Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഏവരും സഹോദരങ്ങൾ' ചാക്രിക ലേഖനം ലോക സമൂഹത്തിന് പുത്തൻ വഴികാട്ടി: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഫ്രാൻസീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങൾ ലോകസമൂഹത്തിനൊന്നാകെ പുത്തൻ വഴികാട്ടിയാണെന്നും പ്രശ്നസങ്കീർണ്ണമായ ആധുനിക കാലഘട്ടത്തിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ലോകത്തുടനീളം പടർന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പരസ്പരം സ്നേഹിച്ചും സഹകരിച്ചും സഹോദരസ്നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവർത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരൽചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.

ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളർച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ ഭരണ അരക്ഷിതാവസ്ഥകളും, മതവിദ്വേഷവും യുദ്ധസാധ്യതകളും, വിഘടനവാദങ്ങളും ഉയർത്തുന്ന വെല്ലുവിളികളിൽപോലും ഏവരെയും സഹോദരങ്ങളായി കാണുവാനുള്ള തുറവിയും വിശാല സ്നേഹമനോഭാവവും സാമൂഹ്യ സാഹോദര്യത്തിന്റെ പാഠവും പ്രഖ്യാപിച്ച് ക്രൈസ്തവ മൂല്യങ്ങളെയും കത്തോലിക്കാസഭയുടെ നിലപാടുകളെയും ഉയർത്തിക്കാട്ടുന്നതാണ് ചാക്രികലേഖനം.

ലോകരാജ്യങ്ങളെയൊന്നാകെ ഒരു കുടുംബമായി കണ്ട് വിശ്വസാഹോദര്യത്തിന്റെ മഹത്വവും നന്മയും ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ വിളിച്ചറിയിക്കുമ്പോൾ ജനഹൃദയങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിൽ കൂടുതൽ ഒരുമയോടും സ്വരുമയോടുംകൂടി പ്രവർത്തനനിരതമാകണമെന്ന ആഹ്വാനവും ചാക്രികലേഖനത്തിലുണ്ട്. വിവിധ ലോകരാജ്യങ്ങളിലെ വ്യക്തികളും ഗ്രൂപ്പുകളും മതവിഭാഗങ്ങളും രാഷ്ട്രീയ സാംസ്‌കാരിക ജീവിത പശ്ചാത്തലങ്ങളും ഉൾക്കൊള്ളിച്ചുള്ള ചിന്തകളും ആശയങ്ങളുമാണ് ഏവരും സഹോദരങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. മതിലുകൾ നിർമ്മിച്ച് മനുഷ്യമനസുകളിൽ അതിർത്തികൾ നിർണ്ണയിക്കുന്ന ജീവിത സംസ്‌കാരത്തെ നിശിതമായി വിമർശിക്കുന്നതിനോടൊപ്പം ലോകം മുഴുവനിലേയ്ക്കും ഹൃദയം തുറക്കണമെന്ന ആഹ്വാനവും മതങ്ങൾ സാഹോദര്യത്തിന്റെ ശുശ്രൂഷയിൽ ശ്രദ്ധചെലുത്തണമെന്ന നിർദ്ദേശവും സമാധാനപൂർണ്ണമായ സഹവർത്തിത്വവും ചാക്രികലേഖനം ഉദ്ഘോഷിക്കുന്നു.

ചാക്രികലേഖനത്തിന്റെ സന്ദേശങ്ങൾ സഭാസമൂഹത്തിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനായി സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ 14 റീജിയനുകളിലും അല്മായ സംഘടനാ നേതാക്കൾക്കായി കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വെബ്സെമിനാറുകൾ വരും ദിവസങ്ങളിൽ നടക്കും. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ 174 രൂപതാ പാസ്റ്ററൽ കൗൺസിലുകളും അല്മായ പ്രസ്ഥാനങ്ങളും ചാക്രികലേഖനം അടിസ്ഥാനപ്പെടുത്തി പഠനശിബിരങ്ങളും എക്യുമെനിക്കൽ മതാന്തര സംവാദങ്ങളും സംഘടിപ്പിക്കണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP