Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാത്രാസിലെ പെൺകുട്ടിയെ മരിച്ചിട്ടും വിടാതെ അപമാനിച്ചു ഉത്തർപ്രദേശ് പൊലീസ്; പെൺകുട്ടിയും കേസിലെ പ്രതിയും തമ്മിൽ ബന്ധമെന്ന് വാദം; സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതി സന്ദീപുമായി നിരന്തരം സംസാരിച്ചെന്ന് വാദം; സർക്കാർ ശ്രമം കൂട്ടബലാത്സംഗത്തിന് പിന്നിൽ ജാതിസ്പർദയാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാൻ; സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ കോവിഡിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ നേരിട്ടതു പോലെ നേരിടുമെന്ന് യോഗിയുടെ ഭീഷണി

ഹാത്രാസിലെ പെൺകുട്ടിയെ മരിച്ചിട്ടും വിടാതെ അപമാനിച്ചു ഉത്തർപ്രദേശ് പൊലീസ്; പെൺകുട്ടിയും കേസിലെ പ്രതിയും തമ്മിൽ ബന്ധമെന്ന് വാദം; സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതി സന്ദീപുമായി നിരന്തരം സംസാരിച്ചെന്ന് വാദം; സർക്കാർ ശ്രമം കൂട്ടബലാത്സംഗത്തിന് പിന്നിൽ ജാതിസ്പർദയാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാൻ; സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ കോവിഡിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ നേരിട്ടതു പോലെ നേരിടുമെന്ന് യോഗിയുടെ ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ വീണ്ടും അപമാനിച്ചു ഉത്തർപ്രദേശ് പൊലീസ്. ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് പിന്നിൽ ജാതിസ്പർദ്ദ അല്ലെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് യുപി പൊലീസ് പുതിയ കഥ മെനഞ്ഞു രംഗത്തുവന്നത്. മെബൈൽ ഫോൺ കോളുകളുടെ വിവരങ്ങളുമായി യു.പി. പൊലീസിന്റെ പുതിയ ഭാഷ്യം. തന്റെ സഹോദരന്റെ ഫോണിൽ നിന്ന് കൊല്ലപ്പെട്ട പെൺകുട്ടി കേസിലെ പ്രതികളിലൊരാളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഹാഥ്‌റസ് സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന ആരോപണം തള്ളാനാണ് മൊബൈൽ ഫോൺ വിവരങ്ങൾ യു.പി. പൊലീസ് പുറത്തുവിട്ടത്.

സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി പെൺകുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ കൊല്ലം ഒക്ടോബർ 13 മുതൽ 104 തവണയാണ് ഇരുവരും ഫോൺവഴി സംസാരിച്ചത്. പ്രതികളും പെൺകുട്ടിയും തമ്മിൽ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോൺ വിവരങ്ങളെന്നാണ് പൊലീസ് പറയുന്നത്. ഈ കോളുകൾ പലതും പോയിരിക്കുന്നത് പെൺകുട്ടിയുടെ ഗ്രാമത്തിന് രണ്ടുകിലോമീറ്റർ സമീപത്തുള്ള ചാന്ദ്പായിലെ മൊബൈൽ ടവർ ലൊക്കേഷന്റെ പരിധിയിൽ നിന്നാണ്. പെൺകുട്ടിയുടെ സഹോദരന്റെ ഫോണിൽ നിന്ന് മുഖ്യപ്രതിയായ സന്ദീപിനെ 62 തവണയും വിളിച്ചിട്ടുണ്ട്. കൂടാതെ 42 തവണ സന്ദീപിന്റെ ഫോണിൽ നിന്ന് തിരിച്ചും കോളുകൾ വന്നുവെന്നും കോൾ റെക്കോർഡുകൾ ചൂണ്ടിക്കാട്ടി യു.പി. പൊലീസ് വിശദീകരിക്കുന്നു.

അതേസമയം സന്ദീപും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പ്രതികളുടെ ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ജാതി സംഘർഷം ഉണ്ടാക്കാൻ രാഷ്ട്രീയക്കാർ പെൺകുട്ടിയുടെ കുടുംബത്തെ ഉപയോഗപ്പെടുത്തുകയാണ്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതികളെ അനുകൂലിക്കുന്ന ഉന്നത ജാതിക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നേരത്തെ ബലാത്സംഗത്തിന് തെളിവില്ലെന്നാണ് പൊലീസ് വാദിച്ചിരുന്നത്. ഈ വാദം തെറ്റാണെന്ന് ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു.

അതിനിടെ ഹാത്രാസ് സംഭവത്തിൽ പ്രതിക്കൂട്ടിലായതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭീഷണിയുമായി രംഗത്തുവന്നു. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് യോഗി ഭീഷണിപ്പെടുത്തി. 'കോവിഡ് വ്യാപന'ത്തിനു ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെയും സർക്കാർ എങ്ങനെയാണ് കൈകാര്യം ചെയ്തെന്ന കാര്യം ആരും മറക്കരുതെന്നും യോഗി പറഞ്ഞു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ അക്രമത്തിന് ശ്രമിച്ചവരെയും 'കോവിഡ് വ്യാപന'ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തു- യോഗി ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തുകയെന്നല്ലാതെ പ്രതിപക്ഷത്തിന് വേറെ പണികളൊന്നുമില്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും യോഗി പറഞ്ഞു. ഒരു വശത്ത്, ബിജെപി പ്രവർത്തകരും കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സർക്കാരിനൊപ്പം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നു. എന്നാൽ വികസനം ഇഷ്ടപ്പെടാത്ത ചിലർ അതിന് തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. സർക്കാരിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനും സമൂഹത്തിൽ ജാതി-വർഗീയ ശത്രുത വളർത്തിയെടുക്കാനുമുള്ള ശ്രമത്തിലാണ് അവർ- യോഗി പറഞ്ഞു.

ഒരു പ്രത്യേക ജാതിയ്‌ക്കോ മതത്തിനോ വേണ്ടിയല്ല താൻ പ്രവർത്തിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയും വികസനവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 24 കോടി ജനങ്ങളുടെ സന്തോഷം ഉറപ്പാക്കുമെന്നത് തന്റെ സർക്കാറിന്റെ പ്രതിജ്ഞയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. യു.പിയിലെ ഹാത്രാസിൽ സെപ്റ്റംബർ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയ സമയത്താണ് നാല് പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബർ 30 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി മരിച്ചത്.

ഹാത്രാസ് സംഭവത്തിന് ശേഷം യു.പി സർക്കാരിനെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു. വിഷയത്തിൽ കൃത്യമായ നടപടിയെടുക്കുന്നതിൽ യോഗി സർക്കാർ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഹാത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയേയും യു.പി പൊലീസ് കൈകാര്യം ചെയ്ത നടപടിയും ഏറെ ചർച്ചയായിരുന്നു. എന്നാൽ കുടുംബത്തെ കാണാതെ പിന്മാറില്ലെന്ന നിലപാടിലേക്ക് രാഹുൽ എത്തിയതോടെ അദ്ദേഹത്തെയും സംഘത്തെയും പൊലീസ് കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും ഹാത്രാസ് സന്ദർശിച്ചിരുന്നു. കുടുംബത്തിന് പ്രതികളായ സവർണ വിഭാഗക്കാരുടെ ഭാഗത്ത് നിന്ന് കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അവർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തണമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇടതുപക്ഷ നേതാക്കളും ഹാത്രാസിലെത്തി പെൺകുട്ടിയുടെ കുടുംബത്തോട് സംസാരിച്ചിരുന്നു. സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരാണ് ചൊവ്വാഴ്ച പെൺകുട്ടിയുടെ അച്ഛനമ്മമാരെ സന്ദർശിച്ചത്.

ഹാത്രാസ് കേസുമായി രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ യു.പിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ സർക്കാർ നടപടിയും ഏറെ വിവാദമായിരുന്നു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ കടത്തി വിടുന്നത് വിലക്കിയിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകരെ പൊലീസ് സംഭവസ്ഥലത്തേക്ക് കടത്തി വിടാനാരംഭിച്ചത്. കഴിഞ്ഞദിവസം ഹാത്രാസിൽ റിപ്പോർട്ടിങ്ങിനായി പോയ മാധ്യമപ്രവർത്തകനും കെ.യു.ഡബ്ല്യു.ജെ ഡൽഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ്. ഹാത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യു.പി പൊലീസ് അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്‌ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP