Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു സിറ്റിങ് സീറ്റുകൾക്കൊപ്പം പാലായും തൊടുപുഴയും അടക്കം ആകെ 13 സീറ്റുകൾ നൽകും; യുഡിഎഫിൽ നിന്നപ്പോൾ മത്സരിച്ച ഇരിങ്ങാലക്കുടയും ഏറ്റുമാനൂരും കുട്ടനാടും തിരുവല്ലയും നൽകില്ല; പേരാമ്പ്രയ്ക്ക് പകരം കുറ്റ്യാടി; പത്തനംതിട്ടയിലും കൊല്ലത്തും ഓരോ സീറ്റുകൾ; പിറവവും ഇരിക്കൂറും ചർച്ചയിൽ; ആന്റണി രാജുവിനെ കൂടെ ചേർത്താൽ തിരുവനന്തപുരം കിട്ടും; ജോസ് കെ മാണിയും സിപിഎമ്മും തമ്മിലുള്ള ധാരണ ഇങ്ങനെ; ഒരാഴ്‌ച്ചക്കകം മുന്നണി പ്രവേശനം

രണ്ടു സിറ്റിങ് സീറ്റുകൾക്കൊപ്പം പാലായും തൊടുപുഴയും അടക്കം ആകെ 13 സീറ്റുകൾ നൽകും; യുഡിഎഫിൽ നിന്നപ്പോൾ മത്സരിച്ച ഇരിങ്ങാലക്കുടയും ഏറ്റുമാനൂരും കുട്ടനാടും തിരുവല്ലയും നൽകില്ല; പേരാമ്പ്രയ്ക്ക് പകരം കുറ്റ്യാടി; പത്തനംതിട്ടയിലും കൊല്ലത്തും ഓരോ സീറ്റുകൾ; പിറവവും ഇരിക്കൂറും ചർച്ചയിൽ; ആന്റണി രാജുവിനെ കൂടെ ചേർത്താൽ തിരുവനന്തപുരം കിട്ടും; ജോസ് കെ മാണിയും സിപിഎമ്മും തമ്മിലുള്ള ധാരണ ഇങ്ങനെ; ഒരാഴ്‌ച്ചക്കകം മുന്നണി പ്രവേശനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ ഏകദേശ ധാരണയായി. പാർട്ടിയുടെ ജന്മദിനമായ വെള്ളിയാഴ്‌ച്ച രഷ്ട്രീയ നിലപാട് കൈക്കൊള്ളാനാണ് ഒരുങ്ങുന്നത്. പാലായും തൊടുപുഴയും അടക്കം 13 നിയമസഭാ സീറ്റുകൾ നൽകാൻ ഇടതു മുന്നണി സമ്മതം അറിയിച്ചതോടെയാണ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് നീങ്ങുന്നത്.

11ന് രണ്ടില കേസിലെ ഹൈക്കോടതി വിധിക്കു ശേഷം നിലപാട് പ്രഖ്യാപിക്കാനുമാണ് കേരള കോൺഗ്രസിലെ (എം) ആലോചന. ജന്മദിന സമ്മേളനത്തിൽ പാർട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റി യോഗം ഓൺലൈനായി കൂടും. യുഡിഎഫ് വിടാനുള്ള സാഹചര്യം ചെയർമാൻ ജോസ് കെ. മാണി സ്റ്റീയറിങ് കമ്മിറ്റിയിൽ വിശദീകരിക്കും. അടുത്തയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. തുടർന്ന് എൽഡിഎഫ് കേരള കോൺഗ്രസിനെ സ്വാഗതം ചെയ്യും. കേരളാ കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ എൽഡിഎഫിൽ വലിയ എതിർപ്പില്ല. നേരത്തെ ഇടഞ്ഞു നിന്ന സിപിഐ ഇപ്പോൾ നിലപാട് അറിയിച്ചു കൊണ്ടു രംഗത്തു വന്നിട്ടുണ്ട്. ഭരണ തുടർച്ച നേരാൻ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജോസ് കെ മാണിക്ക് ഇടതു മുന്നണിയിൽ പ്രവേശനം നൽകാമെന്നാണ് സിപിഐ നിലപാട്. ആകെ നിലനിന്നിരുന്ന പ്രശ്‌നം സീറ്റുകളെ സംബന്ധിച്ചായിരുന്നു.

സീറ്റുകൾ സംബന്ധിച്ചുള്ള ഏകദേശ ധാരണ എൽഎഡിഎഫ് കൺവീനർ എ. വിജയരാഘവൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ നേതൃത്വത്തിൽ അന്തിമ ചർച്ച പൂർത്തിയായി. പാലായ്ക്കു പുറമേ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകൾ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിന് (എം) ലഭിക്കും. സുരേഷ് കുറുപ്പ് വിജയിച്ച ഏറ്റുമാനൂർ സീറ്റ് സിപിഎം വിട്ടുകൊടുക്കില്ല. പാല സീറ്റ് വിട്ടു കൊടുക്കുന്നതിൽ എൻസിപിക്ക് എതിർപ്പുണ്ടെങ്കിലും മാണി സി കാപ്പന് പകരം പദവി നൽകിയാൽ മതിയെന്നാണ് സിപിഎം നിലപാട്.

നേരത്തെ കേരളാ കോൺഗ്രസ് മത്സരിച്ച പേരാമ്പ്ര സീറ്റിന്് പകരം കേരളാ കോൺഗ്രസിന് കുറ്റ്യാടി സീറ്റ് നൽകാനാണ് ധാരണം. യുഡിഎഫിൽ കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്ന സീറ്റായിരുന്നു പേരാമ്പ്ര. ഇവിടെ കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ശക്തമായി മത്സരമായിരുന്നു കാഴ്‌ച്ചവെച്ചത്. കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ഇഖ്ബാൽ ടി പി രാമകൃഷ്ണനുമായി ശക്തമായ മത്സരം കാഴ്‌ച്ചവെച്ചു. കുറ്റ്യാടിയിൽ ആകട്ടെ ലീഗിലെ പാറക്കൽ അബ്ദള്ള ആയിരത്തോളം വോട്ടുകൾക്കാണ് വിജയിച്ചത്. കെ കെ ലതികയെയാണ് പരാജയപ്പെടുത്തിയത്. ഈ പേരാമ്പ്ര മണ്ഡലം ഇഖ്ബാലിനായി വിട്ടു നൽകാനാണ് സിപിഎം സമ്മതം അറിയിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുടയ്ക്കു പകരം മറ്റൊരു സീറ്റാണ് സിപിഎമ്മിന്റെ വാഗ്ദാനം. നിലവിൽ ഇരിങ്ങാലക്കുട സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. തൊടുപുഴയിൽ പി.ജെ. ജോസഫിനെതിരെ കേരള കോൺഗ്രസ് (എം) മത്സരിക്കണമെന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം. റോഷി അഗസ്റ്റിൻ വിജയിച്ച ഇടുക്കി സീറ്റും ലഭിക്കും. അതേസമയം കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് വിട്ടുകൊടുക്കും. കുട്ടനാട്ടിൽ കേരളാ കോൺഗ്രസിന് നിർത്താൻ പാകത്തിന് സ്ഥാനാർത്ഥികളില്ല. പാലായ്ക്കു പുറമേ എൻസിപിയുടെ രണ്ടാമത്തെ സീറ്റും കേരള കോൺഗ്രസിനു നൽകാനാവില്ലെന്നാണ് സിപിഎം നിലപാട്.

പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓരോ സീറ്റു നൽകും. സീറ്റ് ഏതെന്ന് പിന്നീട് തീരുമാനിക്കും. തിരുവനന്തപുരം ജില്ലയിൽ നിലവിൽ സീറ്റിനെ കുറിച്ചു ധാരണ ആയില്ല. ഇവിടെ ആന്റണി രാജുവിനെ മാണി വിഭാഗത്തിനൊപ്പം ചേർന്നാൽ നൽകാൻ തിരുവനന്തപുരം സീറ്റ് വിട്ടു നൽകിയേക്കും. പാലാ സീറ്റ് കേരള കോൺഗ്രസിനു നൽകുമ്പോൾ ജോസ് കെ. മാണി രാജ്യസഭാ സീറ്റ് രാജിവയ്ക്കണമെന്നും ആ സീറ്റ് മാണി സി. കാപ്പൻ എംഎൽഎയ്ക്കു നൽകണമെന്നുമുള്ള ആവശ്യം ചർച്ചയായില്ല. പാലാ സീറ്റ് വിട്ടുനൽകാൻ എൻസിപിയും കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ സിപിഐയും ഒരുക്കമല്ല. എന്നാൽ ചർച്ചയിലൂടെ തർക്കം പരിഹരിക്കാമെന്നാണു സിപിഎം കേരള കോൺഗ്രസിന് (എം) നൽകുന്ന സൂചന. മുന്നണിയുടെ വിശാല താൽപ്പര്യം കരുതി സിപിഐയും വിട്ടുവീഴ്‌ച്ചക്ക് തയ്യാറായേക്കും.

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനം പ്രാദേശിക തലത്തിൽ പൂർത്തിയാക്കാനും തീരുമാനമായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന വാർഡുകളുടെ പട്ടിക കേരള കോൺഗ്രസ് സിപിഎമ്മിനു കൈമാറി. 2015 ൽ കേരള കോൺഗ്രസ് (എം) യുഡിഎഫിന്റെ ഭാഗമായാണ് മത്സരിച്ചത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച സീറ്റുകളും കോൺഗ്രസും മറ്റു യുഡിഎഫ് ഘടകകക്ഷികളും ജയിച്ച സീറ്റുകളുടെ പകുതിയും ഇക്കുറി തങ്ങൾക്കു വേണമെന്നാണ് കേരള കോൺഗ്രസിന്റെ (എം) ആവശ്യം.

പാർട്ടിക്ക് ഏറെ സ്വാധീനമുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ജില്ലാ, ബ്ളോക്ക് , പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഇറക്കാൻ താൽപ്പര്യപ്പെടുന്ന ഇടങ്ങളുമായി ബന്ധപ്പെട്ട പട്ടിക സിപിഎമ്മിന് കൈമാറിയെന്നാണ് വിവരം. എന്നാൽ ഇടതുപക്ഷത്തെ രണ്ടാമന്മാരായ സിപിഐ ഇപ്പോഴും ജോസ് കെ മാണി വിഭാഗത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന ഘടകത്തിലെ പ്രവർത്തനങ്ങൾക്ക് ശേഷം മതിയെന്നാണ് സിപിഐയിലെ തീരുമാനം. ഇതോടെ കേരളാ കോൺഗ്രസിന്റെ വരവ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫിനെ പ്രതിസന്ധിയിലാക്കും എന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ സിപിഎം. വിജയിച്ച സീറ്റുകളിൽ ഉൾപ്പെടെ കേരളാ കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്. കേരളാ കോൺഗ്രസ് എത്തുമ്പോഴുള്ള സീറ്റ്‌നഷ്ടം സിപിഎം. വഹിക്കണമെന്നാണു സിപിഐയും ഘടക കക്ഷികളുടെയും നിലപാട്.

കഴിഞ്ഞ തവണ എൽ.ഡി.എഫിൽ സിപിഎം - 15, സിപിഐ. - 4, എൻ.സി.പി. - 1 എന്നിങ്ങനെയാണു മത്സരിച്ചത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ ജനപക്ഷത്തിന്റെ സ്ഥാനാർത്ഥികൾക്കു പിന്തുണ നൽകിയിരുന്നു. യു.ഡി.എഫിൽ 11 സീറ്റുകളിലായിരുന്നു കേരളാ കോൺഗ്രസ് - എം സ്ഥാനാർത്ഥികൾ മത്സരിച്ചത്. ഇത്രയും സീറ്റുകൾ എൽ.ഡി.എഫിൽ എത്തിയാലും വേണമെന്നാണു പാർട്ടി നിലപാടെന്നാണു സൂചന. അപ്രതീക്ഷിതമായി, നിലവിലെ ടേമിൽ എൽ.ഡി.എഫിനു പ്രാതിനിധ്യമുള്ള ഭരണസമിതി ഒരു വർഷത്തിലേറെ കേരളാ കോൺഗ്രസിന്റ സഹായത്തിൽ വന്നിരുന്നു. സിപിഎം. സംസ്ഥാന നേതൃത്വും കേരളാ കോൺഗ്രസിനെ അലോസരപ്പെടുത്തേണ്ടെന്ന സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, പ്രാദേശിക ഘടകങ്ങൾക്കു ഇക്കാര്യം പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

തങ്ങളുടെ സീറ്റ് നൽകിയുള്ള ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണു സിപിഐ, എൻ.സി.പി. കക്ഷികളുടെ നിലപാട്. ജനപക്ഷം സ്വതന്ത്ര മുന്നണിയായി നിൽക്കുന്നിനാൽ രണ്ടു സീറ്റുകളിൽ കൂടി സിപിഎമ്മിനു മത്സരിക്കാം. എന്നാൽ, 11 സീറ്റും കേരളാ കോൺഗ്രസിനു നൽകിയാൽ ഘടകകക്ഷികൾ വിട്ടു വീഴ്ചയ്ക്കു തയാറാകാതെയുമിരുന്നാൽ സിപിഎം. ആറു സീറ്റുകളിൽ മാത്രമായി ചുരുങ്ങും. ഈ സാഹചര്യത്തിൽ പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസിനു നൽകുന്ന പ്രാധാന്യം ജില്ലാ പഞ്ചായത്തിൽ വേണ്ടെന്ന അഭിപ്രായം സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്.

അതേസമയം യുഡിഎഫിൽ നിന്നും പുറത്തു പോയ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം കണ്ണൂരിൽ തങ്ങൾക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ എൽഡിഎഫ് പിൻതുണയോടെ യുഡിഎഫിനെതിരെ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇരിക്കൂർ നിയമസഭാ സീറ്റിലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾ എത്തിയേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിലും ഇടതുമുന്നണിയുമായി സഹകരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പ്‌കേരള കോൺഗ്രസ് ജോസ് വിഭാഗം തുടങ്ങി.

നിലവിൽ ചെറുപുഴ, ആലക്കോട് പഞ്ചായത്തുകളിൽ ജോസ് പക്ഷത്തിന് 2 വീതം സീറ്റുകളുണ്ട്. രണ്ട് പഞ്ചായത്തുകളിലും വൈസ് പ്രസിഡന്റുമാർ ജോസ് പക്ഷക്കാരാണ്. മാത്രമല്ല ചെറുപുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ജോസ് പക്ഷത്താണ്. ജില്ലാ പഞ്ചായത്തിലും കേരള കോൺഗ്രസിന് പ്രാതിനിധ്യമുണ്ട്. ജോസ് പക്ഷത്തെ കളത്തിലിറക്കി മലയോരത്ത് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ പിടിച്ചെടുക്കാനുള്ള ശ്രമമായിരിക്കും സിപിഎം നടത്തുക. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് പക്ഷം കാട്ടുന്ന കരുത്ത് അനുസരിച്ചായിരിക്കും ഇവരുടെ മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നും നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ, ഈ കൂട്ടുകെട്ട് തങ്ങളെ ബാധിക്കില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ്. ജോസ് പക്ഷത്തെ അണികൾ സിപിഎമ്മുമായുള്ള കൂട്ടുകെട്ട് അംഗീകരിക്കില്ലെന്നാണ് ഇവരുടെ വാദം. കെഎം മാണിയോട് സിപിഎം സ്വീകരിച്ച നിലപാടിൽ കടുത്ത അമർഷമുള്ളവരാണ് മലയോരത്തെ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വോട്ട് ഏതുഭാഗത്ത് പോകുമെന്ന് അറിയാൻ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടിവരും. മലയോര മേഖലയിൽ സിപിഎം നേരത്തെ കെ.എം മാണിക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രചരണം തന്നെ നടത്തിയിരുന്നു. മലയോര മേഖലയിൽ പഞ്ചായത്ത് തലത്തിൽ 50 വാർഡുകളിലും ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനുകളിലും പാർട്ടി എൽഡിഎഫുമായി ചേർന്ന് മത്സരിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് വിഭാഗവുമായി ലയിച്ച ശേഷം കേരള കോൺഗ്രസിന് (എം) യുഡിഎഫ് 15 സീറ്റ് നൽകിയിരുന്നു. മുന്നണി പ്രവേശം സംബന്ധിച്ച് നിലപാട് ഇനി നീട്ടില്ല. ഉടനെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ജോസ് കെ മാണഇ വ്യക്തമാക്കിയത്. കേരള കോൺഗ്രസ് (എം)കേരള കോൺഗ്രസ് (എം) നിലപാട് പ്രഖ്യാപിച്ചാൽ ഞങ്ങൾ തീരുമാനം പറയും. ഡൽഹിയിൽ കർഷക മാർച്ചിൽ ജോസ് കെ. മാണി എംപി ഞങ്ങൾക്കൊപ്പമല്ലേ നിന്നത്. യുഡിഎഫിന്റെ ഘടകകക്ഷി വിട്ടുവരുന്നത് ഞങ്ങൾക്ക് നേട്ടമാണ്. പാർട്ടിയിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ പ്രതികരണം. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം അധികം താമസിയാതെ തന്നെയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP