Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈഫ് മിഷനിൽ സ്വയം രക്ഷക്കായി പിണറായി ഇറക്കിയ വിജലിൻസും സർക്കാറിന് പണി കൊടുത്തു! വടക്കാഞ്ചേരി പദ്ധതിയിലെ കമ്മിഷൻ ഇടപാട് തള്ളാതെ റിപ്പോർട്ട്; കമ്മിഷൻ കൈപ്പറ്റിയോയെന്നു കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ വകുപ്പുകളിലെ ഫയലുകൾ വിശദമായി പരിശോധിക്കണമെന്നും ആവശ്യം; നിയമ വകുപ്പിന്റെ റിപ്പോർട്ടു തേടണമെന്ന ശുപാർശയും ലൈഫിൽ തള്ളിയെന്ന് വിജിലൻസ് കണ്ടെത്തൽ സർക്കാറിന് വലിയ തലവേദന; വിദേശ സംഭാവനയും ചട്ടം ലംഘിച്ചെന്ന വാദവും ശരിവെക്കുമ്പോൾ സർക്കാർ വെട്ടിൽ

ലൈഫ് മിഷനിൽ സ്വയം രക്ഷക്കായി പിണറായി ഇറക്കിയ വിജലിൻസും സർക്കാറിന് പണി കൊടുത്തു! വടക്കാഞ്ചേരി പദ്ധതിയിലെ കമ്മിഷൻ ഇടപാട് തള്ളാതെ റിപ്പോർട്ട്; കമ്മിഷൻ കൈപ്പറ്റിയോയെന്നു കണ്ടെത്താൻ സെക്രട്ടേറിയറ്റിലെ വകുപ്പുകളിലെ ഫയലുകൾ വിശദമായി പരിശോധിക്കണമെന്നും ആവശ്യം; നിയമ വകുപ്പിന്റെ റിപ്പോർട്ടു തേടണമെന്ന ശുപാർശയും ലൈഫിൽ തള്ളിയെന്ന് വിജിലൻസ് കണ്ടെത്തൽ സർക്കാറിന് വലിയ തലവേദന; വിദേശ സംഭാവനയും ചട്ടം ലംഘിച്ചെന്ന വാദവും ശരിവെക്കുമ്പോൾ സർക്കാർ വെട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വരെ നീളുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. നാല് കോടി രൂപ കമ്മീഷൻ മറിഞ്ഞ പദ്ധതിയിൽ സിബിഐയുടെ വാദങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് സർക്കാർ സ്വയം രക്ഷക്കായി അന്വേഷണം നടത്തുന്ന വിജിലൻസിന്റെയും നിലപാട്. ഇതോടെ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി കാര്യങ്ങളാണ് വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നത്.

വടക്കാഞ്ചേരി പദ്ധതിയിലെ കമ്മിഷൻ ഇടപാട് വിജിലൻസ് തള്ളുന്നില്ലെന്നതാണ് ഇതിൽ പ്രധാനം. പകരം കമ്മിഷൻ കൈപ്പറ്റിയോയെന്നു കണ്ടെത്താൻ സെക്രട്ടേറിയറ്റിലേതടക്കം വിവിധ വകുപ്പുകളിലെ ഫയലുകൾ വിശദമായി പരിശോധിക്കണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. ലൈഫ് മിഷൻ, സെക്രട്ടേറിയറ്റ്, തദ്ദേശഭരണ വകുപ്പ്, യൂണിടാക്, സെയ്ൻ വെഞ്ച്വേഴ്‌സ് എന്നിവയുടെ ഫയലുകൾ പരിശോധിച്ചാലേ പദ്ധതിയിൽ ക്രമക്കേടു നടന്നോ, ഉദ്യോഗസ്ഥരും മറ്റും കമ്മിഷൻ വാങ്ങിയോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിയൂ. ലൈഫ് മിഷൻ പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിടും മുൻപു സർക്കാർ നയതീരുമാനം എടുത്ത് ഉത്തരവു പുറപ്പെടുവിക്കണമെന്നു നിയമ വകുപ്പ് ശുപാർശ ചെയ്തിരുന്നു. പക്ഷേ, അതൊന്നും ഉണ്ടായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

ഇതോടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ സെക്രട്ടറിയേറ്റിൽ നിന്നും പൊക്കിയെടുക്കാനും വിജിലൻസിന് സാധിക്കുന്ന ഘട്ടമാണുള്ളത്. പദ്ധതിയിലെ അവിഹിത ഇടപെടലും വിദേശ ഫണ്ടിന്റെ കാര്യം കേന്ദ്രത്തെ അറിയിച്ചില്ല എന്നതും വിജിലൻസ് ശരിവച്ചു. ഇത് ശരിക്കും സർക്കാറിനെ വെട്ടിലാക്കും. നിയമ വകുപ്പിൽ നിന്നും ഉപദേശകരിൽ നിന്നും ഉപദേശം സ്വീകരിച്ച് തുടർ നടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നത്. അതിനൊന്നും മിനക്കെടാതെ അടുത്ത ദിവസം വിജിലൻസും സിബിഐ മാതൃകയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സിബിഐ വരും മുൻപു ലൈഫ് മിഷൻ ഫയലുകളും കൈക്കലാക്കി.

ലൈഫ് മിഷൻ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ നിന്നു വിജിലൻസ് കൊണ്ടുപോയ ഫയലുകൾ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. സിബിഐക്കു ഫയലുകൾ വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നാണു വിജിലൻസിന്റെ നിലപാട്. ലൈഫ് മിഷനിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം സിബിഐ കേസ് രജിസ്റ്റർ ചെയ്തതോടെ സർക്കാർ വെട്ടിലായിരുന്നു. എസ്‌പി വി.ജി. വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ തൃശൂർ വിജിലൻസ് ഇൻസ്‌പെക്ടർ പി.ആർ. സരീഷ് ഒരാഴ്ച കൊണ്ട് പ്രാഥമികാന്വേഷണം പൂർത്തിയാക്കി. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക നിഗമനം. സ്വപ്ന സുരേഷും സന്ദീപ് നായരും നാല് കോടിയിലധികം രൂപ കൈപ്പറ്റിയെന്നും വിജിലൻസ് സംഘം കണ്ടെത്തി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ വിജിലൻസ് ബാങ്കുകൾക്ക് നോട്ടീസ് നൽകി.

ലൈഫ് ക്രമക്കേടിൽ കരാർ കമ്പനികളും ലൈഫ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ് കോടതിയിൽ നൽകിയ എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു. കൂടാതെ പ്രതികൾ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പറഞ്ഞിരുന്നെങ്കിലും അഴിമതി നടത്തിയെന്ന് പരാമർശമുണ്ടായിരുന്നില്ല. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തിയത്. സെക്രട്ടേറിയറ്റിലെ തദ്ദേശ ഭരണ വിഭാഗത്തിൽ നിന്ന് ശേഖരിച്ച ഫയലുകളും ചില സ്വകാര്യ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വിലയിരുത്തൽ.

അതേസമയം സ്വപ്ന സുരേഷും സന്ദീപ് നായരും പണം കൈപ്പറ്റിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് 3 കോടി 60 ലക്ഷം രൂപയും സന്ദീപ് നായർ 60 ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. യു.എ.ഇ കോൺസുൽ ജനറലിനെന്ന പേരിലാണ് സ്വപ്ന പണം കൈപ്പറ്റിയതെന്നും വിജിലൻസ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ട്. ഇവരുടെ സാമ്പത്തിക വിവരങ്ങളിൽ വിശദമായി അന്വേഷണത്തിനായി വിജിലൻസ് ബാങ്കുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മാത്രമല്ല ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും വിജിലൻസ് അന്വേഷണ സംഘത്തിന്റെ പരിഗണയിലുണ്ട്.

സ്വപ്നയുടെയും സന്ദീപ് നായരുടെയും മൊഴിയെടുക്കാൻ തീരുമാനിച്ചു. ഇതിനായി എൻഐഎ കോടതിയെ സമീപിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. വടക്കാഞ്ചേരി ലൈഫ് മിഷൻ പാർപ്പിട സമുച്ചയ നിർമ്മാണത്തിനു വേണ്ടി കേന്ദ്രചട്ടം ലംഘിച്ചു വിദേശ സംഭാവന സ്വീകരിച്ചെന്ന കേസിൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പു തുടരുന്നു. മിഷൻ സിഇഒ: യു.വി. ജോസിന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ തുടർച്ചയായി ഡപ്യൂട്ടി സിഇഒ: സാബുക്കുട്ടൻ നായർ, ചീഫ് എൻജിനീയർ എൻ. അജികുമാർ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP