീക്കൾ എന്ന എഎഎം ടെക്ക്നോക്രാറ്റ് ബിജെപിയുടെ ഗോവൻ മുഖ്യമന്ത്രിയായതോടെ ആ സംസ്ഥാനം വികസനത്തിൽ കുതിക്കയാണ് ചെയ്തത്. പക്ഷേ പക്ഷെ ഈ ട്രാക്ക് റെക്കോർഡ് എല്ലാം തകർക്കുന്ന ഒരു സമീപനമാണ് യുപിയിൽ ബിജെപി സ്വീകരിച്ചത്.ഫ്യൂഡൽ കയത്തിൽ മുങ്ങിത്താഴുന്ന ഉത്തരപ്രദേശിനെ രക്ഷിക്കാൻ ദേവേന്ദ്ര ഫട്നാവിസിനെ പോലുള്ള ആധുനിക രൂപവും ഭാവവുള്ള ഒരു മുഖ്യമന്ത്രിയായിരുന്നു വേണ്ടിയിരുന്നത്. പശു, ചാണകം, രാമൻ, അയോധ്യ തുടങ്ങിയ വിശ്വാസചൂഷക ബിംബങ്ങളിൽ അഭിരമിക്കുന്ന യോഗിയുടെ യുപിയിൽ കാലം ത്രേതായുഗത്തിൽ കുറ്റിയടിച്ച് നില്ക്കുന്നു. പക്ഷേ ഫ്ടനാവീസിന്റെ നേതൃത്വത്തിൽ ബിജെപി തോൽക്കയും യോഗിയുടെ നേതൃത്വത്തിൽ ജയിക്കുകയും ചെയ്യുന്നു. അതാണ് മതരാഷ്ട്രീയം.

തീർത്തും അപ്രതീക്ഷിതം ആയിരുന്നു യോഗിയുടെ രാഷ്ട്രീയ പ്രവേശനം. കോളജ് കാലത്ത് എസ്എഫ്ഐ അനുഭാവിയും പിന്നീട് എബിവിപിയിലേക്ക് മാറിയ യോഗി, രാമക്ഷേത്രത്തിന് വേണ്ടി നാടുവിട്ടറിങ്ങിയ വ്യക്തിയാണ്. പിന്നീട് സന്യാസവും അധികാരവുമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. ബോളിവുഡ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകൾ അടങ്ങിയതാണ് യോഗിയുടെ ജീവിതം.

ചുവപ്പിൽനിന്ന് കാവിയിലേക്ക്

1972 ജൂൺ 5 ന് ഉത്തർപ്രദേശിലെ പൗരി ഗർവാളിലെ (ഇപ്പോൾ ഉത്തരാഖണ്ഡിൽ) പഞ്ചൂർ ഗ്രാമത്തിലാണ് യോഗി ആദിത്യനാഥ് ജനിച്ചത്. അജയ് മോഹൻ ബിഷ്ത് എന്നായിരുന്നു പേരി. യോഗി ആദിത്യനാഥ് എന്ന പേര് സന്യാസത്തിനുശേഷം അദ്ദേഹം സ്വീകരിച്ചതാണ്. പിതാവ് ആനന്ദ് സിങ് ബിഷ്ത് ഒരു ഫോറസ്റ്റ് റേഞ്ചറായിരുന്നു. നാല് സഹോദരന്മാർക്കും മൂന്ന് സഹോദരിമാർക്കും ഇടയിൽ കുടുംബത്തിൽ രണ്ടാമനായി ജനിച്ചു. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദൻ ബാഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തന്റെ പൂർവാശ്രമ കഥകൾ പറയുന്നത് യോഗിക്കും അധികം ഇഷ്ടമല്ല. 'ദ മൊങ്ക് ഹൂ ബികെയിം ചീഫ് മിനിസ്റ്റർ' എന്ന പുസ്തകത്തിൽ മാത്രമാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയുന്നത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയിലെ തീവ്രഹിന്ദുത്വ മുഖവുമായ യോഗി ആദിത്യനാഥിനെ സഖാവെന്നു വിളിക്കുന്നത് ആലോചിക്കാൻ പോലുമാകില്ല. എന്നാൽ ആദിത്യനാഥ് എസ്എഫ്ഐക്കാരനാകേണ്ടതായിരുന്നുവെന്നാണ് ശന്തനു ഗുപ്ത എഴുതിയ 'ദ മൊങ്ക് ഹൂ ബികെയിം ചീഫ് മിനിസ്റ്റർ' ജീവിത പുസ്തകം പറയുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചിരുന്ന അജയ് എസ്.എഫ്.െഎയിൽ ആകൃഷ്ടനാവുകയായിരുന്നു. അടുത്ത ബന്ധുവും കേളേജിൽ സീനിയറുമായിരുന്ന ജയ് പ്രകാശ് എസ്എഫ്ഐ നേതാവായിരുന്നുവെന്നതും ആ ഇഷ്ടത്തിന് ഒരു കാരണമായി.എന്നാൽ അജയ് ബിഷ്ടിനെ ഒരു നേതാവായി വാർത്തെടുക്കാൻ കഴിയുമെന്ന് മനസിലാക്കി പ്രമോദ് തിവാരിയെന്ന എബിവിപി പ്രവർത്തകൻ നടത്തിയ ഇടപെടലുകൾ കമ്മ്യൂണിസത്തിൽ നിന്ന് കാവിയിലേക്കുള്ള മാറ്റത്തിന് കാരണമായെന്ന് പുസ്തകം പറയുന്നു. കോളേജ് ലൈബ്രറിയിൽ വെച്ച് പ്രമോദ് തിവാരി നടത്തിയ ദീർഘസംഭാഷണങ്ങൾ ബിഷ്ടിന്റെ മനം മാറ്റി. എബിവിപിക്കാരനാക്കി. അതേസമയം, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി നേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച് തോറ്റ ചരിത്രവും ആദിത്യനാഥിനുണ്ട്. അന്നേ നന്നായി സംസാരിക്കാനും എന്തും ചെയ്യാനുള്ള ദൃഢ നിശ്ചവും ഉള്ള ചെറുപ്പക്കാരൻ ആയിട്ടാണ് സഹപാഠികൾ അജയ് ബിഷ്ടിനെ വിലയിരുത്തുന്നത്.

പക്ഷേ എബിവിപിയുടെ വിദ്യാർത്ഥി രാഷ്ട്രീയമായിരുന്നില്ല രാമക്ഷേത്രവും അയോധ്യമുമായിരുന്നു യോഗിയുടെ മനസ്സിൽ എന്നാണ് അത്മകഥ പറയുന്നത്. തീവ്ര ഹിന്ദുത്വം അപ്പോഴേക്കും അജയ് ബിഷ്ടിന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. 1993 ൽ 21ാം വയസ്സിൽ ആദിത്യനാഥ് തന്റെ കുടുംബത്തെ ത്യജിച്ചു. അയോധരാമക്ഷേത്ര പ്രസ്ഥാനത്തിൽ ചേരാൻ അദ്ദേഹം വീട് വിട്ടു. കുറച്ചകാലം കറങ്ങിത്തിരിഞ്ഞാണ് പിൽക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതം തിരുത്തിക്കുറിച്ച ഗോരഖ്‌നാഥ് മഠത്തിലെത്തിയത്. തുടർന്ന് അദ്ദേഹം അന്ന് മഠത്തിന്റെ തലവനായ മഹാന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. നാഥ് പാരമ്പര്യത്തിന്റെ സന്യാസിയായി ദീക്ഷയെ സ്വീകരിച്ചശേഷം അദ്ദേഹത്തിന് 'യോഗി ആദിത്യനാഥ്' എന്ന പേര് നൽകുകയും മഹാന്ത് അവൈദ്യനാഥിന്റെ പിൻഗാമിയായി നിയമിക്കുകയും ചെയ്തു. ഹിന്ദു ഗ്രന്ഥങ്ങൾ പഠിക്കുകയും ഗോ സംരക്ഷണ പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. അധികം വൈകാതെ ആദിത്യനാഥ് ഗുരുവിന്റെ ഇഷ്ട ശിഷ്യനായി മാറി. മഹാന്ത് അവൈദ്യനാഥിന്റെ മരണശേഷം 2014 സെപ്റ്റംബർ 12 ന് മഹാന്ത് അല്ലെങ്കിൽ ഗോരഖ്‌നാഥ് മഠത്തിലെ മഹാപുരോഹിതനായി. മുഖ്യമന്ത്രിയായിട്ടും അദ്ദേഹം ആ പദവി ഒഴിഞ്ഞിട്ടില്ല. അല്ലെങ്കിൽ അതുതന്നെയാണ് അദ്ദേഹത്തിന്റെ ശക്തിയും.

ഹിന്ദു യുവവാഹിനിയിലൂടെ വളർന്നു

ഗോരാഖ് ക്ഷേത്ര മേധാവികൂടിയായ മഹന്ത് ആണ് കാലങ്ങളായി ഗോരാഖ്പുരിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ബിജെപിക്ക് ഉത്തർ പ്രദേശിൽ വേരോട്ടം നൽകിയ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഉയിർപ്പുണ്ടായതും ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്നുമാണ്. 1991, 1996 വർഷങ്ങളിൽ ബിജെപി എം പി ആയിരുന്ന അവൈദ്യനാഥ് അതിനു മുൻപ് ഹിന്ദു മഹാ സഭയുടെ പ്രതിനിധി ആയിരുന്നു. യുപിയിലെ സവർണ്ണ ഹിന്ദുക്കൾക്കിടയിൽ വലിയ സ്വാധീനമാണ് മഹന്ത് അവൈദ്യനാഥിന് ഉണ്ടായിരുന്നത്. അതാണ് യോഗിയെയും രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നത്. 1996ൽ മഹന്ത് അവൈദ്യനാഥിന് വേണ്ടി തിരഞ്ഞെടുപ്പ് യോഗി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1998ൽ അവൈദ്യനാഥ് രാഷ്ട്രീയം വിട്ടപ്പോൾ ആദിത്യനാഥിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നൽകിയത്. ഗോരഖ്്പൂരിൽ നിന്നു പാർലമെന്റിലേക്ക് മൽസരിച്ച് വിജയിച്ചപ്പോൾ വയസ് 26. പിന്നീട് തുടർച്ചയായി അഞ്ച് തവണ വിജയിച്ചു.

ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, ആദിത്യനാഥ് സ്വന്തം യുവജന വിഭാഗമായ ഹിന്ദു യുവ വാഹിനി ആരംഭിച്ചു. ഇത് കിഴക്കൻ ഉത്തർപ്രദേശിൽ ആദിത്യനാഥിന്റെ വളർച്ചക്ക് സഹായകമായി. തീവ്ര ഹിന്ദുത്വത്തിൽ മുസ്ലിം-പാക്കിസ്ഥാൻ വിരോധം ചേർന്ന പ്രസംഗമായിരുന്നു എവിടെയും അദ്ദേഹം അഴിച്ചുവിട്ടത്. 2007 ജനുവരിയിൽ ഗോരാഖ് പൂരിൽ മുഖറം ആഘോഷത്തിനിടയിൽ ആദിത്യനാഥിന്റെ ഹിന്ദു ഗ്രൂപ്പും മുസ്ലീങ്ങളും തമ്മിൽ സംഘർഷമുണ്ടായി. വിലക്ക് ലംഘിച്ചു അനുയായികൾക്കൊപ്പം സ്ഥലത്തെത്തിയ ആദിത്യനാഥ് ധർണ്ണ തുടങ്ങി.വിദ്വെഷ പ്രസംഗങ്ങൾ നടത്തി. അനുയായികൾ ഒരു മുസ്ലിം സ്മാരകത്തിന് തീയിട്ടു. നിരോധനാജ്ഞ ലംഘിച്ച ആദിത്യനാഥ് അറസ്റ്റിലായി. അദ്ദേഹത്തിന്റെ സംഘടനയായ ഹിന്ദു യുവാവാഹിനിയുടെ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. മുംബൈ ഗോരാഖ്പൂർ ഗോദാൻ എക്സ്പ്രസ്സിന്റെ നിരവധി ബോഗികൾ അവർ തീയിട്ടു.അന്നവിടെ മുലായം സിംഗിന്റെ ഭരണമായിരുന്നിട്ടുകൂടി ആദിത്യനാഥിനെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസറെയും ജില്ലാ മജിസ്‌ട്രേറ്റിനെയും സ്ഥലം മാറ്റി.അത് ആദിത്യനാഥിന്റെ സ്വാധീനമായി ചിത്രീകരിക്കപ്പെട്ടു.കലാപം വീണ്ടും രൂക്ഷമായി ഗൊരഖ്പൂരിൽ നിരവധി പള്ളികളും വീടുകളും വാഹനങ്ങളും കത്തിച്ചു. ഈ സംഭവത്തോടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്.

ഹിന്ദു യുവവാഹിനി രൂപീകരിച്ച അദ്ദേഹം ഒരിക്കലും തന്റെ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർത്തില്ല. മറ്റുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലും യോഗി ക്ഷണിക്കപ്പെടുന്നുണ്ടങ്കിൽ ഹിന്ദു നേതാവ് എന്ന ജനകീയ ഇമേജ് തന്നെയായിരുന്നു കാരണം. അതുകൊണ്ടാണ് അദ്ദേഹം യുവ ഹിന്ദു ഹൃദയ സമ്രാട്ട് എന്ന അറിയപ്പെടുന്നത്. അദ്വാനിയും മുരളീമനോഹർ ജോഷിയും കല്യാൺ സിങ്ങും പോലെയുള്ള പഴയ പടക്കുതിരകൾക്ക് അതോടെ വിശ്രമകാലവുമായി. കാരണം അവർ പറയുന്നതിന്റെ പത്തിരട്ടി തീഷ്ണതയിൽ ഹിന്ദുത്വം പറയാൻ ഇപ്പോൾ യോഗിയുണ്ട്.

ബിജെപി തീവ്ര ഹിന്ദുത്വത്തിൽ വെള്ളം ചേർക്കന്നുവെന്നായിരുന്നു പലപ്പോഴും യോഗിയുടെ ആരോപണം. ഹിന്ദു യുവ വാഹിനിയുടെയും ഗോരഖ്‌നാഥ് മഠത്തിന്റെയും പിന്തുണയോടെ കിഴക്കൻ ഉത്തർപ്രദേശിൽ സ്വന്തമായി ഒരു സ്വതന്ത്ര ശക്തി കേന്ദ്രമായി. പലപ്പോഴും അദ്ദേഹം ബിജെപിയുമായും ഉടക്കിയിട്ടുണ്ട്. 2010 മാർച്ചിൽ പാർലമെന്റിൽ വനിതാ സംവരണ ബില്ലിനെതിരായ പാർട്ടി വിപ്പ് ലംഘിച്ച നിരവധി ബിജെപി എംപിമാരിൽ ഒരാളാണ് ആദിത്യനാഥ്.

സന്യാസികൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി

എന്താണ് യോഗി ആദിത്യനാഥിന്റെ ശക്തിയെന്ന് ചോദിച്ചാൽ രാംപുരിയാനിയെപ്പോലുള്ള ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുക പച്ചയായുള്ള മതരാഷ്ട്രീയം എന്നാണ്. കാരണം കാവിയുടത്ത് ക്ഷേത്രത്തിൽ ആരതി ഉഴിയുന്ന ഒരു മുഖ്യമന്ത്രി എന്നത് കൃത്യമായ ഒരു രാഷ്ട്രീയ ബിംബമാണ്. കല്യാൺ സിങ്ങിനെ അത്ര പരിചയമില്ലാത്ത ഹിന്ദു പുതുതലമുറ തങ്ങളുടെ പ്രതിനിധിയായി കാണുന്നത് യോഗിയെ ആണ്. കാവി വസ്ത്രങ്ങൾ ധരിച്ച് ആരതി ഉഴിയുന്ന യോഗി തന്റെ സമകാലികരെ പിന്തള്ളിക്കഴിഞ്ഞു. കല്യാണിനെ പോലെ ചഞ്ചല മനസ്സുള്ള രാഷ്ട്രീയ നേതാവല്ല യോഗി. പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും ബിജെപിയോട് അഗാധമായ കൂറ് പുലർത്തുകയും ചെയ്യുന്ന നേതാവാണ്. കല്യാൺ സിങ്ങാകട്ടെ ഇടക്കാലത്ത് ബിജെപയോട് പകവീട്ടാൻ മുലായത്തിന്റെ കൂടെ കൂട്ട് കൂടുകയും പാർട്ടിയെ വെല്ലുവിളിക്കുകയും ചെയ്ത നേതാവാണ്.ഒരിക്കൽ പാർട്ടിയിലെ അതികായനായിരുന്ന വാജ്‌പേയിയെ പോലും കല്യാൺ സിങ് അധിക്ഷേപിക്കുകയുണ്ടായി. പിന്നീട് മാപ്പ് പറയുകയും ബിജെപിയിലേക്ക് മടങ്ങുകയും ചെയ്‌തെങ്കിലും പഴയകാല പ്രതാപവും വിശ്വാസ്യതയും തിരിച്ചുപിടിക്കാൻ ആയില്ല

. യോഗിയാകട്ടെ തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയ നാൾ തൊട്ട് ഹിന്ദുത്വ ആശയത്തിന്റെ അചഞ്ചല ആരാധകനാണ്.ലോക ചരിത്രത്തിൽ ആദ്യമായി തന്നെ സന്യാസിമാരുടെ നിർദ്ദേശം ഒരു പാർട്ടി കേൾക്കുന്നതും അതുവഴി ഒരു മുഖ്യമന്ത്രിയുണ്ടാവുന്നതും. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വന്നത് മാധ്യമ പ്രവർത്തകരെ അത്ഭുതപ്പെടുത്തിയിരുന്നു. 2016ൽ യു.പിയിലെ സന്യാസി വിഭാഗങ്ങളുടെവലിയൊരു യോഗം ഗോരഖ്പൂരിൽ നടന്നിരുന്നു. ഈ മീറ്റിങ്ങിൽ ഒരു പ്രമേയം പാസാക്കി. യോഗി ആദിത്യനാഥിനെ മത്സരിപ്പിക്കുകയും മുഖ്യമന്ത്രിയാക്കുകയും ചെയ്യണമെന്നായിരുന്നു ആ പ്രമേയം.

യോഗിയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള കൃത്യമായ അജണ്ട പ്ലാൻ ചെയ്യണമെന്നുള്ളത് അവിടുത്തെ സന്യാസിവിഭാഗങ്ങളുടെ വലിയ ആഗ്രമായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു സന്യാസി പറയുന്നുണ്ട്, യോഗി മുഖ്യമന്ത്രിയായി വരണം, ഒന്ന് യോഗി ചെറുപ്പക്കാരനാണ്. രണ്ടാമത് രാമജന്മഭൂമി പ്രശ്‌നം അവതരിപ്പിക്കാനും ക്ഷേത്രം പണിയാനും യോഗി വന്നാൽ മാത്രമേ നടക്കൂ. അതുകൊണ്ട് ഞങ്ങൾ സന്യാസി വിഭാഗങ്ങൾ ഏകകണ്ഠമായിട്ട് പ്രമേയം പാസാക്കുകയാണ് എന്ന്. ആ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഒരുതരത്തിലുള്ള മാറ്റവും പിന്നീട് ഉണ്ടായിട്ടില്ല എന്നുള്ളതാണ് 2017ലെ യു.പി തെരഞ്ഞെടുപ്പു ഫലത്തിൽ നിന്ന് മനസിലാക്കാം. 312 എംഎൽഎമാർ തിരഞ്ഞെടുപ്പിന് ശേഷം സഭയിൽ എത്തിയിട്ടും ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് പാർലമെന്റംഗമായ ആദിത്യനാഥിനെയാണ്. ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മറ്റുള്ളവരും എംഎൽഎമാരല്ല. പക്ഷേ പാർട്ടിയുടെ തീരുമാനം എല്ലാ നിയസഭാംഗങ്ങളും അംഗീകരിക്കുകയായിരുന്നു.

'ദലിതരെ പച്ചക്ക് കത്തിക്കണം'

എന്നും വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗങ്ങളാണ് യോഗി ആദിത്യനാഥിനെ ന്യുനപക്ഷങ്ങൾ ഭയക്കുന്ന നേതാവാക്കി മാറ്റിയത്. എന്നും വിവാദങ്ങൾക്ക് ഒപ്പമായിരുന്നു യോഗിയുടെ യാത്ര. 2005 ൽ ജാതി ശുദ്ധീകരണ യജ്ഞം എന്നപേരിൽ യു പി യിലെ ഇറ്റാ പട്ടണത്തിൽ നടത്തിയ ദൗത്യത്തിൽ 1800 ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് മാറ്റാൻ യോഗിക്ക് കഴിഞ്ഞു. 2007 ലെ ഗോരഖ്പൂർ സാമുദായിക കലാപക്കേസിൽ പ്രതിയാണ്. ഇദ്ദേഹത്തിന്റെ ഹിന്ദുവാഹിനി എന്ന സംഘടന നിരവധി കലാപങ്ങളുടെ പ്രതി പട്ടികയിൽ ഉണ്ട്. ആദിത്യനാഥ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന് സമ്മാനിച്ച തലവേദനകളും ഏറെയാണ്. അസഹിഷ്ണുതാ വിവാദം കത്തിനിന്നപ്പോൾ ഷാരൂഖ് ഖാനെ പാക് ഭീകരൻ ഹഫീസ് സയിദിനോട് ഉപമിച്ചതും ദളിതരെ പച്ചയ്ക്കു കത്തിക്കണമെന്ന പ്രഖ്യാപനവും പാർട്ടിയെ പ്രതിരോധത്തിലാക്കി.ഒടുവിൽ അമിത്ഷാ വിളിച്ചുവരുത്തി ശാസിച്ചു.

ഏറെ വിവാദമായി തീർന്ന ദളിതരെ പച്ചയ്ക്കു കത്തിക്കണമെന്ന പ്രസ്താവന കേന്ദ്ര മന്ത്രി സഭയെയും ബിജെപിയെയും പ്രതിരോധത്തിലാക്കി.'ഒരു ഹിന്ദു പെൺകുട്ടി മതം മാറ്റപ്പെട്ടാൽ ഞാൻ 100 മുസ്ലിം പെൺകുട്ടികളെ മതം മാറ്റും, ഒരു ഹിന്ദു കൊല്ലപ്പെട്ടാൽ നമ്മൾ 100 മുസ്ലീങ്ങളെ കൊല്ലും' എന്ന അദ്ദേഹത്തിന്റെ മുൻ പ്രസംഗവും വൻ വിവാദമായി. എന്നാൽ ഇതെല്ലാം സന്ദർഭത്തിൽനിന്ന് അടർത്തി എടുത്തതാണ് എന്നായിരുന്നു യോഗിയുടെ വാദം. കലാപം, കൊലപാതകശ്രമം, ആയുധം കൈവശം വക്കൽ, നിയമവിരുദ്ധമായി കൂട്ടം ചേരൽ, ഭീഷണിപ്പെടുത്തൽ, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുക തുടങ്ങിയ കേസുകളിൽ അദ്ദേഹം പലതവണ പ്രതിചേർക്കപ്പെട്ടു.

ഇന്ത്യൻ പട്ടാളത്തെ 'മോദിയുടെ സൈന്യം' എന്നു വിശേഷിപ്പിച്ചതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ 72 മണിക്കൂർ പ്രചാരണവിലക്ക് നേരിട്ടിരുന്നു യോഗി. യുപിയിലെ സംബാലിൽ യോഗി ആദിത്യനാഥ് സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി ഷഫീഖുർ റഹ്മാനെ 'ബാബർ കി ഔലാദ്' (ബാബറിന്റെ പുത്രൻ) എന്നു വിശേഷിപ്പിച്ചതിനാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വീണ്ടും യോഗിക്ക് നോട്ടിസ് അയച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നതു 'റൗൾ വിൻസി' എന്ന പേരിലാണെന്ന് ആദിത്യനാഥ് പറയുക. അമേഠി മണ്ഡലത്തിൽ രാഹുലിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു സ്വതന്ത്ര സ്ഥാനാർത്ഥി ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ചാണു യോഗിയുടെ പ്രസ്താവന. രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ബ്രിട്ടനിലും ഇറ്റലിയിലും റൗൾ വിൻസിയും ഇന്ത്യയിലെത്തുമ്പോൾ രാഹുൽ ഗാന്ധി എന്ന വ്യാജ പേരുമാണ് - യോഗി ആദിത്യനാഥ് ആരോപിക്കുന്നു.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെന്ന് ന്യൂയോർക്ക് ടൈംസ്

മുഖ്യമന്ത്രി ആയശേഷവും അടിമുടി ഹിന്ദുത്വ ആശയങ്ങൾ തന്നെയാണ് അദ്ദേഹം നടപ്പാക്കിയത്. ഉത്തർപ്രദേശിലെ അനധികൃത അറവുശാലകൾ അടച്ചുപൂട്ടകയായിരുന്നു ആദ്യ നടപടി. പൂവാലന്മാരെ കണ്ടെത്താൻ ആന്റി റോമിയോ സ്‌ക്വാഡുകൾ രൂപീകരിക്കാൻ യോഗി ഉത്തരവിട്ടു. അതോടൊപ്പം പൊലീസിന് അമിത അധികാരം നൽകുന്ന എൻകൗണ്ടറുകളുടെ പേരിലും യോഗി സർക്കാർ മനുഷ്യവകാശ സംഘടനകളിൽനിന്ന് വ്യാപക വിമർശനം ഏറ്റുവാങ്ങി. കാണുന്നിടത്തുവെച്ച് വെടിവെച്ച് തീർക്കായായിരുന്നു ഇന്ന് പൊലീസിന്റെ രീതി. ഗൊരഖ്പൂർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചതിന്റെ പേരിൽ ഡോ കഫീൽഖാനെ വേട്ടയാടിയത് അടക്കമുള്ള എത്രയെത്ര മനുഷ്യാവകാശ ലംഘനങ്ങൾ. ഇപ്പോഴിതാ സവർണ്ണരുടെ പീഡനത്തിനും മുഖ്യമന്ത്രി പരോക്ഷമായി കൂട്ടുനിൽക്കുന്നുവെന്ന് പരാതി ഉയരുന്നു. അതായത് യുപി എന്നത് ഇന്ന് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണെന്ന് ചുരുക്കം.

ഇങ്ങനൊക്കെയാണെങ്കിലും യോഗിയുടെ ജനപ്രീതി സ്വന്തം പാർട്ടിയിലോ ഹൈന്ദവ സമൂഹത്തിലോ കുറയുന്നില്ല. അതാണ് മതം കൊണ്ടുള്ള കളി. ഒരു കാര്യത്തിൽ യോഗിയെ സമ്മതിക്കണം. അദ്ദേഹം എവിടെയും മതം ഒളിച്ചുകടത്താറില്ല. താൻ ഒരു ഹിന്ദുത്വവാദിയാണെന്ന് പച്ചക്ക് പറയും. അയോധ്യയിൽ സുപ്രീകോടതി അനുവദിച്ച സ്ഥലത്ത് നിർമ്മിക്കുന്ന മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാൽ പോവുമോ എന്നായിരുന്നു ഒരു സ്വകാര്യ ചാനലുകൾ യോഗിയോട് ഈയിടെ ചോദിച്ചത്. പക്ഷേ പോവില്ല എന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്.

' മുഖ്യമന്ത്രിയെന്ന നിലയിൽ ആരെയും മാറ്റി നിർത്തില്ല. എന്നാൽ യോഗി ആദിത്യനാഥിനോടാണ് നിങ്ങളുടെ ചോദ്യമെങ്കിൽ പള്ളിയുടെ ഉദ്ഘാടനത്തിന് ഞാൻ പോകില്ല. കാരണം ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവിന്റെ ആചാരങ്ങളനുസരിച്ച് ജീവിക്കാൻ തനിക്ക് അവകാശമുണ്ട്' - ഇതാണ് യോഗി സ്റ്റെൽ. 'എന്നെ ആരും ക്ഷണിക്കില്ലെന്ന് ഉറപ്പാണ്. അവർ തന്നെ ക്ഷണിക്കുകയാണെങ്കിൽ ഉടനെ മതേതരത്വം അപകടത്തിലാണെന്ന് പറഞ്ഞ് കുറേ പേർ രംഗത്തെത്തും. എനിക്ക് അവരുടെ മതേതരത്വം ആവശ്യമില്ല. നിശ്ബദമായി ജോലി ചെയ്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാറിന്റെ ആനുകൂല്യങ്ങൾ എത്തിക്കുകയാണ് എന്റെ ലക്ഷ്യം'- അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ൽ ആദിത്യനാഥിനെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കണക്കാക്കിയ ന്യൂയോർക്ക് ടൈംസ്, ഒരിക്കൽ എഴുതിയത്.2020 ഓഗസ്റ്റിൽ, ഇന്ത്യ ടുഡേ-കാർവി ഇൻസൈറ്റുകളുടെ 'മൂഡ് ഓഫ് ദി നാഷണൽ' സർവേ യോഗിയെ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി കാണിച്ചു. ഇതെല്ലാം മാനുപുലേഷൻ ആണെന്ന് മതേതര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്ക് വിമർശിക്കാം. പക്ഷേ അതാണ് യാഥാഥ്യമാവുക. മോദിക്ക് ശേഷം യോഗി പ്രധാനമന്ത്രിയാവാനാണ് എല്ലാ സാധ്യതയും. കാരണം അദ്ദേഹം കളിക്കുന്നത് പച്ചയായ മതം കൊണ്ടാണ്. മതരാഷ്ട്രീയത്തെ തടയാൻ ആവാതെ പതുങ്ങിനിൽക്കയാണ് ഇന്ത്യൻ ജനാധിപത്യം ഇപ്പോളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP