Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോട്ടപ്പണിക്കായി പതിമൂന്നുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു; കൊല്ലുമെന്ന് ഭയന്ന് ദളിത് പെൺകുട്ടി ഇറങ്ങിയോടി ഒളിച്ചത് സ്‌കൂൾ ഗ്രൗണ്ടിൽ; വിവരമറിഞ്ഞ് എത്തിയ രാജാക്കാട് എസ്ഐ പെൺകുട്ടിയെ തോട്ടം ഉടമയ്‌ക്കൊപ്പം അയച്ചത് കേസ് പോലുമെടുക്കാതെ; ക്രൂരമർദനം നടന്നിട്ടും പൊലീസിനെ അറിയിക്കാതെ ഡോക്ടറുടെ ഒത്തുകളിയും; ആരോപണം തള്ളി തോട്ടം ഉടമയും; ഇടുക്കിയിലെ പെൺകുട്ടിയുടെ മർദനത്തിൽ പൊലീസ് അനാസ്ഥ വ്യക്തം

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: മർദിച്ച് അവശനിലയിൽ കണ്ടെത്തിയ 13കാരിയായ ദളിത് യുവതിയെ സംരക്ഷിക്കുന്നതിലെ പൊലീസ് അനാസ്ഥയുടെ കൂടുതൽ തെളിവുകള്ഡ പുറത്ത്. രണ്ടാനച്ഛന്റെ ക്രൂരമർനത്തിന് ഇരയായി സ്‌കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ ആദിവാസി പെൺകുട്ടിയെ പാതിരാത്രിയിൽ തോട്ടം ഉടമയ്‌ക്കൊപ്പം പറഞ്ഞയച്ച പൊലീസ് നടപടി വിവാദമായതിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് തോട്ടം ഉടമ മറുനാടനോട് പ്രതികരിക്കുകയാണ്.

പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതും ചികത്സലഭ്യമാക്കിയതും പൊലീസ് നിർദ്ദേശിച്ചിട്ടാണെന്ന് തോട്ടമുടമ അമ്പാട്ട് വിജയൻ പ്രതികരിക്കുന്നത്. തോട്ടത്തിൽ പണിക്കായിട്ടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ചെന്ന ആരോപണം നിലനിൽക്കുമ്പോൾ ഇൗ വാദം തള്ളിയാണ് തോട്ട ഉടമ പ്രതികരിക്കുന്നത്.

തോട്ടം ഉടമയുടെ വാക്കുകൾ ഇങ്ങനെ:-

'മാമലക്കണ്ടം എളംബ്ലാശേരിക്കുടി, ചീനിക്കുടി അഞ്ചാംമൈൽ ആദിവാസിക്കുടി എന്നിവിടങ്ങളിൽ നിന്നായി 30 -ളം പേർ തോട്ടത്തിൽ പണിയെടുക്കുന്നുണ്ട്.ഇവർക്ക് തോട്ടത്തിൽ താമസ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഇവരിൽ എളംബ്ലാശേരിക്കുടിയിലെ യുവതിയുടെ രണ്ടാം ഭർത്താവാണ് ഇവരുടെ ആദ്യവിവാഹത്തിലെ പെൺകുട്ടിയെ തല്ലിച്ചതച്ചത്.സംഭവദിവസം രാവിലെ 8 മണിയോടെ ഞാൻ വിളിച്ചുവിട്ട ഓട്ടോയിലാണ് ഇയാളും ഭാര്യും രണ്ട് കുട്ടികളും എളംബ്ലാശേരിക്ക് തിരിച്ചത്.വീട് അപേക്ഷകൊടുക്കാനുണ്ടെന്നും ഇതിന് ശേഷം അന്നുതന്നെ തിരിച്ചെത്താമെന്നും അറിയിച്ചതിനാലാണ് ഓട്ടോവിളിച്ച് വിട്ടതെന്ന് അമ്പാട്ട് വിജയൻ പറയുന്നത്.'

'മാമലക്കണ്ടത്തെ വീട്ടിൽ അമ്മുമ്മയ്ക്ക് ഒപ്പമാണ് 13 കാരിയായ മകളും 10 വയസ്സുകാരനായ മകനും താമസിച്ചിരുന്നത്.ഇവിടെ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛൻ 13 കാരിയെ തലങ്ങുവിലങ്ങും തല്ലുകയായിരുന്നു. ഇതിനുശേഷം പിടിച്ചുവലിച്ച് ഓട്ടോറിക്ഷയിൽക്കയറ്റി ബൈസൺവാലിയിലേയ്ക്ക് കൊണ്ടുവന്നു.ഓട്ടോറിക്ഷ യാത്രയ്ക്കിടയിലും ബൈസൺവാലിയിലെ താമസസ്ഥലത്തെത്തിയപ്പോഴും ഇയാൾ പെൺകുട്ടിയെ മർദ്ദിക്കുകയും ഭീഷിണിപ്പടുത്തുകയും മറ്റും ചെയ്തതായി പിന്നീട് പലരും പറഞ്ഞറിഞ്ഞു.'

എന്നെ വിളിച്ചത് പൊലീസ്...

'രാത്രി പെൺകുട്ടിയെ സ്‌കൂൾ ഗ്രൗണ്ടിൽ കണ്ടെത്തിയ വിവരം പൊലീസിൽ നിന്നാണ് അറിഞ്ഞത്.ഇതുപ്രകാരം ഞാൻ വാഹനവുമായി സ്‌കൂൾഗ്രൗണ്ടിലെത്തി.ഈ സമയം പെൺകുട്ടി ഭയപ്പെട്ടാണ് വീട്ടിൽ നിന്നത്. എന്നെ രണ്ടാനച്ഛന്റെ താമസ്ഥലത്തേയ്ക്ക് കൊണ്ടുപോകേണ്ടെന്നും അയാൾ കൊല്ലുമെന്നും  പറഞ്ഞ് പെൺകുട്ടി കരയുന്നുണ്ടായിരുന്നു.പ്രശ്നങ്ങൾ ഉണ്ടാവില്ലന്ന് പൊലീസ് പെൺകുട്ടിക്ക് ഉറപ്പുനൽകി.തുടർന്ന് രണ്ടാനച്ഛനെ താമസസ്ഥലത്തെത്തിക്കണ്ട് വിവരങ്ങൾ തിരക്കുന്നതിനായി പൊലീസ് നീക്കം.

രാത്രി 9 മണിയോടടുത്ത് താമസിച്ചിരുന്ന മുറിയിലെത്തിയപ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു.ചോലീസ് വിവരങ്ങൾ തിരക്കിയപ്പോൾ പെൺകുട്ടിയെ തല്ലിയകാര്യം ഇയാൾ സമ്മതിച്ചു.പിന്നീട് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു.ഡ്രൈവറില്ലാത്തതിനാൽ 68 വയസ്സായ ഞാൻ സ്വയം വാഹനമോടിച്ചാണ് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തച്ചത്.പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട്സ്ത്രീകളും ഇവരിലൊരാളുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.'

ദളിത് പെൺകുട്ടി നേരിട്ടത് രണ്ടാനച്ഛന്റെ ക്രൂരപീഡനം; പരിശോധിച്ച ഡോക്ടറും അനാസ്ഥ കാട്ടി

താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ രണ്ടാനച്ഛൻ തല്ലിതാണെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഡ്യൂട്ടി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്കായി എത്തിച്ചത്. പരിശോധന കഴിഞ്ഞപ്പോൾ എക്സ് റേ സൗകര്യമില്ലന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി എക്സ്
റെ എടുത്തുവരാനും ഡോക്ടർ നിർദ്ദേശിച്ചു.ഒടിവില്ലെന്നും ചതവുമാത്രെ ഉള്ളുവെന്നും ഇതിന് വിട്ടിലിരുന്ന് മരുന്നുകഴിച്ചാൽ മതിയെന്നുമായിരുന്നു പരിശോധിച്ച ശേഷം ഡോക്ടറുടെ നിലപാട്.

ഇതുപ്രാകാരം ഡോക്ടർ കുറിച്ചുതന്ന മരുന്നുകളും വാങ്ങി,തിരിച്ചെത്തി സ്ത്രീകൾമാത്രം താമസിക്കുന്ന ഭാഗത്ത് പെൺകുട്ടിക്ക് താമസിക്കാൻ സൗകര്യവും ഏർപ്പെടുത്തി ഞാൻ തിരിച്ചുപോന്നു.അപ്പോൾ സമയം പുലർച്ചെ 1 മണിയോടടുത്തിരുന്നു.പിറ്റേന്ന് രാവിലെ ഇയാളെക്കണ്ട് മദ്യപാനം നിർത്തിയിട്ട് തൊഴിലെടുത്താൽ മതിയെന്ന് വ്യക്തമാക്കി ,കണക്കുതീർത്ത് കൂലിയിനത്തിൽ നൽകാനുണ്ടായിരുന്ന തുകയും നൽകി.താമസിയാതെ ഇയാൾ ഭാര്യയെും മക്കളെയും കൊണ്ട്് വീട്ടിലേയ്ക്ക് തിരിച്ചു.ഇതാണ് ഈ സംഭവത്തിൽ എനിക്കറിയാവുന്ന വസ്തുതകൾ.വിജയൻ വ്യക്തമാക്കി.തോട്ടത്തിൽ പണിക്കായിട്ടാണ് പെൺകുട്ടിയെ കൊണ്ടുവന്നതെന്നും കേസൊതുക്കാൻ ശ്രമിച്ചു എന്നും മറ്റുമുള്ള ആരോപണങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു.ഇത് എന്തോ രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നാണ് കരുതുന്നതെന്നാണ് വിജയന്റെ പ്രതികപണം.

പട്ടിക ജാതി പട്ടിക വർഗ നിയമപ്രകാരം ദളിത് പെൺകുട്ടി ക്രൂരമായ മർദനത്തിന് ഇരയായിട്ടും താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സംഭവത്തിൽ നിസാരവൽക്കരിച്ചതും വിമർശനത്തിന് വിധേയരാകുന്നത്. പൊലീസിൽ വിവരം അറിയിക്കേണ്ട ഡോക്ടർ വിവരം മറച്ചുവച്ചതും ക്രിമിനൽ കുറ്റമാണ്. മൂന്ന് പൊലീസ് സ്റ്റേഷനുകൾ പരിധിയിൽ ഉണ്ടായിട്ടും പൊലീസ് കേസെടുക്കാനോ തയ്യാറായില്ല. തിങ്കളാഴ്ച രാത്രി 8 മണിയോടടുത്ത് ബൈസൺവാലി സ്‌കൂൾ ഗ്രൗണ്ടിൽ മർദ്ദനമേറ്റ് ശരീരഭാഗങ്ങളിൽ നീരുമെത്തിയ നിലയിലാണ് നാട്ടുകാർ 13-കാരിയെ കണ്ടെത്തുന്നത്.

രാജാക്കാട് സിഐ കാട്ടിയത് നഗ്നമായ കൃത്യവിലോപം

പെൺകുട്ടിയെ ഇവിടുത്തെ ഏലത്തോട്ടമുടമയായ വിജയനും രണ്ട് സ്ത്രീകൾക്കുമൊപ്പം പറഞ്ഞയച്ച വിവരമറിഞ്ഞാണ് മറുനാടൻ ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്്.വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം പെൺകുട്ടിയെ ഏലത്തോട്ടത്തിന്റെ ഉടമയായ വിജയൻ എന്നൊരാൾക്കും രണ്ട് സ്ത്രീകൾക്കുമൊപ്പം വിട്ടയച്ചെന്നും പെൺകുട്ടിയുടെ വീടിരിക്കുന്ന പ്രദേശം കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാതിനാൽ ഇവിടുത്തെ ട്രൈബൽ പ്രമോട്ടറെ വിളിച്ച് പൊലീസ് വിവരം പറഞ്ഞിരുന്നെന്നും കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ അഡ്‌മിറ്റാക്കണമെന്ന് കൊണ്ടുപോയവരോട് നിർദ്ദേശിച്ചിരുന്നെന്നുമായിരുന്നു രാജാക്കാട് സി ഐയുടെ പ്രതികരണം.

ആശുപത്രിയിൽ നിന്ന്ഇന്റിമേഷൻ ചെന്നിട്ടില്ലെന്ന് പൊലീസ്

അടിമാലി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 13 -കാരിയെ അഡ്‌മിറ്റ് ചെയ്തതായി ഇന്റിമേഷൻ ലഭിച്ചോ എന്ന് അടിമാലി സിഐയോട് തിരക്കിയപ്പോൾ ഇല്ലന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഇന്റിമേഷൻ ലഭിച്ചില്ലന്ന് കുട്ടമ്പുഴ പൊലീസും അറിയിച്ചു.സാധാരണ നിലയിൽ സർക്കാർ ആശുപത്രികളിൽ നിന്നും ലോക്കൽ സ്റ്റേഷനുകളിലേയ്ക്കാണ് ഇന്റിമേഷൻ നൽകാറുള്ളത്.ഇതുപ്രകാരമാണ് അടിമാലി പൊലീസിൽ ഇതെക്കുറിച്ചന്വേഷിച്ചത്.അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടമ്പുഴ പൊലീസിലേയ്ക്ക് നേരിട്ട് ഇന്റിമേഷൻ പോയിരിക്കാമെന്ന് രാജക്കാട് സിഐ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടമ്പുഴ പൊലീസിൽ വിളിച്ച് വിവരങ്ങളാരാഞ്ഞത്.

വാഹനങ്ങളുടെ വെളിച്ചം കാണുമ്പോൾ ഗ്രൗണ്ടിലേ ഇരുട്ടിലേയ്ക്ക് ഓടിമറയുകയും പോയിക്കഴിയുമ്പോൾ സമീപത്തെ റോഡിലേയ്ക്ക് ഇറങ്ങുകയും ചെയ്യുന്ന പെൺകുട്ടിയുടെ പ്രകൃതം കണ്ട് സംശയം തോന്നിയതിനാലാണ് നാട്ടുകാരിൽ ചിലർ അടുത്തുവിളിച്ച് പെൺകുട്ടിയോട് വിവരങ്ങളാരാഞ്ഞത്.മാമലക്കണ്ടത്തിനടുത്താണ് വീടെന്നും ജോലിക്കെന്നുപറഞ്ഞാണ് രണ്ടാനച്ഛൻ വീട്ടിൽ നിന്നും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി കൊണ്ടുവന്നതെന്നും എതിർത്തപ്പോൾ വീട്ടിൽ വച്ചും വാഹനത്തിൽ വച്ചും ക്രൂരമായി മർദ്ദിച്ചെന്നും ബൈസൺവാലിയിൽ എത്തിയപ്പോൾ എസ്റ്റേറ്റ് ലയത്തിൽ വച്ചും മർദ്ദിച്ചെന്നും പെൺകുട്ടി പ്രതികരിച്ചത്.കൊാല്ലുമെന്ന് തോന്നിയതിനാലാണ് താമസസ്ഥലത്തുനിന്നും രക്ഷപെട്ടതെന്നുമായിരുന്നു പെൺകുട്ടി നാട്ടുകാരോട് വെളിപ്പെടുത്തിയത്.

സ്ഥലത്തുണ്ടായിരുന്ന ബിജെപി ദേവികുളം നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് എ സി പ്രതാപൻ ഉടൻ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചു.വിവരമറിഞ്ഞപ്പോൾ താൻ രാത്രി തന്നെ രാജക്കാട് സി ഐ യോട് സംഭവത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന് തിരക്കിയെന്നും സംഭവം നടന്നത് രാജക്കാട് സ്റ്റേഷൻ പരിധിയിൽ അല്ലാത്തതിനാൽ കേസെടുത്തിട്ടില്ലന്നായിരുന്നു അദ്ദേഹം പ്രതികരിച്ചെതെന്നും ഇടുക്കി ചൈൽഡ്ലൈന്റെ മുഖ്യചുമലക്കരിൽ ഒരാളായ ജെയ്സ് പോൾ മറുനാടനോട് വ്യക്തമാക്കി.തനിക്ക് മർദ്ദനമേറ്റെന്നും രണ്ടാനച്ഛനാണ് മർദ്ദിച്ചതെന്നും സ്ഥലത്തെത്തിയ പൊലീസിനോട് പെൺകുട്ടി വിശദമാക്കിയെന്നാണ് സ്ഥത്തുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്.

ഇപ്രകാരമാണ് കാര്യങ്ങളുടെ കിടപ്പുവശമെങ്കിൽ പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ സ്റ്റേഷനിൽ ഇക്കാര്യത്തിന് കേസെടുക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായി ഈ കേസ്സ് പെൺകുട്ടിയുടെ താമസസ്ഥലത്തെ സ്റ്റേഷനിലേയ്ക്ക് കൈമാറുകയുമാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ.തോമസ്സ് ആനക്കല്ലുങ്കൽ ചൂണ്ടിക്കാട്ടുന്നത്.

ബെസൺവാലി സ്‌കൂൾഗ്രൗണ്ടിൽ കണ്ടെത്തുമ്പോൾ നാട്ടുകാരിലെ പ്രയംചെന്ന സ്ത്രീയോട് പെൺകുട്ടി രണ്ടാനച്ഛന്റെ കൊടുംക്രൂരതകളെകുറിച്ച് വെളിപ്പെടുത്തിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.പരസ്യമായി പെൺകുട്ടി വെളിപ്പെടുത്തിയത് നരാധമനായ ഇയാളുടെ ചെയ്തികളുടെ ഒരു ഭാഗം മാത്രമാണെന്നും അൽപ്പമെങ്കിലും മനുഷ്യത്വം ഉള്ളവർക്ക് കേട്ടിരിക്കാൻ പോലും കഴിയാത്രത്ര ഉപദ്രവമാണ് ഇയാളിൽ നിന്നും പെൺകുട്ടിക്ക് നേരിടേണ്ടിവന്നതെന്നും ഈ സ്ത്രീ അടുപ്പക്കാരിൽ ചിലരോട് സൂചിപ്പിച്ചതായും അറിയുന്നു.

പെൺകുട്ടിയെ ആക്രമിച്ചതും നിർബന്ധിച്ച് ജോലിക്ക് കൊണ്ടുവന്നതും ജാമ്യമില്ലവകുപ്പുപ്രകാരം കേസെടുക്കേണ്ട കുറ്റമാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.നാട്ടിലാകെ പാട്ടാവുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിട്ടും സംഭവത്തിന്റെ പേരിൽ രാജക്കാട്,അടിമാലി ,കുട്ടമ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടില്ലന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP