Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേംബ്രിഡ്ജിനില്ലാത്ത കൊമ്പ് എങ്ങനെ ഡെറം യൂണിവേഴ്സിറ്റിക്ക് ഉണ്ടായി? ഹിന്ദു വിരുദ്ധ നിലപാടെന്ന് ആരോപണം; ഓൺലൈൻ ലോകത്തു വിഷയം ചൂടുപിടിക്കുന്നു; പ്രതിഷേധം കനക്കുന്നത് അമേരിക്കയിൽ നിന്നും; മറ്റു മതങ്ങൾക്ക് പ്രത്യേക ശ്രദ്ധ കിട്ടുമ്പോൾ ഹിന്ദു വിദ്യാർത്ഥികളെ ഒഴിവാക്കുന്നു എന്ന് ആക്ഷേപം; വിവാദം കൊഴുക്കുന്നു

കേംബ്രിഡ്ജിനില്ലാത്ത കൊമ്പ് എങ്ങനെ ഡെറം യൂണിവേഴ്സിറ്റിക്ക് ഉണ്ടായി? ഹിന്ദു വിരുദ്ധ നിലപാടെന്ന് ആരോപണം; ഓൺലൈൻ ലോകത്തു വിഷയം ചൂടുപിടിക്കുന്നു; പ്രതിഷേധം കനക്കുന്നത് അമേരിക്കയിൽ നിന്നും; മറ്റു മതങ്ങൾക്ക് പ്രത്യേക ശ്രദ്ധ കിട്ടുമ്പോൾ ഹിന്ദു വിദ്യാർത്ഥികളെ ഒഴിവാക്കുന്നു എന്ന് ആക്ഷേപം; വിവാദം കൊഴുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹിന്ദുത്വം കൂടുതൽ ഗൗരവത്തോടെ പഠന വിഷയമാക്കേണ്ടതാണെന്നു കേംബ്രിഡ്ജ് സർവകലാശാലയുടെ തീരുമാനം അടുത്തിടെയാണ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്. ഇതിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയുമാണ്. കൂടുതലായി ഇന്ത്യൻ വിദ്യാർത്ഥികൾ യുകെ സർവകലാശാലകളിൽ എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേംബ്രിഡ്ജിന്റെ തീരുമാനം വലിയ പ്രാധാന്യത്തോടെയാണ് ലോക വിദ്യാഭ്യാസ രംഗം തന്നെ വീക്ഷിക്കുന്നത്.

എന്നാൽ അതേസമയം ബ്രിട്ടനിലെ തന്നെ മറ്റൊരു പ്രധാന സർവകലാശാല ഏകദേശം സമാനമായ കാര്യത്തിൽ പുലിവാൽ പിടിക്കുന്നു. ഇംഗ്ലണ്ടിന്റെ വടക്കേ അറ്റത്തുള്ള പ്രധാന സർവ്വകലാശാലകളിൽ ഒന്നായ ഡെറം യൂണിവേഴ്സിറ്റിയാണ് ഹിന്ദു വിരുദ്ധ നീക്കം എന്ന ആരോപണം നേരിടുന്നത്. ഈ സർവ്വകലാശാലയിൽ മറ്റു മത വിഭാഗങ്ങൾക്ക് ലഭിക്കുന്ന പ്രധാന്യം ഹിന്ദു വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. ഇക്കാര്യം സർവ്വകലാശാലയെ നേരിട്ട് എഴുതി അറിയിച്ചപ്പോൾ നിസഹകരണ മറുപടിയാണ് ലഭിച്ചതെന്നും അമേരിക്കയിൽ നിന്നുള്ള ഹിന്ദു മത പ്രചാരകർ ആരോപിക്കുന്നു.

യുകെയിൽ ഇന്ത്യൻ സമൂഹവും ഹിന്ദുത്വ പ്രചാരണ ഫോറങ്ങളും ഒക്കെ സജീവം ആണെങ്കിലും ഡെറം യൂണിവേഴ്സിറ്റിക്കെതിരെ ഇനിയും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയം. അതേസമയം യുകെയിലെ പല മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട് എന്നതും പ്രധാനമാണ്. എന്നാൽ തങ്ങൾ ബഹുസ്വര സംസ്‌കാരത്തിന്റെ ഭാഗമായി തന്നെ നിലകൊള്ളും എന്നതാണ് ഡെറം സർവകലാശാലയുടെ നിലപാട്. എന്നാൽ സർവ്വകലാശാല പറയുന്നത് ശരിയായ നിലപാടല്ല എന്നും ഇക്കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ ഇടപെടൽ അത്യാവശ്യം ആയിരിക്കുകയാണ് എന്നുമാണ് നെവാദ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിന്ദു ആക്ടിവിസ്റ്റ് രാജൻ സെഡ് പറയുന്നത്.

പ്രതിഷേധക്കാർ ഉന്നയിക്കുന്ന പ്രത്യേക വിഷയങ്ങൾ എടുത്തു പറയാതെ സാധാരണ ഗതിയിൽ ഉള്ള മറുപടിയാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 30നു ഡെറം യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഫോർ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ചുമതലയുള്ള ക്ലെയർ എം വിറ്റിലോ നൽകിയിരിക്കുന്നത്. ''യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ഉൾപ്പെടെ ജീവനക്കാർക്കും അവരുടെ മതപരമായ സ്വാതന്ത്ര്യം സർവകലാശാല അനുവദിക്കുന്നു. ഇക്കാര്യത്തിൽ ഏതു തരം ചർച്ചകൾക്കും തങ്ങൾ തയ്യാറാണ്.'' ഇങ്ങനെ നൽകിയ മറുപടിയിൽ തങ്ങൾ തൃപ്തരല്ല എന്നാണ് രാജൻ സെഡ് ഉൾപ്പെടെയുള്ള ഹിന്ദു ആക്ടിവിസ്റ്റുകളുടെ നിലപാട്.

യൂണിവേഴ്സിറ്റിയിലെ ഹിന്ദു വിശ്വാസികളായ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത ന്യൂകാസിൽ, മിഡിൽബറോ ടൗണുകളിൽ ആരാധനയ്ക്ക് അവസരം ഉണ്ടെന്നും സർവ്വകലാശാല പറയുന്നു. എന്നാൽ ഇവിടെയുള്ള ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും പ്രത്യേക വിഭാഗം ആളുകൾ നിയന്ത്രിക്കുന്നതാണ്. അതിൽ സർവ്വകലാശാലക്ക് യാതൊരു പങ്കാളിത്തവുമില്ല. എന്നാൽ സമീപ പ്രദേശത്തെ ഹിന്ദു ആരാധനാലയങ്ങളുടെ കാര്യം പറഞ്ഞു ഹിന്ദു മതത്തെ തുടർച്ചയായി അവഹേളിക്കുന്ന നിലപാട് ഇനിയും തിരുത്താൻ സമയം ഉണ്ടെന്നും അതാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഹിന്ദു ആക്ടിവിസ്റ്റുകളുടെ നിലപാട്.

മറ്റു മതവിഭാഗങ്ങളിൽ പെട്ടവർക്ക് ആരാധന നടത്താൻ പ്രാർത്ഥന കേന്ദ്രങ്ങളും അവരുടെ പുരോഹിതരും യൂണിവേഴ്സിറ്റിയിൽ തന്നെ ലഭ്യമാകുമ്പോൾ എന്തുകൊണ്ട് അത്തരം അവസരം ഹിന്ദു വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുന്നു എന്നാണ് പരാതിക്കാരുടെ പ്രധാന ചോദ്യം. മറ്റുള്ളവർക്കുള്ളതിൽ നിന്നും അധികമായി ഒന്നും തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും എന്നാൽ തുല്യമായ പരിഗണന നൽകാൻ എന്താണ് യൂണിവേഴ്‌സിറ്റിയെ തടയുന്നത് എന്നറിയാൻ തങ്ങൾക്കു അവകാശം ഉണ്ടെന്നുമാണ് പരാതിക്കാരുടെ പ്രധാന വാദം.

നൂറു കണക്കിന് ഹിന്ദു വിശ്വാസികളായവർ വിദ്യാർത്ഥികളായും അദ്ധ്യാപകരായും മറ്റു ജീവനക്കാരായും ഉള്ളപ്പോൾ ഒരു ചെറിയ പ്രാർത്ഥന ഇടം നൽകാനും മറ്റു മതങ്ങൾക്ക് അനുവദിച്ച സൗകര്യം ഹിന്ദു വിശ്വാസികൾക്ക് അനുവദിക്കാനും സർവ്വകലാശാലയ്ക്കു നിയമപരമായ ബാധ്യത ഉണ്ടെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. സമത്വ സമീപനം എന്ന് പരസ്യം ചെയ്യുന്ന സർവ്വകലാശാല അതിനെതിരായ പ്രവർത്തനമാണ് നടത്തുന്നതെന്നും പരാതിയിൽ തുടരുന്നു. നിലവിൽ ഡെറം യൂണിവേഴ്സിറ്റിയിൽ ആറു ക്രിസ്ത്യൻ, യഹൂദ, മുസ്ലിം, ബുദ്ധ വിശ്വാസികൾക്കായി ഓരോ പുരോഹിതർ വീതം ഉള്ളപ്പോഴാണ് ഹിന്ദുക്കളുടെ കാര്യത്തിൽ ഇരട്ടത്താപ്പ് എന്നതും പരാതിക്കാർ പ്രധാന പരാതിയായി ഉയർത്തുന്നു. തങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് മറ്റുള്ളവർക്ക് ഉള്ളതെന്ന് വിശദീകരിക്കാൻ യൂണിവേഴ്സിറ്റി തയ്യാറാകണമെന്നും പരാതിക്കാരുടെ ആവശ്യമാണ്.

രണ്ടു മുസ്ലിം പ്രാർത്ഥന കേന്ദ്രങ്ങൾ ഉൾപ്പെടെ യൂണിവേഴ്സിറ്റിയിൽ എട്ടു മത വിശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ഇവിടെ ഞായറാഴ്ച പതിവായി പ്രത്യേക പ്രാർത്ഥനകളും നടക്കുന്നു. ഹലാൽ ഭക്ഷണം നൽകാൻ ശ്രദ്ധിക്കുന്ന സർവ്വകലാശാലയിൽ ഹിന്ദു ഒഴികെയുള്ള മതങ്ങളുടെ വിശേഷ ചടങ്ങുകളും വൻ ആഘോഷമായി മാറുന്നുണ്ട് എന്നതും പരാതിയിൽ ഹൈലറ്റായി എടുത്തു കാട്ടുന്നു.

നികുതിപ്പണം എടുത്തു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി സമൂഹത്തിന്റെ ബാലൻസിങ് ഉറപ്പു വരുത്തുന്നതിൽ പരാജയമായി മാറി എന്നും ആക്ടിവിസ്റ്റുകൾ പറയുന്നു. ലോകത്തെ ആദ്യ പത്തു യൂണിവേഴ്സിറ്റികളിൽ ഒന്നെന്നു പറയുകയും ദൈവശാസ്ത്ര പഠനത്തിൽ ബൈബിൾ പഠനവും ക്രിസ്ത്യൻ മത പഠനവും അല്ലാതെ ലോകത്തെ മറ്റു മതങ്ങളെ അവഗണിക്കുന്ന നിലപാടാണ് ഡെറം തുടരുന്നത്. യൂണിവേഴ്സിറ്റിയുടെ കരിക്കുലത്തിൽ കാലോചിതമായ പൊളിച്ചെഴുത്തു ആവശ്യമാണെന്നും മറ്റു യൂണിവേഴ്സിറ്റികൾ ഇക്കാര്യത്തിൽ പുലർത്തുന്ന നവീനമായ ആശയം പിന്തുടരാൻ ഡെറവും തയ്യാറാകണമെന്നും രാജൻ സെഡ് വാദിക്കുന്നു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മത വിശ്വസ്തമായ ഹിന്ദുയിസം വലിപ്പത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുമാണ്. എന്നാൽ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരും തുല്യരായി പരിഗണിക്കപ്പെടാൻ അർഹരാണെന്നാണ് തങ്ങൾ പറയുന്നത് എന്നും അദ്ദേഹം തുടരുന്നു. ഇക്കാര്യത്തിൽ വച്ച കാൽ പിന്നോട്ടെടുക്കാൻ ഇല്ലെന്നും യൂണിവേഴ്സിറ്റി തെറ്റ് തിരുത്തുമെന്നുമാണ് പ്രതീക്ഷയെന്നും കരുതുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യഭ്യസവും ആല്മീയതയും കെട്ടുപിണഞ്ഞു കിടക്കുന്ന ഹിന്ദു വിചാര ധാരയോളം മികച്ച ഒന്ന് ലോകത്തു തന്നെ കാണാൻ കഴിഞ്ഞേക്കില്ല. വിദ്യാഭ്യാസത്തിനു ഏറ്റവും വലിയ പ്രാധാന്യമാണ് ഹിന്ദു വിശ്വാസത്തിന്റെ അടിത്തറയെന്നും അദ്ദേഹം തുടരുന്നു.

വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു അമേരിക്കയിൽ നിന്നും യുകെ വിദ്യാഭ്യസ സെക്രട്ടറി ഗവിൻ വില്യംസൺ, യൂണിവേഴ്സിറ്റി വിദ്യാഭ്യാസ മന്ത്രി മിഷേൽ ഡോണലാൻ, സ്ഥിര വിദ്യാഭ്യാസ സെക്രട്ടറി സൂസൻ അക്ലൻഡ് ഹുഡ്, ഉന്നത വിദ്യാഭ്യസ വകുപ്പ് ഡയറക്ടർ ജനറൽ പോൾ കേറ്റ്, കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി, ഈക്വാലിറ്റി ഓഫ് ഹ്യൂമൻ റൈറ്റ് കമ്മീഷൻ, ഓഫിസ് ഫോർ ഇൻഡിപെൻഡന്റ് അഡ്ജുഡിക്കേറ്റർ, കമ്മിറ്റി ഓഫ് യൂണിവേഴ്സിറ്റി ചെയർ, യൂണിവേഴ്‌സിറ്റികളുടെ ഗ്രൂപ്പ് തലവന്മാർ, നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ എന്നിവരെയൊക്കെ ബന്ധപ്പെടുവാൻ ഉള്ള ശ്രമത്തിലാണ് അമേരിക്കയിൽ നിന്നുള്ള പ്രതിഷേധ സംഘം. ഇത്തരം ഒരു കാര്യം യുകെയിലെ ഒരു പ്രധാന യൂണിവേഴ്സിറ്റിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഇവരുടെ വാദം. 190 വർഷം പഴക്കമുള്ള ഡെറം യൂണിവേഴ്സിറ്റിക്ക് യുകെയിൽ ആറാം സ്ഥാനമാണ് നിലവിലുള്ളത്. ഈ യൂണിവേഴ്സിറ്റിയുടെ കീഴിൽ 32 വിദ്യാഭ്യസ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഇവിടെ 19000 ഓളം വിദ്യാർത്ഥികളാണ് നിലവിൽ പഠിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP